Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പമ്പാമണപ്പുറത്ത് സ്വകാര്യ ട്രസ്റ്റിന്റെ മേള; കൈമാറാൻ ഇരുന്നത് ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപവും ഗസ്റ്റ് ഹൗസും അടക്കം; പത്ത് ദിവസത്തേക്ക് വാടക നിശ്ചയിച്ചത് 15 ലക്ഷം; മറുനാടൻ വാർത്ത ചർച്ചയായതോടെ മുരാരി ബാപ്പുവിന്റെ പ്രഭാഷണ പരിപാടി വിലക്കി ഹൈക്കോടതി

പമ്പാമണപ്പുറത്ത് സ്വകാര്യ ട്രസ്റ്റിന്റെ മേള; കൈമാറാൻ ഇരുന്നത് ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപവും ഗസ്റ്റ് ഹൗസും അടക്കം; പത്ത് ദിവസത്തേക്ക് വാടക നിശ്ചയിച്ചത് 15 ലക്ഷം; മറുനാടൻ വാർത്ത ചർച്ചയായതോടെ മുരാരി ബാപ്പുവിന്റെ പ്രഭാഷണ പരിപാടി വിലക്കി ഹൈക്കോടതി

ആർ പീയൂഷ്

കൊച്ചി: പമ്പാ മണപ്പുറത്ത് നടത്താനിരുന്ന ആത്മീയ പ്രഭാഷണത്തിന് ഹൈക്കോടതിയുടെ വിലക്ക്. രാജ്യത്തെ പ്രധാന രാമകഥാ പ്രഭാഷകരിൽ ഒരാളായ മുരാരി ബാപ്പുവിന്റെ പ്രഭാഷണ പരിപാടിക്കെതിരെയാണ് ഹൈക്കോടതി രംഗത്ത് വന്നത്. കോവിഡിന്റെ പേരിൽ ഭക്തജനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആചാരനുഷ്ടാനങ്ങൾ നടത്താൻ പമ്പയിൽ വിലക്കേർപ്പെടുത്തിയ ദേവസ്വം ബോർഡ് പമ്പാ മണപ്പുറത്ത് സ്വകാര്യ ട്രസ്റ്റിന് മേള നടത്താൻ അനുവാദം നൽകിയത് മറുനാടൻ വാർത്ത നൽകിയതിന് പിന്നാലെയാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായത്.

സ്വകാര്യ ട്രസ്റ്റിന് പതിനഞ്ച് ലക്ഷം രൂപയ്ക്ക് പത്ത് ദിവസത്തേക്കാണ് സ്ഥലം വാടകയ്ക്ക് കൊടുത്തത്. ഇവിടെ കൂറ്റൻ പന്തലും ഉയർന്നിരുന്നു. വനം വകുപ്പും പത്തനംതിട്ട ജില്ലാ ഭരണകൂടവും എതിർത്തെങ്കിലും ദേവസ്വം ബോർഡ് അനുമതി നൽകുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള മറുനാടൻ വാർത്ത വന്നതോടെ വിശ്വ ഹിന്ദു പരിഷത്ത് എതിർപ്പുമായി രംഗത്ത് വന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഹോക്കോടതിയുടെ അതിവേഗ നടപടിയുണ്ടായത്.

പമ്പയിൽ ദേവസ്വം ബോർഡിന്റെ സൗകര്യങ്ങൾ ഉപയോഗിച്ച് ഫെബ്രുവരി 19 മുതൽ 27 വരെ രാമ കഥാ മേള എന്ന പേരിൽ പണം വാങ്ങി പ്രഭാഷണ പരിപാടി നടത്താൻ 2021 ഡിസംബർ 31 നാണ് ദേവസ്വം ബോർഡ് സെക്രട്ടറി ഉത്തരവിറക്കിയത്. ശ്രീ നന്ദകീഷോര ബജാരീയ ചാരിറ്റബിൾ ട്രസ്റ്റിനാണ് പരിപാടി നടത്താൻ അനുമതി നൽകിയതെന്ന് ദേവസ്വം ബോർഡിന്റെ ഉത്തരവിൽ വ്യക്തമാണ്.

ദേവസ്വം ബോർഡിന് പമ്പയിലുള്ള എല്ലാ സംവിധാനവും മുരാരി ബാപ്പുവിന്റെ പരിപാടിക്കായി വിട്ടു നൽകും. ശബരിമല ഭക്തർക്കായുള്ള അന്നദാന മണ്ഡപവും കൊടുക്കും. പമ്പയിലെ ദേവസ്വം ബോർഡിന്റെ താമസ സ്വകര്യങ്ങളും അവർക്ക് ഉപയോഗിക്കാം. ഇതിനെല്ലാം കൂടിയാണ് പതിനഞ്ച് ലക്ഷം രൂപ ദേവസ്വം ബോർഡിന് നൽകുക. ഇതിൽ മൂന്ന് ലക്ഷം രൂപ അഡ്വാൻസായി നൽകിയിട്ടുണ്ട്. പമ്പയുടെ തീരത്ത് പരിപാടിക്ക് എത്തുന്നവർക്കെല്ലാം താൽകാലിക താമസ സൗകര്യവും ഒരുക്കും. ഇതിനുള്ള ടെന്റുകൾ പണിയുന്നുണ്ട്. ശീതീകരിച്ച ടെന്റുകളിലാകും പരിപാടിക്ക് എത്തുന്നവർക്ക് താമസം. ഇത്രയും വലിയ സജ്ജീകരണങ്ങളാണ് ഒരുക്കിയത്.

ഇതെല്ലാം പമ്പാ നദിക്കരയിലാണെന്നതാണ് വസ്തുത. നല്ലൊരു മഴ പെയ്താൽ പോലും പമ്പാ തീരത്ത് ജലനിരപ്പ് ഉയരും. വന്യ ജീവികളുടെ ശല്യവും പമ്പയുടെ പരിസരത്തുണ്ടാകും. ഇതെല്ലാം വെല്ലുവളിയായി മാറും. ഇതിനൊപ്പമാണ് സുരക്ഷാ പ്രശ്‌നങ്ങൾ. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പൊതുപരിപാടികൾക്ക് കേരളത്തിൽ നിലവിൽ വിലക്കുണ്ട്. ഇതിനിടെയാണ് പമ്പയിൽ വലിയ ആൾക്കൂട്ട ഒത്തുചേരലിന് അവസരമൊരുങ്ങുന്നത്. ശബരിമല പൂങ്കാവനത്തിന്റെ ഭാഗമാണ് പമ്പയും നദിയുമെല്ലാം. ഇവിടെ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടല്ലാത്ത പരിപാടികളൊന്നും ഇതുവരെ ആരും നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പൂങ്കാവനത്തിലെ സ്വകാര്യ സംഘടനയുടെ പരിപാടി മറുനാടൻ പുറത്ത് വിടുന്നത്.

ഇതോടെ കോവിഡായതിനാൽ ബലിതർപ്പണം പോലുള്ള ചടങ്ങുകൾക്ക് പമ്പയിൽ വിലക്കേർപ്പെടുത്തിയ ബോർഡും ഗവൺമെന്റും ഇത്തരം സ്വകാര്യ ചടങ്ങുകൾക്ക് അനുവാദം നൽകിയതിന്റെ പിന്നിലെ രഹസ്യം ഭക്തജനങ്ങളോട് വെളിപ്പെടുത്താൻ തയ്യാറാകണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ശബരിമല തീർത്ഥാടന കാലം കഴിഞ്ഞ ശേഷം കോവിഡിന്റെ അതി തീവ്ര മൂന്നാം ഘട്ടത്തിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന ഈ സ്വകാര്യപരിപാടി സംശയാസ്പദമാണ്. ഇക്കാര്യങ്ങളിൽ ദേവസ്വംബോർഡ് വിജിലൻസ് അന്വേഷണം നടത്തി കൂടുതൽ വ്യക്തത വരുത്തണം എന്നും അവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ വിശ്വഹിന്ദു പരിഷത്ത് മലക്കം മറിഞ്ഞു. പരിപാടിക്ക് പൂർണ്ണ പിൻതുണ നൽകുമെന്ന് അവർ വ്യക്തമാക്കി. കാർണിവൽ സ്വഭാവമില്ലാതെ തീർത്തും സനാതന ധർമ്മ പ്രചാരണ പരിപാടി മാത്രമായി നടത്തുന്ന മേളയെ സംബന്ധിച്ച് ദേവസ്വം ബോർഡ് ഇറക്കിയ അവൃക്ത ഉത്തരവിനെതിരെയാണ് വിശ്വഹിന്ദു പരിഷത്ത് പ്രതികരിച്ചത്. സംശയത്തിനിട നൽകാതെ ബോർഡ് സനാതന ധർമ്മ പ്രചാരണ പരിപാടികൾ നടത്തുകയാണെങ്കിൽ അതിന് വിശ്വ ഹിന്ദു പരിഷത്ത് പൂർണ്ണ പിന്തുണ നൽകും എന്നും അവർ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP