Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ ഈരാറ്റുപേട്ടയിലെ പിഎസ് അബ്ദുൽ കരീമിന്റെ മക്കളായ ഷിബിലിയും ഷാദുലിയും; ആലുവ കുഞ്ഞനിക്കരയിലെ മുഹമ്മദ് അൻസാരിക്കും തൂക്കു കയർ; കൊണ്ടോട്ടിക്കാരൻ ഷറഫുദ്ദീന് ജീവപര്യന്തം; അഹമ്മദാബാദിൽ ശിക്ഷപ്പെടുന്നവരിൽ നാലു മലയാളികളും; 38 പേരെ തൂക്കി കൊല്ലുന്ന വിധിയിൽ വാഗമൺ സിമി കേസ് ബന്ധവും

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ ഈരാറ്റുപേട്ടയിലെ പിഎസ് അബ്ദുൽ കരീമിന്റെ മക്കളായ ഷിബിലിയും ഷാദുലിയും; ആലുവ കുഞ്ഞനിക്കരയിലെ മുഹമ്മദ് അൻസാരിക്കും തൂക്കു കയർ; കൊണ്ടോട്ടിക്കാരൻ ഷറഫുദ്ദീന് ജീവപര്യന്തം; അഹമ്മദാബാദിൽ ശിക്ഷപ്പെടുന്നവരിൽ നാലു മലയാളികളും; 38 പേരെ തൂക്കി കൊല്ലുന്ന വിധിയിൽ വാഗമൺ സിമി കേസ് ബന്ധവും

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസിൽ കുറ്റക്കാരായി വിചാരണക്കോടതി കണ്ടെത്തിയവരിൽ നാലു മലയാളികളും. വാഗമൺ, പാനായിക്കുളം തീവ്രവാദ പരിശീലന ക്യാമ്പുകളിൽ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ടവരടങ്ങുന്നതാണ് പട്ടികയിലെ മലയാളികൾ. ഈരാറ്റുപേട്ട പീടിക്കൽ ഷാദുലി (39), സഹോദരൻ ഷിബിലി (50), ആലുവാ കുഞ്ഞനിക്കര മുഹമ്മദ് അൻസാരി(അൻസാർ) (41), കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീൻ (40) എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.

ഇതിൽ ഷാദുലി, ഷിബിലി, ഷറഫുദ്ദീൻ എന്നിവരെ വധശിക്ഷയ്ക്ക് കോടതി വിധിച്ചു. മുഹമ്മദ് അൻസാരിക്ക് ജീവപര്യന്തവും. ഷറഫുദ്ദീന്റെ പിതാവ് സൈനുദ്ദീൻ ഉൾപ്പെടെ 28 പേരെ കോടതി വെറുതെവിട്ടിരുന്നു. ഷാദുലിയും ഷിബിലിയും വാഗമൺ കേസിലും അൻസാറും ഷാദുലിയും പാനായിക്കുളം കേസിലും ശിക്ഷിക്കപ്പെട്ടിരുന്നു. സാബർമതി ജയിലിൽനിന്ന് തുരങ്കമുണ്ടാക്കി രക്ഷപ്പെടാൻ ശ്രമിച്ച കേസിലും ഷിബിലി പ്രതിയാണ്. വാഗമൺ ക്യാമ്പിൽ പങ്കെടുത്ത സിമി മുൻ ജനറൽ സെക്രട്ടറി സഫ്ദർ നഗോരി ഉൾപ്പെടെ 49 പേരെയാണ് കുറ്റക്കാരായി പ്രത്യേക കോടതി ജഡ്ജി എ.ആർ. പട്ടേൽ കണ്ടെത്തിയത്.

ബോംബുകൾക്കുള്ള ചിപ്പുകൾ തയ്യാറാക്കിനൽകിയതാണ് ഷറഫുദ്ദീനെതിരായ കുറ്റം. കൂട്ടുപ്രതിയും ഇയാളുടെ ബന്ധുവുമായ അബ്ദുൾ റഹ്മാൻ കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു. 2008 ജൂലായ് 26-ന് അഹമ്മദാബാദിലുണ്ടായ സ്ഫോടനപരമ്പരകളിൽ 56 പേരാണ് മരിച്ചത്. 28 പേരെ വിട്ടയച്ചെങ്കിലും മറ്റു പല കേസുകളിലും പ്രതികളോ ശിക്ഷിക്കപ്പെട്ടവരോ ആയതിനാൽ ആറു പേർക്കുമാത്രമേ ജയിലിന് പുറത്തിറങ്ങാനാവൂ.

വാഗമൺ സിമി കേസിൽ നാല് മലയാളികളടക്കം 18 പ്രതികൾ കുറ്റക്കാരാണെന്ന് പ്രത്യേക എൻഐഎ കോടതി കണ്ടെത്തിയിരുന്നു. 2007 ഡിസംബർ 10 മുതൽ 12 വരെ നിരോധിത സംഘടനയായ സിമിയുടെ നേതൃത്വത്തിൽ കോട്ടയം വാഗമണിലെ തങ്ങൾപാറയിൽ രഹസ്യമായി ആയുധപരിശീലനം നടത്തിയെന്നതാണ് വാഗമൺ കേസ്. തങ്ങൾപാറയിൽ രഹസ്യയോഗം ചേർന്ന സിമി പ്രവർത്തകർ ആയുധപരിശീലനവും നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അഹമ്മദാബാദ്, ബെംഗളൂരു, ഡൽഹി, ഭോപ്പാൽ എന്നിവിടങ്ങളിലെ ജയിലുകളിൽ കഴിയുന്ന പ്രതികളെ വീഡിയോ കോൺഫറൻസിലൂടെയാണ് വാഗമൺ കേസിൽ വിചാരണ നടത്തിയത്. വാഗമണിലെ സിമി ക്യാമ്പിന്റെ സൗഹൃദത്തിൽ നിന്നാണ് അഹമ്മദാബാദ് സ്‌ഫോടനത്തിനുള്ള ഗൂഢാലോചന തുടങ്ങുന്നതെന്നാണ് വിലയിരുത്തൽ. 2008 ജൂലൈ 26 ന് അഹമ്മദാബാദിൽ നടന്ന 21 ഇടങ്ങളിലാണ് ബോംബ് സ്ഫോടനങ്ങൾ നടന്നത്. 56 പേർ കൊല്ലപ്പെടുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏഴു മലയാളികളടക്കം മൊത്തം 77 ഓളം പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

കോട്ടയം ഈരാറ്റുപേട്ടയിലെ പി.എസ്. അബ്ദുൽ കരീമിന്റെ മക്കളാണ് ഷിബിലിയും ഷാദുലിയും. ആലുവ കുഞ്ഞുണ്ണിക്കരയിലെ പരേതനായ പെരുന്തേലിൽ അബ്ദുൽ റസാഖിന്റെ മക്കളാണ് അൻസാറും സത്താറും. കൊണ്ടോട്ടി സ്വദേശി സൈനുദ്ദീൻ, മകൻ ഷറഫുദ്ദീൻ, മംഗളൂരു മലയാളി നൗഷാദ് എന്നിവരാണ് കേസിൽ പ്രതികളായ മറ്റു മലയാളികൾ. സിമി ബന്ധം ആരോപിച്ചുള്ള വിവിധ കേസുകളിൽ പ്രതിയാക്കപ്പെട്ട് വർഷങ്ങളായി വിവിധ സംസ്ഥാനങ്ങളിൽ ജയിലുകളിലാണ് ഇവർ.

2008 മാർച്ചിലാണ് ഇൻഡോറിൽ വെച്ച് സിമി ബന്ധമാരോപിച്ച് ഷിബിലിയും ഷാദുലിയും അൻസ്വാർ നദ് വിയും അറസ്റ്റിലായത്. ഇവർ ജയിലിലായിരിക്കെ മാസങ്ങൾക്കു ശേഷം നടന്ന ഗുജറാത്ത് സ്ഫോടനക്കേസിൽ ഗൂഢാലോചനക്കുറ്റം ആരോപിച്ച് നാലുപേരും പ്രതിചേർക്കപ്പെട്ടു. ഷിബിലി, ഷാദുലി, അൻസാർ നദ് വി എന്നിവർ ഭോപ്പാൽ അതീവ സുരക്ഷാ ജയിലിലാണ്. വിയ്യൂർ ജയിലിലുള്ള അബ്ദുൽ സത്താർ ഉടനെ ജയിൽ മോചിതനാവും.

അഹമ്മദാബാദിൽ സ്ഫോടനം നടക്കുന്നതിന് മാസങ്ങൾക്കു മുൻപ്, 2008 മാർച്ച് 28ന് ഇൻഡോറിൽ വച്ചാണ് ഷിബിലി അറസ്റ്റ് ചെയയ്യപ്പെട്ടത്. സോഫ്റ്റ്‌വെയർ എൻജിനീയറായ ഷിബ്ലി മുംബൈ ടാറ്റ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഈ കാലയളവിൽ രാജ്യവ്യാപകമായി സിമിവേട്ട അരങ്ങേറുകയായിരുന്നു. മുൻ സിമി ബന്ധമാരോപിച്ച് മുംബൈ സബർബൻ ട്രെയിൻ സ്ഫോടനക്കേസിലും ഹുബ്ലി സിമി ഗൂഢാലോചനാകേസിലും പ്രതിയാക്കപ്പെട്ടു. മധ്യപ്രദേശിൽ ഷിബ്ലി സ്വന്തമായി സ്ഥാപനം നടത്തുന്നതിനിടെയാണ് സഹോദരൻ ഷാദുലിയും ബന്ധു അൻസാറും ഇൻഡോറിൽ എത്തിയത്.

മൂവരും സിമി ബന്ധമാരോപിച്ച് പിടിക്കപ്പെട്ടു. ഷിബ്ലി മുംബൈയിൽ ജോലി ചെയ്യുന്ന സമയത്താണ് സബർബൻ ട്രെയിൻ സ്ഫോടനക്കേസ് ഉദ്ഭവിച്ചത്. ഇൻഡോറിൽ അറസ്റ്റിലായ ഷിബ്ലിയെ മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ പ്രതിചേർത്ത് മുംബൈയിലേക്ക് കൊണ്ടുപോയി. മുംബൈ എ.ടി.എസ്. തലവനായിരുന്ന കൊല്ലപ്പെട്ട ഹേമന്ദ് കർക്കരെയാണ് ഷിബ്ലിയെ ചോദ്യം ചെയ്തത്. ഒരു മാസത്തിനിടെ നാർക്കോ അനാലിസിസ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. പിന്നീട് മധ്യപ്രദേശ് പൊലീസിനെ ഏൽപ്പിച്ചു.

ഷിബ്ലി മുംബൈ എ.ടി.എസ്സിന്റെ കസ്റ്റഡിയിലും ഷാദുലിയും അൻസാറും മധ്യപ്രദേശ് പൊലീസിന്റെ കസ്റ്റഡിയിലുമിരിക്കെയാണ് ഗുജറാത്തിലെ സൂറത്തിലും അഹ്മദാബാദിലും ദുരൂഹസ്ഫോടനങ്ങൾ നടന്നത്. ഈ കേസുകളിലും മൂവരും പ്രതികളായി. ഹേമന്ദ് കർക്കരെ ഷിബ്ലിയെ മധ്യപ്രദേശ് പൊലീസിനു കൈമാറിയതിനു പിന്നാലെ ഗുജറാത്ത് പൊലീസ് ഇൻഡോറിലെത്തി മൂന്നു പേരെയും കസ്റ്റഡിയിൽ വാങ്ങി. മൂന്നു പേരെയും ഗുജറാത്ത് ജയിലിലടച്ചു.

അൻസാറിന്റെ സഹോദരനായ അബ്ദുൽ സത്താറിനെ 2013ലാണ് സിമി ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തത്. വാഗമൺ ഗൂഢാലോചന കേസിൽ ആറാം പ്രതിയായി ചേർക്കപ്പെട്ട സത്താർ ഖത്തറിലെ ഗ്യാസ് പ്ലാന്റിൽ സാങ്കേതികവിഭാഗം ജീവനക്കാരനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP