Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലഘുലേഖ വിതരണം ചെയ്തു; അതിനു ശേഷം ഭക്ഷണവും കഴിച്ച് പാഴ്‌സലും വാങ്ങി; കാർഷിക പ്രശ്‌നങ്ങളിൽ ഇടപെടൽ ഉറപ്പു പറഞ്ഞ് മടങ്ങിയത് മലയാളികൾ; പശുക്കടവിൽ എത്തിയവരെ തിരിച്ചറിഞ്ഞെന്ന് സൂചന; തൊട്ടിൽപ്പാലത്തും തെരച്ചിൽ; മാവോയിസ്റ്റുകൾ വയനാട് ചുരമിറങ്ങിയോ?

ലഘുലേഖ വിതരണം ചെയ്തു; അതിനു ശേഷം ഭക്ഷണവും കഴിച്ച് പാഴ്‌സലും വാങ്ങി; കാർഷിക പ്രശ്‌നങ്ങളിൽ ഇടപെടൽ ഉറപ്പു പറഞ്ഞ് മടങ്ങിയത് മലയാളികൾ; പശുക്കടവിൽ എത്തിയവരെ തിരിച്ചറിഞ്ഞെന്ന് സൂചന; തൊട്ടിൽപ്പാലത്തും തെരച്ചിൽ; മാവോയിസ്റ്റുകൾ വയനാട് ചുരമിറങ്ങിയോ?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മാവോയിസ്റ്റുകൾക്കായി ഇനി കൂടുതൽ ശക്തമായ പരിശോധന. കോഴിക്കോട് പശുക്കടവിൽ മാവോയിസ്റ്റ് സംഘമെത്തിയതിനെ തുടർന്നാണ് ഇത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് പാമ്പൻകോട് മലയിൽ എം.സണ്ണി, എം.സി.അശോകൻ എന്നിവരുടെ വീടുകളിൽ 6 മാവോയിസ്റ്റുകൾ എത്തിയത്. വയനാട് ചുരമിറങ്ങി മാവോയിസ്റ്റുകൾ കോഴിക്കോട് സജീവമാകുന്നതിന്റെ സൂചനയാണ് ഈ സംഭവത്തിലുള്ളത്.

4 സ്ത്രീകളും 2 പുരുഷന്മാരുമടങ്ങിയ സംഘം അശോകന്റെ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ച ശേഷം പാഴ്‌സൽ വാങ്ങിയാണു പോയത്. ഒരാൾ തോക്കുമായി റോഡിൽനിന്നു, മറ്റുള്ളവർ വീടുകളിൽ കയറി സംസാരിച്ചു. മലയാളത്തിലാണ് സംസാരിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. 6 പേരുടെയും പക്കൽ തോക്കുണ്ടായിരുന്നു. അവർ അന്വേഷിച്ചത് കാർഷിക മേഖലയുമയി ബന്ധപ്പെട്ട കാര്യങ്ങളും.

തൊട്ടിൽപാലം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സ്ഥലം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ആറു പേരടങ്ങിയ മാവോയിസ്റ്റുകൾ എത്തിയത്. ലഘുലേഖ നൽകിയ സംഘം ആഹാരം കഴിച്ചാണ് മടങ്ങിയത്. നാദാപുരം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ തണ്ടർബോൾട്ടും പൊലീസും പ്രദേശത്ത് തെരച്ചിൽ നടത്തി. വിതരണം ചെയ്ത ലഘുലേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറു പേർക്കെതിരെ തൊട്ടിൽപാലം പൊലീസ് കേസെടുത്തു. സംഘത്തിലെ എല്ലാവരേയും തിരിച്ചറിഞ്ഞതായാണ് സൂചന.

ആദ്യമായാണ് മാവോയിസ്റ്റ് സംഘം പശുക്കടവിൽ എത്തുന്നത്. കഴിഞ്ഞ വർഷം വട്ടിപ്പന പൊയിലോംചാൽ മേഖലയിൽ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. വിവരം അറിഞ്ഞ് നാദാപുരം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ തണ്ടർബോൾട്ടും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തി. ഈ സാഹചര്യത്തിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ കൂടുതൽ ശക്തമാക്കും. മലയോര മേഖലയിൽ മാവോയിസ്റ്റുകൾ സാന്നിധ്യം പല തവണ റിപ്പോർട്ട് ചെയ്ത താമരശ്ശേരി, കോടഞ്ചേരി പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ സംവിധാനങ്ങളാണ് വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനൊപ്പം നാദാപുരം ഭാഗത്തെ സ്റ്റേഷനുകൾക്കും സുരക്ഷ കൂട്ടും.

സ്റ്റേഷനുകളുടെ നാല് ഭാഗങ്ങളിലും സുരക്ഷ പോസ്റ്റുകൾ സ്ഥാപിച്ചും ചുറ്റുമതിലിൽ ഉയരത്തിൽ കമ്പിവേലികൾ സ്ഥാപിച്ചുമാണ് സുരക്ഷ വർധിപ്പിക്കുന്നത്. ആക്രമണമുണ്ടാകുന്നപക്ഷം വെടിയുതിർക്കാൻ ഉൾപ്പെടെയാണ് സുരക്ഷ പോസ്റ്റുകളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഇവയുടെ നിർമ്മാണ പ്രവൃത്തികളാണ് ഇപ്പോൾ താമരശ്ശേരി, കോടഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ നടക്കുന്നത്. ഇത് കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പുതുപ്പാടി മൈലള്ളാംപാറ, കണ്ണപ്പൻകുണ്ട്, മട്ടിക്കുന്ന്, കക്കാട് തുടങ്ങിയ ഭാഗങ്ങളിൽ പല തവണ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. ഇവിടത്തെ കോളനിയിൽ മാവോയിസ്റ്റുകളെത്തി ഭക്ഷ്യസാധനങ്ങൾ വാങ്ങി പോയ സംഭവങ്ങൾ പലതവണ റിപ്പോർട്ട് ചെയ്തിരുന്നു.

കോടഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പുകടവ്, നെല്ലിപൊയിൽ, നാരങ്ങാതോട് മേഖലയിലും പല തവണ മാവോയിസ്റ്റുകളെത്തി വസ്തുക്കൾ ശേഖരിക്കുകയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മാവോയിസ്റ്റുകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്താൽ ഉടൻ ആ പ്രദേശം മുഴുവൻ ആന്റി മാവോയിസ്റ്റ് ഫോഴ്‌സായ തണ്ടർബോൾട്ടെത്തി പരിശോധന നടത്തുകയായിരുന്നു പതിവ്. ഈ സാഹചര്യത്തിൽ മാവോയിസ്റ്റുകൾ കോഴിക്കോട്ടു ഭാഗത്തേക്ക് നീങ്ങുകയാണെന്നാണ് വിലയിരുത്തൽ.

രണ്ടുവർഷം മുമ്പ് വൈത്തിരിയിൽ മാവോവാദി നേതാവ് ജലീൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് മാവോയിസ്റ്റ് സാന്നിധ്യമുള്ള വനത്തിനോട് ചേർന്നുള്ള പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP