Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുറ്റിപ്പുറത്ത് ശത്രുതയെല്ലാം പെട്ടിയിൽ വച്ച് കുഞ്ഞാലിക്കുട്ടി-ജലീൽ കൂടിക്കാഴ്ചയുടെ മഞ്ഞുരുകൽ; ജനകീയാസൂത്രണത്തോട് മുസ്ലിം ലീഗും വിശേഷിച്ച് കുഞ്ഞാലിക്കുട്ടിയും കാട്ടിയ സഹകരണത്തെ വാഴ്‌ത്തി തോമസ് ഐസക്കിന്റെ പോസ്റ്റ്; ലീഗിന്റെ വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും; ലീഗ് ഇടത്തോട്ട് ചായുന്നുവോ?

കുറ്റിപ്പുറത്ത് ശത്രുതയെല്ലാം പെട്ടിയിൽ വച്ച് കുഞ്ഞാലിക്കുട്ടി-ജലീൽ കൂടിക്കാഴ്ചയുടെ മഞ്ഞുരുകൽ; ജനകീയാസൂത്രണത്തോട് മുസ്ലിം ലീഗും വിശേഷിച്ച് കുഞ്ഞാലിക്കുട്ടിയും കാട്ടിയ സഹകരണത്തെ വാഴ്‌ത്തി തോമസ് ഐസക്കിന്റെ പോസ്റ്റ്; ലീഗിന്റെ വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും; ലീഗ് ഇടത്തോട്ട് ചായുന്നുവോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഷ്ട്രീയത്തിൽ സ്ഥിരമായി ശത്രുക്കളോ, മിത്രങ്ങളോ ഇല്ല, എന്നാണ് പറയാറുള്ളത്. തിരഞ്ഞെടുപ്പ് കാലമാകുമ്പോൾ, മറുകണ്ടം ചാടുന്നവരെ കുറിച്ചല്ല. ഇത് രാഷ്ട്രീയ സാഹചര്യങ്ങൾ മാറി മറിയുമ്പോൾ, കാലത്തിനൊത്ത് കോലം മാറുന്നവരുടെ കാര്യമാണ്. മുസ്ലിം ലീഗ് ഇടതുപക്ഷത്തേക്ക് ചായുകയാണോ? സോഷ്യൽ മീഡിയയിൽ ചൂടൻചർച്ച നടക്കുന്നതിന് കാരണങ്ങൾ ഇല്ലാതില്ല. ഇതുവരെ ഇടഞ്ഞു നിന്ന പി.കെ.കുഞ്ഞാലിക്കുട്ടിയും, കെ.ടി.ജലീലും തമ്മിൽ കാണുന്നു, മഞ്ഞുരുക്കുന്നു, തോമസ് ഐസക് കുഞ്ഞാലിക്കുട്ടിയെ വാഴ്‌ത്തി പോസ്റ്റിടുന്നു, മുസ്ലിം ലീഗ് വേദിയിൽ പിണറായി വിജയൻ പങ്കെടുക്കുന്നു എന്നു വേണ്ട ചർച്ച ചെയ്യാനുള്ള രസക്കൂട്ടുകൾ എല്ലാമുണ്ട്.

മുസ്ലിംലീഗ് വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നു എന്നതാണ് ഒടുവിലത്തെ വാർത്ത തിരൂർ ശിഹാബ് തങ്ങൾ സഹകരണ സൂപ്പർ സെപ്ഷ്യാലിറ്റി ആശുപത്രി ഈ മാസം 26ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നേരത്തെ തിരുവനന്തപുരത്തെ സി.എച്ച് സെന്റർ ഉദ്ഘാടനം ചെയ്തതും പിണറായി വിജയൻ ആയിരുന്നു. മന്ത്രിമാരായ വി.എൻ വാസവൻ, വി.അബ്ദുറഹിമാൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. കോൺഗ്രസിൽ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാത്രമാണുള്ളത്.

മുഹമ്മദാലി ശിഹാബ് തങ്ങളുടെ പേരിലുള്ള സഹകരണ ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ ഇടതു സർക്കാർ സഹായിച്ചിട്ടുണ്ടെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ഘാടനത്തിന് ക്ഷണിച്ചതിന് കാരണമായി ലീഗ് നേതൃത്വം പറയുന്നത്. നൂറ് കോടി ചെലവിട്ടാണ് ആശുപത്രി നിർമ്മിച്ചിരിക്കുന്നത്. അബ്ദുറഹ്മാൻ രണ്ടത്താണിയാണ് ആശുപത്രി ഭരണസമിതിയുടെ ചെയർമാൻ.

കുഞ്ഞാലിക്കുട്ടി -ജലീൽ കൂടിക്കാഴ്ച

ആരോപണങ്ങളുടെ മുൾമുനയിൽ നിൽക്കുന്നത് രാഷ്ട്രീയ നേതാക്കൾക്ക് സുഖകരമായ കാര്യമല്ല. വിശേഷിച്ചും കള്ളപ്പണം വെളുപ്പിക്കൽ പോലെയുള്ള ആരോപണങ്ങൾ. അത് രാഷ്ട്രീയ ഭാവിക്ക് വിലങ്ങുതടിയാകും. ഇത് മറ്റാരേക്കാളും നന്നായി അറിയാവുന്നയാളാണ് ലീഗ് നേതാവായ പി.കെ.കുഞ്ഞാലിക്കുട്ടി. എ ആർ നഗർ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്ന് കെ ടി ജലീൽ ആരോപിച്ചിരുന്നു. ഇഡിക്ക് മുമ്പാകെയും തെളിവുകൾ നിരത്തിയിരുന്നു. അതേസമയം, ഏറ്റവും ഒടുവിൽ കിട്ടുന്ന വിവരപ്രകാരം കുഞ്ഞാലിക്കുട്ടി ജലീലിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്. കള്ളപ്പണ ആരോപണങ്ങളിൽ നിന്ന് പിന്മാറണമെന്ന് ജലീലിനോട് പി.കെ കുഞ്ഞാലിക്കുട്ടി അഭ്യർത്ഥിച്ചതായാണ് വിവരം.

തന്നെയും കുടുംബത്തെയും ഉപദ്രവിക്കരുതെന്നും ജലീലിനോട് കുഞ്ഞാലിക്കുട്ടി അഭ്യർത്ഥിച്ചതായും സൂചനയുണ്ട്. കുറ്റിപ്പുറത്തെ ഒരു പ്രമുഖ വ്യവസായിയുടെ വീട്ടിൽ വച്ചായിരുന്നു ജലീലുമായുള്ള കുഞ്ഞാലിക്കുട്ടിയുടെ കൂടിക്കാഴ്ച. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. എല്ലാം കേട്ട ജലീൽ കുഞ്ഞാലിക്കുട്ടിയോട് അനുകൂലമായി പ്രതികരിച്ചുവോ എന്ന് വ്യക്തമല്ല. കുറ്റിപ്പുറത്തിന് പുറമേ തിരുവനന്തപുരത്ത് വെച്ചും കൂടിക്കാഴ്ച നടന്നതായി സൂചനയുണ്ട്. നേരത്തെയും ജലീലിനെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. ഇരുവരുടെയും സുഹൃത്തുക്കളായ വ്യവസായികളുടെ ശ്രമത്തിനൊടുവിലാണ് ജലീൽ കുഞ്ഞാലിക്കുട്ടിയെ കാണാൻ സമ്മതിച്ചത്.

സ്വന്തം കാറിലായിരുന്നില്ല പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായിയുടെ വീട്ടിലെത്തിയത്. കെ.ടി ജലീൽ നേരത്തെ തന്നെ വീട്ടിലെത്തിയിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു ചർച്ച. മുസ്ലിം ലീഗിൽ നിന്നും കെ.ടി ജലീലിനെ പുറത്താക്കിയതിൽ തനിക്ക് പങ്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി മധ്യസ്ഥ ചർച്ചയ്ക്കിടെ തന്നെ വ്യക്തമാക്കി. വ്യക്തി വിരോധവുമില്ല. ആരോപണങ്ങളുമായി ജലീൽ മുന്നോട്ട് പോകുന്നത് പ്രതിസന്ധിയിലാക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി തുറന്ന് പറഞ്ഞു.

ജലീലുമായുള്ള രഹസ്യ കൂടിക്കാഴ്ച കുഞ്ഞാലിക്കുട്ടി തള്ളുന്നില്ല. രാഷ്ട്രീയ തർക്കം വേറെ, വ്യക്തിപരമായ ബന്ധം വേറെ എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. കുഞ്ഞാലിക്കുട്ടി പറഞ്ഞത് ഇങ്ങനെ:

'രാഷ്ട്രീയ നേതാക്കൾ പരസ്പരം കാണുന്നത് പതിവാണ്. കെ.ടി ജലീലിനെ നിയമസഭയിലും യോഗങ്ങളിലും കല്യാണ വീടുകളിലും കണ്ടാൽ മിണ്ടാതെ പോകുന്നവരല്ല. രാഷ്ട്രീയ സംവാദങ്ങൾ നടത്തുന്നവർ തമ്മിൽ വ്യക്തിപരമായി തെറ്റിലാണെന്ന് കരുതുന്നതാണ്. അങ്ങനെയില്ല. നേരത്തെയും ഇപ്പോഴും ഞങ്ങൾ കണ്ടാൽ മിണ്ടുന്ന സ്ഥിതിയാണ്. രാഷ്ട്രീയ തർക്കം വേറെ വ്യക്തിപരമായ ആശയവിനിമയം വേറെ. കല്യാണ സദസ്സിൽ വച്ചോ മറ്റ് എവിടെയെങ്കിലും വച്ചോ കണ്ടാൽ ഓടുകയൊന്നും ചെയ്യില്ല'.

ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും പ്രശംസിച്ച് തോമസ് ഐസക്

ജനകീയാസൂത്രണ പദ്ധതി നടപ്പാക്കുന്നതിൽ മുസ്ലിം ലീഗിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും സഹകരണത്തെ പ്രശംസിച്ച് മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക് രംഗത്തെത്തിയിരുന്നു, ന്റെ ഫേസ്‌ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് തോമസ് ഐസക് പി.കെ.കുഞ്ഞാലിക്കുട്ടിയെ പുകഴ്‌ത്തിയത്. സംഭാവനകൾ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടായിരുന്നു തോമസ് ഐസകിന്റെ ഫേസ്‌ബുക് പോസ്റ്റ്. രാഷ്ട്രീയ അഭിപ്രായവ്യത്യാസമെല്ലാം ഉണ്ടായിരുന്നുവെങ്കിലും ജനകീയാസൂത്രണത്തോടു പൂർണ്ണമായും സഹകരിക്കുന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടതെന്നും തോമസ് ഐസക് പറയുന്നു.

പി.കെ.കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഓരോ പ്രധാനപ്പെട്ട സംഭവങ്ങളും തോമസ് ഐസക് പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്. ചിത്രങ്ങൾ അടക്കം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്. നിയമസഭയിൽ ആയാലും പുറത്തായാലും തൽസമയ പ്രസംഗമാണു ശൈലി. നിയസഭയിൽ ചോദ്യങ്ങൾക്കു മറുപടി പറയുമ്പോഴും അങ്ങനെ തന്നെ. ഒരു കടലാസും കൈയിൽ ഉണ്ടാവില്ല. പക്ഷെ കൃത്യമായി ചോദ്യങ്ങളോടു പ്രതികരിക്കുകയും ചെയ്യുന്ന ആളാണ് കുഞ്ഞാലികുട്ടിയെന്ന് തോമസ് ഐസക് പറയുന്നു.

മുസ്ലിംലീഗ് പൊതുവിൽ ജനകീയാസൂത്രണത്തോടു നല്ലരീതിയിൽ സഹകരിച്ചിരുന്നുവെന്നും ഇതിന്റെ മുഖ്യകാരണം ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി സ്വീകരിച്ച സമീപനമാണെന്ന് തോമസ് ഐസക് പറഞ്ഞു. 29-ാം വയസ്സിൽ കുഞ്ഞാലിക്കുട്ടി 1980-ൽ അദ്ദേഹം മലപ്പുറം മുനിസിപ്പാലിറ്റിയുടെ ചെയർമാനായി. 1982-ൽ എംഎൽഎ ആയെങ്കിലും ചെയർമാൻ സ്ഥാനവും തുടർന്നു. ഈ രണ്ട് പദവികളും മലപ്പുറം നഗരത്തിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തി ഗവൺമെന്റ് കോളേജിൽ പ്രവർത്തിച്ചിരുന്ന മലപ്പുറം കളക്‌റ്റ്രേറ്റ് ഇന്നത്തെ സ്ഥാനത്തേയ്ക്കു മാറ്റിസ്ഥാപിച്ചത് അക്കാലത്താണ്.

വനിതാ കോളേജ്, കോട്ടമൈതാന നവീകരണം, ഷോപ്പിങ് കോംപ്ലക്സ്, പല പ്രധാനപ്പെട്ട റോഡുകൾ തുടങ്ങിയവയിലെല്ലാം ചെറുപ്പക്കാരനായ അദ്ദേഹത്തിന്റെ കൈയൊപ്പുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ ജനകീയാസൂത്രണ നടത്തിപ്പു സംബന്ധിച്ച് പലവട്ടം ഞങ്ങൾ അദ്ദേഹവുമായി കൂടിയാലോചിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP