Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഴയ ബോസിനൊപ്പം വിരുന്ന് കഴിച്ച് പ്രശാന്ത് കിഷോർ; മമതയോട് കൂട്ടുവെട്ടി ബംഗാളിൽ നിന്ന് ബിഹാറിലേക്ക് മടങ്ങുന്നോ? ഡൽഹിയിലെ കൂടിക്കാഴ്ച ബന്ധം പുതുക്കലെന്ന് പുറമേ പറയുന്നെങ്കിലും വിശ്വസിക്കാതെ അണികൾ; നിതീഷ് കുമാറിന് ഇത് ബിജെപിക്കുള്ള ചൂടൻ സന്ദേശം

പഴയ ബോസിനൊപ്പം വിരുന്ന് കഴിച്ച് പ്രശാന്ത് കിഷോർ; മമതയോട് കൂട്ടുവെട്ടി ബംഗാളിൽ നിന്ന് ബിഹാറിലേക്ക് മടങ്ങുന്നോ? ഡൽഹിയിലെ കൂടിക്കാഴ്ച ബന്ധം പുതുക്കലെന്ന് പുറമേ പറയുന്നെങ്കിലും വിശ്വസിക്കാതെ അണികൾ; നിതീഷ് കുമാറിന് ഇത് ബിജെപിക്കുള്ള ചൂടൻ സന്ദേശം

മറുനാടൻ മലയാളി ബ്യൂറോ

പാറ്റ്‌ന: 2014 ൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലേക്ക് നയിച്ചു. ബിഹാറിൽ നിതീഷ്, ആന്ധ്രയിൽ ജഗ്മോഹൻ റെഡ്ഡി, പിന്നീട് മമതയും. എന്നാൽ, താൻ ആരെയെങ്കിലും പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആക്കി എന്നുപറയുന്നതിൽ കഥയില്ല എന്നാണ് പ്രശാന്ത് കിഷോർ പറയാറുള്ളത്. പൊളിറ്റിക്കൽ സ്ട്രാറ്രജിസ്റ്റ് എന്ന് തന്നെ വിശേഷിപ്പിച്ചാൽ പ്രശാന്ത് കിഷോർ അതുതിരുത്തും. ഇല്ല അങ്ങനെ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയ നേതാക്കളുടെ പൊളിറ്റിക്കൽ എയ്ഡ്(സഹായി) എന്ന് വിളിച്ചാൽ തരക്കേടില്ല. താൻ ആരെയെങ്കിലും തിരഞ്ഞെടുപ്പിൽ ജയിക്കാൻ സഹായിക്കുന്നതും, അവരെ ജയിപ്പിക്കുന്നതും രണ്ടാണെന്നും അദ്ദേഹം പറയുന്നു. എന്തായാലും മമത ബാനർജിയുമായി ബംഗാളിലെ കൂട്ടുകെട്ട് ആടിയുലയുകയാണ്. മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയും മറ്റുള്ളവരും തമ്മിലുളേള പോര് രൂക്ഷമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ തന്റെ പഴയ ബോസ് നിതീഷ് കുമാറുമായി പ്രശാന്ത് കിഷോർ വിരുന്ന് കഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

നിതീഷിന്റെ ജനതാദൾ യുണൈറ്റഡുമായി വീണ്ടും പ്രശാന്ത് കിഷോർ കൂട്ടുകൂടുകയാണോ? 2020 ൽ പാർട്ടിയിലെ രണ്ടം സ്ഥാനക്കാരനായിരുന്ന പ്രശാന്തിനെ നിതീഷ് പുറത്താക്കിയ ശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ഡൽഹിയിലെ നിതീഷിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ചയും വിരുന്നും.

താൻ പ്രശാന്ത് കിഷോറിനെ കണ്ട കാര്യം നിതീഷ് കുമാർ ശരിവച്ചു. അദ്ദേഹവുമായി പഴയ ബന്ധം പുതുക്കിയതാണെന്നും, കൂടിക്കാഴ്ചയിൽ നിന്ന് അധികം പ്രതീക്ഷിക്കേണ്ട എന്നുമായിരുന്നു നിതീഷിന്റെ പ്രതികരണം. അതൊരു സാധാരണ സന്ദർശനം മാത്രമെന്ന് പ്രശാന്ത് കിഷോറും എൻഡി ടിവിയോട് പറഞ്ഞു. നിതീഷ് കുമാറിന് ഓമിക്രോൺ പിടിപെട്ടപ്പോൾ താൻ അദ്ദേഹത്തെ വിളിച്ച് ആരോഗ്യവിവരം അന്വേഷിച്ചിരുന്നു. നേരിൽ കാണാൻ നിതീഷ് ആഗ്രഹം പ്രകടിപ്പിച്ചു. അത് ഇന്നലെയാണ് നടന്നത്, പ്രശാന്ത് പറഞ്ഞു. എന്നാൽ, രാഷ്ട്രീയപരമായി എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യത അദ്ദേഹം തള്ളി കളഞ്ഞു. രാഷ്ട്രീയത്തിൽ തങ്ങൾ ധ്രുവങ്ങൾ അകലെ എന്നാണ് പ്രശാന്ത് കിഷോർ പറഞ്ഞത്.

നിതീഷ് കുമാറുമായി പിണങ്ങിയ പ്രശാന്ത് കിഷോർ ബീഹാർ വിട്ടിരുന്നു. 2015ൽ നിതീഷ് കുമാറിനെ ബീഹാറിൽ വിജയത്തിലെത്തിച്ചതിന്റെ ചേരുവ തയ്യാറാക്കിയത് പ്രശാന്ത് കിഷോറായിരുന്നു. രാഷ്ട്രീയത്തിൽ പ്രശാന്ത് നേരിട്ട് കൈവച്ചത് ജെഡിയുവിലായിരുന്നു. അത് പൊള്ളുകയും ചെയ്തു. മാസങ്ങൾക്കുള്ളിൽ ബന്ധം വഷളാകുകയും, ദേശീയ വൈസ് പ്രസിഡന്റ് പദവിയിൽ നിന്ന് പുറത്താക്കപ്പെടുകയുമായിരുന്നു.

എന്നാൽ, സമീപകാല അഭിമുഖങ്ങളിൽ അദ്ദേഹം ബിഹാർ മുഖ്യമന്ത്രിയുമായി തനിക്കുള്ള അടുത്ത ബന്ധത്തെ കുറിച്ച് സംസാരിച്ചിരുന്നു. വീണ്ടും ബന്ധം സ്ഥാപിക്കാൻ തനിക്ക് താൽപര്യമുള്ള അപൂർവം ചിലരിൽ ഒരാളായി നിതീഷിനെ പേരെടുത്തുപറയുകയും ചെയ്തു. ബംഗാളിൽ കോളിളക്കമായതുകൊണ്ട് തന്നെ പ്രശാന്ത് കിഷോർ തന്റെ പഴയ ലാവണത്തിലേക്ക് ചാടാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല.

കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പ് മുതൽ, പ്രശാന്തിന്റെ രാഷ്ട്രീയ കൺസൾട്ടൻസി ഗ്രൂപ്പായ ഐ-പിഎസി തൃണമൂലുമായി സഹകരിച്ചുവരികയാണ്. എന്നാൽ, മമതയും, അഭിഷേക് ബാനർജിയുമായുള്ള പ്രശ്‌നങ്ങൾ സഹകരണത്തെ ബാധിച്ചു.

നിതീഷ് കുമാറിനെ സംബന്ധിച്ച് കൂടിക്കാഴ്ചയ്ക്ക് വളരെ ആഴത്തിലുള്ള ഉദ്ദേശ്യമുണ്ട്. പ്രശാന്തുമായുള്ള വിരുന്ന് ബിജെപിക്കുള്ള നിതീഷിന്റെ സന്ദേശമാണെന്ന് അദ്ദേഹത്തോട് അടുപ്പം ഉള്ളവർ പറയുന്നു. പല വിഷയങ്ങളിലും ബിജെപി ഇപ്പോൾ നിതീഷിനെ തുറന്ന് വിമർശിക്കുന്ന പശ്ചാത്തലത്തിലാണ് ഈ മാറ്റം.

2020 ലെ ബിഹാർ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ മടങ്ങി എത്തിയതിന് ശേഷം ബിജെപിയുടെ തള്ളിക്കയറ്റം നിയന്ത്രിക്കാൻ നിതീഷിന് കഴിയുന്നില്ല എന്നതും സത്യമാണ്്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP