Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റഷ്യൻ സേനയ്ക്ക് പുടിൻ യുദ്ധാനുമതി കൊടുത്തു; അതിർത്തി വളഞ്ഞ് അധിനിവേശത്തിനൊരുങ്ങി പട്ടാളം; എന്തെങ്കിലും ഉടൻ ചെയ്യൂ എന്ന് അമേരിക്കയോട് യാചിച്ച് ഉക്രെയിൻ; റഷ്യയ്ക്കൊപ്പം പടക്കിറങ്ങുമെന്ന് ബെലാറസ്; ഏതുനിമിഷവും പൊട്ടിപ്പുറപ്പെടുന്ന യുദ്ധം കാത്ത് ലോകം

റഷ്യൻ സേനയ്ക്ക് പുടിൻ യുദ്ധാനുമതി കൊടുത്തു; അതിർത്തി വളഞ്ഞ് അധിനിവേശത്തിനൊരുങ്ങി പട്ടാളം; എന്തെങ്കിലും ഉടൻ ചെയ്യൂ എന്ന് അമേരിക്കയോട് യാചിച്ച് ഉക്രെയിൻ; റഷ്യയ്ക്കൊപ്പം പടക്കിറങ്ങുമെന്ന് ബെലാറസ്; ഏതുനിമിഷവും പൊട്ടിപ്പുറപ്പെടുന്ന യുദ്ധം കാത്ത് ലോകം

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: കിഴക്കൻ യൂറോപ്പിൽ യുദ്ധകാഹളം മുഴങ്ങിയതായി അമേരിക്കൻ രഹസ്യാന്വേതണ ഏജൻസികൾ പറയുന്നു. ഉക്രെയിൻ ആക്രമണവുമായി മുന്നോട്ട് പോകാൻ റഷ്യൻ സൈന്യത്തിന് വ്ളാഡിമിർ പുടിൻ അനുമതി നൽകി എന്നാഃ് അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ട്. ഉക്രെയിനെ വളഞ്ഞ്1,90,000 വരുന്ന റഷ്യൻ പട്ടാളം തയ്യാറെടുപ്പുകൾ തുടങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു. യുദ്ധ നിർദ്ദേശം ലഭിച്ച കാമൻഡർമാർ ഇപ്പോൾ കീവിനെ കീഴ്പ്പെടുത്താനുള്ള നിശ്ചിത പദ്ധതികൾ ആസൂത്രണം ചെയ്യുകയാണത്രെ.

റഷ്യൻ സൈന്യത്തിന്റെ ഏകദേശം 75 ശതമാനത്തോളം ഇപ്പോൾ ഉക്രെയിൻ അതിർത്തിയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നമ്മൾ ഒരു അധിനിവേശത്തിന്റെ വക്കിലെത്തി നിൽക്കുന്നു എന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരിക്കുന്നു. മിസൈൽ വർഷത്തിനു മുൻപായി റഷ്യ ഒരു സൈബർ കാക്രമണം നടത്തും എന്നാണ് കരുതുന്നത്. മിസൈലുകളും ബോംബുകളും വർഷിച്ച് ഉക്രെയിനെ ഏതാണ്ട് തകർത്തതിനു ശേഷമായിരിക്കും കരസേന പട്ടണങ്ങളൂം നഗരങ്ങളും ഓരോന്നായി പിടിച്ചെടുക്കാൻ പുറപ്പെടുക എന്നും സി ബി എസ് ന്യുസ് റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈന്യം ഉക്രെയിനെ ആക്രമിച്ച് കീഴ്പ്പെടുത്താൻ പോന്നതാണെന്നാണ് യുദ്ധതന്ത്രജ്ഞരും പറയുന്നത്. ഇന്നലെ അവസാനിപ്പിക്കേണ്ടിയിരുന്ന, റഷ്യയും ബെലാറസും സംയുക്തമായി നടത്തി വരുന്ന സൈനികാഭ്യാസം വീണ്ടും തുടരാൻ തീരുമാനിച്ചതോടെയാണ് ഏതുസമയവും ഒരു അധിനിവേശം ഉണ്ടായേക്കാം എന്ന മുന്നറിയിപ്പ് വന്നത്. ഏകദേശം 30,000 വരുന്ന റഷ്യൻ സൈന്യം ബെലാറസ്-ഉക്രെയിൻ അതിർത്തിയിലും ഉണ്ട്.

ഒരു യുദ്ധത്തിന്റെ സാധ്യത അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുമ്പോഴും ബോറിസ് ജോൺസൺ പറയുന്നത് ഈ ആഴ്‌ച്ച നയതന്ത്ര മേഖലയെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള ഒന്നാണ്. റഷ്യയ്ക്കും ഉക്രെയിനും ഇടയിൽ ഒരു യുദ്ധം ഒഴിവാക്കുവാൻ ഇപ്പോഴും സാധ്യമാണെന്നു തന്നെയാണ് ബോറിസ് ജോൺസൺ പറയുന്നത്. എന്നാൽ, 1,90,000 വരുന്ന സൈനികരും 500 ഫൈറ്റർ ജെറ്റുകൾ ഉൾപ്പടെയുള്ള യുദ്ധസന്നാഹങ്ങളും അതിർത്തിയിൽ കേന്ദ്രീകരിക്കുക എന്നത് ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം തീർത്തും അസ്വാഭാവികമായ ഒന്നാണ്. ഇതുതന്നെയാണ് ഒരു യുദ്ധത്തിന്റെ സാദ്ധ്യത വിളിച്ചുപറയാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നതും.

സംഘർഷം മുറുകുന്നതിനിടയിൽ ഇന്നലെ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനും തമ്മിൽ രണ്ടു മണിക്കൂറോളം ടെലിഫോൺ സംഭാഷണം നടത്തി. സമാധാനമാണ് വേണ്ടതെന്ന് മാക്രോൺ ഉറപ്പിച്ചു പറഞ്ഞപ്പോൾ, ഉക്രെയിൻ നടത്തുന്ന പ്രകോപനങ്ങളാണ് സംഘർഷം കനപ്പിക്കുന്നത് എന്നായിരുന്നു പുടിന്റെ പ്രതികരണം. അതിനിടെ കിഴക്കൻ ഉക്രെയ്നിൽ വിമതരുടെ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്. അത് മുതലെടുത്ത് റഷ്യ ആക്രമണത്തിനു മുതിരുമുൻപേ റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ഉക്രെയിൻ പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർത്ഥിച്ചു.

റഷ്യയുടെ പാറ്റേൺ ടാങ്കുകൾ ഉക്രെയിൻ അതിർത്തിയിലേക്ക് നീങ്ങുന്നതിനിടയിൽ, ഉക്രെയിനിലുള്ള അമേരിക്കൻ പൗരന്മാരോട് എത്രയും പെട്ടെന്ന് രക്ഷപ്പെടാൻ അമേരിക്ക നിർദ്ദേശിച്ചു. വിമതർ കിഴക്കൻ മേഖലയിൽ കലാപം കനപ്പിച്ചതോടെ അമേരിക്കൻ പൗരന്മാർക്ക് നേരെ ഏതു നിമിഷവും അവരുടെ ആക്രമണം ഉണ്ടാകാം എന്നതിനാലാണിത്. അതേസമയം, ഏതുനിമിഷവും കടന്നെത്താൻ ഇടയുള്ള റഷ്യൻ പട്ടാളത്തെ ചെറുക്കാനുള്ള തയ്യാറെടുപ്പിലാണ് ഉക്രെയിൻ ജനത. ഉക്രെയിനിൽ സ്ഥിരതാമസമാക്കിയ ഒരു ബ്രിട്ടീഷ് പ്രവാസി ഇന്നലെ ബി ബി സിയോട് പറഞ്ഞത്, അതിക്രമിച്ചു കയറുന്ന ചെകുത്താന്മാരെ തുരത്താൻ താനും അയൽക്കാരും സജ്ജരായിക്കഴിഞ്ഞു എന്നായിരുന്നു.

ഇതിനിടയിൽ റഷ്യൻ ബെലാറസ് അതിർത്തിയിൽ ഇരു രാജ്യങ്ങളും സംയുക്തമായി നടത്തിവന്നിരുന്ന സൈനിക പ്രകടനം വീണ്ടും നീട്ടി. ഇന്നലെ അവസാനിക്കാനിരുന്ന പ്രകടനം നീട്ടിയകാര്യം ബെലാറസ്യൻ പ്രതിരോധ മന്ത്രിയാണ് അറിയിച്ചത്. റഷ്യയുടെയും ബെലാറസിന്റെയും അതിർത്തികൾക്കടുത്തു നടക്കുന്ന സംഭവവികാസങ്ങളും അതോടൊപ്പം ഉക്രെയിനിലെ ഡോൺബാസ്സ് മേഖലയിലെ സാഹചര്യവും കണക്കിലെടുത്താണ് സൈനിക അഭ്യാസങ്ങൾ തുടരാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയിലെ സംഘർഷം വീണ്ടും ശക്തിപ്രാപിച്ചിരിക്കുകയാണ് ഉക്രെയിൻ സൈന്യവും റഷ്യൻ പിന്തുണയുള്ള വിമതരും തമ്മിലുള്ള പോരാട്ടം തുടരുക തന്നെയാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് റഷ്യ യുദ്ധത്തിനുള്ള തീരുമാനം എടുത്തുകഴിഞ്ഞിരിക്കുന്നു എന്നുതന്നെയാണെന്ന് ആന്റണി ബ്ലിൻകൻ സി എൻ എനിനോട് പറഞ്ഞു. എന്നാൽ, റഷ്യ ഇക്കാര്യം നിഷേധിക്കുകയാണ്. അതേസമയം, റഷ്യയ്ക്കെതിരെ ഉടനടി ഉപരോധം ഏർപ്പെടുത്തണം എന്ന ഉക്രെയിൻ ആവശ്യം അദ്ദേഹം നിരാകരിച്ചു.

ഉപരോധം ഏർപ്പെടുത്തും എന്ന് പറയുന്നത് റഷ്യയെ യുദ്ധത്തിൽ നിന്നും പിന്തിരിപ്പിക്കാനാണ്. ഒരിക്കൽ അത് ഏർപ്പെടുത്തിയാൽ പിന്നെ ആ ഒരു പ്രതിരോധം ഇല്ലാതെയാവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉക്രെയിൻ അതിർത്തിയിൽ യുദ്ധമുണ്ടാകുമ്പോൾ മോസ്‌കോയിലും ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് റഷ്യയിൽ അമേരിക്കൻ എംബസി തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. അത്തരമൊരു സാഹചര്യത്തിൽ സുരക്ഷിതരായി ഒഴിഞ്ഞുപോകുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യൻ മണ്ണിൽ ഒരു വ്യാജ ആക്രമണം സൃഷ്ടിച്ച് ഉക്രെയിൻ ആക്രമണത്തിന് ഒരു കാരണം കണ്ടെത്താൻ റഷ്യ ശ്രമിച്ചേക്കും എന്ന മുന്നറിയിപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് അമേരിക്കൻ എംബസി തങ്ങളുടെ പൗരന്മാർക്ക് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.

ഏതായാലും, രണ്ട് ലോകമഹായുദ്ധങ്ങളുടെ ദുരിതം ഏറ്റവും അധികം അനുഭവിച്ച യൂറോപ്പിലെ പല രാജ്യങ്ങളും തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ നയതന്ത്ര വഴികളിലൂടെ ഒരു യുദ്ധം ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നയതന്ത്ര വഴികളിലൂടെ പ്രശ്നം പരിഹരിക്കാൻ ഇപ്പോഴും സമയമുണ്ട് എന്ന് മാക്രോൺ- പുടിൻ ടെലിഫോൺ സംഭഷണത്തിനിടയിൽ പുടിൻ പറഞ്ഞതിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഈയൊരാഴ്‌ച്ച യൂറോപ്പിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരാഴ്‌ച്ചയായിരിക്കുമെന്നാണ് പിന്നീട് നടന്ന ടെലെഫോൺ സംഭാഷണത്തിനിടയിൽ ബോറിസ് ജോൺസനും ഇമ്മാനുവൽ മാക്രോണും അഭിപ്രായപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP