Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം വേണം; നിയമനം സർക്കാരുമായി ആലോചിക്കണം; ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണം; നിയമ സെക്രട്ടറിയുടെ ശുപാർശയിൽ മന്ത്രിസഭയുടെ അംഗീകാരം; പൂഞ്ചി റിപ്പോർട്ടിനു മറുപടിയായി കേന്ദ്രത്തോട് ശുപാർശയുമായി കേരളം

ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം വേണം; നിയമനം സർക്കാരുമായി ആലോചിക്കണം; ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണം; നിയമ സെക്രട്ടറിയുടെ ശുപാർശയിൽ മന്ത്രിസഭയുടെ അംഗീകാരം; പൂഞ്ചി റിപ്പോർട്ടിനു മറുപടിയായി കേന്ദ്രത്തോട് ശുപാർശയുമായി കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ ശുപാർശ. ഭരണഘടനാ ലംഘനം, ചാൻസലർ പദവിയിൽ വീഴ്ച, ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച ഇവയുണ്ടായാൽ ഗവർണറെ നീക്കാൻ സംസ്ഥാന നിയമസഭയ്ക്ക് അധികാരം നൽകണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. നിലവിൽ ഗവർണറുമായി തുറന്ന പോര് തുടരുന്നതിനിടെയാണ് ഈ ശുപാർശയെന്നത് ശ്രദ്ധേയമാണ്.

കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിൽ വരേണ്ട മാറ്റങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാനായി കേന്ദ്രസർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി കമ്മീഷനോടാണ് കേരളം ശുപാർശ നൽകിയിരിക്കുന്നത്. നിയമ സെക്രട്ടറിയുടെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു. ഈ ശുപാർശ കഴിഞ്ഞ മന്ത്രിസഭാ യോഗം പരിഗണിച്ചിരുന്നതാണ്.

നിയമ സെക്രട്ടറി സർക്കാരിനു നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു. ഈ റിപ്പോർട്ട് കഴിഞ്ഞ മന്ത്രിസഭാ യോഗം പരിഗണിച്ചിരുന്നു. ഉടൻ കേന്ദ്ര സർക്കാരിനു സമർപ്പിക്കും. മറ്റു ഭരണഘടനാ ചുമതലകളുള്ളതിനാൽ ഗവർണറെ ചാൻസലർ സ്ഥാനത്തിരുത്തേണ്ട കാര്യമില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഗവർണറെ പദവിയിൽനിന്നു തിരിച്ചുവിളിക്കാനുള്ള അവസരം ഉണ്ടാകണം. ഗവർണറുടെ നിയമനം സർക്കാരുമായി ആലോചിക്കണം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും സംസ്ഥാനം നിർദ്ദേശിക്കുന്നു. 

മാത്രമല്ല ഗവർണറുടെ വിവേചനാധികാരം നിജപ്പെടുത്തണമെന്ന സുപ്രധാന നിർദ്ദേശവും സർക്കാർ മുന്നോട്ടുവെക്കുന്നു. സർക്കാർ അംഗീകാരത്തിനായി അയയ്ക്കുന്ന ബില്ലുകൾക്ക് അനുമതി കിട്ടാൻ കാലതാമസം ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നിർദ്ദേശം. കാലതാമസം ഉണ്ടാകാതെ തീരുമാനമെടുക്കാൻ നടപടി ഉണ്ടാകണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു.

ക്രമസമാധാന പ്രശ്‌നമുണ്ടാകുമ്പോൾ കേന്ദ്രസേനയെ വിന്യസിക്കാൻ സംസ്ഥാനത്തിന്റെ അനുമതിയും കൂടിയാലോചനയും വേണമെന്നും സംസ്ഥാനം മുന്നോട്ടുവെച്ച നിർദ്ദേശത്തിൽ പറയുന്നു.ഗവർണറായി നിയമിക്കപ്പെടുന്ന ആളിന് സജീവ രാഷ്ട്രീയമുണ്ട് എന്നത് നിയമനത്തിന് തടസ്സമാകരുതെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു.

ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണർമാരെ മാറ്റണമെന്ന് ജസ്റ്റിസ് എം എം പൂഞ്ചി കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ഈ റിപ്പോർട്ടിൽ കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയപ്പോൾ ആണ് ഇക്കാര്യത്തിൽ അന്ന് കേരളം ഭരിച്ചിരുന്ന ഉമ്മൻ ചാണ്ടി സർക്കാർ ചാൻസലർ പദവി ഗവർണറിൽ നിന്നും മാറ്റണമെന്ന ശുപാർശയെ പിന്തുണച്ചാണ് കത്തയച്ചത്.

ചാൻസർ പദവിയിൽ നിന്നും ഗവർണറെ മാറ്റണമെന്ന കമ്മീഷൻ ശുപാർശയെ പിന്താങ്ങിയ കേരളം സർവകലാശാലകളിലെ നിയമനത്തെ ചൊല്ലി സർക്കാരിനും ഗവർണർക്കുമിടയിലെ ഉരസൽ ഒഴിവാക്കാൻ ശുപാർശ നടപ്പാക്കുന്നതാണ് നല്ലതെന്ന നിലപാടാണ് സ്വീകരിച്ചത്.

ശുപാർശകൾ ഇങ്ങനെ:

പൂഞ്ചി കമ്മിഷൻ: 35 വയസ്സ് പൂർത്തിയായ ആരെയും ഗവർണറായി നിയമിക്കാം.
സർക്കാർ: ഗവർണർ പദവിയുടെ അന്തസ്സിനു യോജിക്കുന്ന ആളെ വേണം നിയമിക്കാൻ. സജീവ രാഷ്ട്രീയക്കാരൻ എന്നത് പദവിക്കു തടസ്സമാകരുത്.

പൂഞ്ചി കമ്മിഷൻ: ഗവർണർ പദവിയിൽ തുടരുന്നത് രാഷ്ട്രപതിയുടെ ഇഷ്ടം അനുസരിച്ച്. ആവശ്യമെങ്കിൽ ഗവർണറെ നീക്കാനുള്ള നിയമം കൊണ്ടുവരണം. ഇതിനെ പ്രതിരോധിക്കാനുള്ള അവസരം ഗവർണർക്കും അനുവദിക്കണം.

സർക്കാർ: ഗവർണറെ തിരിച്ചു വിളിക്കാനുള്ള അവസരം ഉണ്ടാകണം. ഗവർണറുടെ നിയമനം സർക്കാരുമായി ആലോചിക്കണം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണം.

പൂഞ്ചി കമ്മിഷൻ: ഭരണഘടനാ ലംഘനം കണ്ടെത്തിയാൽ ഗവർണറെ ഇംപീച്ച് ചെയ്യാൻ കഴിയണം.

സർക്കാർ: ഭരണഘടനാ ലംഘനം കണ്ടെത്തുമ്പോഴോ ചാൻസലർ പദവിയിൽ വീഴ്ച വരുത്തുമ്പോഴോ ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച വന്നാലോ സംസ്ഥാന സഭയ്ക്ക് ഗവർണറെ പുറത്താക്കാൻ അധികാരം വേണം.

പൂഞ്ചി കമ്മിഷൻ: ഭരണഘടനാപരമായ ചുമതലകൾ ഒഴികെയുള്ള കാര്യങ്ങളിൽ മന്ത്രിസഭാ നിർദ്ദേശം അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണർക്കു പല കാര്യങ്ങളിലും വിവേചനാധികാരം ഇല്ല. ചില കാര്യങ്ങളിൽ സർക്കാരുമായി സംഘർഷമുണ്ടാകാതെ വിവേചനാധികാരം പ്രയോഗിക്കാൻ ഗവർണർക്കു കഴിയണം.

സർക്കാർ: ഗവർണറുടെ വിവേചനാധികാരം നിജപ്പെടുത്തണം. സർക്കാർ അംഗീകാരത്തിനായി അയയ്ക്കുന്ന ബില്ലുകൾക്ക് അനുമതി കിട്ടാൻ കാലതാമസം ഉണ്ടാകുന്നു. കാലതാമസം ഉണ്ടാകാതെ തീരുമാനമെടുക്കാൻ നടപടി ഉണ്ടാകണം.

പൂഞ്ചി കമ്മിഷൻ: പ്രോസിക്യൂഷൻ അനുമതിക്കു ഗവർണർ സുപ്രീംകോടതി നിർദ്ദേശങ്ങൾ പാലിക്കണം. മന്ത്രിസഭയുടേതല്ല.
സർക്കാർ: എതിർക്കുന്നു. മന്ത്രിസഭയാണ് പരമാധികാരി.

പൂഞ്ചി കമ്മിഷൻ: മറ്റു ഭരണഘടനാ ചുമതലകളുള്ളതിനാൽ ഗവർണറെ ചാൻസലർ സ്ഥാനത്തിരുത്തേണ്ട കാര്യമില്ല.
സർക്കാർ: യോജിക്കുന്നു. സർവകലാശാലകൾ സംസ്ഥാനത്തിന്റെ വിഷയം

പൂഞ്ചി കമ്മിഷൻ: ക്രമസമാധാന പ്രശ്‌നം ഉണ്ടായാൽ കേന്ദ്ര സേനയെ വിന്യസിക്കാൻ സംസ്ഥാനവുമായി ആലോചിക്കണം.
സർക്കാർ: സംസ്ഥാനത്തിന്റെ അനുമതിയും കൂടിയാലോചനയും വേണം.

പൂഞ്ചി കമ്മിഷൻ: സർക്കാരിനെ ഭരണഘടനയുടെ 356ാം അനുച്ഛേദം അനുസരിച്ച് പിരിച്ചുവിടുന്നതിനു മുൻപ് 7 ദിവസത്തെ സാവകാശം നൽകണം.
സർക്കാർ: കേന്ദ്രസർക്കാർ പാർലമെന്റിൽ പ്രമേയം കൊണ്ടുവന്ന് വോട്ടിങിലൂടെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കണം.

പൂഞ്ചി കമ്മിഷൻ: രാജ്യസഭാ സീറ്റുകൾ ജനസംഖ്യയുടെ അടിസ്ഥാനത്തിലല്ലാതെ തുല്യമായി നിശ്ചയിക്കണം
സർക്കാർ: വിയോജിക്കുന്നു. മറ്റു രാജ്യങ്ങളിലെ സാഹചര്യം വിലയിരുത്തിയശേഷം തീരുമാനമെടുക്കാം.

പൂഞ്ചി കമ്മിഷൻ: ഒരു സംസ്ഥാനത്തുനിന്നുള്ളവർക്ക് ആ സംസ്ഥാനത്തുനിന്നു മാത്രമേ രാജ്യസഭയിൽ എത്താൻ കഴിയൂ.
സർക്കാർ: വിയോജിക്കുന്നു.

പൂഞ്ചി കമ്മിഷൻ: ഭരണഘടനയുടെ 253ാം വകുപ്പ് അനുസരിച്ച് കേന്ദ്ര സർക്കാർ രാജ്യാന്തര കരാർ ഒപ്പിടുന്നതിന് നിയമ നിർമ്മാണം നടത്തണം. ഇത് കേന്ദ്രത്തിനു തീരുമാനിക്കാം.
സർക്കാർ: രാഷ്ട്രപതി മുഖേന സംസ്ഥാനങ്ങളോട് അഭിപ്രായം ചോദിക്കണം. നിയമസഭ അംഗീകാരം നൽകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP