Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദ്യാർത്ഥികൾ ഉൾപ്പടെ അത്യാവശ്യമില്ലെങ്കിൽ യുക്രൈൻ വിടണം; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ്; രാജ്യം നടത്തുന്ന പ്രത്യേക വിമാന സർവ്വീസുകൾ പ്രയോജനപ്പെടുത്തണമെന്നും വിദേശകാര്യ മന്ത്രാലയം

വിദ്യാർത്ഥികൾ ഉൾപ്പടെ അത്യാവശ്യമില്ലെങ്കിൽ യുക്രൈൻ വിടണം; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ്; രാജ്യം നടത്തുന്ന പ്രത്യേക വിമാന സർവ്വീസുകൾ പ്രയോജനപ്പെടുത്തണമെന്നും വിദേശകാര്യ മന്ത്രാലയം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: യുക്രൈൻ - റഷ്യ സംഘർഷ സാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ യുക്രൈൻ വിടണമെന്ന നിർദേശവുമായി വീണ്ടും വിദേശകാര്യമന്ത്രാലയം. താമസം അനിവാര്യമല്ലാത്ത എല്ലാവരും യുക്രൈൻ വിടണമെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശിക്കുന്നത്.

കിഴക്കൻ യൂറോപ്യൻ രാജ്യത്ത് താമസിക്കുന്നത് 'അത്യാവശ്യമല്ലെങ്കിൽ' യുക്രൈനിൽ താമസിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൗരന്മാരോട് മടങ്ങിവരാനാണ് ആവശ്യപ്പെട്ടത്. റഷ്യയുടെ ആക്രമണത്തെക്കുറിച്ചുള്ള പിരിമുറുക്കങ്ങൾക്കിടയിൽ ഇന്ത്യൻ പൗരന്മാർ യുക്രൈനിൽനിന്ന് പുറത്തുകടക്കാൻ ലഭ്യമായ ഏതെങ്കിലും വാണിജ്യ/ചാർട്ടർ വിമാനത്തിനായി ശ്രമിക്കണമെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി നിർദേശിച്ചു. നേരത്തെ വിദ്യാർത്ഥികളോട് എത്രയും വേഗം യുക്രൈൻ വിടാൻ എംബസി നിർദേശിച്ചിരുന്നു.

'യുക്രൈനിലെ സ്ഥിതിയുമായി ബന്ധപ്പെട്ട് ഉയർന്നരീതിയിലുള്ള പിരിമുറുക്കങ്ങളും അനിശ്ചിതത്വങ്ങളും നിലനിൽക്കുന്നതിനാൽ, ഇവിടെ താമസിക്കുന്നത് അത്യാവശ്യമല്ലെന്ന് കരുതുന്ന എല്ലാ ഇന്ത്യൻ പൗരന്മാരോടും, എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളോടും താൽക്കാലികമായി യുക്രൈൻ വിടാൻ നിർദ്ദേശിക്കുന്നു', എന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

പ്രത്യേക വിമാന സർവ്വീസുകൾ രാജ്യം നടത്തുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തി, വിദ്യാർത്ഥികളടക്കം മടങ്ങാൻ തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. യുക്രൈനിലെ ഇന്ത്യൻ എംബസി ജീവനക്കാരോടും മടങ്ങാൻ നിർദ്ദേശിച്ചേക്കുമെന്നാണ് വിവരം. യുദ്ധ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. പതിനെണ്ണായിരത്തിലേറെ ഇന്ത്യക്കാർ യുക്രൈനിലുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഏതെങ്കിലും തരത്തിലുള്ള വിവരങ്ങളും സഹായവും ആവശ്യമുള്ള യുക്രൈനിലെ ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയവുമായോ പ്രത്യേക കൺട്രോൾ റൂം നമ്പർ വഴി വിദേശകാര്യ മന്ത്രാലയവുമായോ ബന്ധപ്പെടാം. യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സംവിധാനം ആരംഭിച്ചിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നവർക്ക് വിമാന ടിക്കറ്റ് ലഭിക്കാത്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഫെബ്രുവരി 22, 24, 26 തീയതികളിൽ മൂന്ന് പ്രത്യേക എയർ ഇന്ത്യ വിമാനങ്ങൾ യുക്രൈനിലേക്ക് പറക്കും. അതിർത്തിക്കടുത്തുള്ള ഷെല്ലാക്രമണത്തെച്ചൊല്ലി യുക്രൈനും റഷ്യയും ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ഫ്രാൻസും ജർമ്മനിയും യുക്രൈനിലെ പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇന്ത്യക്കും യുക്രൈനുമിടയിൽ എയർ ഇന്ത്യ മൂന്ന് സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 22, 24, 26 തീയതികളിലാകും സർവ്വീസ് നടത്തുക. എയർ ഇന്ത്യ വെബ്‌സൈറ്റ്, കോൾസെന്റർ, ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ത്യക്കും യുക്രൈനുമിടയിൽ വിമാനസർവ്വീസുകൾക്കുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കിയതിന് പിന്നാലെയാണ് തീരുമാനം. ഓരോ വിമാനക്കമ്പനിക്കും പരമാവധി യാത്രക്കാരുടെ എണ്ണം നിശ്ചയിക്കുന്നതിനുള്ള ഉടമ്പടികളും മരവിപ്പിച്ചിട്ടുണ്ട്.

യുക്രൈൻ പ്രശ്നത്തിൽ വേണ്ടത് ചർച്ചകളിലൂടെയുള്ള നയതന്ത്ര പരിഹാരമാണെന്നാണ് ഇന്ത്യൻ നിലപാട്. 2015 ൽ യുക്രൈനും റഷ്യയും യൂറോപ്യൻ രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ സമാധാന ഉടമ്പടി പാലിക്കപ്പെടണമെന്നും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേ സമയം റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ സജ്ജരായി യുക്രൈൻ സൈന്യം നിലയുറപ്പിച്ചതോടെ മേഖല യുദ്ധഭീതിയിലാണ്. യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ വിമതർ മോർട്ടാർ ആക്രമണം നടത്തി. തലനാരിഴ വ്യത്യാസത്തിലാണ് യുക്രൈൻ ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിക്കേവ് മോർട്ടാർ ആക്രമണത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഉന്നത പ്രതിരോധ ഉദ്യോഗസ്ഥർക്ക് ഒപ്പം അതിർത്തിയിലെ സൈനികരെ സന്ദർശിച്ചു മടങ്ങവേ മന്ത്രിയുടെ വാഹന വ്യൂഹത്തിനു സമീപം തുരുതുരെ ഷെല്ലുകൾ പതിക്കുകയായിരുന്നു.

റഷ്യക്ക് എതിരെ ഇപ്പോൾത്തന്നെ ഉപരോധം പ്രഖ്യാപിക്കണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു. അടുത്തയാഴ്ചയോടെ യുദ്ധം ഉറപ്പാണെന്നാണ് ബ്രിട്ടന്റെ പ്രതികരണം. 75 വർഷത്തിനിടെ ലോകം കണ്ട വലിയ ആക്രമണത്തിനാണ് റഷ്യ ഒരുങ്ങുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു. ഇന്നോളം ലോകം കാണാത്ത കടുത്ത ഉപരോധമാകും റഷ്യ അനുഭവിക്കേണ്ടി വരികയെന്ന് യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മുന്നറിയിപ്പ്.

റഷ്യൻ അനുകൂല വിഘടനവാദികൾ കിഴക്കൻ യുക്രൈയിനിൽ നടത്തിയ ഷെൽ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി യുക്രൈയിൻ അറിയിച്ചു. ശനിയാഴ്ച വിഘടനവാദികൾ വെടിനിർത്തൽ ലംഘിച്ച് 70 പ്രാവശ്യം വെടിയുതിർത്തുവെന്നാണ് യുക്രൈയിൻ സൈന്യം ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചത്. അതേ സമയം യുക്രൈയിന്റെ ഭാഗത്ത് നിന്നാണ് ആദ്യം പ്രകോപനം ഉണ്ടായതെന്നും അതിനുള്ള തിരിച്ചടിയാണ് നൽകിയതെന്നും റഷ്യൻ അനുകൂല വിഘടനവാദികൾ ടെലഗ്രാം വഴി അറിയിച്ചിട്ടുണ്ട്.

ഡൽഹിയിലും കീവിലും കൺട്രോൾ റൂമുകൾ തയ്യാറായിട്ടുണ്ട്.

കൺട്രോൾ റൂം - ഡൽഹി

0091-11-23012113
0091-11-23014104
0091-11-23017905

ഫാക്‌സ്
0091-11-23088124

ഇമെയിൽ
[email protected]

കൺട്രോൾ റൂം - കീവ്

00380 997300428

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP