Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ആലുവ സബ്ജയിലിൽ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു; വെറും തറയിൽ മൂന്നു നാലു ജയിൽവാസികൾക്കൊപ്പം കിടക്കുകയാണ് വികൃത രൂപമായി ദിലീപ്; വിറയ്ക്കുന്നുണ്ട്..അഴിയിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു; പക്ഷേ വീണു പോയി': കൂടുതൽ സൗകര്യം ചെയ്തുകൊടുത്തുവെന്ന് സമ്മതിച്ച് ആർ.ശ്രീലേഖ

'ആലുവ സബ്ജയിലിൽ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു; വെറും തറയിൽ മൂന്നു നാലു ജയിൽവാസികൾക്കൊപ്പം കിടക്കുകയാണ് വികൃത രൂപമായി ദിലീപ്; വിറയ്ക്കുന്നുണ്ട്..അഴിയിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു; പക്ഷേ വീണു പോയി': കൂടുതൽ സൗകര്യം ചെയ്തുകൊടുത്തുവെന്ന് സമ്മതിച്ച് ആർ.ശ്രീലേഖ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആലുവ സബ് ജയിലിൽ കിടന്ന സമയത്ത് നടൻ ദിലീപിന് പ്രത്യേക പരിഗണന നൽകിയിരുന്നോ? വിവാദമുയർന്ന വേളയിൽ ജയിൽ ഡിജിപി ആയിരുന്ന ആർ ശ്രീലേഖ അന്നുതന്നെ ഇത്തരം വാർത്തകൾ നിഷേധിക്കുകയാണ് ചെയ്തത്. ദിലീപിന് പ്രത്യേക പരിഗണന നൽകുന്നില്ല എന്നാണ് അവർ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു. ദിലീപിന് ജയിലിൽ സഹായം ലഭിക്കാൻ ഉന്നത ഉദ്യോഗസ്ഥർ കൂട്ടുനിന്നു എന്നും വാർത്തകൾ വന്ന സാഹചര്യത്തിലായിരുന്നു ശ്രീലേഖയുടെ പ്രതികരണം. എന്നാൽ, ദിലീപിനു കൂടുതൽ സൗകര്യം ചെയ്ത് നൽകിയിട്ടുണ്ടെന്ന് ആർ. ശ്രീലേഖ തുറന്നുസമ്മതിച്ചു. മനോരമ ന്യൂസ് നേരേ ചൊവ്വെ പരിപാടിയിലാണ് വെളിപ്പെടുത്തൽ.

എന്നാൽ താൻ വിഐപി സൗകര്യം ചെയ്തു കൊടുത്തു എന്ന അപവാദ പ്രചരണം വന്ന ശേഷമാണ് കൂടുതൽ സൗകര്യം ചെയ്ത് നൽകിയതെന്നും ശ്രീലേഖ പറഞ്ഞു. ' ഞാൻ ജയിൽ ഡിജിപി ആയിരിക്കെ ദിലീപിനു കൂടുതൽ സൗകര്യം ഏർപ്പാടാക്കി എന്ന തരത്തിൽ പ്രചരണം നടന്നു. എനിക്കെതിരെ വളരെ വലിയ പ്രതിഷേധം ഉണ്ടായി. എന്നാൽ അപവാദം വന്നതിനു ശേഷമാണ് ആലുവ സബ് ജയിലിൽ പോകുന്നത്. അവിടെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. വെറും തറയിൽ മൂന്നു നാലു ജയിൽവാസികൾക്കൊപ്പം കിടക്കുകയാണ് ദിലീപ്. വിറയ്ക്കുന്നുണ്ട്. അഴിയിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ വീണു പോയി.

സ്‌ക്രീനിൽ കാണുന്നയാളാണോ ഇതെന്നു തോന്നിപ്പോയി. അത്ര വികൃതമായിട്ടുള്ള രൂപാവസ്ഥ. എനിക്കു പെട്ടെന്നു മനസ്സലിയും. ഞാനയാളെ പിടിച്ചുകൊണ്ടു വന്ന് സൂപ്രണ്ടിന്റെ മുറിയിൽ ഇരുത്തി. ഒരു കരിക്ക് കൊടുത്തു. രണ്ടു പായയും, ബ്ലാങ്കറ്റും നൽകാൻ പറഞ്ഞു. ചെവിയുടെ ബാലൻസ് ശരിയാക്കാൻ ഡോക്ടറെ വിളിച്ചു. പോഷകാഹാരം കൊടുക്കാൻ ഏർപ്പാടാക്കി. സാധാരണ തടവുകാരനാണെങ്കിലും ഞാൻ അതു ചെയ്യും. മൂന്നാംമുറ ഏറ്റ ഒരു കൊലപാതക കേസ് പ്രതിയെ ഇതു പോലെ പരിഗണിച്ചിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു.

ദിലീപിന് നൽകിയത് റിമാൻഡ് പ്രതിക്കുള്ള മാനുഷിക പരിഗണന മാത്രമാണെന്നും ശ്രീലേഖ വ്യക്തമാക്കി. അന്ന് ജയിലിൽ ദിലീപിന് കമ്പിളി അടക്കം ലഭ്യമാക്കാൻ ശ്രീലേഖയായിരുന്നു ഇടപെട്ടത്. ആലുവ സബ് ജയിലിൽ ദിലീപിന് വിഐപി പരിഗണന ലഭിച്ചു എന്ന ആക്ഷേപമാണ് അക്കാലത്ത് ഉയർന്നിരുന്നത്. പ്രത്യേക ഭക്ഷണം ലഭിച്ചിരുന്നു എന്നും കുളിക്കാനും മറ്റും ഇതര തടവുകാർക്കില്ലാത്ത സൗകര്യം ദിലീപിന് കിട്ടി എന്നുമായിരുന്നു റിപ്പോർട്ടുകൾ. എല്ലാ തടവുകാർക്കുമൊപ്പം ഭക്ഷണം കഴിക്കാൻ ദിലീപിനെ അയച്ചിരുന്നില്ല. അവർ തിരിച്ചെത്തിയ ശേഷം ദിലീപിനെ മാത്രം ഭക്ഷണം കഴിക്കാൻ വിട്ടു എന്ന ആക്ഷേപവും ഉയർന്നിരുന്നു.

എല്ലാ തടവുകാരും കുളിച്ചു വന്ന ശേഷമായിരുന്നു ദിലീപിനെ കുളിക്കാൻ വിട്ടിരുന്നത്. എല്ലാ തടവുകാരും ഭക്ഷണം കഴിച്ച് തിരിച്ചുവന്ന ശേഷമാണ് ദിലീപിനെ ഭക്ഷണം കഴിക്കാൻ കൊണ്ടുപോയിരുന്നത്, ജയിലിലെ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ഭക്ഷണം ദിലീപിനും കിട്ടി, സെല്ലിൽ ഒരു തവവുകാരനെ ദിലീപിന്റെ സഹായത്തിന് അനുവദിച്ചു തുടങ്ങിയ ആരോപണങ്ങളും നടൻ ജയിലിൽ കഴിഞ്ഞ കാലത്ത് ഉയർന്നിരുന്നു.

ദിലീപ് ജയിലിൽ കഴിഞ്ഞ സമയത്ത് അദ്ദേഹത്തെ സന്ദർശിച്ച വ്യക്തിയാണ് നിർമ്മാതാവ് സുരേഷ് കുമാർ. ജയിലിൽ ദിലീപിന് മികച്ച സൗകര്യം ലഭിക്കുന്നു എന്ന വാർത്തകൾ അന്ന് തന്നെ സുരേഷ് കുമാർ നിഷേധിച്ചിരുന്നു. മറ്റു തടവുകാർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ മാത്രമാണ് ദിലീപിന് കിട്ടുന്നതെന്നും താരത്തിന് ശാരീരിക അസ്വാസ്ഥ്യമുണ്ടായ വേളയിൽ ചികിൽസ നൽകിയതെല്ലാം തെറ്റായി പ്രചരിപ്പിച്ചുവെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു.

ഡിജിപിയിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് സുരേഷ് കുമാർ ദിലീപിനെ സന്ദർശിക്കാൻ ആലുവ ജയിലിൽ എത്തിയത്. വളരെ കുറച്ച് നേരം മാത്രമായിരുന്നു കൂടിക്കാഴ്ച. തെറ്റ് ചെയ്തില്ലെന്നും ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കുന്നു എന്നും ദിലീപ് നിർമ്മാതാവിനോട് പറഞ്ഞിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി പറഞ്ഞ കാര്യങ്ങൾ വച്ച് ദിലീപിനെ പ്രതി ചേർക്കുകയാണുണ്ടായതെന്നും സുരേഷ് കുമാർ അന്ന് ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു.

ക്രമസമാധാന ചുമതലയുള്ള ഡിജിപിയാകാൻ ആഗ്രഹിച്ചിരുന്നുവെന്നും ഫയർ ഫോഴ്‌സ് ഡിജിപിയായിരിക്കേ യാത്രയയപ്പ് വേണ്ടെന്ന് വച്ചത് അതുവരെ നേരിട്ട അവഗണന കൊണ്ടാണെന്നും ശ്രീലേഖ അഭിമുഖത്തിൽ പറഞ്ഞു. രാഷ്ട്രീയ പിൻബലമുള്ള പൊലീസ് ഓഫീസർമാർക്ക് അഴിമതി ഉൾപ്പെടെ എന്തുമാകാം. അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ ഒരു മുഖ്യമന്ത്രി പരസ്യമായി പിന്തുണച്ച സാഹചര്യമുണ്ടായിട്ടുണ്ടെന്നും ശ്രീലേഖ മനോരമ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP