Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജർമ്മനിയുടെയും ഫ്രാൻസിന്റെയും ഇടപെടൽ ഫലം കാണുന്നു; അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് പ്രഖ്യാപിച്ച് റഷ്യ; യുദ്ധസന്നാഹങ്ങൾ പിൻവലിക്കുന്ന വീഡിയോ പുറത്ത് വിട്ടു; റഷ്യൻ നിലപാട് വിശ്വസിക്കാതെ യുഎസും നാറ്റോയും; യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നടപടി തുടർന്ന് സർക്കാർ

ജർമ്മനിയുടെയും ഫ്രാൻസിന്റെയും ഇടപെടൽ ഫലം കാണുന്നു; അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് പ്രഖ്യാപിച്ച് റഷ്യ; യുദ്ധസന്നാഹങ്ങൾ പിൻവലിക്കുന്ന വീഡിയോ പുറത്ത് വിട്ടു; റഷ്യൻ നിലപാട് വിശ്വസിക്കാതെ യുഎസും നാറ്റോയും; യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നടപടി തുടർന്ന് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: റഷ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിലേക്കുള്ള വഴി തുറക്കുന്ന തരത്തിൽ ജർമ്മനിയും ഫ്രാൻസും ഇടപെട്ടതോടെ യുക്രെയിൻ അതിർത്തികളിൽ നിന്ന് ഭാഗികമായി സൈന്യത്തെ പിൻവലിച്ച് റഷ്യ.പിന്നാലെ യുക്രെയ്ൻ സംഘർഷത്തിൽ നയതന്ത്ര പരിഹാരത്തിനു വഴിയൊരുക്കാൻ അതിർത്തിയിൽ നിന്ന് കൂടുതൽ സേനയെ പിൻവലിക്കുമെന്നു റഷ്യ അറിയിച്ചു.തങ്ങളുടെ നിലാപാട് സാധൂകരിക്കുന്നതിനായി ക്രൈമിയയിൽ നിന്ന് റഷ്യൻ സേനാ ടാങ്കുകളും കവചിതവാഹനങ്ങളും മറ്റും ട്രെയിനുകളിൽ കയറ്റുന്നതിന്റെ വിഡിയോ ഇന്നലെ റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.

യുദ്ധഭീതി അടിസ്ഥാനരഹിതമാണെന്നും സൈനികാഭ്യാസം പൂർത്തിയായാലുടൻ സേന ബാരക്കുകളിലേക്കു മടങ്ങുമെന്നും റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ വ്യക്തമാക്കി. എന്നാൽ, യുക്രെയ്‌നിനു നാറ്റോ അംഗത്വം നൽകരുതെന്നടക്കം റഷ്യയുടെ സുരക്ഷാ ആവശ്യങ്ങളിൽ ധാരണയുണ്ടായാലേ പ്രശ്‌നത്തിനു പരിഹാരമാകൂ എന്നും പുടിൻ പറഞ്ഞു.

കഴിഞ്ഞ ദിവസം ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായുള്ള കൂടിക്കാഴ്ചയിലും പുടിൻ ഇതേ നിലപാടാണു സ്വീകരിച്ചത്. യുക്രെയ്‌നിനു നാറ്റോ അംഗത്വം പരിഗണനയില്ലെന്ന നിലപാടിലേക്കു യൂറോപ്യൻ യൂണിയൻ വന്നേക്കുമെന്ന സൂചനയാണു ജർമൻ ചാൻസലർ നൽകിയത്. ഷോൾസുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്നു ചർച്ച നടത്തും.

എന്നാൽ റഷ്യയെ വിശ്വസിക്കരുതെന്ന നിലാപാടിൽ തന്നെയാണ് യുഎസും നാറ്റോയും. റഷ്യയുടെ ഈ നീക്കത്തെ വിശ്വാസത്തിലെടുക്കാൻ യുഎസും നാറ്റോയും തയ്യാറായിട്ടില്ല.പിന്മാറ്റത്തിന്റെ വ്യക്തമായ സൂചനകളില്ലെന്നും അതിർത്തിയിൽ ഒന്നര ലക്ഷത്തോളം റഷ്യൻ സൈനികർ ഇപ്പോഴും യുദ്ധസന്നദ്ധരായി ഉണ്ടെന്നും യുഎസ്‌നാറ്റോ സഖ്യം പറഞ്ഞു. കൂടുതൽ സേനാനീക്കത്തിന്റെ സൂചന ലഭിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പറഞ്ഞു. റഷ്യ കൂടുതൽ സന്നാഹമൊരുക്കുകയാണെന്നു നാറ്റോ സെക്രട്ടറി ജനറൽ യെൻസ് സ്റ്റോൾട്ടൻബർഗും ആരോപിച്ചു.

വിഷയത്തിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ ഇന്നു ബ്രസൽസിൽ യോഗം ചേരും.അതിനിടെ, യുക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിന്റെയും ബാങ്കുകളുടെയും വെബ്‌സൈറ്റുകളിൽ ചൊവ്വാഴ്ച ആരംഭിച്ച കനത്ത സൈബർ ആക്രമണം ഇന്നലെയും തുടർന്നു. പ്രതിരോധ മന്ത്രാലയത്തിന്റെയും ചില ബാങ്കുകളുടെയും പ്രവർത്തനത്തെ ബാധിച്ചെങ്കിലും കേന്ദ്ര ബാങ്കും മറ്റു പ്രധാന ബാങ്കുകളും തടസ്സമില്ലാതെ പ്രവർത്തിച്ചതായി അധികൃതർ അറിയിച്ചു.

റഷ്യ ആക്രമണം ആരംഭിക്കുമെന്നു കരുതിയിരുന്ന ഇന്നലെ ദേശീയ ഐക്യ ദിനമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പ്രഖ്യാപിച്ചു. കീവിൽ 200 മീറ്റർ വലുപ്പമുള്ള ദേശീയ പതാകയുമായി വൻ ജനക്കൂട്ടം ഐക്യ പ്രതിജ്ഞയെടുത്തു. റഷ്യബെലാറൂസ് സംയുക്ത സൈനികാഭ്യാസം 20നു പൂർത്തിയാക്കി സൈന്യം മടങ്ങുമെന്നു ബെലാറൂസ് വിദേശകാര്യമന്ത്രി വ്‌ലാഡിമിർ മക്കി പറഞ്ഞു.

യുക്രെയ്ൻ പ്രതിസന്ധിയുടെ പേരിൽ ബ്രിട്ടൻ കൂടുതൽ ഉപരോധം ഏർപ്പെടുത്തിയാൽ കനത്ത തിരിച്ചടി നൽകുമെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് അറിയിച്ചു. യുഎസും നാറ്റോയും യുദ്ധഭീതി ഊതിപ്പെരുപ്പിക്കുന്നതായി ചൈന ആരോപിച്ചു.

ആശങ്ക വേണ്ട.. ഇന്ത്യക്കാർക്കായി കൺട്രോൾ റൂം തുറന്ന്

റഷ്യയുമായി സംഘർഷം നിലനിൽക്കുന്ന യൂറോപ്യൻ രാജ്യമായ യുക്രൈനിൽനിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു.സംഘർഷത്തിൽ അയവു വന്നെങ്കിലും ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടു പോകാനാണ് വിദേശ മന്ത്രാലയത്തിന്റെ തീരുമാനം. യുക്രൈനിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തും. ഷാർജ, ദുബായ് തുടങ്ങിയ നഗരങ്ങളിൽ നിന്ന് കണക്ഷൻ സർവീസുമുണ്ടാകും.

ഇക്കാര്യത്തിൽ വ്യോമയാന മന്ത്രാലയവുമായും വിമാന കമ്പനികളുമായും വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തി. കീവിലെ ഇന്ത്യൻ എംബസിയിൽ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.എംബസിയിൽ രജിസ്റ്റർ ചെയ്യുന്നവരെ മുൻഗണനാ ക്രമത്തിൽ തിരികെ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഒഴിപ്പിക്കലിന്റെ വിശദമായ ഷെഡ്യൂൾ വൈകാതെ മന്ത്രാലയം പുറത്തുവിടും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും യുക്രൈനിലെ ഇന്ത്യൻ എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു.

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ 18,000-ഓളം ഇന്ത്യക്കാരാണ് യുക്രെയ്നിലുള്ളത്. താത്പര്യമുള്ള എല്ലാവരേയും മടക്കി കൊണ്ടുവരും. നിരവധി പേർ എംബസിയിലും വിദേശകാര്യ മന്ത്രാലയത്തിലും ബന്ധപ്പെടുകയാണ്. ഇതിനെ തുടർന്നാണ് യുക്രൈൻ വിഷയം കൈകാര്യം ചെയ്യാനും പൗരന്മാരുടെ ആശങ്കയകറ്റാനും കൺട്രോൾ റൂം ആരംഭിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി മുരളീധരൻ അറിയിച്ചു.

യുക്രൈനിൽനിന്ന് മലയാളികൾ മടങ്ങിത്തുടങ്ങി

യുദ്ധഭീതി നിലനിൽക്കുന്നതിനാൽ യുെക്രെയിനിൽനിന്ന് മലയാളികൾ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. യുെക്രെൻ വിടാൻ എംബസിയിൽനിന്നു നിർദ്ദേശം വന്നതിനെ തുടർന്നാണിത്.ഒട്ടേറെ മലയാളി വിദ്യാർത്ഥികൾ അവിടെ പഠിക്കുന്നുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികൾ കൂട്ടമായി പോരുന്നതിനാൽ ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നിരിക്കുകയാണ്. കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് ഒരു ലക്ഷത്തിലധികമാണ്. താരതമ്യേന കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടുമെന്നതിനാൽ കൂടുൽ പേരും ഷാർജ വഴിയാണ് നാട്ടിലേക്കു വരുന്നത്. തിരക്ക് കണക്കിലെടുത്ത് വിമാനങ്ങളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്.

ആലുവ മണപ്പുറം ദേവസ്വം ബോർഡ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി. ബിജുവിന്റെ മകൾ കാശ്മീര നായർ ഉൾപ്പെടെ 18 അംഗം സംഘം ബുധനാഴ്ച നാട്ടിലേക്ക് വിമാനം കയറി. അവിടെ എം.ബി.ബി.എസ്. നാലാം സെമസ്റ്റർ വിദ്യാർത്ഥിനിയാണ് കാശ്മീര. ഇവർ കയറിയ വിമാനത്തിൽ 40-ഓളം ഇന്ത്യൻ വിദ്യാർത്ഥികളുള്ളതായി പറയുന്നു.

നിലവിൽ അതിർത്തിയിൽ മാത്രമാണ് സൈനികർ കൂടുതലായി കേന്ദ്രീകരിച്ചിട്ടുള്ളത്. യുദ്ധസാധ്യതയില്ലെന്നാണ് യുെക്രെൻ നിവാസികൾ പറയുന്നതെന്ന് കാശ്മീര പറഞ്ഞു. യുദ്ധഭീഷണിയെത്തുടർന്ന് കുറച്ചുദിവസമായി ക്ലാസുകൾ നടക്കുന്നത് ഓൺലൈനിലാണ്. ടിക്കറ്റ് കിട്ടാത്തതിനാൽ ഒട്ടേറെപ്പേർ വിഷമിക്കുന്നുണ്ട്. കുറേപ്പേർ ചേർന്ന് പ്രത്യേക വിമാനം ഒരുക്കാനും ശ്രമം നടത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP