Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അച്ചടിമലയാളം: സാംസ്‌കാരികചരിത്രം

അച്ചടിമലയാളം: സാംസ്‌കാരികചരിത്രം

ഷാജി ജേക്കബ്‌

Print taught men to say: Damn the torpedoes, Full steam ahead'

- Marshal McLuhan, 1964

ഒന്ന് 

സാങ്കേതികവിദ്യ (Technology), മാധ്യമം (Medium), സാംസ്‌കാരികരൂപം (Cultural Form) എന്നീ നിലകളിൽ അച്ചടി നിർമ്മിച്ച സൗന്ദര്യശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവും പ്രത്യയശാസ്ത്രപരവുമായ ഭാവലോകങ്ങളെയാണ് നാം പൊതുവിൽ ആധുനികത (Modernity) എന്നു വിളിച്ചുപോരുന്നത്. ജ്ഞാനപരവും ഭാവനാത്മകവുമായ മനുഷ്യസാധ്യതകളെ പ്രത്യക്ഷവും പരോക്ഷവുമായി മൂർത്തവൽക്കരിച്ചും ജീവിതത്തെ സ്ഥലകാലലോകങ്ങളിൽ അടയാളപ്പെടുത്തിയും ചരിത്രത്തെ സംസ്‌കാരമായി വിവർത്തനം ചെയ്തും, അച്ചടിമുതലാളിത്തം, ദേശീയത, ജനാധിപത്യം എന്നിങ്ങനെ മനുഷ്യചരിത്രത്തിലെ മൂന്നാംഘട്ടമായ വ്യവസായവിപ്ലവത്തിന്റെ രാഷ്ട്രീയമണ്ഡലങ്ങളെല്ലാമൊത്തുചേർന്ന് വാക്കുകളിലൂടെ ഈ നവലോകക്രമങ്ങൾക്കും സംസ്‌കാരപ്രക്രിയകൾക്കും രൂപംകൊടുത്തു. പതിനഞ്ചാം നൂറ്റാണ്ടു തൊട്ടാരംഭിച്ച സംസ്‌കാരചരിത്രത്തിന്റെ ഈ വാഗർഥങ്ങൾക്ക് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കംവരെയെങ്കിലും രണ്ടാമതൊരു സാങ്കേതിക, മാധ്യമ, സാംസ്‌കാരികസ്വരൂപം കാര്യമായി കൈവന്നിരുന്നില്ല. കഴിഞ്ഞ നൂറ്റാണ്ടിൽ ശ്രാവ്യ, ദൃശ്യ, ഡിജിറ്റൽ രൂപങ്ങളുടെ ആവിർഭാവം നടന്നപ്പോഴാകട്ടെ അവ അച്ചടിയെയും വാക്കിനെയും പുറന്തള്ളുകയല്ല, പൂരിപ്പിക്കുകയും പുനർവിന്യസിക്കുകയുമാണ് ചെയ്തത് എന്നും കാണാം. 'അപഗോത്രവൽക്കരണത്തിൽ നിന്ന് പുനർഗോത്രവൽക്കരണത്തിലേക്ക്' (From De-tribalization to Re-tribalization) എന്നാണ് മക്ലൂഹൻ ഈ മാറ്റത്തെ വിശേഷിപ്പിക്കുന്നത് (1964). വാക്ക് നിർമ്മിച്ച ലോകങ്ങൾക്കു കൈവരുന്ന ഈ നാനാനാദവിശേഷങ്ങൾ തന്നെയാണ് ആധുനികതയുടെ തുടർജീവിതം ഇന്നും സാധ്യമാക്കുന്നത്.

കമ്മ്യൂണിക്കേഷൻ പഠനങ്ങൾ, സാങ്കേതികതാപഠനങ്ങൾ, സാമൂഹ്യപഠനങ്ങൾ, മാധ്യമപഠനങ്ങൾ, ആഖ്യാനപഠനങ്ങൾ, സാംസ്‌കാരികപഠനങ്ങൾ, അന്തർ/ബഹുവിഷയ പഠനങ്ങൾ... എന്നിങ്ങനെ എത്രയെങ്കിലും വൈജ്ഞാനികമണ്ഡലങ്ങളെയും രീതിപദ്ധതികളെയും കൂട്ടിയിണക്കി, ആധുനികതയുടെ വായനയും പുനർവായനയും സാധ്യമാക്കുന്ന ഒന്നാണ് ഇന്നിപ്പോൾ അച്ചടിപഠനങ്ങൾ.

പാശ്ചാത്യരാജ്യങ്ങളിലെ അച്ചടിസംസ്‌കൃതിയെക്കുറിച്ചും കൊളോണിയൽ പ്രവിശ്യകളിലെ അച്ചടി പ്രഭാവത്തെക്കുറിച്ചും ധാരാളം പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രധാനമായും കാലം, ഭാഷ, ദേശം, രൂപം, ഉള്ളടക്കം, രാഷ്ട്രീയം എന്നിവ മുൻനിർത്തി ഈ പഠനങ്ങൾ അച്ചടിയുടെ ഭാവപ്രപഞ്ചത്തിന്റെ ജീവചരിത്രം നിർമ്മിക്കുകയാണ് ചെയ്തത് എന്നുപറയാം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കംതൊട്ടാണ് അച്ചടിപഠനങ്ങൾ മേല്പറഞ്ഞ വൈജ്ഞാനികമണ്ഡലങ്ങളുടെ ഭാഗമായി രൂപംകൊണ്ടുതുടങ്ങുന്നത്. പാശ്ചാത്യ, കോളനിരാജ്യങ്ങളിൽ ഒരുപോലെ പ്രത്യക്ഷമോ പരോക്ഷമോ ആയി അച്ചടിയോ അച്ചടി നിർണീതമായ സാംസ്‌കാരികാനുഭവങ്ങളോ സൃഷ്ടിച്ച സ്വാധീനങ്ങളുടെയും മാറ്റങ്ങളുടെയും ചരിത്രമെന്ന നിലയിൽതന്നെയാണ് ആധുനികതയുടെ കഥ ഇന്നും നാമറിയുന്നത്.

പതിനഞ്ചാം നൂറ്റാണ്ടുതൊട്ട് ഓരോ കാലഘട്ടത്തിലും അച്ചടിസാങ്കേതികതയ്ക്കും മാധ്യമങ്ങൾക്കും ഇതര അച്ചടിപഠനങ്ങൾക്കും അവ നിർമ്മിച്ച ഭാവുകത്വങ്ങൾക്കും കൈവന്ന മാറ്റങ്ങൾ, ക്ലാസ്സിക്കൽ ഭാഷകളിൽനിന്ന് ആധുനികഭാഷകളിലേക്ക് അച്ചടിച്ച വിനിമയ-ആവിഷ്‌കാര-അധികാരഗണങ്ങൾ കൈമാറിവന്ന രീതികൾ; ദേശരാഷ്ട്രങ്ങളും ദേശീയ ജനാധിപത്യസംവാദങ്ങളും ഉരുവംകൊണ്ടവഴികൾ; ലഘുലേഖ, പത്രം, മാസിക, പുസ്തകം തുടങ്ങിയ രൂപങ്ങളിലൂടെയും വാർത്ത, വിനോദം, ചിത്രം, പരസ്യം തുടങ്ങിയ ഉള്ളടക്കങ്ങളിലൂടെയും അച്ചടിയവതരിപ്പിച്ച വൈജ്ഞാനികവും വൈകാരികവുമായ അനുഭൂതിലോകങ്ങൾ; അവബോധങ്ങളുടെ രേഖീയത മുതൽ മാധ്യമീകൃതപൊതുമണ്ഡലംവരെയും ഗദ്യാഖ്യാനങ്ങളുടെ അർഥവ്യാവഹാരികത മുതൽ വായനാസമൂഹങ്ങളുടെ ജനായത്തവൽക്കരണംവരെയുമുള്ള നിരവധിയായ രാഷ്ട്രീയപ്രതീതികൾ..., പ്രാചീന, മധ്യകാല-ലോകങ്ങളെ ആധുനികകാല-ലോകങ്ങളായി പുനഃസൃഷ്ടിക്കുകയായിരുന്നു, അച്ചടി. മനഃശാസ്ത്രപരവും ശാരീരികവും സാമൂഹികവുമായി അച്ചടി സൃഷ്ടിച്ച നവലോക്രമങ്ങളെക്കുറിച്ച് ഹരോൾഡ് ഇന്നിസും (1951), മക് ലൂഹനും (1964) ഉൾപ്പെടെയുള്ളവർ പറയുന്ന കാര്യങ്ങൾ മേല്പറഞ്ഞ ഘടകങ്ങളെ സൂക്ഷ്മമായി ഉൾക്കൊള്ളുന്നുണ്ട്. ജൂർഗൻ ഹേബർമാസിനെയും (1962) ബനഡിക്ട് ആൻഡേഴ്‌സണെയും (1983) പോലുള്ളവർ അച്ചടി സൃഷ്ടിച്ച രാഷ്ട്രീയപ്രഭാവങ്ങളുടെ സാങ്കേതിക സാംസ്‌കാരികചരിത്രങ്ങളവതരിപ്പിക്കുമ്പേൾ, എലിസബത്ത് ഐസൻസ്റ്റീനും (1983) മറ്റും അച്ചടിവിപ്ലവത്തിന്റെ സമഗ്രചരിത്രംതന്നെ രചിക്കുന്നു.

നവീകരണത്തിന്റെ (Reformation) ചാലകശക്തിയെന്ന നിലയിലാണ് അച്ചടി അതിന്റെ ചരിത്രപ്രസിദ്ധമായ ആദ്യ രാഷ്ട്രീയദൗത്യം നിറവേറ്റുന്നത്. 'I did nothing, the word did everything' എന്ന മാർട്ടിൻ ലൂഥറുടെ വാക്കുകൾ പ്രസിദ്ധമാണ്. (Jerry Brotton, 71). വ്യവസായവിപ്ലവം യാഥാർഥ്യമായത് മുഖ്യമായും അച്ചടിയുടെ പിൻബലത്തിലാണ്. 'The Big Bang of Journalism' എന്നു വിശേഷിപ്പിക്കപ്പെട്ട (Ian Hangreaves) ഫ്രഞ്ച് വിപ്ലവം വരെയുള്ള മൂന്നു നൂറ്റാണ്ടിലധികം കാലമാണ് അച്ചടിയുടെ ഒന്നാംഘട്ടമായി കരുതപ്പെടുന്നത്. ഫ്രഞ്ചുവിപ്ലവംതൊട്ടുള്ള ഒരു നൂറ്റാണ്ട് രണ്ടാംഘട്ടം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ദൃശ്യമാധ്യമസംസ്‌കൃതി പ്രചരിക്കുന്നതിനൊപ്പം (ഫോട്ടോഗ്രാഫി, സിനിമ...) അച്ചടി നടപ്പായ മൂന്നാംഘട്ടം വീണ്ടും ഒരു നൂറ്റാണ്ടു തികയുന്നതോടെ ഡിജിറ്റൽ-ഔൺലൈൻ സാങ്കേതികതയുടെ നാലാംഘട്ടത്തിലെത്തുന്നു. ഇവയിൽ രണ്ടാംഘട്ടത്തിലാണ് കോളനിരാജ്യങ്ങളിൽ അച്ചടി വ്യാപിച്ചുതുടങ്ങുന്നത്-ഇന്ത്യയിലുൾപ്പെടെ.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽതന്നെ അമേരിക്കയ്ക്കും യൂറോപ്പിനും വെളിയിൽ അച്ചടി സംസ്‌കാരം ഏറ്റവും വിപുലമായി രൂപംകൊണ്ടത് ഇന്ത്യയിലായിരുന്നു (Vinay Dharwadker,112). ശിശിർകുമാർ ദാസ് രേഖപ്പെടുത്തുന്നത് പോലെ, മൂന്നുഘട്ടങ്ങളിലൂടെ കടന്നുപോയ ഭാഷാ വ്യവഹാരങ്ങളുടെ ലോകം കൂടിയായി 19-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ മാറി (ibid, 113). ഇന്ത്യൻഭാഷകളിൽ വിദ്യാഭ്യാസവിപ്ലവത്തിനു വഴിവച്ച വൈജ്ഞാനികഗ്രന്ഥങ്ങളുടെ ഗദ്യരൂപം, മതനവീകരണങ്ങൾക്കു വഴിവച്ച മതഗ്രന്ഥങ്ങളുടെ വ്യാപനം, പത്രമാസികകളുടെ ഉത്ഭവവും പ്രചാരവും. ഇവയ്ക്കുമേലാണ് പാശ്ചാത്യഗദ്യ സാഹിത്യരൂപങ്ങളുടെ മാതൃകകൾ ഇന്ത്യൻ ഭാഷകളിൽ ഉരുവം കൊള്ളുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളാകുമ്പോഴേക്കും നാല്പതുഭാഷകളിലായി 14,000 ത്തിലധികം പത്രങ്ങൾ ഇന്ത്യയിൽ പ്രസിദ്ധീകരിക്കപ്പെട്ടു (ibid,126). സാമൂഹ്യപരിഷ്‌കരണത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും ഇരട്ടച്ചക്രങ്ങളിലാണ് ഇന്ത്യൻ പത്രപ്രവർത്തനം മുന്നോട്ടുരുണ്ടത് (Bharghava,G.S,14). ഭാഷാസാഹിത്യരൂപങ്ങളും വൈജ്ഞാനിക-വിദ്യാഭ്യാസ പ്രവർത്തനങ്ങളും അതിന് ഇന്ധനം പകർന്നു.

പത്രചരിത്രങ്ങളും പുസ്തകചരിത്രങ്ങളുമാണ് അച്ചടി പഠനങ്ങളുടെ ഏറ്റവും വിഖ്യാതമായ മാതൃകകളായി ഇന്ത്യയിലും രൂപം കൊണ്ടിട്ടുള്ളത്. അച്ചടി സൃഷ്ടിച്ച നാനാതരം ആധുനികതാ സമവാക്യങ്ങളുടെ സാംസ്‌കാരിക വിശകലനമായി അവയിൽ പലതും മാറുന്നുണ്ട്.

പത്രചരിത്രങ്ങളും പത്രസംസ്‌കാരപഠനങ്ങളുംപോലെതന്നെ ഇന്ന് അച്ചടിപഠനങ്ങളിൽ പ്രാധാന്യം നേടിക്കഴിഞ്ഞിട്ടുണ്ട്, പുസ്തകചരിത്ര-സംസ്‌കാരപഠനങ്ങളും. 1980-കളിലാണ് 'രേഖകളുടെ രേഖാചരിത്രം' എന്ന നിലയിൽ ചരിത്രവിജ്ഞാനീയത്തിലും സാമൂഹ്യശാസ്ത്രപഠനങ്ങളിലും അച്ചടിപഠനങ്ങളിലും സാംസ്‌കാരികപഠനങ്ങളിലും സാഹിത്യ-ഭാഷാപഠനങ്ങളിലുമൊക്കെ പുസ്തകചരിത്രം എന്ന ഒരു ശാഖ രൂപപ്പെടുന്നത്. Robert Darnton പറയുന്നതുപോലെ, '..... the history of books must be international in scale and interdisciplinary in method' (Abhijit Gupta, Swapan Chakravorty,3) എന്ന് അംഗീകരിക്കപ്പെടാൻ അധികകാലം വേണ്ടിവന്നില്ല. ശുദ്ധപാഠനിർമ്മിതി, കർതൃത്വം, എഡിറ്റിങ്, സാങ്കേതികത, പകർപ്പവകാശം, വിപണി, വായന, പതിപ്പുകൾ, പരിഷ്‌കാരങ്ങൾ, പാഠഭേദങ്ങൾ, വിവർത്തനങ്ങൾ, പരാവർത്തനങ്ങൾ, രാഷ്ട്രീയപ്രഭാവങ്ങൾ... എന്നിങ്ങനെ എത്രയെങ്കിലും പരികല്പനകൾ മുൻനിർത്തി പുസ്തകം മനുഷ്യസംസ്‌കാരത്തിൽ നടത്തുന്ന നിരവധിയായ ഇടപെടലുകൾ പഠിക്കപ്പെടുന്നു, ഈ വിജ്ഞാനത്തിൽ. ഗ്രഹാംഷാ, ഉൾറിക് സ്റ്റാർക്, ഫ്രാൻസിസ്‌ക ഒർസിനി, ഏ. ആർ. വെങ്കടാചലപതി, അഭിജിത്ത് ഗുപ്ത, സ്വപൻ ചക്രവർത്തി, അക്ഷയ് മുകുൾ, റിമി ബി. ചാറ്റർജി.... ഇന്ത്യൻ സന്ദർഭത്തിൽ ഈ പഠനമേഖലയിൽ ഇടപെടുന്ന നിരവധി പേരുണ്ട്. ദക്ഷിണേഷ്യൻ പുസ്തകചരിത്രപഠനത്തിലാണ് ഗ്രഹാംഷായുടെയും ഓർസിനിയുടെയും ഊന്നൽ. Print Areas (2004), Moveable type (2008), New Word order (2011), Fonts of Knowledge (2015) എന്നിങ്ങനെ നാലു പഠനസമാഹാരങ്ങൾ എഡിറ്റുചെയ്തു, അഭിജിത്ത് ഗുപ്തയും സ്വപൻ ചക്രവർത്തിയും. The Province of the Book (2012) ആണ് ഏ.ആർ. വെങ്കടാചലപതിയുടെ ഈ രംഗത്തെ ഏറ്റവും പ്രശസ്തമായ പഠനം. Gita Press and the Making of Hindu India എന്നതാണ് അക്ഷയ മുകുളിന്റെ പഠനം. നവകിഷോർ പ്രസ്സിന്റെ ചരിത്രമെഴുതുന്നു, ഉൾറിക് സ്റ്റാർക്. ഈ പറഞ്ഞവരിൽ അഭിജിത് ഗുപ്ത, സ്വപൻ ചക്രവർത്തി, വെങ്കടാചലപതി, അക്ഷയ മുകുൾ എന്നിവർ ഓരോ പ്രബന്ധങ്ങൾ ഈ സമാഹാരത്തിനായി നൽകിയിട്ടുണ്ട്.

മലയാളത്തിൽ കെ.എം. ഗോവിയുടെ ദശകങ്ങൾ നീണ്ട പരിശ്രമഫലമായി 1995 വരെ ഭാഷയിൽ അച്ചടിക്കപ്പെട്ട പുസ്തകങ്ങളുടെ വിപുലമായ പട്ടിക തയ്യാറാക്കപ്പെട്ടതൊഴിച്ചാൽ ഈ രംഗത്ത് മൗലികമായ സംഭാവനകളൊന്നും ഉണ്ടായിട്ടില്ല. ഗവേഷകനായ ശ്രീകുമാർ ഏ.ജി. മാത്രമാണ് പുസ്തകത്തിന്റെ സാംസ്‌കാരികചരിത്രം അക്കാദമികപഠനത്തിന്റെ ഭാഗമാക്കിയതും ഈ രംഗത്ത് മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതും - അച്ചുകൂടത്തിലെ കേരളം (2014), പുസ്തകവും കേരളസംസ്‌കാരപരിണാമവും (2017), പുസ്തകങ്ങൾ നിർമ്മിച്ച കേരളം (2018). പി.കെ. രാജശേഖരൻ ചില ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു (ബുക്സ്റ്റാൾജിയ, 2018). ആനന്ദാകട്ടെ സാഹിത്യരംഗത്ത് പുസ്തകമെന്ന രൂപകത്തെ ചരിത്രത്തിന്റെയും ആധുനികതയുടെയും ഏറ്റവും മൂർത്തമായ ആഖ്യാനപാഠമാക്കി മാറ്റുകയും ചെയ്യുന്നു. പുസ്തകത്തെ മുൻനിർത്തി മലയാളത്തിൽ എഴുതപ്പെട്ട ഏറ്റവും ശ്രദ്ധേയമായ സാംസ്‌കാരികപഠനവും ആനന്ദിന്റേതാണ് . അത് ഈ സമാഹാരത്തിൽ ചേർത്തിട്ടുണ്ട്.

നിശ്ചയമായും ഈയൊരു സന്ദർഭത്തിൽ നിന്നാവണം കേരളത്തിലെ മലയാളം അച്ചടിയുടെ ചരിത്രവും സംസ്‌കാരവും പഠിച്ചുതുടങ്ങേണ്ടത്. വിവർത്തനം, മാനകഗദ്യത്തിന്റെ വികാസം, വ്യാകരണ-നിഘണ്ടു നിർമ്മാണങ്ങൾ, വിജ്ഞാനവിനിമയം, മാധ്യമപ്രവർത്തനം എന്നിങ്ങനെ നിരവധി പ്രക്രിയകളിലൂടെ മൂർത്തമായി സാക്ഷാത്കരിക്കപ്പെട്ട ഭാഷയുടെ ആധുനികീകരണമായിരുന്നു അച്ചടിയുടെ ഒന്നാമത്തെ ഫലം. (ലിപികളുടെ വ്യവസ്ഥപ്പെടുത്തലും അച്ചുകളുടെ നിർമ്മിതിയും ഉൾപ്പെടെയുള്ള മറ്റൊരുചരിത്രപരമായ ഭാഷാപ്രക്രിയ അച്ചടിക്കുപിന്നിലുണ്ടായിരുന്നുവെന്നതും മറക്കരുത്). മതനവീകരണവും അടിമത്ത നിരോധനവും ദേശീയതാബോധത്തിന്റെ ഉദയവും ശാസ്ത്രയുക്തിയുടെ മുന്നേറ്റവും രാഷ്ട്രീയ പൊതുമണ്ഡലത്തിന്റെ രൂപീകരണവും ജനാധിപത്യപരമായ സാമൂഹിക ഘടനയുടെ ആവിർഭാവവും മറ്റും സംഭവിച്ചതിനു പിന്നിലും അച്ചടിയെക്കാൾ വലിയ ഒരൊറ്റക്കാരണമില്ലതന്നെ.

1821 ഒക്ടോബർ 18-നാണ് ഒരച്ചുകൂടം ഇംഗ്ലണ്ടിൽനിന്ന് കോട്ടയത്ത് എത്തുന്നത്. സി.എം.എസ്. മിഷനറിയായിരുന്ന ബെഞ്ചമിൻ ബെയിലിയാണ് അത് സ്ഥാപിച്ചതും അതുവഴി കേരളത്തിൽ മലയാളം അച്ചടിയാരംഭിച്ചതും. ഒറ്റവാക്കിൽ പറഞ്ഞാൽ കേരളം ആധുനീകീകരിക്കപ്പെടുന്നതിന്റെ ആദ്യപടിയിരുന്നു, സി.എം.എസ് പ്രസ്സിന്റെ സ്ഥാപനം. (അതിനുമുൻപുതന്നെ കേരളത്തിനുവെളിയിൽ മലയാളം അച്ചടി നിലനിന്നിരുന്നു; കേരളത്തിൽതന്നെയും തമിഴ് ഉൾപ്പെടെയുള്ള ഭാഷകളിൽ അച്ചടി നടന്നിരുന്നു).

മതഗ്രന്ഥങ്ങളുടെ അച്ചടിക്കും പ്രസാധനത്തിനും തുല്യപ്രാധാന്യം നൽകി, ബെയിലിയും സി.എം.എസ്. പ്രസ്സ് ആൻഡ് ബുക്ക് ഡിപ്പോയും. ബൈബിൾ മാത്രമല്ല നിഘണ്ടുക്കൾ, വ്യാകരണഗ്രന്ഥങ്ങൾ, പാഠപുസ്തകങ്ങൾ, വൈജ്ഞാനിക കൃതികൾ, ലഘുലേഖകൾ (tracts), ഭാഷാസാഹിത്യകൃതികൾ തുടങ്ങിയവയും സി.എം.എസിൽ നിന്നു പ്രസിദ്ധപ്പെടുത്തി. മലയാളം, ഇംഗ്ലീഷ്, സംസ്‌കൃതം, സുറിയാനി തുടങ്ങിയ ഭാഷകളിൽ അച്ചടി നടന്ന 'ബഹുഭാഷാ' മുദ്രണാലയമായിരുന്നു സി.എം.എസ്. മേല്പറഞ്ഞവയ്ക്കു പുറമേ, ജ്ഞാനിനിക്ഷേപവും വിദ്യാസംഗ്രഹവും സന്ദിഷ്ടവാദിയും മലയാളമിത്രവും ഉൾപ്പെടയുള്ള ആനുകാലികങ്ങളും ഇവിടെ അച്ചടിച്ചു.

1821 മുതലുള്ള 200 വർഷങ്ങളിൽ മലയാളം അച്ചടി സൃഷ്ടിച്ച നാനാവിധമായ ആധുനികീകരണപ്രക്രിയകളുടെ സാംസ്‌കാരികചരിത്രം അപഗ്രഥിക്കുക എന്നതാണ് ഈ സമാഹാരത്തിന്റെ ലക്ഷ്യം. കഴിഞ്ഞ രണ്ടുനൂറ്റാണ്ടിന്റെ അച്ചടിസംസ്‌കൃതി കേരളത്തിൽ/മലയാളത്തിൽ സൃഷ്ടിച്ച പ്രഭാവങ്ങൾ പലതാണ്. (സാങ്കേതിക) രൂപം, (മാധ്യമ) ഉള്ളടക്കം, (രാഷ്ട്രീയ) പ്രത്യയശാസ്ത്രം എന്നിവ പരിഗണിച്ച് നാലുഘട്ടങ്ങളായി ഇക്കാലയളവിനെ വർഗീകരിക്കാം എന്നുതോന്നുന്നു. 1820- കൾതൊട്ട് 1880- കൾവരെയാണ് ഒന്നാംഘട്ടം. മിഷനറിപ്രസാധനത്തിൽ നിന്ന് നാട്ടുപ്രസാധനത്തിലേക്കുള്ള മാറ്റം. മതേതരഗ്രന്ഥങ്ങളുടെയും ആധുനികസാഹിത്യരൂപങ്ങളുടെയും കാലം. പത്രപ്രവർത്തനത്തിന്റെ തുടക്കം. ഭരണകൂട-സ്വതന്ത്രസ്ഥാപനങ്ങൾ, വിദ്യാഭ്യാസ-സാക്ഷരതാപ്രവർത്തനങ്ങൾ എന്നിവ ഒരുപോലെ ആരംഭിക്കുന്നഘട്ടം. അടിമത്തനിരോധനമുൾപ്പെടെയുള്ള ആശയങ്ങളുടെ പ്രചാരം... എന്നിങ്ങനെ ഇക്കാലയളവിൽ അച്ചടിസാംസ്‌കാരം നേതൃത്വംകൊടുക്കുന്ന ആധുനികീകരണ പ്രക്രിയകൾ നിരവധിയാണ്.

1880-കളിലാരംഭിക്കുന്ന രണ്ടാംഘട്ടം പത്രങ്ങളുടെയും പുസ്തകങ്ങളുടെയും നിർമ്മിതിയിൽ, സാക്ഷരതയുടെയും വായനയുടെയും പ്രചാരത്തിൽ, പ്രസാധകരുടെയും പത്രാധിപന്മാരുടെയും വർധിച്ച ദൃശ്യതയിൽ, രാഷ്ട്രീയപത്രപ്രവർത്തനത്തിന്റെ സംഘർഷാത്മകമായ ഇടപെടലുകളിൽ, ദേശീയപ്രസ്ഥാനത്തിന്റെയും സാമൂഹികപരിഷ്‌കരണ പ്രസ്ഥാനങ്ങളുടെയും വ്യവസ്ഥപ്പെടലിൽ ഒക്കെ വലിയ കുതിപ്പുകൾക്കു സാക്ഷ്യം വഹിച്ചു. കണ്ടത്തിൽ വർഗീസ് മാപ്പിള, ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള തുടങ്ങിയ പത്രാധിപന്മാർ, എസ്.ടി. റെഡ്യാർ, മംഗളോദയം, എസ്‌പി.സി.എസ്. തുടങ്ങിയ പ്രസാധകർ; കേരളമിത്രം, കേരളപത്രിക, നസ്രാണിദീപിക, മലയാളമനോരമ, മാതൃഭൂമി, ദേശാഭിമാനി, കേരളകൗമുദി തുടങ്ങിയ പത്രങ്ങൾ; ശാസ്ത്രചിന്ത, യുക്തിവാദം, ജാതിവിരുദ്ധ സമരങ്ങൾ തുടങ്ങിയവയ്ക്കുകൈവന്ന സ്വീകാര്യത; ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടി തുടങ്ങിയ സംഘടനകൾ; ആധുനികപൂർവ-ആധുനിക സാഹിത്യരൂപങ്ങളുടെ പുസ്തകവൽക്കരണം; ഗ്രന്ഥശാലപ്രസ്ഥാനം മുതൽ സാക്ഷരതാ മുന്നേറ്റം വരെയുള്ള ശ്രമങ്ങൾ.... 1880-1950 കാലം കേരളീയാധുനികതയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായമായ ചരിത്രസന്ദർഭമാകുന്നു-ഇവയെ നിർണയിച്ചതിൽ അച്ചടിയുടെ പങ്ക് സുവിദിതവുമാണ്.

1950-കളിലാംരഭിക്കുന്ന മുന്നാംഘട്ടത്തിൽ കേരളത്തിൽ ഇതാദ്യമായി അച്ചടി സാംസ്‌കാരവ്യവസായം, ബഹുജനസംസ്‌കാരം എന്നീ തലങ്ങളിലേക്കു പരിണമിക്കുന്നു. പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും പ്രചാരം, ജനപ്രിയസാഹിത്യമെന്ന ജനുസ്സിന്റെ ഉദയവികാസങ്ങൾ, പ്രസാധനസ്ഥാപനങ്ങളുടെയും വായനശാലകളുടെയും അഭൂതപൂർവവും അനുപമവുമായ വളർച്ച, വിവർത്തിതവും സ്വതന്ത്രവും; സാഹിതീയവും വൈജ്ഞാനികവും ആയ പുസ്തകങ്ങളുടെ പെരുപ്പം, ഇതരമാധ്യമങ്ങൾക്കു (സിനിമ, റോഡിയോ) പൂരകമായി അച്ചടി മാധ്യമങ്ങൾക്കും ആഖ്യാനരൂപങ്ങൾക്കും കൈവന്ന പുതിയ സ്വത്വം... എന്നിങ്ങനെ ഇക്കാലയളവിലെ മാറ്റങ്ങൾ നിരവധിയാണ്. നവീനങ്ങളായ അച്ചടിസാങ്കേതികതകളുടെ വരവ്, സമാന്തരമായി നടന്ന ലിപി, ഭാഷാപരിഷ്‌കരണ ശ്രമങ്ങൾ എന്നിവയും ഇതോടൊപ്പം ശ്രദ്ധിക്കണം. കേരളവികസനത്തെക്കുറിച്ചുള്ള വി.കെ. രാമചന്ദ്രന്റെ പഠനം, പത്രങ്ങളുടെ സ്വാധീനം കേരളത്തിൽ ആധുനിക വികസനാനുഭവത്തെ സാധ്യമാക്കിയ ആധികാരികമായൊരു പെതുജനാഭിപ്രായത്തിന് രൂപം നൽകിയെന്നു ചൂണ്ടിക്കാണിക്കുന്നുണ്ട് (റാം, എൻ.,39). 'സാക്ഷരതയുടെ ഉയർന്ന തോത് കാരണം വരമൊഴിയാക്കി വിവരങ്ങൾ വിനിമയം ചെയ്യപ്പെടുന്നത് ഇന്ത്യയിൽ മറ്റെവിടുത്തെയുംകാൾ കൂടുതൽ ആഴത്തിലാണ് കേരളത്തിൽ. സംസ്ഥാനത്തെ പൊതുജനാഭിപ്രായത്തിന്റെ ഗുണതയിലും അഗാധതയിലും ജനപങ്കാളിത്തത്തോടുകൂടിയ ജനാധിപത്യത്തിലും ഇത് സുപ്രധാനമായ സ്വാധീനം ചെലുത്തി'' (അതിൽതന്നെ, 39). കെ.എം. ഗോവിയുടെ പഠനം, 1940-കൾതൊട്ടുള്ള കാലത്ത് മലയാളത്തിൽ സാഹിത്യ, സാഹിത്യേതര പുസ്തകങ്ങളുടെ അച്ചടിയിലും വ്യാപനത്തിലുമുണ്ടായ വർദ്ധനവ് ചൂണ്ടിക്കാണിക്കുന്നുണ്ടല്ലോ (2002).

1990-കളിലാരംഭിക്കുന്ന നാലാംഘട്ടം, ആഗോളവൽക്കരണത്തിന്റെയും ഇലക്ട്രോണിക് മാധ്യമങ്ങളുടെയും സ്വത്വരാഷ്ട്രീയങ്ങളുടെയും സ്വാധീനത്തിൽ പുതിയ ഒരു അച്ചടി സംസ്‌കാരത്തിനു രൂപം കൊടുത്തിരിക്കുന്നു. ഭാഷയും ലിപിയും മുതൽ ഭാവനാത്മകവ്യവഹാരങ്ങൾവരെയുള്ളവ വൻപരിണാമങ്ങൾക്കുവിധേയമായി. അച്ചടിമാധ്യമങ്ങൾ മലയാളത്തിൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയകുതിപ്പ് നടത്തിയ കാലം. ടെലിവിഷന്റെ സ്വാധീനത്തിൽ ജനപ്രിയവാരികകൾ തകർന്നുതുടങ്ങിയ 90-കളിലാണ് മലയാളപത്രങ്ങളുടെ പ്രചാരം 400 ശതമാനം വളർച്ചയിലേയ്ക്കു കുതിക്കുന്നത്. 1992-ൽ 12 ലക്ഷമായിരുന്ന പത്രപ്രചാരം ഒന്നരപതിറ്റാണ്ടുകൊണ്ട് 48 ലക്ഷമായി വളർന്നു. സമാന്തരമായിത്തന്നെയാണ് കടലാസിൽനിന്ന് ഡിജിറ്റൽ പ്രതലത്തിലേയ്ക്ക് അച്ചടി മാറുന്നതിന്റെ ഗതിവേഗവും കൂടുന്നത്.

ചുരുക്കത്തിൽ, പത്രം, മാസിക, ലഘുലേഖകൾ, പുസ്തകം തുടങ്ങിയവ സൃഷ്ടിക്കുന്ന നാനാതരം കർതൃത്വങ്ങളും സാമൂഹ്യ ഇടപെടലുകളും; സാഹിത്യം, വിവർത്തനം, കലകൾ തുടങ്ങിയവയുടെ ആധുനികീകരണം, നവോത്ഥാനം, ആധുനികത, ദേശീയത, പൊതുമണ്ഡലം, ജനാധിപത്യം, സംസ്‌കാരവ്യവസായം, ജനപ്രിയസംസ്‌കാരം തുടങ്ങിയ വ്യവഹാരങ്ങളുടെ വ്യവസ്ഥപ്പെടൽ; ഭാഷ, ലിപി തുടങ്ങിയവയുടെ നിരന്തരമായ സങ്കേതികപരിണാമങ്ങൾ; സാക്ഷരത, വായന, വിനോദം, ലോകബോധം തുടങ്ങിയവയുടെ ജനകീയവൽക്കരണം; ശാസ്ത്രം, ചരിത്രം, വിജ്ഞാനം, വിദ്യാഭ്യാസം തുടങ്ങിയവയുടെ പാഠവൽക്കരണം; നിരവധിയായ രാഷ്ട്രീയ ആശയങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും സാമൂഹ്യവൽക്കരണം എന്നിങ്ങനെ മിഷനറികാലം മുതൽ ഡിജിറ്റൽകാലംവരെയുള്ള സന്ദർങ്ങളിൽ അച്ചടി മലയാളം നിർമ്മിച്ച കേരളീയാനുഭവങ്ങളുടെ വാക്ലോകങ്ങൾ നിരവധിയുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബെഞ്ചമിൻ ബെയിലി ഫൗണ്ടേഷൻ (1) അച്ചടി: ചരിത്രം, സംസ്‌കാരം (2) മലയാളം: അച്ചടി, ആധുനികത എന്നീ രണ്ടുഭാഗങ്ങളിലായി 39 പഠനപ്രബന്ധങ്ങൾ ഈ ഗ്രന്ഥത്തിൽ സമാഹരിക്കുന്നത്.

രണ്ട് 

വോത്ഥാനം, നവീകരണം, ദേശീയത, ജനാധിപത്യം, പൊതുമണ്ഡലം തുടങ്ങിയ ആധുനികവ്യവഹാരങ്ങൾ; പുസ്തകം, പത്രം, ആനുകാലികം തുടങ്ങിയ പാഠരൂപങ്ങൾ; ഭാഷ, സാഹിത്യം, സംസ്‌കാരം, സൗന്ദര്യശാസ്ത്രം, പാഠസംശോധനം തുടങ്ങിയ ജ്ഞാനവ്യവസ്ഥകൾ; എഴുത്തുകാർ, വായനക്കാർ, പ്രസാധകർ, പത്രാധിപർ തുടങ്ങിയ സാംസ്‌കാരിക കർതൃത്വങ്ങൾ; സാങ്കേതികത, വിവർത്തനം, ലിപിപരിഷ്‌കരണം, ഭാഷാകംപ്യൂട്ടിങ്, ഭാഷാസൂത്രണം തുടങ്ങിയ വിനിമയപ്രക്രിയകൾ; സാക്ഷരത, വായന, വിമർശനം, വിദ്യാഭ്യാസം, ശാസ്ത്രവിചാരം, ചരിത്രബോധം, മാനവികത തുടങ്ങിയ സാമൂഹ്യാനുഭവങ്ങൾ; സംസ്‌കാരവ്യവസായം, അച്ചടിമുതലാളിത്തം, ജനപ്രിയസംസ്‌കാരം തുടങ്ങിയ പഠന മേഖലകൾ; ചിത്രകല, ദൃശ്യ-രംഗകല, സിനിമ, സാഹിതീയത തുടങ്ങിയ അനുബന്ധമേഖലകൾ; രാഷ്ട്രീയ-സാഹിത്യ പത്രപ്രവർത്തനങ്ങൾ, വാർത്താ-വിനോദരംഗങ്ങൾ, പരസ്യം, കാർട്ടൂൺ തുടങ്ങിയ മാധ്യമമേഖലകൾ; ലിംഗപദവി, ജാതിബന്ധം, മതപരിഷ്‌കരണം, പ്രത്യയശാസ്ത്രവ്യവസ്ഥ തുടങ്ങിയ രാഷ്ട്രീയഘടകങ്ങൾ എന്നിങ്ങനെ വിപുലവും വ്യാപകവുമായ വിഷയലോകങ്ങൾ ചരിത്രബദ്ധവും വസ്തുതാപരവും വിശകലനനിഷ്ഠവും വിമർശനാത്മകവുമായവതരിപ്പിക്കപ്പെടുന്ന അൻപതോളം പ്രബന്ധങ്ങളാണ് ഈ പുസ്തകത്തിനായി ഞങ്ങൾ വിഭാവനം ചെയ്തത്. സവിശേഷമായ സാഹചര്യങ്ങളുടെ സമ്മർദ്ദവും പരിമിതികളും മൂലം മുപ്പത്തിയൊമ്പത് രചനകളാണ് സമാഹരിക്കാൻ കഴിഞ്ഞത്.

ഒന്നാം ഭാഗത്ത് ഒൻപതുരചനകളാണുള്ളത്. പത്രം, മാസികകൾ, പുസ്തകം എന്നീ മൂന്നു രൂപങ്ങളെ മുൻനിർത്തി മാധ്യമപഠനം, പുസ്തകചരിത്രം, ആധുനികതാപഠനം എന്ന മൂന്നു വൈജ്ഞാനികമേഖലകളിൽ ഇടപെടുകയാണ് പൊതുവിൽ ഈ പ്രബന്ധങ്ങൾ. അച്ചടിസാങ്കേതികത, അച്ചടിമുതലാളിത്തം, ദേശീയതാനിർമ്മതി, പൊതുമണ്ഡലരൂപീകരണം, മതനവീകരണം, ജനാധിപത്യം, ഭാഷയുടെ ആധുനികീകരണം, സാഹിത്യം, വായനാമനുഷ്യർ, വിവർത്തനവിജ്ഞാനം, ശാസ്ത്രം, വിദ്യാഭ്യാസം, പൗരസമൂഹം, പുസ്തകചരിത്രം, ശുദ്ധപാഠനിർമ്മിതി തുടങ്ങിയ വിഷയങ്ങളെ നവോത്ഥാനം, ആധുനികത എന്നീ പരികല്പനകളോടിണക്കി അച്ചടിയുടെ സാംസ്‌കാരികചരിത്രമായപഗ്രഥിക്കുന്ന പഠനമേഖലകൾ.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ പുസ്തകചരിത്രപഠിതാക്കളാണ് നാലുരചനകളുടെ കർത്താക്കൾ. അഭിജിത് ഗുപ്ത, ഏ.ആർ. വെങ്കടാചലപതി, സ്വപൻ ചക്രവർത്തി, അക്ഷയ മുകുൾ എന്നിവർ-മലയാളത്തിൽ ഇന്നോളമെഴുതപ്പെട്ടിട്ടുള്ള ഏറ്റവും ശ്രദ്ധേയവും മൗലികവുമായ പുസ്തകസംസ്‌കാരപഠനവും ഈ ഭാഗത്തുണ്ട്, ആനന്ദ് എഴുതിയത്. അച്ചടി, ഭാഷാഭ്യുദയം എന്നീ വിഷയങ്ങളെ ബന്ധപ്പെടുത്തി നിവേദിത കളരിക്കൽ എഴുതിയ പ്രബന്ധം, അച്ചടിയും പൊതുമണ്ഡലവും എന്ന വിഷയത്തിൽ മീന ടി.പിള്ള, ജോബ്‌സൺ ജോഷ്വ എന്നിവർ ചേർന്നെഴുതിയ ലേഖനം, അച്ചടിയും ഇന്ത്യൻദേശീയതയും എന്ന വിഷയത്തെ മുൻനിർത്തി ഇ.വി. രാമകൃഷ്ണൻ എഴുതിയ പഠനം, പാഠസംശോധനം എന്ന സവിശേഷമായ പുസ്തക ഇടപെടൽ വിശകലനം ചെയ്യുന്ന സുനിൽ പി. ഇളയിടത്തിന്റെ ലേഖനം എന്നിവയാണ് ഈ ഭാഗത്തെ മറ്റു രചനകൾ. ആറുരചനകൾ ഇംഗ്ലീഷിലും മൂന്നെണ്ണം മലയാളത്തിലും.

ഇന്ത്യയിൽ അച്ചടിയാരംഭിക്കുന്ന ആദ്യസന്ദർഭങ്ങളിലൊന്നായ സെറാംപൂരിന്റെ കഥ പറയുകയാണ് അഭിജിത് ഗുപ്ത. ഇന്ത്യയിലാരംഭിച്ച അഞ്ചാമത്തെ പ്രസ്സായിരുന്നു സെറാംപൂരിലേത്. ബാപ്റ്റിസ്റ്റ് മിഷനറിയായ വില്യംകാരിയും അദ്ദേഹത്തിന്റെ സഹായികളായ ഇന്ത്യക്കാരും എങ്ങനെ പൂർവേന്ത്യൻ ഭാഷകളുടെ ആധുനികീകരണത്തിനു വഴിതെളിച്ചുവെന്നതിന്റെ അപഗ്രഥനം. മിഷൻപ്രസിന്റെ സ്ഥാപനപരവും സാമ്പത്തികവുമായ ചരിത്രത്തിന്റെ സൂക്ഷ്മവായന.

ഇന്ത്യൻഭാഷകളിൽ ആദ്യമായുണ്ടായ വിജഞാനകോശമാണ് തമിഴിലെ പത്തു വോള്യങ്ങളുള്ള കലൈക്കലഞ്ചിയം. കോൺഗ്രസ്സിന്റെ പതനവും ഡി.എം.കെ.യുടെ ഉദയവും സംഭവിച്ച ചരിത്രസന്ദർഭത്തിലാണ് ഇതിന്റെ അവസാനവോള്യം പുറത്തുവരുന്നത്. 1954-63 കാലത്തുസംഭവിച്ച ഈ ബൃഹദ്‌ഗ്രന്ഥത്തിന്റെ രചനയ്ക്കു പിന്നിലെ സാംസ്‌കാരികരാഷ്ട്രീയപ്രക്രിയ അപഗ്രഥിക്കുന്നു, ഏ. ആർ. വെങ്കടാചലപതി.

പുസ്തകവിജ്ഞാനീയത്തിലെ ഏറ്റവും കൗതുകകരമായ ലോകങ്ങളിലൊന്നാണ് വായനയുടെയും വായനക്കാരുടെയും സാംസ്‌കാരികപ്രതിനിധാനങ്ങളുടെ വിശകലനം. വിശേഷിച്ചും നോവൽപഠനത്തിൽ. ബിഭുതിഭൂഷൻ ബന്ദ്യോപാധ്യായയുടെ വിഖ്യാത നോവലായ പാഥേർപാഞ്ചലിയിലും അതിന്റെ തുടർ ആഖ്യാനങ്ങളിലും നായകനായിരുന്ന അപുവിന്റെ (ഏകാന്ത) വായനക്കാരൻ എന്ന സ്വത്വം എങ്ങനെ ആധുനികതയുടെ പ്രരൂപമായി മാറുന്നുവെന്നാണ് സ്വപൻ ചക്രവർത്തി അന്വേഷിക്കുന്നത്.

ഉത്തരേന്ത്യയിൽ, കൊളോണിയൽ കാലഘട്ടത്തിൽ ഗീതാപ്രസ് സൃഷ്ടിച്ച ഹിന്ദു ദേശീയതയുടെ മാനങ്ങൾ അപഗ്രഥിക്കുന്നു, അക്ഷയ മുകുൾ. പാശ്ചാത്യസന്ദർഭത്തിലെ അച്ചടിമുതലാളിത്തത്തിന്റെ തത്വങ്ങൾക്കും പദ്ധതികൾക്കും പുറത്തുനിൽക്കുന്ന സാംസ്‌കാരിക വിശകലനത്തിന്റെ മാതൃകയാണ് അക്ഷയ മുകുളിന്റെ ഗീതാപ്രസ് പഠനം.

അച്ചടിയും വിവർത്തനവും എങ്ങനെ ലോകമെങ്ങും ക്ലാസിക്കൽ ഭാഷകൾക്കു പകരം പ്രാദേശികഭാഷകളെ പൊതുഭാവനയിലേക്കുയർത്തി എന്നന്വേഷിക്കുന്നു നിവേദിത കളരിക്കൽ. 'വിവർത്തനമില്ലെങ്കിൽ നവോത്ഥാനമില്ല' എന്ന ചരിത്രയാഥാർഥ്യത്തെ സാങ്കേതികത മുതൽ മതനവീകരണംവരെയും, സാഹിത്യം മുതൽ ദേശീയതവരെയുമുള്ള സങ്കല്പനങ്ങൾ മുൻനിർത്തി വിവരിക്കുന്നു, നിവേദിത.

യൂറോപ്പിൽ അച്ചടിനിർമ്മിച്ച ബൂർഷ്വാപൊതുമണ്ഡലത്തിനു മുൻപുതന്നെ കോളനി സമൂഹങ്ങളിൽ രൂപംകൊണ്ട പ്രതി-പൊതുമണ്ഡലങ്ങളെക്കുറിച്ചുള്ള സൂക്ഷ്മവിചാരങ്ങളാണ് മീന ടി.പിള്ളയും ജോബ്‌സൺ ജോഷ്വയും ചേർന്നെഴുതിയ ലേഖനം മുന്നോട്ടുവയ്ക്കുന്നത്. അച്ചടി ആധുനികതയുടെ കേന്ദ്രപരികല്പനകളിലൊന്നായി ഹേബർമാസ് വികസിപ്പിച്ച പൊതുമണ്ഡല സങ്കല്പത്തിന് നാൻസി ഫ്രേസറും മറ്റും നൽകുന്ന ബദൽ വായനകളാണ് ഈ പഠനത്തിനാധാരം.

ആധുനികതയുടെ ജ്ഞാനരൂപങ്ങൾക്കു കൈവന്ന ഏറ്റവും മൂർത്തമായ പാഠമാതൃകയെന്ന നിലയിൽ പുസ്തകത്തിന്റെ സാംസ്‌കാരികരാഷ്ട്രീയങ്ങളെ യുദ്ധങ്ങൾ മുതൽ ദേശീയതവരെയും അറിവ് മുതൽ വംശീയതവരെയുമുള്ള തലങ്ങളിൽ യുക്തിയോടും നീതിയോടും തുലനം ചെയ്തു ചർച്ചചെയ്യുന്ന ശ്രദ്ധേയമായ പഠനപ്രബന്ധമാണ് ആനന്ദിന്റേത്. തന്റെ സാഹിത്യകൃതികളിൽ ആദ്യന്തം ആനന്ദ് പിന്തുടരുന്ന ആഖ്യാന രീതിശാസ്ത്രവും പുസ്തകവായനയാണ് എന്ന് ഇവിടെ ഓർമ്മിക്കാം.

പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ ഇന്ത്യയിൽ പ്രാചീനഗ്രന്ഥങ്ങളുടെ വിമർശനവും ശുദ്ധപാഠനിർമ്മാണവും വേരുപിടിക്കുന്ന പശ്ചാത്തലം ചൂണ്ടിക്കാണിച്ച്, ദേശീയഭാവനയുടെ സാംസ്‌കാരികോപാധിയായി മഹാഭാരതത്തിനുണ്ടായ വീണ്ടെടുപ്പും പുനർനിർമ്മാണവും ചർച്ച ചെയ്യുന്നു, സുനിൽ പി. ഇളയിടം. വി എസ്. സൂക്തങ്കറുടെ ശുദ്ധപാഠനിർമ്മിതി എങ്ങനെ മഹാഭാരതത്തിന് ദേശീയവും ആധികാരികവുമായ ഒരു ഏകപാഠം നിർമ്മിച്ചു നൽകി എന്നതിന്റെ ചരിത്രം.

പുസ്തകസംസ്‌കൃതിയിൽ അച്ചടി സൃഷ്ടിച്ച ദിശാവ്യതിയാനം, കൃതിയിൽനിന്ന് പാഠത്തിലേക്കും കർത്താവിൽ നിന്ന് വായനയിലേക്കും വിമർശനാത്മകമായ ദേശഭാവനകളിലേക്കുമായിരുന്നുവെന്ന് ഇന്ത്യൻ സന്ദർഭത്തിൽ നിരീക്ഷിക്കുന്നു ഇ.വി. രാമകൃഷ്ണൻ.

രണ്ടാംഭാഗം 'മലയാളം: അച്ചടി, ആധുനികത' എന്ന ശീർഷകത്തിൽ അച്ചടി മലയാളത്തിന്റെ 200 വർഷങ്ങൾ സൃഷ്ടിച്ച നാനാതരം സാംസ്‌കാരികപ്രതീതികളപഗ്രഥിക്കുന്ന മുപ്പത് പ്രബന്ധങ്ങൾ ഉൾക്കൊള്ളുന്നു. അച്ചടി സാങ്കേതികതയുടെ ചരിത്രം, മിഷനറി പ്രസാധനം, മലയാളഭാഷയുടെ ആധുനികീകരണം, ഭാഷാസൂത്രണം, ആദ്യഘട്ട ലിപിപരിഷ്‌കരണം, വിവർത്തനവും മലയാളവും, സാഹിത്യവ്യവഹാരത്തിന്റെ രൂപീകരണം, കേരളീയ പൊതുമണ്ഡലവും വർത്തമാനപ്പത്രങ്ങളും, മലയാളപുസ്തകചരിത്രം, ദേശീയതയുടെ മാനങ്ങൾ, ശാസ്ത്രം, വിജ്ഞാനം, ആധുനികവിദ്യാഭ്യാസം, കീഴാളനവോത്ഥാനം, കലയുടെ ആധുനികീകരണം, വായനാസംസ്‌കൃതിയുടെ രൂപപ്പെടൽ, രാഷ്ട്രീയമലയാളിയുടെ ഉരുവം കൊള്ളൽ, ഇടതുകേരളത്തിന്റെ വ്യവസ്ഥപ്പെടൽ, ലിംഗപദവീബന്ധങ്ങൾ, പത്രാധിപർ, ലിപ്യന്തര അച്ചടി, പത്രചരിത്രങ്ങൾ, മലയാള-കേരളീയ ചിന്താപരിണാമങ്ങൾ, പിൽക്കാല ലിപിപരിഷ്‌കരണങ്ങൾ എന്നിങ്ങനെ ഈ പ്രബന്ധങ്ങൾ വിശകലനം ചെയ്യുന്ന വിഷയങ്ങൾ നിരവധിയാണ്. ഏഴെണ്ണം ഇംഗ്ലീഷിലും ഇരുപത്തിമൂന്നെണ്ണം മലയാളത്തിലും.

സാങ്കേതികത, സാംസ്‌കാരികത, ഭാഷ, മിഷനറിരാഷ്ട്രീയം, പൊതുമണ്ഡലം എന്നിങ്ങനെ വിവിധ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ളവയാണ് ഇംഗ്ലീഷ് പ്രബന്ധങ്ങൾ. കേരളത്തിൽ അച്ചടി സാങ്കേതികത വളർന്നുവികസിച്ചതിന്റെ നാൾവഴിചരിത്രം സംഗ്രഹിക്കുന്നു, ഹരി എസ്. വായനാമലയാളിയുടെ ഭിന്നസ്വത്വങ്ങളപഗ്രഥിക്കുന്നു, മീരാ സി.യും കവിതാബാലകൃഷ്ണനും. ഭാഷയുടെ ആധുനികീകരണത്തിൽ ഊന്നുന്നു പി. കൃഷ്ണനുണ്ണി. മലബാറിലെ മിഷനറി ഇടപെടലുകൾ പഠിക്കുന്നു മുഹമ്മദ് അസ്ലം. അറബി മലയാളത്തിന്റെ അച്ചടി ചരിത്രമന്വേഷിക്കുന്നു മുഹമ്മദ് നിയാസ്. കേരളത്തിലെ ഇടതുപൊതുമണ്ഡലത്തിന്റെ മാധ്യമനിർമ്മിതി ചർച്ചചെയ്യുന്നു, മുഹമ്മദ് അഫ്‌സൽ.

ഈ ഭാഗത്തെ മലയാളപഠനങ്ങൾ പൊതുവിൽ അച്ചടി മലയാളത്തിന്റെ അഞ്ച് ബൃഹദ് മേഖലകളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ബാബുചെറിയാൻ, മനോജ് എബനീസർ, സ്‌കറിയാ സക്കറിയാ, വിനിൽപോൾ എന്നിവരുടെ ഊന്നൽ മിഷനറി സംസ്‌കാരത്തിലാണ്. ഭാഷ, സാഹിത്യം, ജാതി, കീഴാളത, മതം എന്നിങ്ങനെ നവോത്ഥാനാധുനികതയുടെ ഭിന്നപ്രരൂപങ്ങൾ മുൻനിർത്തി അച്ചടിസംസ്‌കൃതി പഠനവിധേയമാക്കുന്നു ഇവർ.

അച്ചടിനിർമ്മിച്ച കേരളീയാധുനികതയെന്ന പരിപ്രേക്ഷ്യത്തിലൂന്നുന്ന കെ.എം. ഗോവി, ഡീ.സീ., ശ്രീകുമാർ ഏ.ജി, ഷാജിജേക്കബ്, ഷിജു സാം വർഗീസ്, ഇ. ശ്രീജിത്ത് എന്നിവരുടെ രചനകൾ യഥാക്രമം പുസ്തകം, മാധ്യമങ്ങൾ, ശാസ്ത്രജ്ഞാനം, പാഠ്യപദ്ധതി എന്നീ തലങ്ങൾ അപഗ്രഥിക്കുന്നു.

മൂന്നാംമേഖല, പത്രമാസികകളുടെ ചരിത്രജീവിതമവലോകനം ചെയ്യുന്ന അഞ്ചു രചനകളുടേതാണ്. തോമസ് ജേക്കബ് മലയാളമനോരമ യുടെയും പി. കെ. രാജശേഖരൻ മാതൃഭൂമി യുടെയും ചരിത്രമെഴുമ്പോൾ എൻ.പി. രാജേന്ദ്രൻ പത്രാധിപർ എന്ന കർതൃത്വത്തിന്റെ മലയാളനിർമ്മിതി പഠിക്കുന്നു. ആദ്യകാല ആനുകാലിക പത്രപ്രവർത്തനത്തിന്റെ വഴികളന്വേഷിക്കുന്നു എൻ. പി. ചന്ദ്രശേഖരൻ. അച്ചടിയും കേരളമുസ്ലിങ്ങളും എന്ന വിഷയം അപഗ്രഥിക്കുന്നു മുഹമ്മദ് ശഫീഖ്. മലയാളമാധ്യമങ്ങളിലെ കാർട്ടൂണിന്റെ കഥയും കലയും അവതരിപ്പിക്കുന്നു, ജോഷി ജോർജ്ജ്.

നാലാംമേഖല, സാഹിത്യം, കല, സംസ്‌കൃതവിജ്ഞാനം തുടങ്ങിയ സമാന്തരമണ്ഡലങ്ങളിൽ അച്ചടി നടത്തിയ ഇടപെടലുകളാരായുന്നു. ആര്യ കെ., എൻ. അജയകുമാർ, കെ. മുത്തുലക്ഷ്മി എന്നിവരുടേതാണ് രചനകൾ.

അഞ്ചാം മേഖല മലയാളത്തിന്റെ ഭാഷാസൂത്രണവും ലിപിഘടനയും മറ്റും അച്ചടി സാങ്കേതികതയുടെ സാംസ്‌കാരികവ്യവസ്ഥക്കൊപ്പം കൈവരിച്ച പരിണാമങ്ങളുടെ അപഗ്രഥനങ്ങളാണ്. (മൂന്നാംമേഖലയിലെ പത്രചരിത്രപഠനങ്ങളിലുമുണ്ട് ലിപിപരിണാമത്തിന്റെ സാമാന്യമായ അന്വേഷണങ്ങൾ.) പി.എം. ഗിരീഷ്, നിസാർ അഹ്മദ്, ഷിജു അലക്‌സ്, സിബു സി.ജെ., സുനിൽ വി എസ്., സന്തോഷ് തോട്ടിങ്ങൽ എന്നിവരുടേതാണ് ഈ പ്രബന്ധങ്ങൾ.
കേരളത്തിൽ അച്ചടിസാങ്കേതികവിദ്യക്കുണ്ടായ രണ്ടുനൂറ്റാണ്ടിന്റെ വികാസപരിണാമങ്ങൾ അവലോകനം ചെയ്യുകയാണ് ഹരി.എസ്. വിവിധങ്ങളായ പ്രസ്സുകൾ, അച്ചടി രീതികൾ, ഇതരസാങ്കേതികതകളുടെ സ്വാധീനം, ഫോണ്ടുകൾ, ബെഞ്ചമിൻ ബെയിലിക്കു മുൻപ് തന്നെ കേരളത്തിലുണ്ടായിരുന്ന അച്ചുകൂടങ്ങൾ (ഇവ മലയാളം അച്ചടിച്ചിരുന്നില്ല) എന്നിവ മുതൽ വർത്തമാനകാലത്തെ ഡിജിറ്റൽ അച്ചടിവരെയുള്ളവ ഹരി വിശകലനം ചെയ്യുന്നു.
അച്ചടിസംസ്‌കാരത്തിന്റെ അടിസ്ഥാനമണ്ഡലങ്ങളിലൊന്നാണ് ഭാഷയുടെ മാനകീകരണവും ആധുനികീകരണവും. കേരളീയാധുനികതയുടെ അടിപ്പടവായി മലയാളത്തിന്റെ ഈ പരിണാമദശയെ സ്ഥാനപ്പെടുത്തുകയാണ് കൃഷ്ണനുണ്ണി പി.
പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിൽ അച്ചടിസൃഷ്ടിച്ച ഭാഷാകേന്ദ്രിതമായ ദേശീയതാനിർമ്മിതിയുടെയും സാമൂഹ്യാധുനികീകരണത്തിന്റെയും വിശകലനം നടത്തുന്നു, മീര. സി. പുസ്തകചരിത്രം, മാധ്യമപഠനം, വായനാസംസ്‌കാരം തുടങ്ങിയവയുടെ സംലയനം.
കൊളോണിൽ മലബാറിൽ ക്രിസ്ത്യൻ മിഷനറിമാർ നടത്തിയ അച്ചുകൂടപ്രവർത്തനങ്ങളുടെ സാംസ്‌കാരികചരിത്രമെഴുതുന്നു മുഹമ്മദ് അസ്ലം. മുഖ്യമായും ബാസൽ മിഷനാണ് ഈ അന്വേഷണത്തിന്റെ പരിധിയിൽ വരുന്നത്. സാങ്കേതികതയെ സാംസ്‌കാരികതയോടിണക്കി പഠിക്കുകയാണ് അസ്ലം.

മലയാളത്തിൽരൂപംകൊണ്ട മുസ്ലിം ബൗദ്ധികപൊതുമണ്ഡലവും അറബിമലയാളത്തിന്റെ അച്ചടിസംസ്‌കാരവും തമ്മിലുള്ള അഭിമുഖീകരണങ്ങൾ കണ്ടെടുക്കുന്നു മുഹമ്മദ് നിയാസ്. സാഹിത്യം, പത്രപ്രവർത്തനം, പാട്ടുസംസ്‌കാരം, ഭാഷ, അച്ചടി തുടങ്ങിയവ മുൻനിർത്തി കേരളീയനവോത്ഥാനത്തിൽ മുസ്ലിം സംസ്‌കാരത്തെ ഉറപ്പിക്കുന്ന പഠനം.

ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ രൂപംകൊണ്ട ഇടതു പൊതുമണ്ഡലത്തിന് അച്ചടിയുമായുള്ള ബന്ധമന്വേഷിക്കുന്നു മുഹമ്മദ് അഫ്‌സൽ. അച്ചടിയും മലയാള ദേശീയതയും തമ്മിലുള്ള ഉഭയബന്ധത്തിന്റെ രാഷ്ട്രീയഫലങ്ങളിലൊന്നായി ഇടതുകേരളത്തെ നോക്കിക്കാണുകയാണ് അഫ്‌സൽ.

കവിതാ ബാലകൃഷ്ണന്റെ പ്രബന്ധം വായനാമലയാളിയുടെ രൂപീകരണത്തിൽ സാഹിതീയ-ദൃശ്യഭാഷയ്ക്കുള്ള പങ്കന്വേഷിക്കുന്നു. വായന, കാഴ്ച എന്നീ അനുഭൂതികൾക്ക് സാഹിത്യം, ചിത്രകല എന്നീ സാംസ്‌കാരികരൂപങ്ങളുമായുള്ള ബന്ധത്തിന്റെ വിശകലനമാണ് കവിത തന്റെ രചനയിൽ നടത്തുന്നത്.

ബെഞ്ചമിൻ ബെയിലിയെക്കുറിച്ചാണ് ബാബുചെറിയാന്റെ പഠനം. മിഷനറി എന്നതിനപ്പുറത്തേക്ക് വിവർത്തകൻ, പ്രസാധകൻ, അദ്ധ്യാപകൻ, ഭാഷാപണ്ഡിതൻ തുടങ്ങിയ നിലകളിൽ ബെയിലി കോട്ടയത്ത് സി.എം.എസ്. പ്രസിലും കോളേജിലുമായി നിർവഹിച്ച ചരിത്രപരമായ ഉത്തരവാദിത്തങ്ങൾ അദ്ദേഹം അവലോകനം ചെയ്യുന്നു. മലയാളം അച്ചടിയുടെ പിതാവ് എന്ന സ്ഥാനം ബെയിലിക്കു കൈവന്നതിന്റെ നാനാതലങ്ങളിലുള്ള അപഗ്രഥനം.

കൊല്ലം കേന്ദ്രമാക്കി എൽ.എം.എസ്. മിഷനറിമാർ 1828 മുതൽ നടപ്പിലാക്കിയ അച്ചടിപ്രവർത്തനങ്ങളെക്കുറിച്ചുള്ള രേഖകൾ കണ്ടെത്തി തന്റെ നീരിക്ഷണങ്ങൾ അവതരിപ്പിക്കുന്നു, മനോജ് എബനീസർ. മിഷനറി ഗവേഷണത്തിന്റെ ശ്രദ്ധേയമായ മാതൃക. മിഷനറിഗദ്യം എന്ന സവിശേഷമായ ഭാഷാവ്യവഹാരം അച്ചടിയാധുനികതയുടെ ഉപലബ്ധിയായി രൂപംകൊണ്ടതെങ്ങനെ എന്നന്വേഷിക്കുകയാണ് സ്‌ക്കറിയാ സക്കറിയ. മൂന്നുകൃതികളിലൂടെയാണ് ഈ അന്വേഷണങ്ങൾ അദ്ദേഹം നിർവഹിക്കുന്നത്.

മിഷനറിമാർ രചിച്ച് അച്ചടിച്ച് വിതരണംചെയ്ത ലക്ഷക്കണക്കായ ലഘുലേഖകൾ (Tracts) എങ്ങനെ കൊളോണിയൽ ആധുനികതയുടെ ചരിത്രനിർമ്മിതിയിലെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസുകളായി മാറുന്നുവെന്നു ചൂണ്ടിക്കാണിക്കുകയാണ് വിനിൽ പോൾ. അച്ചടി കേരളത്തിൽ നിർമ്മിച്ച ഏറ്റവും ജനകീയമായ സാംസ്‌കാരികരാഷ്ട്രീയ പ്രവർത്തനങ്ങളിലൊന്ന്.

പുസ്തകവിജ്ഞാനത്തിന് ഗവേഷണാത്മകമായ രീതിശാസ്ത്രം അവതരിപ്പിച്ച കെ.എം. ഗോവി മലയാളത്തിലെ ആദ്യപുസ്തകചരിത്രകാരനാണ്. അദ്ദേഹത്തിന്റെ മലയാള ഗ്രന്ഥസൂചിയാകട്ടെ മലയാളപുസ്തകങ്ങളുടെ ബൃഹത്തും ശാസ്ത്രീയവുമായ വിവരസഞ്ചയവും. കേരളത്തിലെ പ്രസാധനത്തിന്റെ ചരിത്രാത്മകവും ശാസ്ത്രീയവുമായ വിശകലനമവതരിപ്പിക്കുന്നു ഗോവിയുടെ അന്വേഷണം.

പുസ്തകപ്രസാധനരംഗത്ത് ഇന്ത്യയിൽത്തന്നെ ശ്രദ്ധേയനാണ് ഡീ.സീ. കിഴക്കേമുറി. മലയാളപുസ്തകപ്രസാധനത്തിന്റെ പ്രാരംഭം മുതൽക്കുള്ള വൈവിധ്യമാർന്ന ശ്രമങ്ങളെയും പ്രവണതകളെയും സാധ്യതകളെയും സംഗ്രഹിച്ചവതരിപ്പിക്കുന്നു അദ്ദേഹത്തിന്റെ ലേഖനം. ഒരു പ്രസാധകനെഴുതുന്ന പ്രസിദ്ധീകരണചരിത്രസംഗ്രഹം.

പുസ്തകചരിത്രത്തിന്റെ പൊതുപശ്ചാത്തലം മുൻനിർത്തി മലയാളപുസ്തകവിജ്ഞാനത്തിന്റെ ഭിന്നമാനങ്ങൾ രേഖാധിഷ്ഠിതമായവതരിപ്പിക്കുന്നു, ശ്രീകുമാർ ഏ.ജി. അച്ചടി സംസ്‌കാരം, പുസ്തകങ്ങളുടെ സാമൂഹ്യശാസ്ത്രം, പ്രസാധനചരിത്രം എന്നീമേഖലകളിലൂന്നിനിന്നുള്ള വിഷയാവതരണം.

കേരളീയ, രാഷ്ട്രീയ-സാഹിതീയപൊതുമണ്ഡലങ്ങളുടെ നിർമ്മിതിയിൽ അച്ചടി മാധ്യമങ്ങൾ വഹിച്ച പങ്കും ആധുനികതയുടെ ബൃഹദ്പദ്ധതിക്കുള്ളിൽ കണ്ണിചേരുന്നതിൽ മലയാളിയെ ബഹുജനമാധ്യമങ്ങൾ സജ്ജമാക്കിയ രീതികളും വിശകലനംചെയ്യുന്നു ഷാജി ജേക്കബ്. ആധുനികതയും നവോത്ഥാനവും നടത്തിയ അച്ചടി മാധ്യമ ഇടപെടലുകളെയും മാധ്യമങ്ങൾ ഈ ചരിത്രപ്രക്രിയകളിൽ നടത്തിയ ഇടപെടലുകളെയും അപഗ്രഥിക്കുന്ന ലേഖനം.

ശാസ്ത്രസംവാദത്തിന്റെ കേരളീയസാമൂഹികചരിത്രമന്വേഷിക്കുന്നു, ഷിജു സാം വർഗീസ്. അച്ചടിയാധുനികതയിൽ പാശ്ചാത്യസയൻസിന്റെ പ്രഭാവം സൃഷ്ടിച്ച നാനാതരം സ്വാധീനങ്ങളുടെ സൂക്ഷ്മവും സുബദ്ധവുമായ അപഗ്രഥനം.

കേരളത്തിൽ ആധുനികവിദ്യാഭ്യാസവും ജ്ഞാനോല്പാദനവും ആരംഭിക്കുന്നതിൽ മിഷനറിമാർക്കുള്ള പങ്കന്വേഷിക്കുന്നു, ശ്രീജിത്ത് ഇ. എൽ.എം.എസ്., സി.എം.എസ്., ബാസൽമിഷൻ സഭകളുടെ വിദ്യാഭ്യാസ, വൈജ്ഞാനിക പ്രവർത്തനങ്ങളുടെ സൂക്ഷ്മാവലോകനം.

മലയാളമനോരമയുടെ സംഗൃഹീത ജീവചരിത്രമാണ് തോമസ് ജേക്കബ് എഴുതുന്നത്. മലയാളഭാഷയും ലിപിയും പരിഷ്‌കരിക്കുന്നതിൽ/ആധുനികീകരിക്കുന്നതിൽ കണ്ടത്തിൽ വർഗീസ് മാപ്പിള നടത്തിയ ശ്രമങ്ങളിൽ തുടങ്ങി, സാമൂഹിക നവോത്ഥാനം, രാഷ്ട്രീയാധുനികത, കാർഷികവിപ്ലവം, കേരളവികസനം, ആതുരസേവനം, പത്ര-വാർത്താ സംസ്‌കാരം, ജനകീയ ജീവിതരംഗങ്ങൾ, കായികമേഖല തുടങ്ങിയ നിരവധി തലങ്ങളിൽ ഒരു പത്രം നടത്തിയ നിരന്തരമായ ഇടപെടലുകളുടെ വായന.

ദേശീയപ്രസ്ഥാനം, സാഹിത്യപത്രപ്രവർത്തനം, ഭാഷാപരിഷ്‌കരണം, സാമൂഹ്യനവീകരണം എന്നിവയിൽ നടത്തിയ ഇപെടലുകളിലൂടെ മാതൃഭൂമി പത്രം കേരളീയാധുനികതയുടെ നിർമ്മിതിയിൽ നിർവഹിച്ച ദൗത്യങ്ങളുടെ ചരിത്രം സംഗ്രഹിച്ചവതരിപ്പിക്കുന്നു പി.കെ. രാജശേഖരൻ.

അച്ചടിമാധ്യമചരിത്രത്തിലെ സുപ്രധാനമായ കർതൃപദവികളിലൊന്നാണല്ലോ പത്രാധിപരുടേത്. മലയാളത്തിൽ ഈ പദവി രൂപപ്പെടുന്നതിന്റെയും അതിനുണ്ടായ പരിണാമങ്ങളുടെയും കഥ പറയുകയാണ് എൻ.പി. രാജേന്ദ്രൻ.

ആദ്യകാല ആനുകാലികങ്ങളെക്കുറിച്ചുള്ള വിശകലനങ്ങളെ പുനഃപരിശോധിച്ച് അവ നിർവഹിച്ച ചരിത്രധർമ്മങ്ങളെ പുനർവായിക്കുന്നു എൻ.പി. ചന്ദ്രശേഖരൻ. നവേത്ഥാനത്തിന്റെ സാഹിതീയഭാവുകത്വം നിർമ്മിച്ചതിൽ ആനുകാലികങ്ങൾക്കുള്ള പങ്കന്വേഷിക്കുന്ന പഠനം.

കേരളീയാധുനികതയുടെ സവിശേഷ സാംസ്‌കാരികമുഖങ്ങളിലൊന്നാണ് മുസ്ലിങ്ങളുടെ പൊതുമണ്ഡലപ്രവേശനവും ഭാഷാ-സാഹിത്യ-മാധ്യമ ഇടപെടലുകളും. ഈ ചരിത്രാനുഭവത്തിന്റെ വിവരങ്ങൾ ക്രോഡീകരിക്കുകയാണ് മുഹമ്മദ് ശഫീഖ്.

മലയാള അച്ചടിമാധ്യമചരിത്രത്തിലെ സവിശേഷരൂപങ്ങളിലൊന്നായ കാർട്ടൂൺ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലം നിർവഹിച്ച രാഷ്ട്രീയധർമ്മങ്ങൾ ചൂണ്ടിക്കാണിക്കുന്നു ജോഷി ജോർജ്ജ്. സഞ്ജയനിലാരംഭിച്ച് തന്റെ സമകാലികരിലെത്തുന്ന ഒരു മാധ്യമപാഠത്തിന്റെ ചരിത്രമെഴുതുകയാണ് കാർട്ടൂണിസ്റ്റ് കൂടിയായ ജോഷി.

മുദ്രണാലയങ്ങൾ, പുസ്തകസംസ്‌കാരം, മലയാളപഠനം എന്നിവയുടെ പ്രേരണകൾ ആധുനികകേരളത്തിന്റെ സാമൂഹ്യാഭിലാഷമായി സാഹിത്യത്തെ വ്യവഹാരവൽക്കരിച്ചതെങ്ങനെയെന്നു പഠിക്കുന്നു, ആര്യ കെ. സവിശേഷമായ ഒരു സാംസ്‌കാരിക സിദ്ധാന്തത്തിന്റെ മൗലികമായ പ്രയോഗമാതൃക.

കേരളീയകലകളെ ആധുനിക പൂർവഘട്ടങ്ങളിൽനിന്ന് ആധുനികതയിലേക്കു നവീകരിക്കുന്നതിൽ അച്ചടി വഹിച്ച പങ്കിന്റെ സൂക്ഷ്മാവലോകനമാണ് എൻ. അജയകുമാർ നടത്തുന്നത്. കലാവിമർശനത്തെ അച്ചടിപഠനത്തോടും അച്ചടി പഠനത്തെ കലാവിമർശനത്തോടും കൂട്ടിയിണക്കുന്ന വായന.

ബൃഹത്തായ വൈജ്ഞാനിക, സാഹിതീയ സമ്പത്തുള്ള സംസ്‌കൃതം, അച്ചടിയിലൂടെ ആധുനികീകരിക്കപ്പെട്ടതിന്റെ കേരളീയസന്ദർഭങ്ങളും കേരളീയാധുനികതയ്ക്ക് സംസ്‌കൃതത്തിലൂടെ കൈവന്ന ഉപലബ്ധികളും ചൂണ്ടിക്കാണിക്കുന്നു, കെ. മുത്തുലക്ഷ്മി.

ഭാഷാസൂത്രണം എന്ന വിഷയത്തിന്റെ പരിപ്രേക്ഷ്യത്തിൽ മാനകീകരണം, ആധുനികീകരണം, ഭാഷാനയരൂപീകരണം എന്നീ തലങ്ങളിൽ മലയാളമാർജ്ജിച്ച മാറ്റങ്ങളപഗ്രഥിക്കുകയാണ് പി.എം. ഗിരീഷ്.

കംപ്യൂട്ടർ സാങ്കേതികവിദ്യ അച്ചടിയിൽ വരുത്തിയ മാറ്റങ്ങളുടെ ഏറ്റവും പ്രത്യക്ഷവും പ്രകടവുമായ ഫലങ്ങളിലൊന്നാണ് ലിപിവ്യവസ്ഥയിൽ സംഭവിച്ച വ്യതിയാനങ്ങൾ. മലയാളത്തെ മുൻനിർത്തി ഈ വിഷയം ചർച്ചചെയ്യുകയാണ് നിസാർ അഹമ്മദ്.

ലിപിപഠനത്തിൽ മലയാളത്തിൽ നടക്കുന്ന ഏറ്റവും മൗലികമായ ഗവേഷണങ്ങളിലൊന്നിന്റെ ഫലമാണ് ഷിജു അലക്‌സ്, സിബു സി.ജെ, സുനിൽ വി എസ് എന്നിവരുടെ രചന. ഏ, ഓ, ലിപികളുടെയും ഉപലിപികളുടെയും ചരിത്രം ക്രോഡീകരിക്കുകയാണ് ഗവേഷകർ.

അച്ചടിയിൽനിന്ന് ഡിജിറ്റൽ ഫോണ്ടുകളിലെത്തിയ മലയാളത്തിന്റെ ലിപിവിന്യാസ ചിത്രീകരണചരിത്രത്തെ സൂക്ഷ്മവും സങ്കേതബദ്ധവുമായപഗ്രഥിക്കുകയാണ് സന്തോഷ് തോട്ടിങ്ങൽ. ഡിജിറ്റൽ ടൈപ്പോഗ്രാഫിയുടെ സാങ്കേതിക വിദ്യ, രൂപകല്പന, എഞ്ചിനീയറിങ് എന്നിവ പരിചയപ്പെടുത്തുന്ന ലേഖനം.

ഇക്കഴിഞ്ഞ 200 വർഷങ്ങളിൽ കേരളത്തിലെ മലയാളം അച്ചടി സാങ്കേതികവും സാംസ്‌കാരികവുമായി കൈവരിച്ച പരപ്പുകളുടെയും ആഴങ്ങളുടെയും പ്രതലങ്ങളുടെയും ഉയരങ്ങളുടെയും വർണ്ണരാജിയാണ് ഈ സമാഹാരം ഉൾക്കൊള്ളുന്നത്. ഒപ്പം അച്ചടി സംസ്‌കാരത്തിന്റെ വൈജ്ഞാനികപാഠങ്ങളെ ദേശീയവും ദേശാന്തരവുമായി നോക്കിക്കാണുന്ന പുസ്തക-മാധ്യമപഠനങ്ങളുടെ ചില ശ്രദ്ധേയ മാതൃകകളും. നിശ്ചയമായും നിരവധി മേഖലകളും വിഷയങ്ങളും വിട്ടുപോയിട്ടുണ്ട്. സാങ്കേതികചരിത്രം, നവീകരണം, ജനപ്രിയസംസ്‌കാരം, ലിംഗരാഷ്ട്രീയം, ജാതിബന്ധങ്ങൾ, ഗ്രന്ഥശാലാ പ്രസ്ഥാനം, സംസ്‌കാരവ്യവസായം എന്നിങ്ങനെ.

വാക്കിലെ ലോകങ്ങൾ
ജനറൽ എഡിറ്റർ: ബാബു ചെറിയാൻ
ബെഞ്ചമിൻ ബെയിലി ഫൗണ്ടേഷൻ,
എസ്. പി.സി.എസ്.
2021
വില 1600 രൂപ

സഹായകരചനകൾ

  • ഗോവി, കെ.എം., 2002, 'പുസ്തകം നൂറ്റാണ്ടുകളിലൂടെ: പരീക്ഷണങ്ങളും അനുഭവങ്ങളും', നമ്മുടെ സാഹിത്യം, നമ്മുടെ സമൂഹം, വാല്യം മൂന്ന്, കേരളസാഹിത്യ അക്കാദമി, തൃശ്ശൂർ.
  • റാം, എൻ., 2002, ഭീഷണി, മാധ്യമരംഗത്തും, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം.
  • Abhijit Gupta, Swapan Chakravorty, 2004, Print Areas: Book History in India, Permanent Black
  • Anderson, Benedict, 1983, Imagined Communities: Reflections on the Origin and Spread of Nationalism, Verso.
  • Bhargava, G.S., 2005, The Press in India, NBT.
  • Brotton, Jerry, 2006, The Renaissance, OUP
  • Dharwadker, Vinay, 1997, 'Print Culture and Literary Markets in Colonial India', in, Language, Machines and Technologies of Literary and Cultural Production, eds: Jeffrey Masten, Peter Stallybras and Nancy J. Vickers Routledge.
  • Eisenstein Elizabeth, 1983, The Printing Revolution in Early Modern Europe, Cambridge.
  • Habermas, Jurgen, (1962), 1993, The Structural Transformation of the Public Sphere, Tr. Thomas Burger and Frederick Lawrence, MIT Press, Cambridge.
  • Innis, Harold, 1951, The Bias of Communication, University of Toronto Press.
  • Jeffery, Robin, 2000, India's Newspaper Revolution, OUP.
  • ................................, 2010,Media and Modernity, Permanent Black
  • Mcluchan, Marshal, 1962, The Gutenberg Galaxy: The Making of the Typographic Man, Mentor, New York
  • ................................................ 1964, Understanding Media, Routledge.
  • Winston, Brian, 2005, Messages: From Gutenberg to Google, Routledge.

(പത്രാധിപസമിതിക്ക് വേണ്ടി, ഈ പുസ്തകത്തിനെഴുതിയ ആമുഖം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP