Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിഴക്കമ്പലത്ത് 2015ൽ 20ൽ 18 സീറ്റ്; അഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ വികസന മന്ത്രത്തിൽ നേടിയത് ഐക്കരനാടും മഴുവന്നൂരും കുന്നത്തുനാടും കൂടി; എംഎൽഎ യുദ്ധ പ്രഖ്യാപനവുമായി എത്തിയപ്പോൾ കിറ്റക്‌സ് നാടും വിട്ടു; പകയുമായി ശ്രീനിജൻ പിറകെ നടന്നപ്പോൾ വീണത് ചോര; ട്വന്റി ട്വന്റിക്കും ഇനി രക്തസാക്ഷി; കിഴക്കമ്പലത്ത് ദീപുവിന്റെ ജീവനെടുത്തത് സിപിഎം പ്രതികാരം

കിഴക്കമ്പലത്ത് 2015ൽ 20ൽ 18 സീറ്റ്; അഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ വികസന മന്ത്രത്തിൽ നേടിയത് ഐക്കരനാടും മഴുവന്നൂരും കുന്നത്തുനാടും കൂടി;  എംഎൽഎ യുദ്ധ പ്രഖ്യാപനവുമായി എത്തിയപ്പോൾ കിറ്റക്‌സ് നാടും വിട്ടു; പകയുമായി ശ്രീനിജൻ പിറകെ നടന്നപ്പോൾ വീണത് ചോര; ട്വന്റി ട്വന്റിക്കും ഇനി രക്തസാക്ഷി; കിഴക്കമ്പലത്ത് ദീപുവിന്റെ ജീവനെടുത്തത് സിപിഎം പ്രതികാരം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പത്തുകൊല്ലം പോലുമാകാതെ കേരളത്തിലെ രാഷ്ട്രീയ കൂട്ടായ്മയാണ് ട്വന്റി ട്വന്റി. കിഴക്കമ്പലത്തെ വികസന ലക്ഷ്യത്തിൽ ട്വന്റി ട്വന്റി പിറവിയെടുത്തത് കിറ്റക്‌സ് ഗ്രൂപ്പിന്റെ കരുത്തിലാണ്. ആ പ്രദേശത്തിന്റെ വികസനം മാത്രമായിരുന്നു അജണ്ട. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അത്ഭുതം കാട്ടി ട്വന്റി ട്വന്റി അധികാരം പിടിച്ചെടുത്തു. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വാധീനം തൊട്ടടുത്ത പഞ്ചായത്തിലേക്കും വ്യാപിപ്പിച്ചു. അങ്ങനെ കിഴക്കമ്പലത്തിനും പുറത്തും ട്വന്റി ട്വന്റി വളർന്നു. കുന്നത്തുനാട് എന്ന നിയമസഭാ മണ്ഡലത്തിൽ സ്വാധീന ചെലുത്താൻ പോകുന്ന കൂട്ടായ്മയായി അതു വളർന്നു. ഇതോടെ സിപിഎമ്മിന് കണ്ണിലെ കരടായി ട്വന്റി ട്വന്റി.

ഈ രാഷ്ട്രീയ വൈരാഗ്യമാണ് സികെ ദീപുവെന്ന 37കാരന്റെ ജീവനെടുത്തത്. കണ്ണൂരിലും ആലപ്പുഴയിലും തൃശൂരിലും കേട്ട് ശീലിച്ച രാഷ്ട്രീയ വൈരാഗ്യം പൊതുവേ ശാന്തമായ കിഴക്കമ്പലമെന്ന എറണാകുളത്തെ പഞ്ചായത്തിലും എത്തുകയാണ്. എല്ലാ അർത്ഥത്തിലും രാഷ്ട്രീയ പകയാണ് ട്വന്റി ട്വന്റിയുടെ അഞ്ചാം വാർഡ് സെക്രട്ടറിയായ ദീപുവിന് വിനയായത്. കൊല്ലണമെന്ന ഉദ്ദേശത്തോടെ സിപിഎം പ്രവർത്തകർ മർദ്ദിച്ചുവെന്നാണ് പൊലീസ് എഫ് ഐ ആർ. ഇതിൽ നിന്ന് തന്നെ വൈരാഗ്യവും ആക്രമണത്തിന്റെ ഭീകരതയും വ്യക്തമാണ്. ദിവസങ്ങളോളും ആശുപത്രിയിൽ ജീവന് വേണ്ടി മല്ലിട്ട ശേഷമാണ് സികെ ദീപു വിടവാങ്ങുന്നത്. വികസന മുദ്രാവാക്യവുമായി കിഴക്കമ്പലത്ത് നിറഞ്ഞ ട്വന്റി ട്വന്റി പോലും ആ പാർട്ടിക്കൊരു രക്തസാക്ഷിയെ ഒരിക്കലും പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്തില്ലെന്നതാണ് സത്യം.

കാവുങ്ങപറമ്പ് പാറപ്പുറം ഹരജിൻ കോളനിയിൽ ചായാട്ടുഞാലിൽ ദീപു(38) ആണ് മരിച്ചത്. മർദനത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ട്വന്റി 20 ആരോപിച്ചിരുന്നു. ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിൽ പി.വി ശ്രീനിജൻ എംഎ‍ൽഎയുടെ നടപടികൾക്കെതിരെ ശനിയാഴ്ച വൈകീട്ട് ഏഴു മുതൽ7.15 വരെ ലൈറ്റ് അണച്ച് പ്രതിഷേധിക്കാൻ ട്വന്റി 20 ആഹ്വാനം ചെയ്തിരുന്നു. ഈ പ്രതിഷേധത്തിനിടെയാണ് ട്വന്റി 20 പ്രവർത്തകന് മർദനമേറ്റത്. നേരത്തെ ട്വന്റി 20 പ്രവർത്തകനെ മർദിച്ച കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുന്നത്തുനാട് സ്വദേശികളായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്ത്. ഇവർക്കെതിരെ വധശ്രമം, ഹരിജന പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് നേരത്തെ കേസെടുത്തത്. പ്രതികളെല്ലാം സിപിഎമ്മുകാരാണ്.

ലൈറ്റ് അണച്ച് ദീപുവും വീട്ടിൽ പ്രതിഷേധ സമരത്തിൽ പങ്കാളിയായി. സിപിഎം പ്രവർത്തകരായ ഒരുപറ്റം ആളുകൾ ദീപുവിനെ മർദിച്ചു. അവശനിലയിലായ ഇയാളെ വാർഡ് മെമ്പറും സമീപവാസികളും എത്തിയാണ് രക്ഷിച്ചത്. ഇതിനിടെ വീടിനു മുന്നിലെത്തിയ അക്രമികൾ, ദീപുവിനു ചികിത്സ നൽകുകയോ പൊലീസിൽ അറിയിക്കുകയോ ചെയ്താൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ദീപു രക്തം ഛർദിക്കുകയും അത്യാസന നിലയിലാകുകയും ചെയ്തു. പഴങ്ങനാടുള്ള ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ദീപുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു.

കോൺഗ്രസിന്റെ കുത്തക സീറ്റായിരുന്നു കുന്നത്തുനാട്. ഇവിടെ സിപിഎം ജനപ്രതിനിധിയാണ് ഇപ്പോൾ എംഎൽഎ. പിവി ശ്രീനിജൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ നാൽപ്പതിനായിരം വോട്ട് നേടിയ ട്വന്റി ട്വന്റിയാണ് കോൺഗ്രസിനെ തോൽപ്പിച്ച് സിപിഎമ്മിനെ വിജയത്തിലെത്തിച്ചത്. എന്നാൽ നിയമസഭയിലെ വിജയത്തോടെ സിപിഎം ട്വന്റി ട്വന്റിയെ ശത്രു പക്ഷത്തു കണ്ടു. കിറ്റക്‌സിനെതിരെ പലവിധ നടപടികൾ സർക്കാർ തലത്തിൽ നടത്തി. എല്ലാത്തിനും നേതൃത്വം നൽകിയത് കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി ഉള്ളതുകൊണ്ട് മാത്രം എംഎൽഎയായ ശ്രീനിജനും. ഒടുവിൽ ശ്രീനിജന്റെ വാശിയും വൈരാഗ്യവും ട്വന്റി ട്വന്റിക്ക് രക്തസാക്ഷിയെ നൽകുകയാണ്. അങ്ങനെ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിൽ കിഴക്കമ്പലത്തും ഭീതി നിറയുന്നു.

എല്ലാ പ്രവചനങ്ങളെയും നിലംപരിശാക്കി, നാലു പഞ്ചായത്തുകളിലാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി ഭരണം പിടിച്ചത്. കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകൾ. ഇതിൽ ഐക്കരനാട് പഞ്ചായത്തിൽ മുഴുവൻ സീറ്റും അവർ തൂത്തുവാരി. ഇവിടെ പ്രതിപക്ഷമില്ല. എറണാകുളം ജില്ലാ പഞ്ചായത്തിലും ഇത്തവണ ട്വന്റി 20 പ്രതിനിധിയുണ്ട്. കോലഞ്ചേരി ഡിവിഷനിൽനിന്നാണ് അവരുടെ സ്ഥാനാർത്ഥി വിജയിച്ചത്. എൽ ഡി എഫും യു ഡി എഫും സംയുക്തമായി പലയിടങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തിയ സാഹചര്യത്തിലാണ് ട്വന്റി 20 യുടെ മുന്നേറ്റത്തിന് കൂടുതൽ തിളക്കമുണ്ടായത്. ഇത് സിപിഎമ്മിനെ അലോസരപ്പെടുത്തിയിരുന്നു.

മുന്നണി സംവിധാനങ്ങളെ നിലംപരിശാക്കി എങ്ങനെയാണ് ട്വന്റി 20 പോലെ കോർപറേറ്റ് കമ്പനിയുടെ മുൻകൈയിലുള്ള ഒരു കൂട്ടായ്മ നാലു പഞ്ചായത്തുകളിലെ ജനങ്ങളെ ഒപ്പം നിർത്തിയത് എന്ന ചർച്ച സജീവമാ.ി. വിചിത്രമായ ഈ കൂട്ടായ്മ കേരള രാഷ്ട്രീയത്തിന് നൽകുന്ന സന്ദേശം സിപിഎമ്മിനെ ഭയപ്പെടുത്തി. ഇതിനെ പ്രതിരോധിക്കാൻ എംഎൽഎ ശ്രീനിജൻ തന്നെ രംഗത്തു വന്നു. കിറ്റക്‌സിനെതിരെ പലവിധ ആരോപണങ്ങളുണ്ടായി. പുതിയ പ്ലാന്റ് തെലുങ്കാനയിലേക്കും പോയി. അതിന് ശേഷം കിറ്റക്‌സ് സാബുവിന്റെ കിഴക്കമ്പലത്തെ വികസനം അട്ടിമറിക്കാനായിരുന്നു ശ്രമം. തെരുവ് വിളക്ക് നിർമ്മാണം ചർച്ചയാക്കിയതും അതിന് വേണ്ടിയാണ്. കിഴക്കമ്പലത്തിന് പുറത്ത് ട്വന്റി ട്വന്റിയെ കുറിച്ച് മോശം പ്രചരണമുണ്ടാക്കി അവരുടെ രാഷ്ട്രീയ വളർച്ച തടയുകയായിരുന്നു ലക്ഷ്യം.

വികസനം, ക്ഷേമപ്രവർത്തനങ്ങൾ. ഇതാണ് ട്വന്റി 20 മുന്നോട്ടുവെയ്ക്കുന്ന മുഖ്യ വാഗ്ദാനം. കിഴക്കമ്പലത്ത് അഞ്ച് വർഷം നടത്തിയ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പരിപാടികളും മുൻനിർത്തിയാണ് കൂടുതൽ പഞ്ചായത്തുകളിലേക്ക് അവർ വ്യാപിച്ചത്. രാഷ്ട്രീയ പാർട്ടികൾ ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നും ചെയ്യാത്ത സാഹചര്യത്തിലാണ് ജനങ്ങൾ തങ്ങളെ സ്വീകരിച്ചത് എന്നാണ് ഈ കൂട്ടായ്മ സ്വയം വിലയിരുത്തിയത്. അതുകൊണ്ട് തന്നെ ഈ വികസന മോഡൽ കൂടുതൽ ചർച്ചയാക്കാതിരിക്കാൻ സിപിഎം ഏറെ ശ്രദ്ധിച്ചു. ഇതിന്റെ പ്രതിഫലനമായിരുന്നു സമീപകാലത്ത് കിഴക്കമ്പലത്തുണ്ടായ പല വിവാദവും. ഇതിന്റെ തുടർച്ചയായിരുന്നു വഴിവിളക്ക് വിവാദവും.

2013ലാണ് ട്വന്റി 20 ചാരിറ്റബിൾ സൊസൈറ്റി രൂപവൽകരിക്കുന്നത്. കിറ്റക്‌സ് കമ്പനിയുടെ ചെയർമാൻ സാബു എം ജേക്കബ് ആണ് ട്വന്റി 20 നിയന്ത്രിക്കുന്നത്. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതി പ്രകാരം കമ്പനി രൂപം നൽകിയ സൊസൈറ്റിയാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. രാഷ്ട്രീയ-മത-സാമുദായിക സംഘടനകളുടെ പിന്തുണയോടെ മദ്യവർജ്ജനം അടക്കമുള്ള ആശയങ്ങൾ മുന്നോട്ടുവച്ചാണ് അവർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയത്. കിഴക്കമ്പലത്തിന്റെ വികസനം എന്ന മുദ്രാവാക്യവുമായി മുന്നിട്ടിറങ്ങിയ ഈ കൂട്ടായ്മക്ക് അന്ന് ഇടതുപക്ഷവും ബിജെപിയും പിന്തുണ നൽകിയിരുന്നു. തെരഞ്ഞെടുപ്പിൽ മൽസരിക്കുക എന്ന പരിപാടിക്കില്ലെന്ന് പലതവണയായി കിറ്റക്സ് ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നുവെങ്കിലും 2015-ലെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ അവർ മൽസര രംഗത്തിറങ്ങുകയായിരുന്നു. ഇതോടെ രാഷ്ട്രീയക്കാരുടെ സ്വഭാവം മാറി.

തങ്ങളുടെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് നിലവിലുള്ള രാഷ്ട്രീയക്കാർ എതിരു നിൽക്കുന്നതിനാൽ, പഞ്ചായത്തിൽ അധികാരത്തിൽ എത്തണം എന്നൊരാവശ്യം ഈ കൂട്ടായ്മ പിന്നീട് ജനങ്ങൾക്കു മുന്നിലേക്കു വെച്ചു. അങ്ങനെയാണ്, ട്വന്റി 20 2015-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. ആ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളെയും പരാജയപ്പെടുത്തി 19-ൽ 17 വാർഡിലും ട്വന്റി 20 ജയിച്ചു. ട്വന്റി 20 രൂപീകരിക്കുന്ന സമയത്ത് കിഴക്കമ്പലം പഞ്ചായത്ത് ഭരിച്ചിരുന്നത് കോൺഗ്രസ് ആയിരുന്നു. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 15 സീറ്റ് നേടിയാണ് കോൺഗ്രസ് അധികാരത്തിലേറിയത്. എന്നാൽ, 2015-ൽ ട്വന്റി 20 കളം പിടിക്കുകയായിരുന്നു. ട്വന്റി 20 ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് കേവലം രണ്ട് വർഷം പൂർത്തിയാക്കുന്നതിന് മുമ്പാണ് റെക്കോർഡ് ഭൂരിപക്ഷത്തിൽ ട്വന്റി 20 പഞ്ചായത്ത് ഭരണമേറ്റെടുത്തത്. പതിനഞ്ച് സീറ്റുകൾ ഉണ്ടായിരുന്നിടത്തു നിന്ന് കോൺഗ്രസ് ഒരു സീറ്റിലേക്കു ചുരുങ്ങുകയാവയിരുന്നു ഇവിടെ. സിപിഐ.എം ചിത്രത്തിലില്ലാതായി. എസ് ഡി പി ഐയ്ക്കാണ് അന്ന് ഒരു സീറ്റ് ലഭിച്ചത്. കമ്പനിയുടെ മലിനീകരണം നടക്കുന്നുവെന്ന് ആരോപണമുള്ള രണ്ട് വാർഡുകളാണ് അന്ന് ട്വന്റി 20ക്ക് നഷ്ടമായത്.

പിന്നീട് പഞ്ചായത്തിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്കു മേൽ കമ്പനി ഭരണമാണ് നടക്കുന്നതെന്ന് ആരോപിച്ച് കിഴക്കമ്പലം പഞ്ചായത്തിൽ ട്വന്റി 20യുടെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കെ.വി ജേക്കബ് രാജിവെച്ചത്. കമ്പനി കേന്ദ്രീകരിച്ചുള്ള വികസന പ്രവർത്തനങ്ങൾ മാത്രമാണ് ട്വന്റി 20 നടത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. റോഡ് വികസനമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കിറ്റക്‌സ് കമ്പനിയേയും സ്വന്തം പ്രോപ്പർട്ടിയേയും മാത്രം അടിസ്ഥാനമാക്കിയാണ് നടത്തുന്നതെന്നും കെ.വി ജേക്കബ് ആരോപിച്ചിരുന്നു. കമ്പനി മുതലാളിക്ക് താൽപ്പര്യമുള്ളവർക്ക് വേണ്ടി മാത്രം പ്രവർത്തിക്കാൻ നിർബന്ധിക്കുന്നുവെന്നും ട്വന്റി 20 വിജയിക്കാത്ത രണ്ട് വാർഡുകളിലെയും ജനങ്ങളോട് വിവേചനപരമായി പെരുമാറുന്നുവെന്നും കൂടി അദ്ദേഹം ആരോപണം ഉന്നയിച്ചു.

ഇതൊന്നും പക്ഷേ അടുത്ത തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചില്ല. രാഷ്ട്രീയ പാർട്ടികളുടെ നിശിതമായ വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമൊക്കെ ഇടയിലാണ് ട്വന്റി 20 മറ്റ് പഞ്ചായത്തുകൾ കൂടി പിടിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP