Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യ വികസിത രാജ്യം എന്ന പദവിയിലേക്കുള്ള യാത്രയുടെ അന്ത്യ ലാപ്പിൽ; ലോക ജനതയെ തന്നെ മുന്നോട്ടു നയിക്കുന്ന ഒരു എൻജിൻ ആയി കൂടി ഇന്ത്യ വളരും: ഹരിദാസൻ പി ബി എഴുതുന്നു

ഇന്ത്യ വികസിത രാജ്യം എന്ന പദവിയിലേക്കുള്ള യാത്രയുടെ അന്ത്യ ലാപ്പിൽ; ലോക ജനതയെ തന്നെ മുന്നോട്ടു നയിക്കുന്ന ഒരു എൻജിൻ ആയി കൂടി ഇന്ത്യ വളരും: ഹരിദാസൻ പി ബി എഴുതുന്നു

ഹരിദാസൻ പി ബി

 ഇന്ത്യ എന്ന വികസിത രാഷ്ട്രം

ന്ത്യ എന്ന 'വികസിത ഇക്കോണമി' യുടെ സുവർണ്ണ പിറവി നടന്നു കഴിഞ്ഞു. സുഹൃത്തുക്കളെ ഇന്ത്യൻ ഇക്കോണമി ഒരു നീണ്ട കാല വളർച്ചയുടെ threshold, ആരംഭത്തിൽ, ആണ് എത്തി നിൽക്കുന്നത്. വരാൻ പോകുന്ന അടുത്ത പതിനഞ്ചോ, മുപ്പതോ വർഷങ്ങൾ ഇന്ത്യൻ ഇക്കോണമിയുടെ തുടർ വളർച്ചയുടെ പതിറ്റാണ്ടുകളാണ്. അതിനവസാനം ഇന്ത്യയെ മറ്റു രാജ്യങ്ങൾ ഒരു വികസിത രാജ്യം (A developed country,)

അല്ലെങ്കിൽ ഒരു 'first world country') എന്ന ഗണത്തിൽ മാത്രമെ പരിഗണിക്കുകയുള്ളൂ. ചരിത്രത്തിൽ ചിലപ്പോൾ ചില അസാധാരണ സാഹചര്യങ്ങളുടെ കൂടിച്ചേരലുകൾ നടക്കാറുണ്ട്. ഇന്ത്യൻ സാമ്പത്തിക വളർച്ചയുടെ കാര്യത്തിലും പല അനുകൂലസാഹചര്യങ്ങളുടെ കൂടിച്ചേരലുകൾ നടന്നിരിക്കുന്നു. ആ കൂടിചേരലുകൾ പ്രാവർത്തിക മണ്ഡലത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. വഴിയേ അതെന്തൊക്കെയാണെന്ന് പരിശോധിക്കാം. ഇന്ത്യയുടേത് ഇനി വളർച്ചയുടെ നാളുകളാണ്. ആ വളർച്ചയുടെ പാരമ്യതകൾ കഴിയുമ്പോഴേക്കും ഇന്ത്യ ഒരു വികസിത രാഷ്ട്രമായി സ്വയം മാറിയിരിക്കും. വരുന്ന തലമുറയുടെ നല്ല നാളുകളുടെ പതിറ്റാണ്ടുകൾ തുടങ്ങിക്കഴിഞ്ഞു. ഇത് മുൻകൂട്ടി കണ്ട ഇന്ത്യൻ ഷെയർ മാർക്കറ്റ് മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുന്നു. 30000 ത്തിനരികിൽ നിന്നിരുന്ന മാർക്കറ്റ് ഇൻഡക്‌സ് 60000 എത്തിയിരിക്കുന്നു. അത്, ഇൻഡക്‌സ്, അടുത്ത അഞ്ചുവർഷത്തിനകത്ത് 100000 എന്ന മാജിക് നമ്പറിൽ എത്തുമെന്ന് പല കാപിറ്റൽ മാർക്കറ്റ് വിദഗ്ധരും അനുമാനിക്കുന്നു.

ഷെയർ മാർക്കറ്റിന്റെ കുതിപ്പ് കണ്ടിട്ടാണോ നിങ്ങൾ ഇന്ത്യ ഒരു വികസിത രാഷ്ട്രം അടുത്തുതന്നെ ആകും എന്നൊക്കെയുള്ള പ്രവചനത്തിനൊരുങ്ങുന്നത്. അല്ല സുഹൃത്തേ, വേറെയും പല അടിസ്ഥാന മാറ്റങ്ങൾ അടിത്തറകൾ ഇന്ത്യൻ ഇക്കണോമിയുടെ വളർച്ചക്ക് അനുകൂലമായി പാകി കഴിഞ്ഞിരിക്കുന്നു. അതിലേക്ക് വഴിയേ വരാം. അതിനോടൊപ്പം പ്രിയ N G O ബുദ്ധിജീവികളേ ശ്രദ്ധിക്കുക, പ്‌ളീസ് നോട്ട്: ഒരു രാജ്യത്തിലെ ഷെയർ മാർക്കറ്റ്, ആ രാജ്യത്തിന്റെ ഇക്കണോമിയുടെ അവസ്ഥയിലെ ഒരു വിശ്വസിക്കാവുന്ന ദിശാ സൂചി കൂടിയാകുന്നു. സാമ്പത്തിക 'വിദഗ്ധരുടെ' വിലയിരുത്തലുകളേക്കാൾ, IMF പഠനങ്ങളെക്കാൾ, സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ്‌കാരുടെ വിലയിരുത്തലുകളെക്കാൾ ശരിയായ ദിശാ സൂചി ആ രാജ്യത്തിന്റെ ഷെയർ മാർക്കെറ്റിന്റേതായിരിക്കും.

നിങ്ങൾക്ക് ഷെയർ മാർക്കറ്റിനെ വായിക്കാനറിയാമെങ്കിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പ് പ്രവചനം വരെ ഗ്യാലപ്പ് പോളുകളേക്കാൾ കൃത്യമായി ഷെയർ മാർക്കറ്റുകൾ സൂചിപ്പിക്കാറുണ്ട്. ഇന്ത്യയുടെ ഷെയർ മാർക്കറ്റ് BSE ഇൻഡക്‌സ്, 60000 പോയിന്റ് എത്തി നിൽക്കുന്നത് വരാൻ പോകുന്ന ഇന്ത്യൻ ഇക്കണോമിയുടെ അവസ്ഥ സൂചിപ്പിക്കുന്നു. മാത്രമല്ല ആ ഇൻഡക്‌സ് 100000 ലേക്ക് അടുത്ത അഞ്ചുവർഷങ്ങളിൽ എത്തിച്ചേരുമെന്നാണ് ഷെയർ മാർക്കറ്റിലെ നിക്ഷേപകരിൽ പലരും കണക്കുകൂട്ടുന്നത്. ഷെയർ മാർക്കറ്റിന്റെ വളർച്ച രാജ്യ വികാസത്തെ വല്ലാതെ സഹായിക്കുന്ന പ്രധാന ഘടകമാകുന്നു. അത്രയും മൂലധന സ്വരുക്കൂട്ടലാണ് നടക്കെപ്പടുന്നത്. അത് വ്യാവസായിക വളർച്ചയ്ക്കുള്ള മൂലധന ലഭ്യത ഉണ്ടാക്കുന്നു. ഷെയർ മാർക്കറ്റുകൾ വരാൻ പോകുന്ന ഇക്കണോമിയുടെ അവസ്ഥയുടെ ചൂണ്ടുപലകകളാണ്. ഇന്നലത്തെയോ ഇന്നത്തെയോ അവസ്ഥയല്ല ഷെയർ മാർക്കറ്റുകൾ സൂചിപ്പിക്കുക. വരാൻ പോകുന്ന നാളെയുടെ സാമ്പത്തിക വളർച്ച ഷെയർ മാർക്കറ്റ് വായിക്കുന്നു.

വരാൻ പോകുന്നത് ഇന്ത്യയുടെ പ്രാമാണികതയുടെ പതിറ്റാണ്ടുകളാണ്. ആ പ്രാമാണികതയിലെ ജിയോ പൊളിറ്റിക്കൽ ഔന്നത്യങ്ങൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യാനുദ്ദേശിക്കുന്നില്ല. അത് പിന്നീടാകാം. ഇവിടെ എക്കണോമിയുടെ വശം മാത്രം ചൂണ്ടിക്കാണിക്കാൻ ഉദ്ദേശിക്കുന്നു. തുടക്കത്തിൽ തന്നെ പറയട്ടെ ഇതൊരു രാഷ്ട്രസ്‌നേഹിയുടെ പ്രത്ീക്ഷകളുടെയും ആഗ്രഹങ്ങളുടെയും പ്രിസത്തിൽ കൂടി എഴുതിയതായി കാണരുത്. ഇത് തികച്ചും കാപിറ്റലിസത്തെ മനസ്സിലാക്കിയ ഒരു ഇക്കണോമി നിരീക്ഷകന്റെ വിലയിരുത്തലുകളാണ്. ബയസുകളില്ലാതെ വായിച്ച് നിങ്ങൾ നിങ്ങളുടെ തീർപ്പുകളിൽ എത്തുക.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചക്ക് അനുകൂലമായ പല സാഹചര്യങ്ങളുടെ കൂടിച്ചേരലുകൾ നടന്നിരിക്കുന്നു എന്ന് പറഞ്ഞാണ് തുടങ്ങിയത് . അവ ഏതൊക്കെയാണെന്ന് ഒന്നൊന്നായി വിശദീകരിക്കാം. പല പ്രധാന പോയന്റുകൾ ഇക്കാര്യത്തിൽ പറയാനായിട്ടുണ്ട് . വരിവരിയായി നിരത്താം. ഒന്ന്, പല ലോക രാജ്യങ്ങൾക്കും പല വൻകിട കമ്പനികൾക്കും, ചൈന എന്ന രാജ്യത്തിലെ സിസ്റ്റങ്ങളോടുള്ള നീരസം, വിശ്വാസക്കുറവ് തോന്നി തുടങ്ങിയിരിക്കുന്നു അവർ അസ്വസ്ഥരാണ്.

Jack Ma മുതലായവരുടെ അപ്രത്യക്ഷമാകൽ, ചൈനീസ് സർക്കാരിന്റെ ഇടപെടലുകൾ, ടെക്നോളജി പങ്കിടാനുള്ള നിർബന്ധങ്ങൾ, ടെക്‌നോളജി പൈറസി, Made in China ലേബൽ, ഇവയൊക്കെ കമ്പനികൾക്ക് ഒരു ഭാരമായി തോന്നിത്തുടങ്ങിയിരുന്നു. അവയിൽ പലരും ചൈനയിലേക്കുള്ള അവരുടെ നിക്ഷേപക തീരുമാനങ്ങൾ പുനഃപരിശോധിച്ചു തുടങ്ങിയിരിക്കുന്നു. പലരും ചൈനയിൽ നിന്ന് അവരുടെ ഉൽപാദനo മറ്റു രാജ്യങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചുതുടങ്ങിയിരിക്കുന്നു. ഈ വാർത്ത നിങ്ങൾക്ക് പല മാധ്യമങ്ങളിലും വായിക്കാവുന്നവയാണ്. ഇന്ത്യയിലെ പത്രങ്ങൾക്ക് പുറമെ Forbes , BBC മുതലായ മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില വാർത്തകൾ ഇവിടെ ഉദ്ധരിക്കാം. 1. Dell quietly moved production and supply chains away from the People's Republic, 2. 'Almost a quarter of German companies operating in China were planning to relocate production', 3. 'Automaker Kia Motors shut one of its key plants in the country in 2019. The Seoul-based company has put the closure down' 4. Apple...the tech giant has been encouraging its suppliers, which include Taiwanese firm Foxconn plus Delta Electronics and Pegatron, to move up to 30% of iPhone production from China. മുകളിൽ ഉദ്ധരിച്ചത് എന്റെ ആശയം സാധൂകരിക്കാൻ പറഞ്ഞ ചില ഉദാഹരണങ്ങൾ മാത്രമാണ്. ഇത്തരം പല സംഭവങ്ങളും ഇപ്പോൾ ലോക മാർക്കറ്റിൽ നടന്നു കൊണ്ടിരിക്കുന്നു. കോവിഡ് കാരണത്താലും ആ കാരണം പറഞ്ഞും ചൈനയുടെ 'Belligerent', പ്രകോപനപരമായ, പെരുമാറ്റങ്ങൾ, കാരണവും ജപ്പാൻ അവരുടെ കമ്പനികളെ ചൈനയിൽ നിന്ന് റീലൊക്കേറ്റ് ചെയ്യാൻ സബ്സിഡി കൊടുത്തുകൊണ്ടിരിക്കുകയാണ്. ലോക മാർക്കറ്റിലെ പല കമ്പനികളും പുതിയ നിക്ഷേപ ഇടങ്ങൾക്കായി അന്വേഷണത്തിലാണ്. പല അമേരിക്കൻ 'കോർപറേറ്റുകളും' വിയറ്റ്‌നാമിൽ നിക്ഷേപം നടത്താനിഷ്ടപ്പെടുന്നു, നടത്തിക്കൊണ്ടിരിക്കുന്നു. അതെ മൂന്നോളം പതിറ്റാണ്ടുകൾ നിരന്തരം ബോംബുകൾ, നാപാം ബോംബുകളടക്കം മാരകായുധങ്ങൾ നിരന്തരം വർഷിച്ച, തങ്ങളുടെ കണ്ണിലെ കരടായിരുന്ന, അതെ വിയറ്റ്‌നാമിൽ അമേരിക്കൻ കമ്പനികൾ പുതിയ പുതിയ നിക്ഷേപങ്ങൾ നടത്താൻ വരി നിൽക്കുന്നു. വിയറ്റ്‌നാമുകാർ അവർക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കി വരവേൽക്കുന്നു. ' The tech behemoth Google has moved manufacturing of its flagship Pixel smartphone to Vietnam'. ലോകത്തിലെ അദ്വിതീയ കമ്പനികളിൽ ഒന്നായ Intel ന് പ്രിയപ്പെട്ട ഉൽപാദന സ്ഥലം വിയറ്റനാം ആകുന്നു. Microsoft അവരുടെ Surface Pro ഉൽപാദനം വിയറ്റ്‌നാമിലേക്കു മാറ്റി കൊണ്ടിരിക്കുന്നു. Apple കമ്പനിയുടെ പല സബ് ഉൽപാദകരും ഇപ്പോൾ വിയറ്റ്‌നാമിൽ നിന്നാണ് ലോക മാർക്കറ്റിലേക്ക് വേണ്ട iPhone കൾ ഉത്പാദിപ്പിക്കുന്നത്.

ലോക കോര്പറേറ്റ് വൻകിടകളിൽ പലരുടെയും പുതിയ നിക്ഷേപ ഡെസ്റ്റിനേഷനുകളിൽ ഒന്ന് ഇന്ത്യ ആകുന്നു. ഇന്ത്യ എന്ന ഒരു വലിയ മാർക്കറ്റിലേക്ക് വരാൻ പല വൻകിടകളും സാദ്ധ്യത ചർച്ച നടത്തിക്കൊണ്ടിരിക്കുന്നു. ഹ്യൂണ്ടായ് , Samsung, Kia Motors, എന്നിവ ഇന്ത്യയിൽ വൻ നിക്ഷേപങ്ങൾ നടത്തിക്കഴിഞ്ഞു. Lockheed Martin, Adobe, Honeywell, Boston Scientific and Cisco Systems എന്നിവ ഇന്ത്യയിൽ നിക്ഷേപ വികസനം, നിക്ഷേപ സാധ്യത തേടുന്ന കമ്പനികളാണ്. Toyota-Tsusho, Sumida എന്നീ കമ്പനികളെ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ ജാപ്പനീസ് സർക്കാർ അവർക്ക് സബ്സിഡി കൊടുത്ത് പ്രോത്സാഹിപ്പിക്കുകയാണ്. മാനേജീരിയൽ കഴിവുകളുടെയും സ്‌കിൽ ലഭ്യതയുടെയും ഒരു വലിയ യുവ നിര, മധ്യവർഗ്ഗികളുടെ ഒരു വലിയ മാർക്കറ്റ്, നിക്ഷ്പക്ഷമായ ഒരു ജുഡീഷ്യറി, ഒരു തുറന്ന സമൂഹം, ഇതൊക്കെ ഇന്ത്യക്ക് ഇക്കാര്യത്തിലുള്ള അനുകൂലഘടകങ്ങളാണ്.

സ്വാഭാവികമായും കമ്പനികൾ ഇന്ത്യയിലേക്ക് അവരുടെ നിക്ഷേപങ്ങൾ മാറ്റി സ്ഥാപിക്കാൻ തയാറാണ് തുടങ്ങിയിരിക്കുന്നു. കേക്കിലെ ഐസിങ് പോലെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പഴയ കാലങ്ങളിൽ നിന്നും വിഭിന്നമായി നിക്ഷേപക സൗഹാർദ്ദത്തിനായി മത്സരിക്കുന്നു, അവരരുടെ സംസ്ഥാനത്തിലേക്ക് നിക്ഷേപം എത്തിക്കാനായി ഓടിനടക്കുന്നു. പലതരം ഇൻസെന്റ്റീവ്, ഭൂമി, ഇൻഫ്രാ മുതലായവ വാഗ്ദാനം ചെയ്തുകൊണ്ട് ഓടിനടക്കുന്നു. (ഒരു പക്ഷെ കേരളം ഒഴിച്ചു് ). കേന്ദ്ര സർക്കാരും ഈ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ വിവിധ പദ്ധതികളുമായി മുന്നോട്ടു വന്നിട്ടുണ്ട്. Production Linked Incentive (PLI) scheme worth up to Rs 1.46 lakh crore, Indian Development and Economic Assistance (IDEAS) scheme എന്നിങ്ങനെയുള്ള പദ്ധതികളിലൂടെ കേന്ദ്ര സർക്കാരും അവസരത്തിനൊത്ത് പ്രവർത്തിക്കുന്നുണ്ട്. രാജ്യമെങ്ങും ഒരു മാറ്റത്തിന്റേതായ ഒരു കമ്പനം, കർമ്മോൽസുകത നടന്നുകൊണ്ടിരിക്കുന്നു.

ഇന്ത്യയിലാണെങ്കിൽ നിക്ഷേപ സാഹചര്യങ്ങളുടെ ഒരു അടിത്തറ പാക പെട്ടു കിടക്കുന്നു. GST , Telephony -- സാധാരണക്കാരനിൽ വരെ എത്തിയ 4G , 5 G യിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന , ലോകത്തെ ഏറ്റവും വിലകുറഞ്ഞ ഫോൺ സൗകര്യങ്ങൾ, UPI , Aadhaar , എന്നിവയിലൂടെ വലിയ തോതിലുള്ള മാർക്കറ്റ് ഇന്റഗ്രേഷൻ, രാജ്യത്തെ പല കോണുകളിൽ നടക്കുന്ന പലതരം ഉല്പന്നങ്ങൾ അടങ്ങിയ മാർക്കറ്റ് ഇന്റഗ്രേഷൻ നടന്നു കൊണ്ടിരിക്കുന്നു. സൂറത്ത് , ബറോഡ , കോയമ്പത്തൂർ , ഇൻഡോർ , ജയ്പൂർ, ഇടുക്കി , ലക്നൗ, ലുധിയാന , വിജയവാഡ, കാൺപൂർ , കാഞ്ചിപുരം, തിരുപ്പൂർ , ആഗ്ര എന്നിങ്ങനെ വിവിധ തരം ഉല്പന്നങ്ങൾ നിർമ്മിക്കുന്ന രണ്ടാം നിര പട്ടങ്ങൾ വരെ ഉൾപ്പെട്ട ഒരു ഇന്റഗ്രേറ്റഡ് സ്മൂത്ത് മൂവിങ് മാർക്കറ്റ് ഇന്റഗ്രേഷൻ ടെക്‌നോളജിയുടെ സഹായത്തോടെ ഉണ്ടാക്കപ്പെട്ടിരിക്കുന്നു. ആധാർ ലിങ്ക് ചെയ്ത പാൻ കാർഡ്, Insolvency and Bankruptcy Code (IBC) , ബാങ്കുകളുടെ ബാലൻസ് ഷീറ്റുകൾ ക്ലീൻ ചെയ്യപ്പെട്ടു എന്നിങ്ങനെ ഫിനാൻഷ്യൽ മാർക്കറ്റ്, ക്ളീനാക്കപ്പെട്ട് ഊർജസ്വലമാക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ തലങ്ങും വിലങ്ങും നല്ല ഹൈവേ ഇൻഫ്രാസ്ട്രച്ചറുകൾ നിർമ്മിക്കപ്പെട്ടു.

ബഹു ദ്രുതഗതിയിൽ രാജ്യം മുഴുവൻ എയർ പോർട്ട് കൾ വന്നുകൊണ്ടിരിക്കുന്നു നവീകരിക്കേപെട്ടുകൊണ്ടിരിക്കുന്നു. നവീകരിക്കപ്പെട്ട നാവിക സൗകര്യങ്ങൾ, കുറച്ചുകാലം മുൻപ് വരെ ചിന്തിക്കാൻ കഴിയുമായിരുന്നില്ലാത്ത റെയിൽ വഴിയുള്ള ഗൂഡ്സ് നവീകരണങ്ങൾ എന്നിങ്ങനെ ഇവയെല്ലാം ചേർന്ന് നാളിതുവരെ രാജ്യം നേടിയില്ലാത്ത വികസന അടിത്തറകൾ ഒരുങ്ങിക്കഴിഞ്ഞ . ഇൻഫ്രാ സൗകര്യങ്ങൾ ഇനിയും വളരെ ഏറെ മുന്നോട്ടുപോകാനുണ്ടെങ്കിലും ആ മേഖലയിലെങ്ങും നിതിൻ ഗഡ്കരി മാജിക് ഭംഗിയായി നടന്നുകൊണ്ടിരിക്കുന്നു. ഇനി ഇന്ത്യയുടേത് വികസനത്തിന്റെ മില്ല്യൺ അവസരങ്ങളാണ് . ബിസിനെസ്സുകൾ അതുകാണുന്നു.

വിശദീകരിക്കാം. GST, The goods and services tax (GST), എങ്ങനെ രാജ്യത്തിനു ഗുണകരമായി പ്രവർത്തിക്കുന്നു എന്ന് നോക്കാം. എല്ലാം രാഷ്ട്രീയ മുതലെടുപ്പുകളുടെ മലവെള്ളപാച്ചിലിനിനകത്ത് കിടന്ന് കറങ്ങിയാൽ നിങ്ങൾക്ക് വ്യക്തമായി കാര്യങ്ങൾ കാണാനാവില്ല . ഇതൊക്കെ മനസ്സിലാക്കാൻ IMF ന്റെ അല്ലെങ്കിൽ 'വിദഗ്ധരുടെ' പഠന റിപ്പോർട്ടുകൾ പോയി വായിക്കേണ്ട കാര്യവുമില്ല. വലിയങ്ങാടിയിൽ ചെന്ന് നൂറു രൂപക്ക് നട്ടും ബോൾട്ടും വാങ്ങിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. ആ കടക്കാരൻ നിങ്ങൾ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും, വേണ്ട എന്ന് പറഞ്ഞാലും, വാങ്ങിയ നൂറു രൂപക്കുള്ള ബിൽ അടിച്ചു കൈയിൽ തരും. അൻപതു രൂപക്കുള്ള തല വേദന ഗുളിക വാങ്ങിയാലും നിങ്ങൾക്കൊരു ബിൽ അടിച്ചു തരും. ഇങ്ങനെയായിരുന്നോ കാര്യങ്ങൾ കുറച്ചു വർഷങ്ങൾക്ക് മുൻപ് .

ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് മെഡി ക്ലെയിം വാങ്ങാനാണെന്ന് പറഞ്ഞു ആവശ്യപ്പെട്ടാൽ പോലും അവർ ബില്ല് തരുമായിരുന്നില്ല. ഇത്ര ചെറിയ തുകക്കൊക്കെ ബിൽ അടിച്ചാൽ മുതലാവുകയില്ല സാറേ എന്നൊക്കെ ഒരു ന്യായീകരണം തരും. ബിൽ അടിച്ചുതരുമ്പോൾ എന്താണ് സംഭവിക്കുന്നത്. അതിനർത്ഥം മണി ഈസ് അക്കൗണ്ടഡ് എന്നാണ്. അത് കറുത്ത പണമായി മാറുന്നില്ല എന്നർത്ഥം. മാർക്കറ്റ് മുഴുവൻ ഇപ്പോൾ invoice കളിലൂടെ നീങ്ങുന്നു. അതായത് നമ്മുടെ മാർക്കറ്റ് ഇക്കോണമി സ്ട്രീം ലൈൻ ചെയ്യപ്പെട്ടിരിക്കുന്നു. കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ പത്രങ്ങളിൽ വരുന്ന വാർത്തയാണ് ഇന്ത്യയുടെ ബ്ലാക്ക് ഇക്കോണമി യഥാർത്ഥ എക്കണോമിയുടെ ഇരട്ടിവരും മൂന്നിരട്ടി വരും എന്നിങ്ങനെ. അതായത് 2010 ൽ ഏകദേശം ഒരു ട്രില്യൺ ആയിരുന്ന ഇന്ത്യൻ ഇക്കോണമി വേറൊരു ട്രില്യൺ കറുത്ത എക്കണോമിയെയും ചുമന്നു കൊണ്ടാണ് നടന്നിരുന്നതെന്നർത്ഥം.

പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിക്കൽ, GST, UPI, Net Banking മുതലായ മാറ്റങ്ങളിലൂടെ ഇന്ത്യൻ ഇക്കോണമി മിക്കവാറും വൈറ്റ് ആക്കപെട്ടു. കറുത്ത മണി ഇല്ല എന്നല്ല . ഇന്ത്യപോലുള്ള ഒരു രാജ്യത്ത് ഇക്കാര്യത്തിൽ 70 - 80 ശതമാനo നേടിയാൽ പോലും അതൊരു വലിയ മാറ്റമാണെന്നറിയുക. ( ഇപ്പോഴുള്ള കള്ളപ്പണം പ്രധാനമായും ക്രോണിസത്തിൽ നിന്നും, അതായത് രാഷ്ട്രീയക്കാരുടെ കൈകടത്തലിൽ നിന്നും, ആണ് ഉണ്ടാകുന്നത്. അത് അടുത്ത കാലത്തൊന്നും പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കരുത്). എങ്കിലും ഇത്രയൊക്കെ നമ്മുടെ ഇക്കോണമി ക്‌ളീൻ ആക്കപെട്ടത് വലിയനേട്ടമാണ്. GST, തുടക്കത്തിൽ അതിലെ നൂലാമാലകൾ, SME ബിസിനസ്സ് കളെ അസ്വസ്ഥരാക്കിയിരുന്നു. എന്നാൽ ലോജിസ്റ്റിക് കൈകാര്യം ചെയ്യാനുള്ള അനുകൂലത കാരണം, പല സംസ്ഥാനങ്ങളിൽ പല വെയർ ഹൗസ്‌കൾ ചരക്കുകൾ നീങ്ങാനുള്ള തടസ്സങ്ങൾ മാറിക്കിട്ടി. ഇതൊക്കെ കൊണ്ട് അവർക്ക് പ്രധാനമായും അവരുടെ ബിസിനെസ്സിൽ ശ്രദ്ധ ചെലുത്താനാകുന്നു. അവർ പുതിയ ഉൽപാദന മേഖലകളിലേക്ക് നീങ്ങുന്നു. രാജ്യത്തിന്റെ തലങ്ങും വിലങ്ങും ചരക്കുകൾ സമയ ബന്ധിതമായി നീങ്ങുന്നു. ഇന്ത്യൻ മാർക്കറ്റ് മുഴുവനായും integrate ചെയ്യപ്പെട്ടുകഴിഞ്ഞു. ലക്നൗക്കാരുടെ chikankari തുണികളും സൂറത്തിലെ സാരികളും കൊച്ചിയിൽ ഞൊടിയിടയിൽ എത്തുന്നു. കോയമ്പത്തൂർ കാരുടെ മെഷീനറികൾ രാജ്യം മുഴുവൻ തടസ്സങ്ങളില്ലാതെ എത്തപെടുന്നു.

Telephony : സാധാരണയിൽ സാധാരണക്കാരൻ വരെ ഫോൺ ഉപയോഗിക്കാൻ തുടങ്ങിയത് , അവർ ഡിജിറ്റൽ എക്കണോമിക്കകത്തു വന്നത് , ഒരു സാമ്പത്തിക വിദഗ്ദ്ധനും അളക്കാനാവാത്ത സാമൂഹിക മാറ്റമാകുന്നു. അത് സമൂഹത്തെ അടിമുടി മാറ്റുന്നു മാറിക്കൊണ്ടിരിക്കുന്നു. 3 G യിൽ നിന്ന് 4 G യിലേക്ക് മാറുമ്പോഴും , 4 G യിൽ നിന്ന് 5 G യിലേക്ക് മാറാനും പല ലക്ഷം കോടി കളുടെ നിക്ഷേപങ്ങളാണ് ആവശ്യം വരുന്നത്. ഇലക്ട്രോണിക്‌സ് ലും ടെലി കമ്മ്യൂണിക്കേഷൻ മേഖലയിലും പ്രവർത്തിക്കുന്ന ലോകത്തിലെ പ്രധാന കമ്പനികളെല്ലാം ഇന്ത്യയിൽ ഈ മേഖലയിൽ നിക്ഷേപം നടത്താനും ഇന്ത്യൻ മാർക്കറ്റിനെ ലക്ഷ്യം വെച്ചും വൻ പദ്ധതികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തായ്വാനീസ് കമ്പനിയായ Delta Electronics ഇന്ത്യയിൽ വൻ നിക്ഷേപം നടത്തിക്കഴിഞ്ഞു.

Ericsson , Cisco , Havells India Ltd, Honeywell Automation India Limited, Bosch, 3M India ഇന്ത്യയിൽ ആവേശത്തോടെ വിജയകരമായി പ്രവർത്തിക്കുന്ന കമ്പനികളാണ്. അവർ പുതിയ പുതിയ അപ്ഗ്രഡേഷൻ നിക്ഷേപം തുടർന്നുകൊണ്ടേയിരിക്കുന്നു. ലോകത്തെ പല രാജ്യങ്ങളിലേക്കുമുള്ള അവരുടെ ഉല്പന്നങ്ങൾ ഇന്ത്യയിൽ നിര്മ്മാ ണം നടത്തുന്നു. ഇതിനുപുറമെയാണ് ഈ മേഖലയിലെ ഇന്ത്യൻ കമ്പനികൾ. ഇവർ തമ്മിലുള്ള ടെക്‌നൊളജിക്കൽ പരസ്പരവ്യവഹാരം രാജ്യത്തെ ഒരു ടെക്‌നൊളജിക്കൽ പവർ ഹൗസ് ആക്കി മാറ്റിക്കൊണ്ടിരിക്കുന്നു. വിശാലമായ നമ്മുടെ രാജ്യത്തിലെ പല കോണുകളിൽ നടക്കുന്ന ഈ മാറ്റങ്ങൾ കേരളത്തിലെ ചർച്ചകളിൽ പ്രതിഫലിക്കുന്നില്ല. മാറ്റത്തിന്റെ കമ്പനങ്ങൾ രാജ്യം മുഴുവൻ നടക്കുന്നുണ്ട്.

Insolvency and Bankruptcy Code (IBC), ഇതൊരു ടെക്‌നിക്കൽ കാര്യമായതുകൊണ്ട് കുറച്ചു വിശദീകരിക്കേണ്ടിയിരിക്കുന്നു. ഇന്ത്യൻ കോര്പറേറ്റ്കളെ അടിമുടി ഉലച്ചു്, ഉണർത്തിയ, എന്നാൽ ഇക്കോണമിയുടെ വളർച്ചയുടെ അടിത്തറ ഉറപ്പിക്കാൻ സഹായിച്ച ഒരു നിയമമായിരുന്നു IBC . രാഷ്ട്രീയ വിഷയങ്ങൾ മാത്രം ചർച്ച ചെയ്യുന്ന ഒരു രീതി കേരള മാധ്യമങ്ങൾ പുലർത്തുന്നതുകൊണ്ടായിരിക്കാം, കേരളത്തിൽ ഈ നിയമം കാര്യമായി ചർച്ച ചെയ്യപെട്ടതേയില്ല. കഴിഞ്ഞ മൂന്നു നാല് വർഷങ്ങളായി ഈ നിയമം ഇന്ത്യൻ കോർപറേറ്റുകൾക്കകത്ത് നിശബ്ദമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇന്ത്യൻ കോര്പറേറ്റ് കൾച്ചറിനെ ഈ നിയമം വളരെയേറെ തിരുത്തി. ഇന്ത്യൻ ഇക്കണോമിയുടെ അടുത്ത മുന്നേറ്റത്തിന് ഈ നിശബ്ദ പ്രവർത്തനം നല്ലൊരു അടിത്തറ ഇട്ടിരിക്കുന്നു. വിശദമാക്കാം. Insolvency and Bankruptcy Code ന്റെ പ്രധാന നേട്ടങ്ങളിലൊന്ന്, നിരന്തരം ചംക്രമണം ചെയ്തുകൊണ്ടിരിക്കേണ്ട മണിയെ (Money ) , ഏതെങ്കിലും പരാജയപെട്ട വ്യവസായങ്ങളിൽ തടഞ്ഞു നിർത്താതെ, വീണ്ടും ഉൽപാദന പ്രക്രിയയിലേ ക്ക് ചംക്രമണം ചെയ്യാൻ, കുറഞ്ഞ കാലയളവിൽ തന്നെ, തിരിച്ചെത്തിക്കുന്നു എന്നതാണ്. വിശദമാക്കാം.

അന്നു വരെ ഇന്ത്യയിൽ നടന്നുകൊണ്ടിരുന്ന രീതി എന്താണെന്നുവച്ചാൽ ഒരു ബിസിനസ്സ് പരാജയപെടാൻ ഇടയായാൽ അതിന്റെ ഉടമകൾ നിയമവ്യവസ്ഥയിലെ പഴുതുകൾ ഉപയോഗിച്ചുകൊണ്ട് ബാങ്കുകളുടെ റിക്കവറി ശ്രമങ്ങളെ നിരന്തരം നീട്ടിവെച്ചുകൊണ്ട് ബാങ്കുകളുടെ ഫണ്ടും മുടക്കി കിടത്തി , നിഷ്‌ക്രിയ ആസ്തിയാക്കി, ആ ഫാക്ടറിയെ യഥാവിധി പ്രവർത്തിപ്പിക്കാനും പറ്റാത്ത വിധത്തിൽ കാര്യങ്ങളെ വലിച്ചുനീട്ടി കൊണ്ടുപോകുന്ന ഒരു രീതിയായിരുന്നു നടന്നുകൊണ്ടിരുന്നത്. ഉദാഹരണമായി D R T എന്ന Debt Recovery ട്രിബുണുകളിൽ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണം, ഇന്ത്യയിലെ 39 D R T കളിലായി 95000 ത്തിനു മുകളിൽ കേസുകൾ ഏകദേശം 400000 കോടി രൂപ യുടെ N P A , നിഷ്‌ക്രിയാസ്ഥി, ഇപ്പോഴും തീർപ്പാകാതെ കിടക്കുകയാണ്. പല കേസുകളും 15 ഉം 20 വർഷങ്ങളായി കെട്ടികിടക്കുന്നവയാണ്. ഇതിലെ വിരോധാഭാസം, എന്താണെന്നുവച്ചാൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ D R T കൾ 1993 ൾ തുടങ്ങിയതുതന്നെ കമ്പനികളുടെ കിട്ടാക്കടം കോടതികളിൽ പതിറ്റാണ്ടുകളോളം കെട്ടിക്കിടക്കുന്നു ഇതിനൊരു പരിഹാരം വേണം എന്ന നിലക്കാണ്. ആ D R T കളിലാണ് നാല് ലക്ഷം കോടി മുടങ്ങി കിടക്കുന്നത്.

ഇവിടെ I B C എന്തുചെയ്യുന്നു എന്ന് വച്ചാൽ NCLT ക്ക് (National Company Law Tribunal) ഒരു insolvency പരാതി ലഭിച്ചുകഴിഞ്ഞാൽ; ഒരു ക്രെഡിറ്ററിൽ നിന്നും , അതൊരു ബാങ്കർ ആവാം അല്ലെങ്കിൽ വേറൊരു കോര്പറേറ്റ് ആവാം പരാതി ലഭിച്ചുകഴിഞ്ഞാൽ, 14 ദിവസത്തിനകം NCLT തീരുമാനം അറിയിക്കേണ്ടിയിരിക്കുന്നു. ആ തീരുമാനത്തിനു ശേഷം 180 - 270 ദിവസത്തിനകത്തുതന്നെ NCLT, ഒരു Interim Resolution Professional (IRP) നെ ആ കമ്പനിയുടെ ഭരണനിർവഹണത്തിനായി കമ്പനിബോർഡ് ആയി നിയമിക്കുന്നു. അതോടു കൂടി ആ കമ്പനിയുടെ ഭരണം കമ്പനിയുടെ പ്രൊമോട്ടർക്ക് നഷ്ടപ്പെടുന്നു . പിന്നീട് കമ്പനിയുടെ ഭരണവും കമ്പനിയുടെ ഡെ ടു ഡെ ഓപ്പറേഷന് മേൽനോട്ടം വഹിക്കുന്നതും, ഭാവി നടപടികളും തീരുമാനിക്കുന്നതും, കമ്പനി ലിക്വിഡേറ്റ് ചെയ്യണമോ അതോ പരിചരിച്ചു് കമ്പനിയെ തിരികെ ആരോഗ്യത്തോടെ കൊണ്ടുവരാമോ, എന്നൊക്കെ തീരുമാനിക്കുന്നത് ഈ പുതിയ ഭരണ സമിതിയാണ്. എന്നുവച്ചാൽ കമ്പനി തുടങ്ങിയത് മുതൽ ഓരോ ഇഷ്ടികയായി ആ കമ്പനിയെ പടുത്തുയർത്തിയ കമ്പനിയുടമക്ക് കമ്പനിയുടെ പടിക്കൽ കൂടി ഓർമ പുതുക്കി നടക്കേണ്ടിവരുന്ന അവസ്ഥ. കസേരയിൽ ഇരിക്കുന്നത് ഏതോ അപരിചിതനാണ്. IBC യുടെ പ്രാവർത്തിക തല ഉദാഹരണം Bhushan Steel , Essar Steel . ഒരു പുതിയ നിയമം എന്നനിലക്ക് IBC ക്ക് പല പോരായ്മകളും കാണുന്നുണ്ട്.

എന്നാൽ ഈ നിയമം വന്നതോടുകൂടി ഇന്ത്യൻ കോര്പറേറ്റ് അന്തരംഗങ്ങളിൽ ഒരു വൻ ഉലച്ചിൽ, ഒരു രാപ്പനി പടർന്നു . ഇനി പഴയ പടി ബാങ്കിൽ പോകുക കടമെടുക്കുക അങ്ങനെ സാ മട്ടിൽ മാനേജ് ചെയ്തു മുന്നോട്ടുപോകുന്ന അവസ്ഥ നടപ്പില്ല എന്ന് അവർ തിരിച്ചറിഞ്ഞു. സ്വന്തം കമ്പനി കൈവിട്ടുപോകുമോ എന്ന ഭയം അവരവരുടെ കമ്പനികളെ അടിമുടി വിലയിരുത്താൻ അവരെ നിർബന്ധിതരാക്കി. പല കോർപറേറ്റുകളും അവരവരുടെ ഫിനാൻഷ്യൽ ഹെൽത്ത് പുനഃപരിശോധനക്ക് വിധേയമാക്കി. അത്യാവശ്യമല്ലാത്ത കടമെടുപ്പും പുതിയ പുതിയ പദ്ധതികളും നിർത്തിവെച്ചു മാറ്റിവെച്ചു. ഇന്ത്യൻ ഇക്കോണമി യുടെ വളർച്ച കുറച്ചു കാലത്തേക്ക് മന്ദഗതിയിലാക്കി.

കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി നടന്നുകൊണ്ടിരുന്ന ഈ പ്രക്രിയ ഇന്ത്യൻ കോര്പറേറ്റ് മേഖലയിൽ അനിതരസാധാരണമായ ഗുണവശങ്ങളുണ്ടാക്കി. അവരുടെ leverage, ആവശ്യക്കൂടുതലുള്ള കടബാധ്യതകൾ, ഇല്ലാതായി. ഇന്ന് ഇന്ത്യയിലെ വലിയൊരു സമൂഹം കോർപറേറ്റുകളും are in their Pink of their Financial Health. And they are raring to go forward. ഇന്ത്യൻ കോര്പറേറ്റ് മേഖല ഒരു വൻ കുതിച്ചുചാട്ടത്തിന് , ഒരു മില്യൺ ഓപ്പർച്യുണിറ്റി കൾ അവരുടെ മുന്നിൽ കണ്ടുകൊണ്ട്, തയ്യാറെടുത്ത് നീങ്ങുകയാണ്. Indian corporates are today sitting on INR 135 billion in cash (Boston consulting group). അടുത്ത പതിറ്റാണ്ടുകളിൽ ഇതിന്റെ ഫലങ്ങൾ ഉണ്ടാകും. അടുത്ത തലമുറക്ക് ഇത് അനുഭവിക്കാം.

സന്ദർഭവശാൽ, ഭാഗ്യവശാൽ, ബിസിനസ്സ്‌കളുടെ, കോർപറേറ്റുകളുടെ വിഭാവനങ്ങളെ, പ്രശ്‌നങ്ങളെ, കേൾക്കാൻ liaisoning agent മാരെ വെച്ച് കാര്യങ്ങൾ നടത്തിയെടുക്കുന്ന രീതിക്ക് പകരമായി, അവരോട് നേരിട്ട് കേട്ട് സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്ന ഒരു കേന്ദ്ര സർക്കാർ ഇപ്പോൾ നിലനിൽക്കുന്നു. നരേന്ദ്ര മോദി കോർപറേറ്റുകളുടെ ആളാണ് തോഴനാണ് എന്നൊക്കെയുള്ള കുപ്പുവച്ചൻ മാനസികാവസ്ഥയിലാണ് കേരളത്തിലെ പല യുവാക്കളും, യുക്തിവാദികളും, NGO ബുദ്ധിജീവികളും. അവരെ അങ്ങനെയാണ് NGO ബുദ്ധിജീവികൾ തെറ്റിദ്ധരിപ്പിച്ചു വെച്ചിരിക്കുന്നത്.

എന്നാൽ ബിസിനസ്സ് കളെ കേൾക്കാൻ അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യാൻ, ഓവർ ദി ടേബിൾ ഡിസ്‌ക്കഷണനിലൂടെ അവരുടെ പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യാൻ, ഒരു പിടി നല്ല കേന്ദ്രമന്ത്രിമാർ, നിതിൻ ഗഡ്കരി , പിയൂഷ് ഗോയൽ, പ്രഹ്ലാദ് ജോഷി, അശ്വിനി വൈഷ്ണവ് എന്നിങ്ങനെയുള്ള നല്ല മന്ത്രിമാർ കേന്ദ്രത്തിൽ ഇപ്പോൾ ഉണ്ട്. അവർ കോർപറേറ്റുകളെ നേരിട്ട് കേൾക്കുന്നു. ഇന്ത്യൻ ഇക്കണോമിയുടെ ബോട്ടിൽ നെക്ക്കൾ മനസ്സിലാക്കാൻ കഴിവുള്ള മന്ത്രിമാരാണവർ. ഈ അന്തരീക്ഷം ഇന്ത്യൻ സാമ്പത്തിക വികസനങ്ങളെ വല്ലാതെ അനുകൂലിക്കും.

ഇവിടെ ഈ കേന്ദ്ര സർക്കാരിന്റെ ഫിസ്‌കൽ ഡെഫിസിറ്റ് കൺട്രോൾ, മഹാമാരി കാലത്തെ ഫിസ്‌ക്ൽ മാനേജ്‌മെന്റ്, ഇന്ത്യയുടെ വരാൻ പോകുന്ന നാളുകളിലെ സാമ്പത്തിക മുന്നേറ്റത്തിന് ഒരു ഭാരമായി മാറിയില്ല. അടുത്ത തലമുറക്ക് നീട്ടിവെച്ച ഒരു ഭാരം ആയില്ല എന്നതും വരാൻ പോകുന്ന ഇന്ത്യയുടെ നല്ലനാളുകളുടെ അനുകൂലഘാടകമാണ്. ലോകത്തെ പല രാജ്യങ്ങളും അവരുടെ നോട്ട് പ്രിന്റിങ് മെഷീൻ കോവിഡ് കാലത്ത് തുറന്നുവെച്ചപ്പോൾ ഇന്ത്യ ആ കോവിഡ് കാലം നേരിട്ടത് കിറ്റുകൾ കൊടുത്തുകൊണ്ടും, പൗരാവലിക്ക് വിലക്കുറവിൽ ധാന്യങ്ങൾ എത്തിച്ചുകൊടുത്തുകൊണ്ടുമായിരുന്നു. ഇന്ത്യ ഇക്കാര്യത്തിൽ, loose money policy യിൽ, വളരെ മിതത്വം പാലിച്ചു.

ഉദാഹരണമായി അമേരിക്ക ഈ കാലത്ത് അവരുടെ നിലനിൽക്കുന്ന കട കൂമ്പാരത്തിന് മുകളിൽ ഇനിയൊരു 4 ട്രില്ല്യൻ ഡോളർ നോട്ടുകൾ കൂടി അടിച്ചുകൂട്ടികൊണ്ട് ഓരോ സിറ്റിസണും ചെക്ക് നല്കികൊണ്ടുമാണ് നേരിട്ടത്. ഈ കടഭാരം വരാൻ പോകുന്ന വർഷങ്ങളിൽ അമേരിക്കയ്ക്ക് വലിയൊരു ഭാരമായി കിടക്കും ബ്രിട്ടിഷുകാരും വൻ തോതിൽ കടം വരുത്തിക്കൂട്ടിയാണ് ഈ കോവിഡ് മഹാമാരിയെ നേരിട്ടത്. അവരുടെ Net borrowing peaked at GBP320 billion (15.2% of GDP) in 2020-2021 ( FITCH Rating site ൽ നിന്നെടുത്തത് ). ' At least one thing is clear: A resurgent inflation rate is by no means solely a U.S. concern. A Pew Research Center analysis of data from 46 nations finds that the third-quarter 2021 inflation rate was higher in most of them (39)'.... ( Pew Research ). ഇവിടെ ഇന്ത്യയുടെ ഇൻഫ്ളേഷൻ കൂടുതലാണെന്ന് നമ്മൾ മീഡിയകളിൽ വായിക്കാറുണ്ടെങ്കിലും എമേർജിങ് എക്കണോമികളെ വെച്ച് വിലയിരുത്തുമ്പോൾ, ഇന്ത്യയുടെ വിലക്കയറ്റം നാണയപ്പെരുപ്പം നിയന്ത്രിതമാണ്. അനിയന്ത്രിതമായിട്ടില്ല. അടുത്ത കാലത്തു അർജന്റീനാ തുർക്കി എന്നീ രാജ്യങ്ങൾ വൻ നാണ്യ പെരുപ്പത്തിൻന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്നു.

വികസിത രാജ്യം എന്ന അവസ്ഥയിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തിന് അടിത്തറയും ബലവും നൽകുന്ന വേറൊരു പ്രധാന ഘടകമാണ്, എല്ലാവരും ഉദ്ധരിക്കാറുള്ള, ഡെമോഗ്രാഫിക് ഡിവിഡൻഡ് . അതായത് ഇന്ത്യ ഈസ് യങ്ങ്. അടുത്ത ഇരുപത്തിയഞ്ചു വർഷത്തേക്കെങ്കിലും ഇന്ത്യ യുവാക്കളുടെ കൈകളിലായിരിക്കും. അതിന്റെ ഗ്രൗണ്ട് ലെവൽ അർത്ഥം എന്താണെന്നുവച്ചാൽ വളർന്നു വരുന്ന ഇന്ത്യയുടെ ഉൽപാദന വ്യവസ്ഥ കൈകാര്യം ചെയ്യാൻ മാനേജർമാരായും കമ്പനി സെക്രട്ടറി മാരായും ഡോക്ടർമാരായും മറ്റു ആരോഗ്യമേഖലകളിലും ടെലിഫോൺ കമ്പനികളുടെ സർവീസിനാകട്ടെ വൻ ട്രാൻസ്പോർട്ടേഷൻ ലോജിസ്റ്റിക്‌സ് മേഖലകളിലാകട്ടെ കൃഷി ഉത്പാദനമേഖലാകളിലായാലും ഫാക്ടറി ഹാൻഡ് കളായും പ്രവർത്തിക്കാൻ ധാരാളം ആരോഗ്യമുള്ള കൈകൾ ഉണ്ടെന്നർത്ഥം. വളരെ വിലകുറഞ്ഞു ചെലവിൽ ഹോം ഡെലിവറി നടത്തിതരാൻ ഓട്ടോ റിക്ഷകൾ ഓടിച്ചുതരാൻ ധാരാളം യുവത ഉണ്ടെന്നർത്ഥം. രാജ്യത്തിന്റെ ആകപ്പാടെയുള്ള പുരോഗമനത്തിന് നിർണ്ണയിക്കാനാവാത്ത, quantify, ചെയ്യാനാവാത്ത വെൽത്ത് ക്രിയേഷൻ ഡെമോഗ്രാഫിക് അനുകൂലത നമുക്കുണ്ടാക്കുന്നു.

മാത്രമല്ല ഈ ന്യൂജൻ യുവത ഒരു സ്റ്റാർട്ടപ്പ് സംസ്‌കാരം, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം, അടുത്തകാലത്തായി ഇന്ത്യയിൽ വൻ തോതിൽ വളർത്തിയെടുത്തിരിക്കുന്നു. പഴയ കാലത്തെ അപേക്ഷിച്ചു് എൻജിനീയറിങ്ഉം പാസ്സായി എങ്ങനെയെങ്കിലും ഒരു ജോലി നേടി അങ്ങനെ കൂടുക എന്നതിന് വിപരീതമായി സ്വന്തമായ ഒരു സംരംഭം തുടങ്ങാൻ ഒരു പാട് യുവാക്കൾ മുന്നോട്ടുവരുന്നു. ലോകത്തെ മൂന്നാമത്ത സ്റ്റാർട്ടപ്പ് സംരഭ രാജ്യം ഇപ്പോൾ ഇന്ത്യയാണ് . 50000 കൂടുതൽ സ്റ്റാർട്ടപ്പ് കൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നു. ലോക Angel Investors, Alibaba Group, Soft bank, Sequoia and Foxconn ; Venture Capitalists , Helion Ventures, Kalaari Capital, Accel Partners, Sequoia Capital and Bessemer Ventures എന്നിങ്ങനെയുള്ള നിക്ഷേപകരെല്ലാം ചേർന്ന് USD 20 ബില്ല്യൺ മുകളിൽ തുക ഇന്ത്യൻ സ്റ്റാർട്ടപ്പ് കളിൽ മുതൽ മുടക്കിയിരിക്കുന്നു, ഇനിയും അനേകം ബില്ല്യണുകൾ മുടക്കാൻ സാഹചര്യങ്ങൾ തേടി നടക്കുന്നു. അവർക്ക് ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുന്ന ഇന്ത്യൻ ഇക്കോസിസ്റ്റത്തിൽ ഇന്ത്യ സ്റ്റോറി യിൽ വൻ വിശ്വാസമാണെന്നർത്ഥം.

ഇന്ത്യയുടെ 26 സംസ്ഥാനങ്ങളും ഈ അവസരം ഉപയോഗപ്പെടുത്താൻ പ്രത്യേകം പ്രത്യേകം സ്റ്റാർട്ടപ്പ് നയങ്ങൾക്ക് രൂപം നൽകിയിരിക്കുന്നു. സ്റ്റാർട്ടപ്പ് കളെ ആകർഷിക്കാൻ മത്സരിക്കുന്നു. ഓരോ ദിവസവും ഇന്ത്യയിൽ രണ്ടോ മൂന്നോ സ്റ്റാർട്ടപ്പ് കൾ നിലവിൽ വരുന്നുണ്ട്. ബാംഗ്ലൂരും ഡൽഹിയും ലോകത്തെ പ്രധാന സ്റ്റാർട്ട് അപ്പ് നഗരങ്ങളായി വളർന്നുകൊണ്ടിരിക്കുന്നു. നമുക്ക് സുപരിചിതമായ കമ്പ്യൂട്ടർ മേഖലകളിൽ അതായത് Artificial Intelligence, client mining , blockchain, cyber security, and data analytics. deep learning, data science, graphics and gaming എന്നീ മേഖലകളിൽ മാത്രമല്ല; biomedical engineering, nanotechnology and roics, Fintech, Edutech Media, Health Sector, Event Planner, Tourism, Automobile, Fashion, Food, Health Care എന്നീ മേഖലകൾക്കുപുറമെ, കാർഷിക മേഖലകളിലും യുവാക്കൾ സ്റ്റാർട്ടപ്പ് അവസരങ്ങൾ കണ്ട് പ്രവർത്തിച്ചുതുടങ്ങിയിരിക്കുന്നു. ലോക മൾട്ടി നാഷനുകളുമായി മത്സരിച്ചുകൊണ്ട് അവർ ഇന്ത്യയിൽ വിജയം വരിച്ചുകൊണ്ടിരിക്കുന്നു. മുപ്പതുലക്ഷത്തിലധികം യുവാക്കൾ ഇന്ന് സ്റ്റാർട്ടപ്പ്കളിൽ മാത്രം ജോലി നോക്കുന്നു. ഇന്ത്യ ഈസ് ഓൺ ദ മൂവ്. ദോഷൈക ദൃക്കുകളെ വിശ്വസിക്കരുത്.

ഇത്രയും വായിച്ച പലരും, ഇന്ത്യ ഒരു വികസിത രാഷ്ട്രമാകാൻ തുടങ്ങിക്കഴിഞ്ഞു എന്ന് വായിച്ചു്, അതുൾക്കൊള്ളാൻ കഴിയാതെ പലരും ഒരു പരിഹാസ ചിരി മനസ്സിൽ വെച്ചിരിക്കുന്നത് ഞാൻ കാണുന്നു. അട്ടപാടികളും ഘോരഖ്പൂർ ബാലമരണങ്ങളും poverty index ലെ ഇന്ത്യയുടെ സ്ഥാനങ്ങളും, ഇന്ത്യയുടെ Human Development index കളും ഒക്കെ വായിച്ചുകൊണ്ടുതന്നെയാണോ 'ഈ മഹാൻ' ഇങ്ങനെയൊക്കെ ഒരു ലേഖനമെഴുതുന്നത് എന്നാണ് അവരുടെ പുച്ഛം. സുഹൃത്തെ ഇന്നേവരെ ലോകത്തെ ഒരു രാജ്യവും ജപ്പാനാകട്ടെ , ചൈനയാകട്ടെ, അമേരിക്കയാകട്ടെ ദാരിദ്ര്യങ്ങളെ, ഇല്ലായ്മ വല്ലായ്മകളെ, പൂർണമായി പരിഹരിച്ചതിനു ശേഷമല്ല അവർ ഒരു വികസിത രാജ്യമായി വളർന്നത്. വളർച്ചയുടെ ഭാഗമായുള്ള യാത്രയിൽ അന്നാട്ടിലെ പാവപ്പെട്ടവരെയും വഴിയേ പുഷ്ടിപ്പെടുത്തികൊണ്ടുള്ള ഒരു യാത്രയാണ് അവിടങ്ങളിലെല്ലാം ഉണ്ടായത്. ആരുടേതും ഡെസ്റ്റിനേഷൻ എത്തി എന്നിട്ടുനടത്തിയ പ്രശ്‌ന പരിഹാരങ്ങളായിരുന്നില്ല.

ഇന്ത്യ എന്ന ഈ തീവണ്ടിയും കുറെ കാലങ്ങളായി 135 കോടി വരുന്ന പട്ടിണി പാവങ്ങളെ ചുമന്നു കൊണ്ട് അത്തരം ഒരു യാത്രയിലായിരുന്നു. ആ യാത്ര ഇപ്പോൾ ഒരു ക്രിട്ടിക്കൽ ഗതിവേഗം എത്തിയിരിക്കുന്നു എന്നാണ് പറഞ്ഞുവരുന്നത്. ചരിത്രത്തിലൂടെ കിട്ടിയ ഒരുപാട് വിഴുപ്പുഭാണ്ഡങ്ങളും പേറി ആണ് ഇന്ത്യയുടെ ഈ യാത്ര. നിങ്ങൾ ആ വിഴുപ്പുഭാണ്ഡങ്ങളെ പ്രതി ഇപ്പോൾ എത്തിനിൽക്കുന്ന ഗതിവേഗം കാണാതെ പോകരുത്. ഇന്ത്യക്കും മറ്റുരാജ്യങ്ങളിൽ നടന്നതുപോലെ നമ്മുടെ ജനതതിയെ വഴിയേ പുഷ്ടിപ്പെടുത്താവുന്നതേയുള്ള.

ഇന്ത്യ ഒരു അന്ത്രപ്പേന്വേറിയൽ പവർ ഹൗസ് ആകുന്നു. കഠിനാദ്ധ്വാനികളാകുന്നു. ഇന്ത്യ പ്രകൃതി വിഭവങ്ങളുടെ ഒരു വൻ ഭണ്ടാരമാകുന്നു. മിനറൽസ് , മെറ്റൽസ് , കൽക്കരി , ഗ്യാസ് , കോപ്പർ, zinc , Manganese, ഇരുമ്പ്, യുറേനിയം, തോറിയം എന്നീ വിഭവങ്ങൾക്കുപുറമെ, കൃഷിയിലും ലോകത്തെ മുഴുവൻ പോറ്റാൻ കെല്പുള്ള വിഭവശേഷി ഇന്ത്യക്കുണ്ട്. കരങ്ങളുണ്ട്. അതിനൊക്കെ പുറമെ ഇവയൊക്കെ കൊണ്ടുനടക്കാൻ ഉപയോഗപ്പെടുത്താൻ കഴിവുള്ള വലിയൊരു ബിസിനസ്സ് സമൂഹം , ടാറ്റ കളും, അംബാനികളും അദാനികളും മഹീന്ദ്രകളും ബജാജുമാരും ചിറ്റിലപ്പിള്ളിമാരും നാടാർമാരും വൻ തോതിൽ ഇന്ത്യക്കുണ്ട്.

നമ്മുടെ ഈ വൻ ജനതതിയെ വഴിയേ പുഷ്ടിപ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകാനുള്ള കഴിവ് ഈ ബിസിനസ്സ് ഹൗസുകൾക്കുണ്ട് . ഇന്ത്യ ധനശാസ്ത്രകാരന്മാരുടെയും , മാനേജേരിയൽ കഴിവിനെയും ഒരു ടാലന്റ് പൂൾ ആകുന്നു. ശാസ്ത്രജ്ഞന്മാരുടെയും ശാസ്ത്ര ഗവേഷണങ്ങളുടെയും ഒരു വലിയ അടിത്തറ കഴിഞ്ഞ കാലയളവിൽ ഇന്ത്യ പടുത്തുയർത്തിക്കഴിഞ്ഞു. നിഷ്പക്ഷമായ ലോകം ഉദ്ധരിക്കുന്ന ഒരു ജുഡീഷ്യറി ഇന്ത്യക്കുണ്ട്. വിജയകരമായി നടക്കുന്ന ഒരു മനോഹര ജനാധിപത്യ വ്യവസ്ഥ ഇവിടെ നിലനിൽക്കുന്നു. ഇതൊക്കെകൊണ്ടുതന്നെ ഇന്ത്യ ഒരു വികസിത രാജ്യ (A developed country, അല്ലെങ്കിൽ ഒരു 'first world country') പദവിയിലേക്കുള്ള യാത്രയുടെ അന്ത്യ ലാപ്ൽ ആണെന്ന് മാത്രമല്ല ലോക ജനതയെതന്നെ മുന്നോട്ടു നയിക്കുന്ന ഒരു എൻജിൻ ആയി കൂടി ഇന്ത്യ വളരും.

ആവർത്തിക്കുന്നു ഇതൊരു രാഷ്ട്രസ്‌നേഹിയുടെ പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും പ്രിസത്തിൽ കൂടി കണ്ട കാര്യങ്ങളല്ല . പ്രായോഗികതകളുടെ ഒരു വിലയിരുത്തൽ മാത്രമാണ്. കേരളത്തിലെ NGO ബുദ്ധിജീവികളെ വിട്ട് മലയാള മാധ്യമങ്ങളെ തഴഞ്ഞ് നിങ്ങളുടെ വായനാ രീതികളെ റീ പൊസിഷൻ ചെയ്യാമെങ്കിൽ നിങ്ങൾക്കും ഇന്ത്യയുടെ ഈ ലാസ്റ്റ് ലാപ് കാണാനൊക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP