Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

18 വയസ്സിൽ പഴ്‌സനൽ സ്റ്റാഫിൽ കയറി 20 വയസ്സിൽ ജോലി മതിയാക്കിയാലും മരണം വരെ പെൻഷൻ; പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ സർക്കാർ ജീവനക്കാർ വിരമിച്ച ശേഷം മരിച്ചാൽ കുടുംബ പെൻഷനില്ല; മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിന് കുടുംബ പെൻഷനും അർഹത; ഈ വിചിത്രാചാരം ഗവർണ്ണർ മാറ്റുമോ?

18 വയസ്സിൽ പഴ്‌സനൽ സ്റ്റാഫിൽ കയറി 20 വയസ്സിൽ ജോലി മതിയാക്കിയാലും മരണം വരെ പെൻഷൻ; പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ സർക്കാർ ജീവനക്കാർ വിരമിച്ച ശേഷം മരിച്ചാൽ കുടുംബ പെൻഷനില്ല; മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിന് കുടുംബ പെൻഷനും അർഹത; ഈ വിചിത്രാചാരം ഗവർണ്ണർ മാറ്റുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ക്ഷമനിധി ബോർഡിൽ അംഗങ്ങളായവർക്കു പെൻഷൻ ലഭിക്കുക 60 വയസ്സിനു ശേഷം. സർക്കാർ ജീവനക്കാർക്ക് മിനിമം പെൻഷനെങ്കിലും കിട്ടണമെങ്കിൽ കുറഞ്ഞത് 10 വർഷം ജോലി ചെയ്യണം. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ രണ്ടു കൊല്ലം ജോലി ചെയ്താൽ പെൻഷൻ. ഇത് മാറ്റുമെന്ന് വാക്കു തരികയാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. വിചിത്രമായ ആചാരണമാണ് ഖജനാവിനെ മുടിപ്പിക്കുന്ന പേഴ്‌സണൽ സ്റ്റാഫിന്റെ പെൻഷൻ.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് പെൻഷൻ ഉടൻ നിർത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുമ്പോൾ ചർച്ചകൾ പുതിയ തലത്തിലെത്തുന്നു. പല വിഷയത്തിലും ഗവർണ്ണറോട് യോജിക്കാത്തവർ പോലും ഇതിനോട് കൈയടിക്കുന്നു. പെൻഷൻ വിഷയം ഗൗരവമായി എടുക്കുകയാണ്. പെൻഷൻ അവസാനിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പേഴ്സണൽ സ്റ്റാഫിനുള്ള പെൻഷൻ ഫയൽ വിളിപ്പിച്ചിട്ടുണ്ട്. നടപടിയെടുക്കാൻ തനിക്ക് അധികാരമുണ്ടെന്നും നടപടിക്ക് ഒരു മാസം പോലും വേണ്ടി വരില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.

2 വർഷം ജോലി ചെയ്താൽ പെൻഷൻ വാങ്ങാൻ കഴിയുന്നതിനാൽ ഓരോ മന്ത്രിമാരും 2 വർഷം ഒരാളെയും അടുത്ത 2 വർഷം മറ്റൊരാളെയും നിയമിച്ച് 5 വർഷത്തിനിടെ ഒരു തസ്തികയിൽ 2 പേർക്ക് വീതം പെൻഷൻ വാങ്ങാൻ അവസരമൊരുക്കും. പഴ്‌സനൽ സ്റ്റാഫിന്റെ എണ്ണം 30ൽ നിന്ന് 25 ആക്കി കുറച്ചെന്ന് അവകാശപ്പെടുമ്പോഴും ആവർത്തിച്ചുള്ള നിയമനമൂലം എണ്ണം 50 ആകുന്നുവെന്നാണ് വിമർശനം.

18 വയസ്സിൽ പഴ്‌സനൽ സ്റ്റാഫിൽ കയറിയ ആൾ 20 വയസ്സിൽ അവിടെ നിന്നിറങ്ങിയാൽ മരണം വരെ പെൻഷൻ വാങ്ങാം. ഓരോ പെൻഷൻ പരിഷ്‌കരണത്തിലും പെൻഷൻ വർധിപ്പിച്ചു നൽകുകയും ചെയ്യും. 2400 രൂപയായിരുന്ന മിനിമം പെൻഷൻ കഴിഞ്ഞ പരിഷ്‌കരണത്തോടെ 3550 രൂപയായി. 30 വർഷം സർവീസ് ഉള്ളവർക്ക് മുഴുവൻ പെൻഷൻ ലഭിക്കും. പ്രതിപക്ഷ നേതാക്കൾക്കും മുഖ്യമന്ത്രിക്കും ഒപ്പം മാറിമാറി പഴ്‌സനൽ സ്റ്റാഫിൽ എത്തിയ ഒരാൾ ഇപ്പോൾ തന്നെ 30 വർഷം സേവനം പിന്നിട്ടു. അവർക്ക് മുഴുവൻ പെൻഷനും കിട്ടും.

പങ്കാളിത്ത പെൻഷൻ പദ്ധതിക്കു കീഴിലെ സർക്കാർ ജീവനക്കാർ വിരമിച്ച ശേഷം മരിച്ചു പോയാൽ കുടുംബ പെൻഷനില്ല. എന്നാൽ, പഴ്‌സനൽ സ്റ്റാഫിന് കുടുംബ പെൻഷനും അർഹതയുണ്ട്. 1250 പേർ ഇപ്പോൾ പഴ്‌സനൽ സ്റ്റാഫ് പെൻഷൻ സർക്കാർ ഖജനാവിൽ നിന്നു കൈപ്പറ്റുന്നു. സർക്കാർ നടപ്പാക്കിയ മെഡിക്കൽ ഇൻഷുറൻസ് അടക്കമുള്ള ആനുകൂല്യങ്ങളും ഇവർക്കു ലഭിക്കും.

സെക്രട്ടേറിയറ്റിലെ ഡപ്യൂട്ടി സെക്രട്ടറിക്കു തുല്യമായ ശമ്പളമാണ് പഴ്‌സനൽ സ്റ്റാഫിനു ലഭിക്കുന്ന ഉയർന്ന ശമ്പളം. പ്രൈവറ്റ് സെക്രട്ടറിക്കും അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിമാർക്കുമാണ് ഈ ശമ്പളം ലഭിക്കുക. തൊട്ടു താഴെയുള്ള പഴ്‌സനൽ സ്റ്റാഫിന് സർക്കാർ സർവീസിലെ തത്തുല്യമായ റാങ്കിലെ ജീവനക്കാരനു ലഭിക്കുന്ന ശമ്പളം കിട്ടും. മന്ത്രിമാർ, സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ് എന്നിവർക്ക് 30 പേരെ നിയമിക്കാം. 30 പേരെ നിയമിക്കാമെങ്കിലും 27 പേരെ മതിയെന്നാണ് എൽഡിഎഫ് തീരുമാനം.

അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിമാരിൽ ഒരാളെയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരിൽ 2 പേരെയും സെക്ഷൻ ഓഫിസറെയും സർക്കാർ സർവീസിൽനിന്നു ഡപ്യൂട്ടേഷനിൽ നിയമിക്കണമെന്നു വ്യവസ്ഥയുണ്ട്. ഗവർണറുടെ പഴ്‌സനൽ സ്റ്റാഫിൽ 4 പേർ മാത്രമേയുള്ളൂവെങ്കിലും രാജ്ഭവനിലെ ഉദ്യോഗസ്ഥ സന്നാഹം വളരെ വിപുലമാണ്. ഗവർണറുടെ സെക്രട്ടറി തസ്തികയിലുള്ളത് ഐഎഎസ് ഉദ്യോഗസ്ഥനാണ്. 10.83 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം ബജറ്റിൽ രാജ്ഭവനു വേണ്ടി മാറ്റിവച്ചിരിക്കുന്നത്. ഇതിനു പുറമേ മെഡിക്കൽ ഓഫിസർ അടക്കം ആരോഗ്യവകുപ്പിൽ നിന്ന് 6 ജീവനക്കാരുമുണ്ട്. ഗവർണറുടെ ശമ്പളത്തിനായി 42 ലക്ഷവും ആവശ്യാനുസരണം ചെലവഴിക്കാൻ 25 ലക്ഷവും പ്രതിവർഷം വകയിരുത്തിയിട്ടുണ്ട്.

സ്റ്റാഫ് നിയമനത്തിന്റെ പേരിൽ പാർട്ടി കേഡർ വളർത്തുന്നുവെന്നും ഗവർണർ നേരത്തെ ആരോപിച്ചിരുന്നു. നടക്കുന്നത് പാർട്ടി റിക്രൂട്ട്മെന്റാണ്. പെൻഷനും ശമ്പളവും ഉൾപ്പെടെ വൻ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നു. രണ്ടു വർഷം കൂടുമ്പോൾ സ്റ്റാഫിനെ മാറ്റി നിയമിക്കുന്നു. ഈ രീതി റദ്ദാക്കണം. ഇത് നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഈ നിലപാടിൽ നിന്നും പിന്നോട്ടില്ല. രാജ്ഭവനെ നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കരുത്. സർക്കാരിന് അതിന് അവകാശമില്ല. ജ്യോതിലാലിനെ മാറ്റാൻ താൻ ആവശ്യപ്പെട്ടിട്ടില്ല. രാഷ്ട്രപതിയോടു മാത്രമേ തനിക്ക് ഉത്തരം പറയേണ്ട ബാധ്യതയുള്ളുവെന്നും ഗവർണർ ആഞ്ഞടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP