Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാടകീയമായ പുടിന്റെ പിന്മാറ്റം പൂർണ്ണമായും വിശ്വസിക്കാതെ ബൈഡൻ; അമേരിക്കൻ ജനതയെ തൊട്ടാൽ വിവരമറിയുമെന്ന് വീണ്ടും മുന്നറിയിപ്പ്; ഉക്രെയിനിൽ സേനയടക്കം റഷ്യൻ സൈബർ ആക്രമണത്തിന്റെ പിടിയിൽ; പുടിൻ പിന്മാറിയതോടെ യുദ്ധ സാദ്ധ്യത അവസാനിച്ചതായി റിപ്പോർട്ട്

നാടകീയമായ പുടിന്റെ പിന്മാറ്റം പൂർണ്ണമായും വിശ്വസിക്കാതെ ബൈഡൻ; അമേരിക്കൻ ജനതയെ തൊട്ടാൽ വിവരമറിയുമെന്ന് വീണ്ടും മുന്നറിയിപ്പ്; ഉക്രെയിനിൽ സേനയടക്കം റഷ്യൻ സൈബർ ആക്രമണത്തിന്റെ പിടിയിൽ; പുടിൻ പിന്മാറിയതോടെ യുദ്ധ സാദ്ധ്യത അവസാനിച്ചതായി റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ഉക്രെയിൻ അതിർത്തിയിൽ നിന്നുള്ള റഷ്യയുടെ നാടകീയമായ പിന്മാറ്റം ഇനിയും അമേരിക്ക വിശ്വാസത്തിലെടിത്തിട്ടില്ല. റഷ്യയുമായി ഒരു സംഘർഷത്തിന് അമേരിക്കയ്ക്ക് താത്പര്യമില്ല എന്ന് പറയുമ്പോഴും ഉക്രെയിനിലുള്ള അമേരിക്കൻപൗരന്മാരെ ഉന്നം വച്ചാൽ അമേരിക്ക ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും ജോ ബൈഡൻ നൽകി. അതേസമയം, റഷ്യൻ പൗരന്മാരുടെ ശത്രുവല്ല അമേരിക്ക എന്നും ബൈഡൻ പറഞ്ഞു. റഷ്യ ഉക്രെയിൻ അതിർത്തിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു ബൈഡന്റെ ഈ വാക്കുകൾ. ഒരു വിഭാഗം സൈന്യം പിന്മറിയിട്ടുണ്ടെങ്കിലും ഒരു ആക്രമണം ഇപ്പോഴും സാധ്യമാണെന്നും ബൈഡൻ പറഞ്ഞു. നല്ലൊരു വിഭാഗം സൈനികർ ഇപ്പോഴും അതിർത്തിയിൽ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്നലെ രാവിലെ മുഴുവൻ തിരക്കുപിടിച്ച ദിവസമായിരുന്നു വൈറ്റ്ഹൗസിൽ. യുദ്ധം ഒഴിവാക്കുവാനുള്ള നയതന്ത്ര ചർച്ചകൾ പൊടിപൊടിച്ചു. ബൈഡൻ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോണുമായി ഫോണിൽ സംസാരിച്ചപ്പോൾ, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകൻ റഷ്യൻ വിദേശകാര്യമന്ത്രിയുമായി ചർച്ചകൾ നടത്തി. അതിനു മുൻപായി മറ്റൊരു സുരക്ഷാ ചർച്ചകൾക്ക് താൻ തയ്യാറാണെന്ന് പുടിൻ അറിയിച്ചിരുന്നു. സമാധാന സന്നദ്ധത ലോകത്തെ അറിയിക്കാൻ ഒരു വിഭാഗം സൈനികരെ അതിർത്തിയിൽ നിന്നും പിൻവലിക്കുകയും ചെയ്തിരുന്നു.

റഷ്യൻ സൈന്യത്തിന്റെ പെരുമാറ്റം ഇനിയും തങ്ങൾ പരിശോധിച്ചിട്ടില്ല എന്നും എന്നാൽ, ഒരു ആക്രമണത്തിന് ആവശ്യമായത്ര സൈനികർ ഇപ്പോഴും അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുകയാണെന്നുമാണ് ബൈഡൻ പറഞ്ഞത്. ഉക്രെയിനെ വളഞ്ഞുകൊണ്ട് റഷ്യൻ അതിർത്തിയിലും ബെലാറസ് അതിർത്തിയിലുമായി ഏകദേശം 1.5 ലക്ഷം സൈനികർ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ, ഉക്രെയിനിൽ ഇപ്പോഴും തുടരുന്ന അമേരിക്കൻ പൗർന്മാർ ഉടൻ രാജ്യം വിടണമെന്നും ബൈഡൻ ആവശ്യപ്പെട്ടു.

റഷ്യൻ ഭരണകൂടത്തിന് എതിരെ മാത്രമായി തന്റെ ശരമുനകൾ കൂർപ്പിച്ചു വെച്ച ബൈഡൻ രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരുമിച്ചു നിന്നു പൊരുതിയവരാണ് അമേരിക്കൻ ജനതയും റഷ്യൻ ജനതയും എന്നോർമ്മിപ്പിച്ചു. എഴുപത് വർഷങ്ങൾക്ക് മുൻപ് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ യുദ്ധത്തിൽ ഏറെ ത്യാഗങ്ങൾ ഒരുമിച്ച് അനുഭവിച്ചവരാണെന്ന് ഓർമ്മിപ്പിച്ച ബൈഡൻ അമേരിക്ക ഒരിക്കലും റഷ്യൻ ജനതയുടെ ശത്രുക്കളല്ല എന്നും പറഞ്ഞു. രണ്ടാം ലോകമഹായുദ്ധം പക്ഷെ അത്യാവശ്യമായ ഒരു യുദ്ധമായിരുന്നു. എന്നാൽ, റഷ്യ ഉക്രെയിനെ ആക്രമിക്കുകയാനെങ്കിൽ അത് ഒരു കാരണവും ഇല്ലാതെ ഉണ്ടായ ഒരു യുദ്ധമാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നേരത്തേ ഫ്രഞ്ച് പ്രസിഡണ്ടുമായുള്ള സംസാരത്തിനിടയിൽ, നയതന്ത്ര ചർച്ചകളുടെ എല്ലാ വഴികളും ഉപയോഗിക്കുവാനുള്ള സന്നദ്ധത ബൈഡൻ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഓരോ രാജ്യത്തിനും സ്വന്തം അതിർത്തി നിർണ്ണയിക്കുന്നതിനും സഖ്യരാഷ്ട്രങ്ങളെ നിർണ്ണയിക്കുന്നതിനുമുള്ള അവകാശം എന്ന അടിസ്ഥാന നയത്തിൽ നിന്നും താൻ വ്യതിചലിക്കില്ല എന്നും ബൈഡൻ ഉറപ്പിച്ചു പറഞ്ഞു. ഒരു യുദ്ധമുണ്ടാകുന്ന സാഹചര്യത്തിൽ, യൂറോപ്യൻ സമ്പദ്ഘടനയെ വലിയൊരു പരിധിവരെ ചലിപ്പിക്കുന്ന റഷ്യയിൽ നിന്നുള്ള പ്രകൃതി വാതകം ഒരു ആയുധമാക്കാൻ ഇടയുണ്ട് എന്നതിനാൽ, ലോകത്തിലെ പ്രധാന പ്രകൃതി വാത ഉദ്പാദന രാജ്യങ്ങളോടെല്ലാം ഉദ്പാദനം വർദ്ധിപ്പിക്കുവാൻ അമേരിക്ക സമ്മർദ്ദം ചെലുത്തുന്നുമുണ്ട്.

ഇന്നലെ റഷ്യ സന്ദർശിച്ച ജർമ്മൻ ചാൻസലർ ഒലാഫ് ഷൂൾസുമായി മൂന്നു മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് ഒരു വിഭാഗം സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനം പുടിൻ അറിയിച്ചത്. വീണ്ടും കൂടുതൽ ചർച്ചകൾക്ക് താൻ തയ്യാറാണെന്നും പുടിൻ അറിയിച്ചു. ആയുധ നിയന്ത്രണം, സൈനിക പരിശീലനങ്ങളിലെ സുതാര്യത, കിഴക്കും പടിഞ്ഞാറും യൂറോപ്പിനിടയിലെ സംഘർഷങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾക്ക് പുടിൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ, ഉക്രെയിനിൽ നിന്നും മോചനം ആഗ്രഹിക്കുന്ന പ്രവിശ്യയുടെ കാര്യങ്ങൾ കൂടി ചർച്ചയിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വംശീയ ഹത്യകളാണ് അവിടെ നടക്കുന്നതെന്നും പുടിൻ ആരോപിച്ചു.

ഏതായാലും പുടിന്റെ മനസ്സുമാറ്റിയതിൽ പാശ്ചാത്യ ശക്തികൾക്കുള്ള പങ്കിനെ ഏടുത്തു പറയുകയാണ് ഉക്രെയിന്റെ പ്രതിരോധ മന്ത്രി ഡിമിട്രോ കുലേബ. അതേസമയം, കേള്ക്കുന്ന വാർത്തകൾ ഒന്നും വിശ്വസിക്കാൻ കഴിയില്ലെന്നും കാണുന്നത് മാത്രമേ വിശ്വസിക്കാൻ പറ്റുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. റഷ്യ അതിർത്തിയിൽ നിന്നും പിന്മാറുന്നത് കാണുമ്പോൾ മാത്രമേ തങ്ങൾ അത് വിശ്വസിക്കുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടയിൽ, റഷ്യൻ പിന്തുണയോടെ വിമതർ കലാപം നടത്തുന്ന കിഴക്കൻ ഉക്രെയിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് റഷ്യൻ പാർലമെന്റ് ഇന്നലെ ഒരു പ്രമേയം പാസ്സാക്കി.

റഷ്യൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഡോണ്ട്സ്‌ക്, ലുഹാൻസ്‌ക് എന്നീ പ്രവിശ്യകളെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്ന് റഷ്യൻ പ്രസിഡണ്ടിനോട് ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. സ്വതന്ത്ര രാഷ്ടമായി അംഗീകരിച്ച് അവർക്ക് ആവശ്യമായ സംരക്ഷണവും പിന്തുണയും റഷ്യ നൽകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. ഈ പ്രമേയം അംഗീകരിച്ചുകൊണ്ട് പുടിൻ ഒപ്പുവച്ചാൽ റഷ്യൻ സൈന്യം ഈ മേഖലയിലേക്ക് നീങ്ങും. അത്തരത്തിലൊരു പ്രമേയത്തിൽ ഒപ്പു വയ്ക്കില്ല എന്ന് ക്രെംലിൻ നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഒപ്പും വയ്ക്കും എന്ന ഭീഷണി, പാശ്ചാത്യ ശക്തികളുമായുള്ള ചർച്ചകളിൽ റഷ്യയ്ക്ക് മുൻകൈനേടാൻ സഹായിക്കുമെന്ന് പുടിൻ കരുതുന്നു.

ആഴ്‌ച്ചകൾക്ക് മുൻപ് തന്നെ പാശ്ചാത്യ ശക്തികളൂം റഷ്യയുമായുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. ഉക്രെയിനെ നാറ്റോ സഖ്യത്തിൽ എടുക്കരുതെന്നും പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളീൽ നിന്നും നാറ്റോ സൈന്യത്തെ പിൻവലിക്കണം എന്നതുമായിരുന്നു പുടിന്റെ ആവശ്യം. അത് നാറ്റോ സഖ്യം നിരാകരിച്ചിരുന്നെങ്കിലും, ചർച്ച ചെയ്യുവാൻ താത്പര്യമുള്ള വിഷയങ്ങൾ അമേരിക്കയും നാറ്റോയും രേഖാമൂലം റഷ്യയെ അറിയിച്ചിരുന്നു. ശീതകാലത്ത് നിലനിന്നിരുന്ന ആയുധ നിയന്ത്രണ കരാറുകൾ, യൂറോപ്പിൽ മിസൈൽ വിന്യസിക്കുന്ന കാര്യത്തിലുൾലാ സുതാര്യത, സൈനിക പരിശീലനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുക തുടങ്ങിയ കാര്യങ്ങൾ അതിൽ ഉൾപ്പെടും.

നാറ്റോയുടെ കത്തിന് ഏകദേശം 10 പേജ് വരുന്ന ഒരു മറുപടിയാണ് റഷ്യൻ വിദേശകാര്യമന്ത്രി സെർജീ ലാവ്റോവ് തയ്യാറാക്കിയിട്ടുള്ളത്. ഇത് ഇതുവരെ നാറ്റോയ്ക്ക് നൽകിയിട്ടില്ല. ഈ കത്ത് ലഭിച്ചാൽ ഉടൻ ചർച്ചയുടെ രണ്ടാം ഘട്ടം ആരംഭിക്കുമെന്നറിയുന്നു. അതേസമയം റഷ്യയുടെ പിന്തുണയുള്ള അതേമയം, 2014-ൽ റഷ്യ ക്രീമിയ പിടിച്ചെടുത്ത അവസരത്തിൽ ഉക്രെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഡോണ്ട്സ്‌കിലേയും ലുഹാൻസ്‌കിലെയും റഷ്യൻ പിന്തുണയുള്ള വിമതരുടെ പ്രശ്നവും റഷ്യ ചർച്ചയിൽ കൊണ്ടുവരുമെന്നറിയുന്നു.

ഒരു വിഭാഗം സൈന്യത്തെ പിൻവലിച്ച് പ്രത്യക്ഷ യുദ്ധത്തിൽ നിന്നും പിന്മാറുന്നു എന്ന സൂച നൽകുമ്പോഴും ഉക്രെയിനിൽ അതിശക്തമായ സൈബർ യുദ്ധത്തിന് തുടക്കം കുറിച്ചിരികുകയാണ് റഷ്യ. ബാങ്കുകളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും പ്രതിരോധ മന്ത്രാലയത്തിന്റെയുമുൾപ്പടെ നിരവധി ഉക്രെയിൻ വെബ്സൈറ്റുകൾ ഇന്നലെ സൈബർ ആക്രമണത്തിന് വിധേയമായി. 2014-ൽ ക്രീമിയൻ അധിനിവേശത്തിനു ശേഷം ഉക്രെയിൻ നിരന്തരം റഷ്യൻ ഹക്കർമാരുടെ സൈബർ ആക്രമണങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്.

സൈബർ ചാരവൃത്തിക്കും സർവറുകളും ഡാറ്റാബേസുകളും നാശമാക്കുന്നതിനും പുറമേ ആശയവിനിമയ സംവിധാനം വരെ താറുമാറാക്കുന്ന രീതിയിലുള്ള ആക്രമണങ്ങളാണ് റഷ്യൻ ഹാക്കർമാർ നടത്തുന്നത്. ഒപ്പം വ്യാജപ്രചരണങ്ങളും നടക്കുന്നുണ്ട്. ഇന്നലെ രാത്രിയിലെ സൈബർ ആക്രമണത്തിൽ നിരവധി ബാങ്കുകളുടെ ആപ്പുകൾ നിശ്ചലമായതോടെ ഇടപാടുകൾ നടത്താനാകാതെ ഉപഭോക്താക്കൾ വലയുകയാണ്. നിഴൽ യുദ്ധത്തിലൂടെ ഉക്രെയിനെ മുട്ടുകുത്തിക്കാനാണ് ഇപ്പോൾ ഋഷ്യൻ ശ്രമം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP