Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്രാമവികസന വകുപ്പും തദ്ദേശ ഭരണവകുപ്പും യോജിപ്പിച്ച് പുതിയ വകുപ്പ് ഉണ്ടാക്കിയത് ഏകോപനം കൂടുതൽ ശക്തമാക്കാൻ; ഫയൽ തീർപ്പാക്കലിന് വേഗത കൂടുമെന്ന് സർക്കാർ വാഗ്ദാനം; നടപ്പാക്കുന്നത് പ്രകടന പത്രികയിലെ അജണ്ടയിൽ ഒന്ന്; ഇനി കേരളത്തിൽ ഏകീകൃത തദ്ദേശഭരണ വകുപ്പും

ഗ്രാമവികസന വകുപ്പും തദ്ദേശ ഭരണവകുപ്പും യോജിപ്പിച്ച് പുതിയ വകുപ്പ് ഉണ്ടാക്കിയത് ഏകോപനം കൂടുതൽ ശക്തമാക്കാൻ; ഫയൽ തീർപ്പാക്കലിന് വേഗത കൂടുമെന്ന് സർക്കാർ വാഗ്ദാനം; നടപ്പാക്കുന്നത് പ്രകടന പത്രികയിലെ അജണ്ടയിൽ ഒന്ന്; ഇനി കേരളത്തിൽ ഏകീകൃത തദ്ദേശഭരണ വകുപ്പും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇനി കേരളത്തിൽ ഏകീകൃത തദ്ദേശഭരണ വകുപ്പും. പഞ്ചായത്ത്, നഗരകാര്യം, നഗരഗ്രാമാസൂത്രണം, ഗ്രാമവികസനം, എൻജിനീയറിങ് എന്നീ 5 വകുപ്പുകളെ സംയോജിപ്പിച്ചു റൂറൽ, അർബൻ, പ്ലാനിങ്, ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് ആൻഡ് എൻജിനീയറിങ് എന്നീ നാലു വിഭാഗങ്ങളാക്കിയതാണു പുതിയ വകുപ്പ്.

റൂറൽ, അർബൻ വകുപ്പുകൾക്ക് ഐഎഎസ് ഉദ്യോഗസ്ഥരും പ്ലാനിങ്ങിന് ചീഫ് ടൗൺ പ്ലാനറും എൻജിനീയറിങ് വിഭാഗത്തിന് ചീഫ് എൻജിനീയറുമാണു മേധാവികൾ. പബ്ലിക് ഹെൽത്ത് ആൻഡ് എൻവയൺമെന്റ് മാനേജ്‌മെന്റ്, കമ്യൂണിക്കേഷൻ, എംപവർമെന്റ്, ഹ്യൂമൻ റിസോഴ്‌സ് ഡവലപ്‌മെന്റ് എന്നീ ഉപവിഭാഗങ്ങളും ഉണ്ട്. ഏകീകൃത വകുപ്പിന്റെ സംസ്ഥാന മേധാവി പ്രിൻസിപ്പൽ ഡയറക്ടറും ജില്ലാ മേധാവികൾ ജോയിന്റ് ഡയറക്ടർമാരുമാണ്. മുപ്പത്തിയൊന്നായിരത്തിലധികം സ്ഥിരം ജീവനക്കാരും ഏഴായിരത്തോളം വരുന്ന കണ്ടിജന്റ് ജീവനക്കാരും ചേരുന്നതാണു തദ്ദേശ പൊതുസർവീസ്.

തദ്ദേശ ഭരണ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്ന വിധമാണ് വകുപ്പിന്റെ രൂപീകരണം. ഫയൽ തീർപ്പാക്കാൻ ഏകീകൃത വകുപ്പിൽ മൂന്ന് തട്ടിലുള്ള ഉദ്യോഗസ്ഥ സംവിധാനം ഉണ്ടാകും. ഇത് ജനങ്ങൾക്ക് നൽകേണ്ട സേവനം അതിവേഗത്തിലാക്കാൻ സഹായിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. റൂറൽ, അർബൻ വിഭാഗങ്ങളുടെ തലവന്മാർ ഐഎഎസുകാരായ ഡയറക്ടർമാരാണ്. പ്ലാനിങ് വിഭാഗത്തിന്റെ തലവൻ ചീഫ് ടൗൺ പ്ലാനറും എൻജിനിയറിങ് വിഭാഗത്തിന്റെ തലവൻ ചീഫ് എൻജിനിയറുമായിരിക്കും. എൻജിനിയറിങ് വിഭാഗത്തിന്റെ പേരിലും മാറ്റമുണ്ട്. ലോക്കൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് എൻജിനിയറിങ് എന്നാക്കും. പബ്ലിക് ഹെൽത്ത് ആൻഡ് എൻവയൺമെന്റ് മാനേജ്‌മെന്റ്, കമ്യൂണിക്കേഷൻ, എംപവർമെന്റ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് എന്നീ ഉപവിഭാഗങ്ങളും ഉണ്ടാകും.

ഇടതുപക്ഷ സർക്കാരിന്റെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നായിരുന്നു ഏകീകൃതമായ തദ്ദേശ ഭരണ വകുപ്പ്. വാക്ക് പാലിച്ചുകൊണ്ട് ഏകീകൃത തദ്ദേശ വകുപ്പ് പ്രഖ്യാപനം. വകുപ്പിനു കീഴിലെ പദ്ധതികൾ കേന്ദ്രീകൃതമാകാൻ ഇത് സഹായിക്കും. തദ്ദേശസ്ഥാപനങ്ങളെ മേലേത്തട്ടിൽനിന്ന് നിയന്ത്രിച്ചിരുന്ന സംസ്ഥാന, ജില്ലാ ഓഫീസുകൾ സഹായകേന്ദ്രങ്ങളായി മാറും. രണ്ട് ഓഫീസും ഒന്നാകും. തദ്ദേശഭരണ സ്ഥാപനങ്ങളിൽ എവിടെയും ഇനിമുതൽ ജീവനക്കാരെ മാറ്റിനിയമിക്കാം. ഇത് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്നാണ് വിലയിരുത്തൽ.

അധികാര വികേന്ദ്രീകരണ പ്രക്രിയയെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്താനുതകുന്ന രീതിയിലാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് രൂപീകരിച്ചിരിക്കുന്നത്. ഏകീകൃത വകുപ്പിന്റെ മേധാവി പ്രിൻസിപ്പൽ ഡയറക്ടറായിരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഭരണപരമായ സഹായം എത്തിച്ചുകൊടുക്കുക എന്നതാണ് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രധാന ലക്ഷ്യം.

ഏകീകൃത തദ്ദേശ സ്വയംഭരണ കേഡറിനെ കുറിച്ച് സംസ്ഥാനത്തെ ഒന്നാം ഭരണപരിഷ്‌കാര കമ്മിഷൻ സൂചിപ്പിച്ചിട്ടുള്ളത്, അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായുള്ള ഗുണഫലങ്ങൾ സാധാരണക്കാരായ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കുവാൻ വേണ്ടിയുള്ളതാകണം എന്നാണ്. ഒരു സർക്കാരിന് ജനപക്ഷത്ത് നിൽക്കാനാകണമെങ്കിൽ തദ്ദേശഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയേ മതിയാകൂ. ജനങ്ങളുടെ ഏറ്റവും അടുത്തുനിൽക്കുന്ന പ്രാദേശിക സർക്കാരുകളാണ് അവയെന്നും മന്ത്രി എംവി ഗോവിന്ദൻ വിശദീകരിച്ചിട്ടുണ്ട്.

താഴെ തലം മുതൽ സെക്രേട്ടറിയറ്റ് വരെ ശക്തമായ പിന്തുണാസംവിധാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമാണ്. വകുപ്പുകളുടെ ഏകോപനത്തിലൂടെ ഇതു ശക്തിപ്പെടുത്താനാകും. നേരത്തെ സെക്രട്ടേറിയറ്റിൽ ഉണ്ടായിരുന്ന ഗ്രാമവികസന വകുപ്പും തദ്ദേശ ഭരണവകുപ്പും യോജിപ്പിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് രൂപീകരിച്ചത് ഈ കാഴ്ചപ്പാടിന്റെ ഭാഗമായാണ്.

അഞ്ച് വ്യത്യസ്ത വകുപ്പുകളെ യോജിപ്പിച്ചപ്പോൾ വിവിധ വകുപ്പുകളിലെ ജീവനക്കാർ നിർവഹിച്ചുവന്നിരുന്ന ഉത്തരവാദിത്വങ്ങളുടെയും ചുമതലകളുടെയും സമാനത, ശമ്പള സ്‌കെയിലിന്റെ സമാനത എന്നീ ഘടകങ്ങൾ പൂർണമായും പരിഗണിച്ചിട്ടുണ്ട്. പ്രാദേശിക സർക്കാരുകളുടെ സേവനപ്രദാന പ്രവർത്തനങ്ങൾക്കനുസൃതമായി ജീവനക്കാരെ പുനഃക്രമീകരിക്കാനും വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ജീവനക്കാരുടെ പ്രവൃത്തിഭാരം ലഘൂകരിക്കാനും കൃത്യനിർവഹണത്തിൽ കാര്യക്ഷമത വർധിപ്പിക്കാനും നടപടിയെടുത്തിട്ടുണ്ട്-മന്ത്രി പറയുന്നു.

ഏകീകൃത വകുപ്പിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ പൊതുവായ ഒരു വകുപ്പ് അധ്യക്ഷനും ജില്ലാതലത്തിൽ ഒരു മേധാവിയും നിലവിൽ വരുന്നതോടെ ജില്ലാ ആസൂത്രണ സമിതിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകുമെന്നതിൽ സംശയമില്ലെന്നാണ് സർക്കാർ പ്രതീക്ഷ. കേരളത്തിന്റെ സമഗ്രമായ വികസന കുതിപ്പിന് കരുത്തേകാൻ ഉതകുന്നതും ജനകീയവും സേവനപ്രദാനവുമായ സർവീസ് ഉറപ്പുവരുത്തുന്നതുമായ ചരിത്രപരമായ കാൽവെപ്പാണ് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ രൂപീകരണമെന്ന് മന്ത്രി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP