Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാട്ടാനകളുടെ തേറ്റകളും മ്ലാവിന്റെ കൊമ്പുമായി മൂന്ന് പേർ അറസ്റ്റിൽ; വനംവകുപ്പിലെ മുൻ താത്കാലിക ഡ്രൈവർ ഒളിവിൽ

കാട്ടാനകളുടെ തേറ്റകളും മ്ലാവിന്റെ കൊമ്പുമായി മൂന്ന് പേർ അറസ്റ്റിൽ; വനംവകുപ്പിലെ മുൻ താത്കാലിക ഡ്രൈവർ ഒളിവിൽ

സ്വന്തം ലേഖകൻ

മൂന്നാർ: കാട്ടാനകളുടെ തേറ്റകളും മ്ലാവിന്റെ കൊമ്പുമായി മൂന്നുപേരെ വനം വകുപ്പ് വിജിലൻസ് വിഭാഗം അറസ്റ്റുചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട വനംവകുപ്പിലെ മുൻ താത്കാലിക ഡ്രൈവർ ഒളിവിലാണ്.

ദേവികുളം കുളമാങ്ക ഡിവിഷനിൽ എ.പ്രേംകുമാർ (43), എൻ.നവരാജ് (41), ദേവികുളം ന്യൂകോളനിയിൽ കെ. പാണ്ടിദുരൈ (36) എന്നിവരെയാണ് വിജിലൻസ് സംഘം മൂന്നാർ ദേവികുളം റോഡിലെ പഴയ ഗവ.കോളേജ് കെട്ടിടത്തിനു സമീപത്തുവെച്ച് അറസ്റ്റ് ചെയ്തത്. വനം വകുപ്പിലെ താത്കാലിക ഡ്രൈവറായിരുന്ന ഇരച്ചിൽപാറ സ്വദേശി പി.ബാബു (റഹ്മാൻ )ആണ് ഒളിവിൽ പോയത്. പ്രതികൾ സഞ്ചരിച്ചിരുന്ന പ്രേംകുമാറിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോയും വിജിലൻസ് സംഘം പിടിച്ചെടുത്തു.

മോഴയാനകളുടെ നാലുതേറ്റകളും മ്ലാവിന്റെ ഒരു കൊമ്പുമാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. ടൂറിസ്റ്റുകൾ ചമഞ്ഞഅ തിരുവനന്തപുരത്തു നിന്നും എത്തിയ വിജിലൻസ് സംഘം ഇവരെ കുരുക്കുക ആയിരുന്നു. നാലുപേരും ചേർന്ന് ആനക്കൊമ്പ് വിൽപ്പന നടത്താൻ ലക്ഷ്യമിടുന്നതായുള്ള വിവരത്തെ തുടർന്നാണ് വിജിലൻസ് സംഘം മൂന്നുദിവസം മുൻപ് വിനോദസഞ്ചാരികളെന്ന പേരിൽ മൂന്നാറിലെത്തിയത്.

ടൂറിസ്റ്റ് ഗൈഡുകൂടിയായ പ്രേംകുമാറിന്റെ ഓട്ടോയിലാണ് സംഘം ചുറ്റിസഞ്ചരിച്ചത്. ഇതിനിടയിൽ ആനക്കൊമ്പ് വാങ്ങാൻ താത്പര്യമറിയിച്ചതനുസരിച്ചാണ് പ്രതികൾ കൊമ്പുകളുമായെത്തിയത്. പിടിയിലായവരെ പിന്നീട് ദേവികുളം റേഞ്ചിന് കൈമാറി. കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.

കൊമ്പുകൾ ലഭിച്ചത് വനം വകുപ്പിന്റെ സംരക്ഷണകേന്ദ്രത്തിൽ നിന്നെന്ന് സൂചന

വിവിധ കേസുകളിൽപ്പെട്ട പ്രതികളിൽനിന്ന് തൊണ്ടിമുതലായി ലഭിച്ച കൊമ്പുകളാണ് ഇവയെന്നാണ് സൂചന. ദേവികുളം റേഞ്ചിനു കീഴിലുള്ള അരുവിക്കാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസിന്റെ ദേവികുളം ഇരച്ചിൽപാറയിലുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന കൊമ്പുകളാണ് വിജിലൻസ് സംഘം പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. മുൻ ഡ്രൈവറായ ബാബു (റഹ്മാൻ )ആണ് ഇവ എടുത്ത് വിൽക്കാനായി മറ്റുള്ളവരെ ഏൽപ്പിച്ചതെന്ന് പറയപ്പെടുന്നു.

സമാനമായ രീതിയിൽ പ്രതികൾ മുൻപ് നടത്തിയ കച്ചവടങ്ങൾ സംബന്ധിച്ച് മദ്യലഹരിയിൽ പ്രതികൾ സംസാരിച്ച വിവരം തിരുവനന്തപുരം വിജിലൻസിന് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് വിവരം മൂന്നാറിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാതെ വിജിലൻസ് സംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടിയത്. എന്നാൽ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP