Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലയാളികളുടെ കുടുംബാംഗം; ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറിയ അഭിനേത്രി; കെ പി എ സി ലളിതയെ അനുസ്മരിച്ച് മുഖ്യമന്ത്രി; അനുശോചിച്ച് പ്രമുഖർ

മലയാളികളുടെ കുടുംബാംഗം; ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറിയ അഭിനേത്രി; കെ പി എ സി ലളിതയെ അനുസ്മരിച്ച് മുഖ്യമന്ത്രി; അനുശോചിച്ച് പ്രമുഖർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിഎസി ലളിതയുടെ വിയോഗത്തിൽ അനുശോചിച്ച് സിനിമ മേഖലയ്‌ക്കൊപ്പം സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ. മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയായ കെപിഎസി ലളിതയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി.

നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം.സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസ്സുകളിൽ ഇടം നേടി.

പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

സ്വാഭാവിക അഭിനയത്തിന്റെ പാഠശാല: സതീശൻ;

അസാധാരണ അഭിനയ പാടവം കൊണ്ട് ഓരോ കഥാപാത്രത്തെയും അനുപമാക്കിയ നടിയാണ് കെപിഎസി ലളിതയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതി പുലർത്തിയ അഭിനേത്രിയാണ് ലളിത. സ്വാഭാവിക അഭിനയത്തിന്റെ പാഠശാല.നാടകവേദി മൂർച്ച കൂട്ടിയതാണ് കെപിഎസി ലളിതയുടെ അഭിനയ പാടവം. അഞ്ച് പതിറ്റണ്ടിലേറെ നീണ്ട അഭിനയ സപര്യയ്ക്കാണ് അവസാനമായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രിയപ്പെട്ട ലളിതച്ചേച്ചി....വിട: മന്ത്രി രാധാകൃഷ്ണൻ
അന്തരിച്ച നടി കെ.പി.എ.സി ലളിതയെ അനുസ്മരിച്ച് മന്ത്രി കെ. രാധാകൃഷ്ണൻ. ആട്ടവിളക്ക് അണഞ്ഞുപോയിരിക്കുന്നു. എങ്കിലും ഭാവം പകർന്ന കഥാപാത്രങ്ങൾ മലയാളികളുടെ മനസ്സിന്റെ അരങ്ങത്ത് നിറവാർന്നു ജ്വലിച്ചുനിൽക്കുമെന്ന് അദ്ദേഹം അനുസ്മരിച്ചു.
അനുസ്മരണ കുറിപ്പ്
പ്രിയപ്പെട്ട ലളിതച്ചേച്ചി... വിട
മലയാളത്തിന്റെ മഹാനടി കെ.പി.എ.സി ലളിത ചമയങ്ങളഴിച്ചു അണിയറയിലേക്ക് വിടവാങ്ങിയിരിക്കുന്നു....
മികച്ച സഹനടിക്കുള്ള രണ്ട് ദേശീയ പുരസ്‌കാരങ്ങളും നാല് സംസ്ഥാന അവാർഡുകളും നിറം ചാർത്തിയ അനശ്വരമായ നടനസപര്യയിൽ ലളിത നാടകരംഗത്തെ അനുഭവം കരുത്തും ഊർജ്ജവുമാക്കി മാറ്റി. പുരോഗമന പ്രസ്ഥാനങ്ങളുമായി അഭേദ്യമായ ബന്ധം എന്നും തുടർന്ന അവർ കേരള സംഗീത നാടക അക്കാഡമി ചെയർപേർസനായും സേവനമനുഷ്ഠിച്ചു....

ആട്ടവിളക്ക് അണഞ്ഞുപോയിരിക്കുന്നു.... എങ്കിലും ഭാവം പകർന്ന കഥാപാത്രങ്ങൾ മലയാളികളുടെ മനസ്സിന്റെ അരങ്ങത്ത് നിറവാർന്നു ജ്വലിച്ചുനിൽക്കും.... ആത്മകഥാപരമായ കൃതിക്ക് അവർ നൽകിയ പേര് പോലെ....'കഥ തുടരും'...അതെ... തുടർന്നുകൊണ്ടേയിരിക്കും... ലോകമുള്ള കാലത്തോളം...

വലിയ നഷ്ടമെന്ന് ചെന്നിത്തല
മലയാള സിനിമയ്ക്ക് ഈ വിയോഗം വലിയൊരു നഷ്ടം തന്നെയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൈയിൽ കിട്ടുന്ന ഏതു കഥാപാത്രത്തെയും അനന്യമായ അഭിനയ മികവോടെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കവർന്ന അഭിനേത്രിയായിരുന്നു കെപിഎസി ലളിത. പ്രത്യേകിച്ചും മധ്യതിരുവിതാംകൂറിലെ ടിപ്പിക്കൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ കെപിഎസി ലളിതയെ വെല്ലാൻ ആർക്കും കഴിയുമായിരുന്നില്ല.

പകരം വയ്ക്കാൻ മറ്റൊരാൾ ഇല്ല: കമൽ
മലയാള സിനിമയ്ക്കും മലയാളികൾക്കും വലിയ നഷ്ടമാണ് കെപിഎസി ലളിതയുടെ വിയോഗമെന്ന് സംവിധായകൻ കമൽ. മലയാളികൾക്ക് ലളിത വെറും അഭിനേത്രി മാത്രമായിരുന്നില്ല. ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. ലളിത അഭിനയിച്ച കഥാപാത്രങ്ങളെല്ലാം മലയാളി ജീവിത പരിസരങ്ങളിൽ നിത്യേന കണ്ടുമുട്ടുന്ന മനുഷ്യരാണ്. അഭിനയിച്ചതിൽ ഏറ്റവും മികച്ച കഥാപാത്രമേതെന്നെ എടുത്ത് പറയാനാകില്ല, കാരണം ഓരോന്നും അത്രയും മികച്ചതാണ്. പുരസ്‌കാരങ്ങൾക്കപ്പുറം മലയാളി ഹൃദയങ്ങളിൽ അവരുടെ കഥാപാത്രങ്ങൾ സ്ഥാനം പിടിച്ചു.

സഹസംവിധായകനായ കാലം മുതലുള്ള വ്യക്തിപരമായ അടുപ്പമാണ് കെപിഎസി ലളിതയോടെന്നും അദ്ദേഹം ഓർമ്മിച്ചു. ഏത് തലമുറയോട് ചോദിച്ചാലും അവർക്കെല്ലാം കെപിഎസി ലളിതയോട് അത്മബന്ധമുണ്ടാകും. പുതിയ തലമുറയോടൊപ്പവും അഭിനയിച്ചാണ് അവർ അരങ്ങൊഴിയുന്നത്. അതുപോലൊരാൾ ഇനിയില്ല. കഥാപാത്രങ്ങളുടെ തനിമ, ശരീരഭാഷ, ശബ്ദം എന്നിവകൊണ്ടെല്ലാം വിസ്മയിപ്പിച്ച അഭിനേത്രിയാണ് കെപിഎസി ലളിതയെന്നും കമൽ പറഞ്ഞു.

പകരം വയ്ക്കാനാളില്ലാത്ത വിധം അഭിനയംകൊണ്ട് മലയാള സിനിമയിൽ തിളങ്ങി കെപിഎസി ലളിത. ഒരു കഥാപാത്രം ചെയ്യാൻ അവരെ തീരുമാനിച്ചാൽ, സംവിധായകനോ തിരക്കഥാകൃത്തിനോ ആ കഥാപാത്രത്തിനായി പകരം മറ്റൊരാളെ കണ്ടെത്താനാകില്ല. എന്തെങ്കിലും അസൗകര്യംകൊണ്ട് ലളിത അഭിനയിച്ചില്ലെങ്കിൽ ആ കഥാപാത്രത്തെ തന്നെ ഒഴിവാക്കേണ്ടി വരുമെന്നും കമൽ ഓർത്തെടുത്തു.

കെപിഎസി ലളിതയ്ക്ക് തുല്യം ലളിത മാത്രം: രഞ്ജി പണിക്കർ
നടി കെപിഎസി ലളിതയുടെ വിയോ?ഗത്തിൽ അനുസ്മരിച്ച് നടനും സംവിധായകനുമായ രഞ്ജി പണിക്കർ ലളിതയുമായും ഭർത്താവും സംവിധായകനുമായ ഭരതനുമായും വ്യക്തിപരമായി അടുത്ത ബന്ധമാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് രഞ്ജി പണിക്കർ പറഞ്ഞു. താൻ എഴുതിയ ആദ്യ സിനിമയിലടക്കം ലളിത അഭിനയിച്ചതും അദ്ദേഹം ഓർമ്മിച്ചു.

കാലം കണ്ട ഏറ്റവും മികച്ച അഭിനേത്രികളിലൊരാളെയാണ് സിനിമയ്ക്ക് നഷ്ടമായത്. കെപിഎസി ലളിതയ്ക്ക് തുല്യം കെപിഎസി ലളിതമാത്രം. വ്യക്തിപരമായും നടി എന്ന നിലയിലും മലയാള സിനിമയ്ക്കും മലയാളി പ്രേഷകർക്കും ഇത് തീരാനഷ്ടമാണ്. ഹൃദയംകൊണ്ട് അടുപ്പം തോന്നിക്കുന്ന വ്യക്തിയാണ് കെപിഎസി ലളിത. അവർക്ക് പകരം ഒരാൾ എന്നത് ഇനി സംഭവിക്കില്ല. അത്ര സംവിശേഷമായ പ്രതിഭയുള്ളയാളാണ് കെപിഎസി ലളിതയെന്നും രഞ്ജി പണിക്കർ അനുസ്മരിച്ചു.

'മനസ്സിൽ എന്നും അമ്മ മുഖം': മഞ്ജു വാര്യർ
അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയായതെന്ന് മഞ്ജു ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്. 'മോഹൻലാൽ ' എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അദ്ധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട- മഞ്ജു എഴുതി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്. 'മോഹൻലാൽ ' എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അദ്ധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട..

അന്തരിച്ച കെപിഎസി ലളിതക്ക് ആദരാഞ്ജലിയർപ്പിച്ച് സാംസ്‌കാരിക കേരളം. കലാ, സാംസ്‌കാരി, രാഷ്ട്രീയ രംഗത്തുള്ള നിരവധി സോഷ്യൽമീഡിയയിൽ അനുശോചനവുമായി രംഗത്തെത്തി. സോഷ്യൽമീഡിയയിൽ നിരവധിപേർ അനുശോചവുമായി രംഗത്തെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP