Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സോഷ്യൽ ഫോറം ഇടപെടൽ ഫലം കണ്ടു; ഖത്തറിൽ കുടുങ്ങിയ പ്രവാസി നാടണഞ്ഞു

സോഷ്യൽ ഫോറം ഇടപെടൽ ഫലം കണ്ടു; ഖത്തറിൽ കുടുങ്ങിയ പ്രവാസി നാടണഞ്ഞു

സ്വന്തം ലേഖകൻ

ദോഹ: മാസങ്ങളുടെ പരിശ്രമത്തിനൊടുവിൽ ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ഇടപെടൽ ലക്ഷ്യം കണ്ടു, നാല് വർഷത്തോളമായി നാട്ടിൽ പോകാനാകാതെ ഖത്തറിൽ കുടുങ്ങി കിടന്ന പ്രവാസി ഒടുവിൽ നാട്ടിലേക്ക് മടങ്ങി. 2011 ലാണ് മലപ്പുറം തിരൂർ പയ്യനങ്ങാടി സ്വദേശി തെക്കേപീടിയേക്കൽ അബ്ദുസ്സമദ് ആദ്യമായി ഖത്തറിലെത്തുന്നത്. രണ്ടു വഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെക്ക് മടങ്ങുകയും പിന്നീട് യു.എ.ഇയിലേക്ക് പോവുകയും ചെയ്തു. അവിടെയും രണ്ടു വർഷം ജോലി ചെയ്തു.

പിന്നീട് 2018 ലാണ് വീണ്ടും ഹൗസ് ഡ്രൈവർ വിസയിൽ ഖത്തറിലെത്തുന്നത്. എന്നാൽ ആദ്യത്തെപോലെയായിരുന്നില്ല പിന്നീടുള്ള സമദിന്റെ ജോലിയും ചുറ്റുപാടുകളും. ഖത്തറിലെത്തി ഒന്നര വർഷത്തിന് ശേഷം നാട്ടിൽ പോകാൻ അനുമതി തേടിയത് മുതലാണ് സമദിന്റെ ദുരിത ജീവിതം ആരംഭിക്കുന്നത്. അതുവരെ കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് സമദ് പറയുന്നു. കൃത്യമായ ശമ്പളമോ ഭക്ഷണമോ ലഭിക്കാതെ നാട്ടിൽ പോകാൻ പോലുമാകാതെ പ്രയാസത്തിലായ സമദ് ഇതിനകം രണ്ടു തവണ നാടണയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ പ്രശ്നത്തിൽ ഇടപെട്ട് സമ്മദിനെ നാട്ടിലെത്തിക്കാനായി വിവിധ സംഘടനകളും സന്നദ്ധ പ്രവർത്തകരും പല തവണ ശ്രമം നടത്തിയെങ്കിലും അതൊന്നും ലക്ഷ്യം കാണാതെ അവർക്ക് ആ ഉദ്യമം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.

സമദിനെ സുരക്ഷിതമായി നാട്ടിലെത്തിക്കാനായി ഉമ്മ സൈനബയും ഭാര്യ ശരീഫാ ബീവിയും മുട്ടാത്ത വാതിലുകളില്ല. ജന പ്രതിനിധികളിലും അധികാരികളിലും നിരവധി തവണ സമ്മർദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല. അവസാനം സമദിന്റെ ബന്ധുക്കൾ നാട്ടിലുള്ള എസ്ഡിപിഐ പ്രവർത്തകരെ വിവരമറിയിച്ചതിനെ തുടർന്നാണ് സോഷ്യൽ ഫോറം സൗദി ജിദ്ദ സനാഇയ്യ ബ്രാഞ്ച് സെക്രട്ടറി അബ്ദുസ്സലാം ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഉസാമ അഹമ്മദുമായി ബന്ധപ്പെടുന്നത്. ഇതിന്റെയടിസ്ഥാനത്തിൽ കേസ് പഠിക്കാനായി അദ്ദേഹം സോഷ്യൽ ഫോറം മാമൂറ ബ്ലോക്ക് പബ്ലിക് റിലേഷൻ ഇൻ ചാർജ്ജ് സിദ്ദീഖ് പുള്ളാട്ടിനെ ചുമതലപ്പെടുത്തുകയും അദ്ദേഹം സമദിനെ നേരിൽ കണ്ട് കാര്യങ്ങൾ മനസ്സിലാക്കുകയും തുടർ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. സോഷ്യൽ ഫോറം സംസ്ഥാന സമിതി അംഗം അബ്ദുൽ മജീദ് തിരൂർ, മാമൂറ ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദലി കെ, അനസ് അൽ കൗസരി, അബ്ദുൽ ബഷീർ മംഗലുരു എന്നിവരും സമദിന്റെ മോചനത്തിനായി രംഗത്തുണ്ടായിരുന്നു.

സാധാരണ കേസുകളിൽ നിന്ന് ഭിന്നമായ ഈ കേസിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ തുടക്കത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിലും പിന്നീട് കാര്യങ്ങൾ എളുപ്പമായി വരുകയായിരുന്നു എന്ന് സിദ്ദീഖ് പുള്ളാട്ട് സാക്ഷ്യപ്പെടുത്തുന്നു. വളരെ സങ്കീർണ്ണമായ ഈ കേസ് കൃത്യമായി വിവിധ മേഖലകളിൽ കൈകാര്യം ചെയ്യാൻ തങ്ങൾക്ക് സാധിച്ചു എന്നും ഇത്തരം ആശയക്കുഴപ്പങ്ങളും സങ്കീർണ്ണതകളുമായിരിക്കാം മുമ്പ് കേസിൽ ഇടപെട്ടവരെ പിന്നോട്ട് വലിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ രക്ഷപ്പെടാനായി ജോലി ചെയ്യുന്ന വീടുവിട്ടിറങ്ങിയ സമദിന്റെ പേരിൽ ഒന്നിലധികം കള്ളകേസ് വന്നത് മോചനം വളരെ വൈകിപ്പിച്ചെങ്കിലും തുടർച്ചയായ പരിശ്രമം ഒടുവിൽ വിജയത്തിലെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയ സമദ് ഹമദ് വിമാനത്താവളത്തിൽ സോഷ്യൽ ഫോറം നേതാക്കളെ കണ്ടു നന്ദി അറിയിച്ചു. മറ്റാർക്കും സാധിക്കാതെ പോയത് സോഷ്യൽ ഫോറത്തിന്റെ ഇടപെടലിലൂടെ സാധ്യമായതിൽ അദ്ദേഹം സോഷ്യൽ ഫോറത്തിന് നന്ദി പറഞ്ഞു. സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഉസാമ അഹമ്മദ്, സംസ്ഥാന സമിതി അംഗം അബ്ദുൽ മജീദ് തിരൂർ, മാമൂറ ബ്ലോക്ക് പബ്ലിക് റിലേഷൻ ഇൻ ചാർജ്ജ് സിദ്ദീഖ് പുള്ളാട്ട്, സമദിന്റെ ബന്ധുക്കളായ ആശിഖ്, നിസാമുദ്ദീൻ എന്നിവർ സമദിനെ യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. തന്റെ രക്തത്തിൽ പിറന്ന കുഞ്ഞിനെ ഒരു നോക്കുകാണാനാകാതെ ഖത്തറിൽ കുടുങ്ങി കിടന്ന സമദിനെ നാട്ടിലേക്കയക്കാൻ സാധിച്ച ചാരിതാർഥ്യത്തിലാണ് ഇപ്പോൾ സോഷ്യൽ ഫോറം നേതാക്കൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP