Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെടിക്കെട്ടുതിർത്ത് സൂര്യയും വെങ്കടേഷും; അവസാന അഞ്ചോവറിൽ അടിച്ചുകൂട്ടിയത് 86 റൺസ്; മിന്നുന്ന അർദ്ധ സെഞ്ചുറിയും; ഇന്ത്യക്കെതിരെ വിൻഡീസിന് 185 റൺസ് വിജയലക്ഷ്യം

വെടിക്കെട്ടുതിർത്ത് സൂര്യയും വെങ്കടേഷും; അവസാന അഞ്ചോവറിൽ അടിച്ചുകൂട്ടിയത് 86 റൺസ്; മിന്നുന്ന അർദ്ധ സെഞ്ചുറിയും; ഇന്ത്യക്കെതിരെ വിൻഡീസിന് 185 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്ക്

കൊൽക്കത്ത: ഇന്ത്യക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് 185 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ സൂര്യകുമാർ യാദവിന്റെയും വെങ്കടേഷ് അയ്യരുടെയും ഫിനിഷിങ് മികവാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.

31 പന്തിൽ നിന്ന് ഏഴ് സിക്സും ഒരു ഫോറുമടക്കം 65 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. ട്വന്റി 20-യിൽ താരത്തിന്റെ നാലാം അർധ സെഞ്ചുറിയാണിത്. വെങ്കടേഷ് അയ്യർ വെറും 19 പന്തിൽ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 35 റൺസോടെ പുറത്താകാതെ നിന്നു. അഞ്ചാം വിക്കറ്റിൽ 37 പന്തിൽ നിന്ന് 91 റൺസാണ് ഈ സഖ്യം അടിച്ചുകൂട്ടിയത്. ഇരുവരും ചേർന്ന് ആവസാന രണ്ടോവറിൽ 42 റൺസും അഞ്ചോവറിൽ 86 റൺസും അടിച്ചു കൂട്ടി.

ഇഷാൻ കിഷനും ഋതുരാജുമാണ് ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തത്. മൂന്നാം ഓവറിൽ തന്നെ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിനെ (4) നഷ്ടമായി. ജേസൺ ഹോൾഡറുടെ പന്തിൽ ടോപ് എഡ്ജ് ചെയ്ത റുതുരാജ് തേർഡ് മാനിൽ കെയ്ൽ മയേഴ്‌സിന് ക്യാച്ച് നൽകി മടങ്ങി. നാലു റൺസ് മാത്രമായിരുന്നു റുതുരാജിന്റെ നേട്ടം. ഇന്ത്യയ്ക്കായി രണ്ടാം വിക്കറ്റിൽ ഇഷാൻ കിഷൻ - ശ്രേയസ് അയ്യർ സഖ്യം 53 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

പവർപ്ലേ പിന്നിടുമ്പോൾ ഇന്ത്യയെ ഇരുവരും ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ 43 രൺസിലെത്തിച്ചു. എന്നാൽ കിഷൻ അതേവേഗം റണ്ണെടുക്കാൻ ബുദ്ധിമുട്ടിയപ്പോൾ മികച്ച തുടക്കമിട്ട ശ്രേയസ് അയ്യർ ഒമ്പതാം ഓവറിൽ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. 16 പന്തിൽ 25 റൺസെടുത്ത ശ്രേയസിനെ ഹെയ്ഡൻ വാൽഷ് ജേസൺ ഹോൾഡറുടെ കൈകളിൽ എത്തിച്ചു. എന്നാൽ എട്ടു പന്തുകൾക്കിടെ ഇരുവരും പുറത്തായത് ഇന്ത്യയുടെ റൺറേറ്റിനെ ബാധിച്ചു.

ശ്രേയസ് മടങ്ങിയതിന് പിന്നാലെ ക്യാപ്റ്റൻ രോഹിത് ശർമയായിരുന്നു ക്രീസിലെത്തിയത്. ശ്രേയസ് അയ്യർ മടങ്ങിയതിന് തൊട്ടടുത്ത ഓവറിൽ റോസ്റ്റൺ ചേസ് ഇഷാൻ കിഷനെ ക്ലീൻ ബൗൾഡാക്കി. പത്തോവർ ക്രീസിൽ നിന്നെങ്കിലും കിഷന് 31 പന്തിൽ 34 റൺസെടുക്കാനെ കഴിഞ്ഞുള്ളു. രോഹിത്തും സൂര്യകുമാറും ചേർന്ന് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കുമെന്ന് കരുതിയപ്പോഴാണ് പതിനാലാം ഓവറിൽ രോഹിത്തിനെ ഡ്രെക്‌സ് ക്ലീൻ ബൗൾഡാക്കിയത്. 15 പന്തിൽ ഏഴ് റൺസ് മാത്രമായിരുന്നു രോഹിത്തിന്റെ നേട്ടം.

പതിനാലാം ഓവറിൽ 93-4 എന്ന സ്‌കോറിൽ പതറിയ ഇന്ത്യയെ അവസാന ആറോവറിൽ 91 റൺസിന്റെ വെടിക്കെട്ട് ബാറ്റിംഗിലൂടെ സൂര്യകുമാർ യാദവും വെങ്കടേഷ് അയ്യരുമാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. അവസാന അഞ്ചോവറിൽ 88 റൺസാണ് ഇരുവരും ചേർന്ന് അടിച്ചു കൂട്ടിയത്. ഡൊമനിക് ഡ്രെക്‌സ് എറിഞ്ഞ പത്തൊമ്പതാം ഓവറിലും റൊമാരിയോ ഷെപ്പേർഡ് എറിഞ്ഞ ഇരുപതാം ഓവറിലും ഇരുവരും ചേർന്ന് 21 റൺസ് വീതം അടിച്ചെടുത്തു. 27 പന്തിൽ അർധസെഞ്ചുറിയിലെത്തിയ സൂര്യകുമാർ ഏഴ് സിക്‌സും ഒരു ഫോറും പറത്തിയപ്പോൾ വെങ്കടേഷ് അയ്യർ നാലു ഫോറും രണ്ട് സിക്‌സും പറത്തി.

വിൻഡീസിനായി ജേസൺ ഹോൾഡറും ഹെയ്ഡൻ വാൽഷും ഡൊമനിക് ഡ്രെക്‌സും ഓരോ വിക്കറ്റെടുത്തപ്പോൾ നാലോവറിൽ 23 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത റോസ്റ്റൺ ചേസ് ഒരിക്കൽ കൂടി തിളങ്ങി.

കഴിഞ്ഞ മത്സരം ജയിച്ച് പരമ്പര നേരത്തെ സ്വന്തമാക്കിയതിനാൽ നാലു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. വിരാട് കോലിക്ക് പകരം റുതുരാജ് ഗെയ്ക്വാദ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. പേസർ ഭുവനേശ്വർ കുമാറിന് പകരം ആവേശ് ഖാനും ഇന്ത്യക്കായി ടി20യിൽ അരങ്ങേറി. മധ്യനിരയിൽ റിഷഭ് പന്തിന് പകരക്കാരാനായി ശ്രേയസ് അയ്യർ എത്തിയപ്പോൾ യുസ്വേന്ദ്ര ചാഹലിന് പകരം ഷർദ്ദുൽ ഠാക്കൂറും അന്തിമ ഇലവനിലെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP