Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോക്സോ കേസ്: അന്വേഷണവുമായി റോയി വയലാറ്റ് സഹകരിക്കുന്നില്ല; കസ്റ്റഡിയിൽ ചോദ്യം ചെയ്യണം; പരാതിക്കാരിയുടെ വാദം കൂടി കേൾക്കണമെന്നും പ്രോസിക്യൂഷൻ; ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാനുണ്ടെന്നു പ്രതിഭാഗം; മുൻകൂർ ജാമ്യാപേക്ഷ മാറ്റിവച്ചു

പോക്സോ കേസ്: അന്വേഷണവുമായി റോയി വയലാറ്റ് സഹകരിക്കുന്നില്ല; കസ്റ്റഡിയിൽ ചോദ്യം ചെയ്യണം; പരാതിക്കാരിയുടെ വാദം കൂടി കേൾക്കണമെന്നും പ്രോസിക്യൂഷൻ; ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാനുണ്ടെന്നു പ്രതിഭാഗം; മുൻകൂർ ജാമ്യാപേക്ഷ മാറ്റിവച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലാറ്റ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്. പരാതിക്കാരിയുടെ വാദം കൂടി കേട്ടശേഷമേ പ്രതികളുടെ മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമെടുക്കാവൂ എന്നും പ്രോസിക്യൂഷൻ കോടതിയോട് അഭ്യർത്ഥിച്ചു. റോയി വയലാട്ട് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു.

ബുധനാഴ്ച പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് കൂടുതൽവാദം കേൾക്കാനായി ഹൈക്കോടതി ജാമ്യഹർജി മാറ്റിവെച്ചത്. ഹർജി ഇനി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

പോക്സോ കേസിൽ തിങ്കളാഴ്ച വരെ റോയി വയലാറ്റിനെ അറസ്റ്റ് ചെയ്യില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. അതേസമയം തങ്ങൾക്ക് കൂടുതൽ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാനുണ്ടെന്ന് റോയ് വയലാറ്റ് അടക്കമുള്ള പ്രതികളും അറിയിച്ചു. ഇതേത്തുടർന്നാണ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

പ്രതിയായ റോയി വയലാട്ട് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പ്രോസിക്യൂഷൻ ബുധനാഴ്ച കോടതിയിൽ പറഞ്ഞത്. അതിനാൽ റോയി വയലാട്ട് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

എന്നാൽ പോക്സോ കേസിലെ പരാതിക്കാരി മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പരാതിക്കാരി ഓരോ ദിവസവും മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പുറത്തുവിടുകയാണ്. ഈ പരാതിക്കാരി നേരത്തെയും സാമ്പത്തിക തട്ടിപ്പുകൾക്ക് ശ്രമിച്ചുണ്ട്. അതിന് കേസുകളുമുണ്ട്. ഇതിന്റെ തെളിവുകളും വിശദാംശങ്ങളും ഹാജരാക്കാമെന്നും പ്രതിഭാഗം പറഞ്ഞു.

കേസിൽ റോയി വയലാട്ട് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ കോടതി രേഖാമൂലം ഉത്തരവ് നൽകിയില്ല. നേരത്തെ വാക്കാൽ നൽകിയ നിർദ്ദേശം ആവർത്തിക്കുന്നുവെന്നാണ് കോടതി പറഞ്ഞത്. അതിനാൽതന്നെ തിങ്കളാഴ്ച വരെ പ്രതികളുടെ അറസ്റ്റ് അടക്കമുള്ള നടപടികളുമായി അന്വേഷണസംഘം മുന്നോട്ടുപോകാൻ സാധ്യതയില്ല.

അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്റെ വാദം റോയി വയലാറ്റ് നിഷേധിച്ചു. കഴിഞ്ഞ മൂന്നുമാസമായി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി ഒപ്പിടുന്നുണ്ട്. മാത്രമല്ല, മോഡലുകളുടെ മരണം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥൻ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയും മാധ്യമങ്ങളുടെ കൂട്ടുപിടിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമം നടത്തുന്നുവെന്നും റോയി വയലാറ്റ് കോടതിയിൽ ആരോപിച്ചു.

ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാനുണ്ടെന്നു റോയി വയലാറ്റ് വ്യക്തമാക്കി. നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതിയാണ് പരാതിക്കാരിയെന്ന വാദമാണ് പ്രതികൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ഉയർത്തിയത്. ഇവർ മകളുമായി സ്വന്തം ഇഷ്ട പ്രകാരം ഹോട്ടലിലെത്തിയതാണെന്നു പ്രതികൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി.

ഫോർട്ട് കൊച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനും സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ അഞ്ജലി റീമദേവും പ്രതികളാണ്. കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നൽകിയ പരാതിയിലാണ് റോയിക്കും മറ്റുമെതിരെ പോക്സോ കേസെടുത്തത്.

2021 ഒക്ടോബറിൽ ഹോട്ടലിൽ വെച്ച് റോയി വയലാറ്റ് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. പൊലീസിൽ പരാതി നൽകിയാൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP