Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റഷ്യ ഏതു സമയവും യുക്രെയ്ൻ ആക്രമിക്കുമെന്ന് ഉറപ്പിച്ചു അമേരിക്ക; ചർച്ചയിലൂടെ റഷ്യ പ്രശ്‌നം പരിഹരിക്കണമെന്ന് യൂറോപ്യൻ യൂണിയൻ; കിഴക്കൻ യുക്രെയ്‌നിൽ നിന്നും ഒഴിപ്പിക്കുന്നത് ഏഴുലക്ഷം പേരെ; ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിമാന ടിക്കറ്റ് ലഭ്യമില്ലെന്ന് ആക്ഷേപം

റഷ്യ ഏതു സമയവും യുക്രെയ്ൻ ആക്രമിക്കുമെന്ന് ഉറപ്പിച്ചു അമേരിക്ക; ചർച്ചയിലൂടെ റഷ്യ പ്രശ്‌നം പരിഹരിക്കണമെന്ന് യൂറോപ്യൻ യൂണിയൻ; കിഴക്കൻ യുക്രെയ്‌നിൽ നിന്നും ഒഴിപ്പിക്കുന്നത് ഏഴുലക്ഷം പേരെ; ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിമാന ടിക്കറ്റ് ലഭ്യമില്ലെന്ന് ആക്ഷേപം

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: റഷ്യ യുക്രെയ്‌നെ ഏതുനിമിഷവും ആക്രമിക്കുമെന്ന ഭയത്തിലാണ്. ലോകം ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ പൗരന്മാരോട് യുക്രെയ്‌നിൽ നിന്നും മടങ്ങാൻ നിർദ്ദേശിച്ചിരിക്കുന്നതും യുദ്ധസാധ്യത വർധിച്ചതോടെയാണ്. റഷ്യ ഏതു സമയവും യുക്രെയ്ൻ ആക്രമിക്കുമെന്ന നിലപാടിലാണ് അമേരിക്കയും. റഷ്യയുടെ ആക്രമണം എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ദേശീയ സുരക്ഷാസംഘം അറിയിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ തന്റെ ഉപദേശകവൃന്ദത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ബൈഡൻ ഇന്ന് ചർച്ച നടത്തും.

അതേസമയം യുദ്ധഭീതി അടിസ്ഥാനരഹിതമാണെന്നും സൈനിക അഭ്യാസം പൂർത്തിയായാൽ ഉടൻ അതിർത്തിയിൽനിന്നു സേനയെ പിൻവലിക്കുമെന്നും റഷ്യ ആവർത്തിച്ചു. യുക്രെയ്ൻ അതിർത്തിയിൽ വൻ ആയുധങ്ങളും ജനവാസ മേഖലയിൽ ഷെല്ലാക്രമണങ്ങളും നടത്തുന്നതിൽ യുറോപ്യൻ യൂണിയൻ അപലപിച്ചു. കിഴക്കൻ യുക്രെയ്‌നിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു കൊണ്ടുള്ള 2015ലെ മിൻസ്‌ക് കരാറിന്റെ ലംഘനമാണ് റഷ്യ നടത്തുന്നതെന്ന് യുറോപ്യൻ യൂണിയൻ ആരോപിച്ചു.

ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാൻ റഷ്യ തയാറാകണമെന്നു യുറോപ്യൻ യൂണിയൻ അഭ്യർത്ഥിച്ചു. മേഖലയിലെ സൈനികാഭ്യാസം റഷ്യ അവസാനിപ്പിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്ന് ജി7 രാജ്യങ്ങളിലെ മന്ത്രിമാർ അറിയിച്ചു. കിഴക്കൻ യുക്രെയ്‌നിൽ നടന്ന പുതിയ ഷെല്ലാക്രമണത്തിൽ യുക്രെയ്‌നും റഷ്യയും ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെ യുക്രെയ്ൻ വിടാൻ ഫ്രാൻസും ജർമനിയും തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു.

കിഴക്കൻ യുക്രെയ്‌നിൽ റഷ്യൻ അനുകൂല വിമതരുടെ നേതൃത്വത്തിലുള്ള ഷെല്ലാക്രമണത്തിൽ 2 സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ സേന അറിയിച്ചിരുന്നു. 4 സൈനികർക്കു പരുക്കേറ്റു. വിമതർ 70 തവണ വെടിനിർത്തൽ ലംഘനം നടത്തിയതായും സേന ആരോപിച്ചു. ബെലാറൂസ്, ക്രൈമിയ, പടിഞ്ഞാറൻ റഷ്യ എന്നിവിടങ്ങളിൽ സൈനികനീക്കം നടക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ അമേരിക്ക പുറത്തുവിട്ടു.

അതിനിടെ യുക്രെയിനിലുള്ള എല്ലാ ഇന്ത്യക്കാരും എത്രയും വേഗം രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. ഏറ്റവും അടുത്ത് ലഭ്യമായ ഫ്‌ളൈറ്റിൽ അടിയന്തര ആവശ്യമില്ലാത്ത വിദ്യാർത്ഥികളടക്കമുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും യുക്രെയിൻ വിടണമെന്ന് എംബസി പുറപ്പെടുവിച്ച നിർദ്ദേശത്തിൽ പറയുന്നു. ഇന്ത്യൻ വിദ്യാർത്ഥികൾ തങ്ങളുടെ സ്റ്റുഡന്റ് കോൺട്രാക്ടർമാരെ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾ നടത്തണമെന്നും കൂടുതൽ വിവരങ്ങൾക്ക് എംബസിയുടെ സമൂഹമാധ്യമങ്ങൾ പിന്തുടരണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പോലും ആവശ്യത്തിനുള്ള ടിക്കറ്റുകൾ ലഭ്യമല്ലെന്ന് ആരോപണമുണ്ട്. ഈ മാസം 22, 24, 26 തീയതികളിൽ എയർ ഇന്ത്യ യുക്രെയിനിലേക്ക് ഫ്‌ളൈറ്റ് സർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. യുക്രെയിനിലെ ബൊറിസ്പിൽ വിമാനത്താവളത്തിലേക്കായിരിക്കും എയർ ഇന്ത്യ സർവീസുകൾ നടത്തുക.

കിഴക്കൻ ഉക്രയ്‌നിലെ റഷ്യൻ അനുകൂലമേഖലകളിലേക്ക് ഷെല്ലാക്രമണം വ്യാപകമായതോടെ റഷ്യയിലേക്ക് കൂട്ടപ്പലായനവും തുടങ്ങിയിട്ടുണ്ട്. റഷ്യയോട് ആഭിമുഖ്യമുള്ള ഡോണട്‌സ്‌ക്, ലുഹാൻസ്‌ക് മേഖലകളിൽ 35ലക്ഷം പേർ അധിവസിക്കുന്നുണ്ട്. ഡോണട്‌സ്‌കിൽ നിന്നും ഏഴുലക്ഷം പേരെ ഉടൻ റഷ്യൻ നിയന്ത്രിതമേഖലയായ റസ്‌തോവിലേക്ക് മാറ്റാൻ നടപടി തുടങ്ങി. ശനിയാഴ്ചയും ഉക്രയ്ൻ സൈന്യം ഡോണട്‌സ്‌കിൽ ഷെൽ ആക്രമണം നടത്തിയത് നഗരവാസികളെ പരിഭ്രാന്തിയിലാക്കി. നഗരത്തിൽ കാർബോംബ് സ്‌ഫോടനവും ഉണ്ടായി. പിന്നാലെ യുദ്ധസജ്ജമാകാൻ ഡോണട്‌സ്‌കും ലുഹാൻസ്‌കും സൈന്യത്തോട് നിർദ്ദേശിച്ചു. പാശ്ചാത്യരാജ്യങ്ങളിൽ നിന്നും അത്യന്താധുനിക ആയുധം ലഭിച്ചതോടെ യുക്രെയ്‌നിലെ റഷ്യൻ അനുകൂലമേഖലകളിൽ കൂട്ടക്കുരുതി ഉണ്ടാകുമെന്ന പ്രചാരണം തീവ്രമാണ്.

അഭയാർഥികൾക്ക് എല്ലാസൗകര്യവും ഒരുക്കാൻ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന മന്ത്രി അലക്‌സാണ്ടർ ചുപ്രിയനോട് ഉടൻ റസ്‌തോവിലേക്കെത്താൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ നിർദ്ദേശം നൽകി. ഡോണട്‌സ്‌കിൽ നിന്നുള്ള ആദ്യ ബസ് റഷ്യൻ അതിർത്തിയിലെത്തി. അഭയാർഥികൾക്ക് താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും മരുന്നും ലഭ്യമാക്കും. നിലവിൽ എത്രപേരെ ഒഴിപ്പിച്ചുവെന്നതു സംബന്ധിച്ച് കണക്കുകൾ പുറത്തുവന്നിട്ടില്ല.

സ്ഥിതി രൂക്ഷമാകുന്നതിനാൽ സൈന്യത്തോട് സജ്ജരായിരിക്കാൻ ലുഹാൻസ്‌കും ഡോണട്‌സ്‌കും നിർദ്ദേശം നൽകി. അതിർത്തിയിൽ പ്രതിരോധത്തിന് പൂർണ സജ്ജരായിരിക്കാൻ ലുഹാൻസ്‌ക് ഭരണാധികാരി ലിയോനിഡ് പസ്ചെനിക്കിന്റെ ഉത്തരവിൽ പറയുന്നു. 18 മുതൽ 55 വയസ്സുവരെയുള്ളവരോട് രാജ്യം വിടരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ജനങ്ങൾ ഒരുമിച്ചുനിൽക്കണമെന്ന് നിർദ്ദേശിക്കുന്ന ഡോണട്‌സ്‌ക് ഭരണാധികാരി ഡെനിസ് പുഷിലിന്റെ വീഡിയോ സന്ദേശവും പുറത്തുവന്നു. യുദ്ധകാലാവസ്ഥയിൽ പ്രവർത്തിക്കുന്ന രീതിയിൽ സാമ്പത്തിക ഇടപെടലുകൾ ക്രമീകരിക്കാനും ഉത്തരവിട്ടിട്ടുണ്ട്. പരിഭ്രാന്തി സൃഷ്ടിക്കാൻ അതിർത്തിയിൽ ഉക്രയ്ൻ ലഘുലേഖകൾ വിതരണം ചെയ്തുവെന്നും റിപ്പോർട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP