Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദീപുവിന്റെ മരണത്തിൽ ബന്ധമില്ല; ട്വന്റി 20 യും സാബു ജേക്കബും താൽക്കാലിക ലാഭത്തിനായി നാടകം കളിക്കുന്നു; ദീപുവിന്റെ ബന്ധുക്കളോ അയൽവാസികളോ പരാതി നൽകിയിട്ടില്ല; പി വി ശ്രീനിജൻ എംഎൽഎയ്ക്കെതിരെ ആസൂത്രിത നീക്കമാണ് നടത്തുന്നത് എന്നും സിപിഎം

ദീപുവിന്റെ മരണത്തിൽ ബന്ധമില്ല; ട്വന്റി 20 യും സാബു ജേക്കബും താൽക്കാലിക ലാഭത്തിനായി നാടകം കളിക്കുന്നു; ദീപുവിന്റെ ബന്ധുക്കളോ അയൽവാസികളോ പരാതി നൽകിയിട്ടില്ല; പി വി ശ്രീനിജൻ എംഎൽഎയ്ക്കെതിരെ ആസൂത്രിത നീക്കമാണ് നടത്തുന്നത് എന്നും സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കിഴക്കമ്പലത്തെ ദീപുവിന്റെ മരണത്തിൽ ബന്ധമില്ലെന്ന് ആവർത്തിച്ച് സിപിഎം. ട്വന്റി ട്വന്റി വാർഡ് അംഗത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തതെന്ന് ലോക്കൽ സെക്രട്ടറി വി ജെ വർഗീസ് പറഞ്ഞു. ദീപുവിന്റെ ബന്ധുക്കളോ അയൽവാസികളോ പരാതി നൽകിയിട്ടില്ല. പി വി ശ്രീനിജൻ എംഎൽഎയ്ക്കെതിരെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പ്രതികളായ സിപിഎം പ്രവർത്തകർക്ക് നിയമസഹായം നൽകും. 12-ാം തീയതി വിളക്കണയ്ക്കൽ സമരത്തിന് ട്വന്റി ട്വന്റി ആഹ്വാനം നൽകിയിരുന്നു. എന്നാൽ ആ പ്രദേശത്ത് ബഹുഭൂരിപക്ഷം പേരും വിളക്കണച്ചില്ലെന്ന് വി ജെ വർഗീസ് പറഞ്ഞു. ദീപുവിന്റെ മരണത്തിൽ ദുഃഖമുണ്ട്. വേദനയുണ്ടെന്നും വി ജെ വർഗീസ് പറഞ്ഞു.

വെങ്ങോല പഞ്ചായത്തിൽ താമസിക്കുന്ന പഞ്ചായത്ത് മെമ്പർ എന്തിന് ഏഴേകാൽ മണിക്ക് ഇവിടെ വന്നു, എന്തിന് സിപിഎമ്മിന്റെ നാലു പ്രവർത്തകരുടെ പേര് പൊലീസിന് റിപ്പോർട്ട് ചെയ്തു എന്നതിനെക്കുറിച്ച് അന്വേഷിക്കണം. തൊട്ടടുത്ത വീട്ടിൽ കയറി ദീപു വിളക്കണയ്ക്കാൻ ശ്രമിച്ചു. പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിലായിരുന്നു അത്. ഇത് സിപിഎം പ്രവർത്തകർ ചോദ്യം ചെയ്തു എന്നത് ശരിയാണെന്ന് വർഗീസ് പറഞ്ഞു.

എന്നാൽ ദീപുവിന്റെ അയൽവാസിയായ സജിയോടാണ് സിപിഎം പ്രവർത്തകർ ചോദിച്ചത്. ദിപുവിന്റെ വീട്ടിലെ വിളക്ക് ദീപു അണച്ചോട്ടെ, നിന്റെ വീട്ടിലെ വിളക്ക് നിനക്ക് വേണമെങ്കിൽ അണച്ചാൽപ്പോരേ എന്നാണ് സജിയോട് ചോദിച്ചത്. ഉടൻ തന്നെ സജി ലൈറ്റ് ഇട്ട് ടിവിയും ഓൺ ചെയ്തുവെന്ന് വി ജെ വർഗീസ് പറഞ്ഞു.

ദീപുവിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചുവെങ്കിൽ എന്തുകൊണ്ട് അന്ന് ആശുപത്രിയിൽ കൊണ്ടുപോയില്ലായെന്ന് അദ്ദേഹം ചോദിച്ചു. പിറ്റേദിവസവും ആശുപത്രിയിൽ പോയില്ല. അതിന്റെയും പിറ്റേന്നാണ് ദീപുവിനെ ആശുപത്രിയിലാക്കുന്നത്. വിളക്കണയ്ക്കൽ സമരത്തിന്റെ പിറ്റേദിവസം ദീപുവിന്റെ വീട്ടിൽ സിപിഎം പ്രവർത്തകർ സംസ്ഥാന സമ്മേളനത്തിന്റെ ഹുണ്ടിക കളക്ഷനായി ചെന്നിരുന്നു.

അന്ന് ദീപുവുമായി സൗഹൃദം പങ്കിട്ടിരുന്നു. ഹുണ്ടിക കളക്ഷന് 10 രൂപ നൽകാൻ ദീപു അമ്മയോട് പറയുകയും ചെയ്തു. അതനുസരിച്ച് ദീപുവിന്റെ അമ്മ 10 രൂപ ഹുണ്ടിക പിരിവിന് സംഭാവന നൽകുകയും ചെയ്തിരുന്നു. ദീപുവിനോട് ഒരിക്കലും പാർട്ടിക്ക് വിദ്വേഷമുണ്ടായിരുന്നില്ലെന്ന് വി ജെ വർഗീസ് പറഞ്ഞു.

ദീപുവിന്റെ മരണത്തിൽ സാബു ജേക്കബ് നാടകം കളിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം സി ബി ദേവദർശൻ പറഞ്ഞു. ദീപുവിന്റെ മരണത്തിൽ ശരിയായ അന്വേഷണം വേണം. ദീപുവിന്റെ മരണം സാബു ജേക്കബ് താൽക്കാലിക ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും ദേവദർശൻ ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ ട്വന്റി-20 പാർട്ടിക്ക് സംഭവിച്ച പരാജയത്തെ തുടർന്ന് അതിൽ തുടർച്ചയായി അസ്വസ്ഥത പ്രകടിപ്പിക്കുകയാണ് സാബു എം ജേക്കബ് ചെയ്യുന്നത്.

ഇവരുടെ സ്വന്തം കോർപ്പറേറ്റ് പാർട്ടിയുടെ ഗ്രാമപഞ്ചായത്തംഗത്തെ ഉപയോഗിച്ച് നടത്തിയ നാടകമാണ് ഇതിനെ കൊലപാതകമാക്കി ചിത്രീകരിക്കുന്നതിന് പിന്നിലുള്ളത്. ഇതിന് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കേണ്ടതാണ്. സംഭവത്തെക്കുറിച്ച് ശരിയായ നിലയിൽ അന്വേഷണം നടത്തി വസ്തുതകൾ പുറത്തു വരണം. സിപിഐ എമ്മിന് ഈ സംഭവത്തിൽ യാതൊരു പങ്കുമില്ല. കിറ്റക്സ് കമ്പനിയിൽ ക്രിസ്തുമസ് രാവിൽ നടന്ന സംഭവ വികാസങ്ങളും പൊലീസ് വാഹനം കത്തിക്കലും പ്രദേശത്തെ ക്രമസമാധാനം തകർക്കുന്ന നിലയിലേക്ക് ഉയർന്നുവന്ന സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ തീർത്തും ഒറ്റപ്പെട്ട കിറ്റക്സ് എം.ഡി. ഈ മരണത്തെ താൽക്കാലിക ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും സി ബി ദേവദർശൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP