Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുണിത്തട്ടം മുഖമക്കനയാക്കിയത് ജമാഅത്തുകാരും മുജാഹിദുകാരും; കാന്തപുരം വിഭാഗം അത് മുഖംമൂടിയായ നിഖാബും ബുർഖയുമാക്കി; ഗൾഫിൽ നിന്ന് വന്ന മഫ്ത പർദയിലേക്ക് മാറുന്നു; ഇപ്പോൾ കൊറിയൻ പർദ വരെ ട്രെൻഡിങ്ങ്; മുസ്ലിം സ്ത്രീയെ തട്ടം വലിച്ചുകളഞ്ഞ് ചാക്കിലാക്കിയത് ആര്!

തുണിത്തട്ടം മുഖമക്കനയാക്കിയത് ജമാഅത്തുകാരും മുജാഹിദുകാരും; കാന്തപുരം വിഭാഗം അത് മുഖംമൂടിയായ നിഖാബും ബുർഖയുമാക്കി; ഗൾഫിൽ നിന്ന് വന്ന മഫ്ത പർദയിലേക്ക് മാറുന്നു; ഇപ്പോൾ കൊറിയൻ പർദ വരെ ട്രെൻഡിങ്ങ്; മുസ്ലിം സ്ത്രീയെ തട്ടം വലിച്ചുകളഞ്ഞ് ചാക്കിലാക്കിയത് ആര്!

എം റിജു

കോഴിക്കോട്: കർണ്ണാടകയിലെ ഹിജാബ് വിവാദം കൊഴുക്കുന്നതിനിടെ കേരളത്തിലെ മുസ്ലിം സ്ത്രീകളെ ആരാണ് തുണിത്തട്ടത്തിൽനിന്ന് പർദക്ക് ഉള്ളിൽ ആക്കിയതെന്നുള്ള ചർച്ചയും, സോഷ്യൽ മീഡിയയിൽ അടക്കം പുരോഗമിക്കയാണ്. 1970 കളിൽ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഫൂട്ബോൾ കളി കാണാൻ വന്ന സ്ത്രീകളുടെ ഗാലറിയിൽ നിന്നുള്ള ഒരു ചിത്രവും ഇതോടൊപ്പം വൈറൽ ആയിരുന്നു. അന്ന് കളികാണാൻ എത്തിയ സ്ത്രീകളിൽ ഭുരിഭാഗവും പർദയും മക്കനയും ഒന്നുമില്ലാത്ത മുസ്ലിം സ്ത്രീകൾ ആയിരുന്നു.

കേരളത്തിന്റെ പടക്കുതിരയായിരുന്ന നജീമുദ്ദിന്റെയും ഗോൾ കീപ്പറായിരുന്ന വിക്ടർ മഞ്ഞിലയുടെയും ആരാധകരുടെ ഒത്തുചേരലായിരുന്നു ആ ചിത്രത്തിൽ കണ്ടത്. ഗോളടിക്കുമ്പോഴും തകർപ്പൻ നീക്കങ്ങൾ നടക്കുമ്പോളും, അവേശക്കടൽ സിരകളിൽ പടർന്ന് സ്ത്രീകൾ ഉയർന്ന് പൊങ്ങി ആർത്തിരമ്പുകയും ആർപ്പ് വിളിക്കുകയും, ചെയ്തിരുന്ന കാലം. ഇന്ന് ഒരു ഫോട്ടോഗ്രാഫർ എത്ര ശ്രമിച്ചാലും ഇങ്ങനെ ഒരു ചിത്രമെടുക്കാൻ പറ്റില്ല. കോഴിക്കോട് നഗരത്തിലൊക്കെ, അന്റാർട്ടിക്കയിലെ പെൻഗ്വിനുകളെപ്പോലെ കറുത്ത ചാക്കുകെട്ടുകളിൽ കയറിക്കൂടിയ, കണ്ണുപോലും കാണാത്ത മുസ്ലിം സ്ത്രീകളെയാണ് ഇപ്പോൾ കാണാൻ കഴിയുക.

മാത്രമല്ല ഇന്ന് കേരളത്തിൽ, പ്രത്യേകിച്ച് മലബാറിൽ, സ്ത്രീകൾക്ക് ഇങ്ങനെ മത ചിഹ്നങ്ങളില്ലാതെ ഒന്നിച്ച് കൂടിയിരിക്കാനൊരു സ്ഥലമോ, മനസ് തുറന്ന് ആർപ്പു വിളിക്കാൻ പറ്റിയ ഒരു പൊതു ഇടമോ ഇല്ല. ഇന്ന് ഫുട്ബോൾ മാച്ച് കാണാൻ വിരലിലെണ്ണാവുന്ന മുസ്ലിം സ്ത്രീകൾ പോലും എത്തുകയുമില്ല. വിവാഹ വീടുകളിൽ പോലും ഇപ്പോൾ സ്ത്രീകൾക്കും പരുഷന്മാർക്കും വെവ്വേറെ ഇടങ്ങൾ പ്രത്യക്ഷപ്പെടുന്നു. മയ്യത്തുപോലും അന്യമതക്കാർ കാണരുതെന്ന് ശാസനകൾ വരുന്നു. ഈ സഹാചര്യത്തിലാണ് കേരളത്തിലെ മുസ്ലീങ്ങളെ ചാക്കിലാക്കിയത് ആര്് എന്ന ചർച്ച പുരോഗമിക്കുന്നത്.

തട്ടം വലിച്ചിട്ടത് മൈലാഞ്ചിച്ചെടിയല്ല

മുസ്ലിം സ്ത്രീകളുടെ തലയിൽ നിന്ന് തട്ടം പിടിച്ചു വലിച്ച്, എറിഞ്ഞു കളഞ്ഞത് റഫീഖ് അഹമ്മദിന്റെ പാട്ടിൽ പറയുന്നതുപോലെ, മൈലാഞ്ചിച്ചെടിയല്ല. അതിനു പിന്നിൽ ആസൂത്രിതമായ ഒരു നീക്കമുണ്ട് എന്നാണ് കേരളത്തിലെ സ്വതന്ത്രചിന്തകരായ എഴുത്തുകാർ ചൂണ്ടിക്കാട്ടുന്നത്. എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ പി.ടി മുഹമ്മദ് സാദിഖ് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു.

'സിന്ദൂര രേഖയിൽനിന്ന് ഇടത്തോട്ടും വലത്തോട്ടും മുടി ചീകിവെച്ച് നെറ്റിക്കും മൂർദ്ധാവിനുമിടയിൽ, രണ്ടോ മൂന്നോ പിന്നു കൊണ്ടു കുത്തിവെച്ച ഒരു കഷ്ണം തുണി, പുള്ളികളും പൂക്കളും നിറം ചാർത്തിയ തുണി- അതായിരുന്നു തട്ടം. ആ തട്ടമിട്ട മാപ്പിള മൊഞ്ചത്തിമാരെ കണ്ട ഓർമയുണ്ടോ. ചിപ്പോൾ തട്ടത്തിനു പിന്നുണ്ടാകില്ല, വെറുതെ തലയിൽ തൂങ്ങിനിൽക്കും. അത് മാറിലേക്ക് തൂക്കിയിട്ടിരുന്നില്ല. തട്ടമിട്ട
ആ മൊഞ്ചത്തികളെ മറക്കാൻ മാത്രം കാലമായിട്ടില്ല. അവരിപ്പോഴും കാറ്റിൽ പാറുന്ന പൂന്തോട്ടങ്ങളുമായി വെള്ളിക്കൊലുസ് കിലുക്കി ഓർമയിൽ ഓടിക്കളിക്കുന്നുണ്ട്.

മാപ്പിളപ്പെണ്ണുങ്ങളുടെ തലയിൽനിന്ന് തട്ടം പിടിച്ചു വലിച്ച്, എറിഞ്ഞു കളഞ്ഞത് റഫീഖ് അഹമ്മദിന്റെ പാട്ടിൽ പറയുന്നതുപോലെ, മൈലാഞ്ചിച്ചെടിയല്ല. അതിനു പിന്നിൽ ആസൂത്രിതമായ ഒരു നീക്കമുണ്ട്. മുസ്ലിം സ്ത്രീയൂടെ മുടിയെ ലൈംഗികാവയമാക്കിയത് ആ നീക്കമാണ്. തൊണ്ണൂറുകളുടെ മധ്യം വരെ ഈ തട്ടം കേരളത്തിലുണ്ടായിരുന്നു. ഇപ്പോൾ പല മുസ്ലിം വീടുകളിലേയും അലമാരകളിൽ പൊടിപിടിച്ചു കിടപ്പുണ്ടാകും, ആ പുള്ളിത്തുണിക്കഷ്ണങ്ങൾ. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ, തലയിൽ നിന്ന് കാറ്റത്തു പറന്നുപോയതല്ല ആ തട്ടങ്ങൾ. വളരെ പതുക്കെ, സമയമെടുത്തു, ബോധപൂർവം പറിച്ചെറിഞ്ഞു കളഞ്ഞതു തന്നെയാണ്.

സുന്നി മദ്രസയിലാണ് ഞാൻ ദീനിന്റെ അലിഫ് പഠിക്കാൻ തുടങ്ങിയത്. നാലാം ക്ലാസുവരെയേ സുന്നി മദ്രസകളിൽ പഠിച്ചുള്ളു. ആ മദ്രസയിൽ ഏഴാം ക്ലാസ് വരെയുണ്ട്. ആ മദ്രസയിൽ വരുന്ന പെൺകുട്ടികളുടെ തലയിൽ ഒരു കഞ്ഞു തുണികൊണ്ടുള്ള തട്ടമേ ഉണ്ടായിരുന്നുള്ളുൂ. ആമിനയും ഫാത്തിമയും ജമീലയും സുലൈഖയുമൊക്കെ കുഞ്ഞിത്തട്ടങ്ങളിൽ സുന്ദരികളായി വന്ന് അറബി മലയാളത്തിൽ ദീൻ പഠിച്ചു.

അഞ്ചാം ക്ലാസിലായപ്പോഴാണ് ഞാൻ യതീംഖാനയിലെത്തുന്നത്. അത് മത മൗലികവാദികളുടെ മേൽക്കയ്യിലുള്ളതായിരുന്നു. അവിടെ യതീംഖാനയിലെ പെൺകുട്ടികൾ മദ്രസയിൽ വന്നിരുന്നത് മക്കനയിട്ടാണ്. അതെ, അന്ന് അതിനു മക്കനയെന്ന ഒരോമനപ്പേരായിരുന്നു. ഹിജാബ് എന്ന് അന്ന് നമ്മൾ കേട്ടിട്ടില്ല. പിന്നീട് പത്താം ക്ലാസ് വരെ ഈ വിഭാഗത്തിന്റെ മദ്രസയിലാണ് പഠിച്ചത്. അവിടയൊക്കെ ഈ മുഖമക്കനയിട്ട പെൺകുട്ടികളായിരുന്നു മദ്രസയിലെ സഹപാഠികൾ. പെൺകുട്ടികളെ, ആൺകുട്ടികളുടെ കണ്ണിൽനിന്നും തിരിച്ചും മറച്ചു പിടിക്കുന്ന മറകൾ പ്രത്യക്ഷപ്പെടുന്നതും ഈ മദ്രസകളിലാണ്.

ജമാഅത്തെ ഇസ്ലാമിയുടേയും കേരള നദവത്തുൽ മുജാഹിദീന്റെയും മദ്രസകളിലേയും അറബിക്/ഇസ്ലാമിക് കോളേജുകളിലേയും പെൺകുട്ടികളാണ് വ്യാപകമായി മുഖമക്കന ഉപയോഗിക്കാൻ തുടങ്ങിയത്. അവരുടെ മദ്രസകളിൽ പോകുമ്പോൾ മക്കനയിടുകയും സ്‌കൂളുകളിൽ വരുമ്പോൾ സാധാരണ തട്ടമിടുകയും ചെയ്യുന്നവരായിരുന്നു മിക്കവാറും പെൺകുട്ടികൾ. കടുത്ത പ്രസ്ഥാന കുടുംബങ്ങളിൽ നിന്നു വരുന്ന പെൺകുട്ടികൾ മാത്രം, സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും മക്കന നിർബന്ധപൂർവം ധരിച്ചു.

ഈ മക്കനക്കാലത്തു തന്നെയാണ്, ഗൾഫിൽ നിന്ന് മഫ്ത ഇറക്കുമതി ചെയ്യപ്പെടുന്നത്. ആദ്യകാലത്ത് മഫ്ത മാത്രമാണ് വന്നത്. ഗൾഫ് മേഖലകളിൽ സത്യത്തിൽ അതൊരു ഫാഷനായാണ് വന്നത്. ഷാൾ വരുന്നത് പിന്നെയാണ്. ഇടക്കാലത്ത് ഷാളും മഫ്തയും ഒന്നിച്ചണിയുന്നവരുണ്ടായിരുന്നു. മതമൗലികവാദികൾ കൈതൊട്ടതോടെ അത് ഇസ്ലാമിക വേഷമെന്ന പരിവേഷത്തിലേക്ക് മാറി. തൊട്ടുപിന്നാലെ പർദയുമെത്തി. അതോടെ, മത മൗലികവാദികൾ പതുക്കെ തുടങ്ങിയ ആ നീക്കം കേരളത്തെ പെട്ടെന്നു മുച്ചൂടും ബാധിച്ചു കളഞ്ഞു. തലയിൽ നേരിട്ടു തൊടുന്നതു കൊണ്ടാകും, ആ മസ്തിഷ്‌ക പ്രക്ഷാളനം മുസ്ലിം പെൺകുട്ടികളുടെ തലകൾക്ക് അത്ര പെട്ടെന്ന് തിരിച്ചറിയാൻ പറ്റാതിരുന്നത്. വളരെ നിഷ്‌കളങ്കമായി പെൺകുട്ടികൾ, പല ഫാഷനുകളിലും മോഡലുകളിലും മാറിമാറി തലയിലിട്ട ഒരു കഷ്ണം തുണി ഇന്ന് മതതീവ്രതയുടെ പതാകയായി മാറുകയാണ്.''- സാദിഖ് ചൂണ്ടിക്കാട്ടുന്നു.

അസ്സൽ മുഖം മൂടിയാക്കിയത് കാന്തപുരം

കാന്തപുരം വിഭാഗം രംഗം കയ്യടക്കിയതോടെ, അത് അസ്സൽ മുഖം മൂടിയായെന്നും സാദിഖ് ചൂണ്ടിക്കാട്ടുന്നു. 'തമാശ കിടക്കുന്നത് അവിടെയല്ല, ജമാഅത്തെ ഇസ്ലാമിയുടേയും മുജാഹിദിന്റേയും സ്ഥാപനങ്ങളിൽ തട്ടം, മുഖമക്കനയിലേക്കേ മാറിയുള്ളു. കാന്തപുരം വിഭാഗം രംഗം കയ്യടക്കിയതോടെ, അത് അസ്സൽ മുഖം മൂടിയായി. നിഖാബ്, ബുർഖ എന്നൊക്കെ പറയുന്ന ആ സാധനം തന്നെ. പിന്നീട് സമസ്തയുടെ മദ്രസകളിലേക്കും സ്ഥാപനങ്ങളിലേക്കും അത് പടർന്നു പിടിച്ചു. അതും എട്ടും പൊട്ടും തിരിച്ചറിയാത്ത കുരുന്നു പെൺകുട്ടികൾ മുഖം മൂടി മദ്രസകളിലേക്കു പോകുന്ന കാഴ്ച പരിഷ്‌കൃത കേരളത്തിനു ഞെട്ടലോടെ കാണേണ്ടി വന്നു.

അവിടെയാണ് ജമാഅത്തെ ഇസ്ലാമി പോലുള്ള മതമൗലിക വാദികളുടെ കാപട്യം തിരിച്ചറിയേണ്ടത്. മുഖാവരണം നിർബന്ധമാണെന്ന് പുസ്തകത്തിൽ എഴുതിവെച്ചത് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകൻ അബുൽ അഅലാ മൗദുദിയാണ്. അനിവാര്യ സന്ദർഭങ്ങളിൽ അല്ലാതെ മുഖാവരണം മാറ്റാൻ സ്ത്രീക്കു അനുവാദമില്ലെന്നും അതും മുഖ സൗന്ദര്യം വെളിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാകാൻ പാടില്ലെന്നും മൗദൂദി അദ്ദേഹത്തിന്റെ പർദ എന്ന പുസ്തകത്തിൽ എഴുതിവെച്ചിട്ടുണ്ട്. (പർദ -ഇംഗ്ലീഷ് പരിഭാഷ -പേജ് 129, 130). ഈ പുസ്തകം ഇതുവരെ മലയാളത്തിൽ ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരിച്ചിട്ടില്ല. ഏറ്റവും വിപുലമായ ഒരു പ്രസിദ്ധീകരണ വിഭാഗമുള്ളവരാണ് ഇവരെന്ന് ഓർക്കണം. എൺപതുകളുടെ അവസാനം മാധ്യമം ദിനപത്രത്തിന്റെ ലേബലിൽ, മതേതര, പരിഷ്‌കൃത മുഖംമൂടി എടുത്തണിയാൻ തുടങ്ങിയ അവർക്ക്, പെണ്ണുങ്ങളുടെ മുഖംമൂടി മുഖത്തടിയാകുമെന്ന് തിരിച്ചറിയാനുള്ള ബുദ്ധിയൊക്കെയുണ്ട്. മൗദൂദിയുടെ പർദ മലയാളത്തിൽ പ്രസിദ്ധീകരിച്ചതാകട്ടെ, ജമാഅത്തെ ഇസ്ലാമിയോട് കട്ടക്കലിപ്പിൽ കഴിയുന്ന കാന്തപുരം വിഭാഗത്തിന് സ്വാധീനമുള്ള ഒരു പ്രസാധക സംഘമാണ്. അവരാണ് അത് പ്രചരിപ്പിച്ചതും പ്രാവർത്തികമാക്കിയതും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമല്ല, പൊതു സ്ഥലങ്ങളിൽ പോലും അവരുടെ പെണ്ണുങ്ങൾ മുഖംമൂടാതെ ഇപ്പോൾ പ്രത്യക്ഷപ്പെടാറില്ല.

ഇസ്ലാമിലെ നാല് പ്രധാന ചിന്താധാരകളാണ് ശാഫ്, ഹനഫി, ഹംബലി, മാലികി സ്‌കൂളുകൾ. ഇതിൽ ശാഫീ വിഭാഗത്തിലെ ഒരു വിഭാഗം മാത്രമേ മുഖംമുടൽ നിർബന്ധമാണെന്നു വാദിക്കുന്നുള്ളു എന്നാണ് മനസ്സിലാക്കുന്നത്. പറഞ്ഞു വന്നത് ഇതാണ്. ഹിജാബ് സ്വാഭാവിക വസ്ത്രമല്ല, അത് മുസ്ലിംപെണ്ണിന്റെ തലയിൽ അടിച്ചേൽപിച്ചതാണ്. അങ്ങിനെ അടിച്ചേൽപിച്ചവർ ഇപ്പോൾ, ഭാരതത്തിലെ മുസ്ലിം പെണ്ണിന്റെ ഒരേയൊരു പ്രശ്നം, ഈ ഹിജാബാണെന്നു വരുത്തിത്തീർക്കുന്നതിൽ വിജയിച്ചിരിക്കുന്നു.

തലയിലൊരു കുഞ്ഞു തട്ടമിട്ട്, അഞ്ചു നേരം നിസ്‌കരിച്ച്, റമദാനിൽ നോമ്പെടുത്ത് നിസ്സാരമായി ജീവിച്ചാലും സ്വർഗം കിട്ടുമെന്ന് പാവപ്പെട്ട മുസ്ലിംകൾ വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്തുനിന്ന് പെണ്ണുങ്ങളെ പിടിച്ചു വലിച്ചു പിന്നോട്ടു കൊണ്ടുപോയി, നിഖാബിൽ മൂടിയവരെയും പുരുഷന്മാരുടെ കൈകളിൽ ജിഹാദിന്റെ വാളെടുത്തു കൊടുത്തവരേയും തിരിച്ചറിയണം. പുതിയ കാലം വരുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ, കാമ്പസുകൾ ഹിജാബിന്റെ പേരിൽ പൊരിയുന്നത് കാണുമ്പോൾ ആ പ്രതീക്ഷ അസ്ഥാനമാകുമോ എന്നാണ് ഭയം. കാരണം ഇന്ത്യയിലെ മതങ്ങളെ ഇപ്പോൾ നയിക്കുന്നത് വിശ്വാസമല്ല, രാഷ്ട്രീയമാണ്.''- പി.ടി മുഹമ്മദ് സാദിഖ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

കൊറിയൻ പർദ മുതൽ ഫറാഷ മോഡൽ വരെ

മതപ്രഭാഷകരിലുടെ കൃത്യമായി അടിച്ചേൽപ്പിക്കപ്പെതാണ് പർദയെന്നും വിമർശനം ഉയരുന്നുണ്ട്.' മുസ്ലിം സ്ത്രീകളെ തട്ടം അണിയിപ്പിക്കുക എന്നതായിരുന്നു, കേരളത്തിലെ ഇസ്ലാമിക മതപ്രഭാഷകരുടെ ഒരു കാലത്തെ പ്രധാന ജോലി. നരകത്തെ വർണ്ണിക്കുന്ന പ്രഭാഷണ പരമ്പരകളിലൂടെ അവർ ആ ലക്ഷ്യം നേടിയെടുത്തു'- എക്സ് മുസ്ലിം കൂട്ടായ്മയുടെ വക്താവായ ഡോ ആരിഫ് ഹുസൈൻ തെരുവത്ത് ചൂണ്ടിക്കാട്ടുന്നു.

അതേസമയം അറേബ്യൻ സംസ്‌ക്കാരത്തെ അന്ധമായി അനുകരിക്കാനുള്ള പ്രവണതയും ഇതോടൊപ്പം ഉണ്ടായി. അറേബ്യൻ ഫുഡുകൾ പോലെ വൈവിധ്യമായ പർദകളും കേരളത്തിൽ വേരുപിടിച്ചൂ. ഇന്ന് ഇരുപതിനായിരം രൂപ വരെയുള്ള ടോപ്പ് ക്ലാസ് പർദകൾ വരെ കേരളത്തിൽ വിറ്റുപോകുന്നുണ്ട്. വൻ വിലയുള്ള ചുരുദാർ ഇട്ട് അതിന് മുകളിൽ പർദ ധരിക്കാൻ വിധിക്കപ്പെട്ടവരാണ് മുസ്ലിം സ്ത്രീകളിൽ ഏറെയും.

കറുത്ത ഷേഡുകൾ തന്നെയാണ് പർദകളിൽ വൈവിദ്ധ്യമുണ്ടാക്കുന്നതെങ്കിലും ഇപ്പോൾ വിവിധ നിറങ്ങളിലുള്ള പർദകളും സജീവമായിട്ടുണ്ട്. മറ്റൊരു മോഡലാണ് അമ്പ്രേല്ലാ കട്ടിംഗോട് കൂടിയ മെഹറിയയ്ക്ക് പർദ. കൊറിയൻ തുണിയിൽ നിർമ്മിക്കുന്ന പർദകൾക്കാണ് ആവശ്യക്കരേറെയും. ഷാൾ ആവശ്യാനുസരണം മുന്നിലേയ്ക്കും പിന്നിലെയ്ക്കും ഇറക്കിയിടാം എന്നതാണ് 'അഫ്രീൻ' പർദയുടെ സൗന്ദര്യം. എന്നാൽ ഗർഭിണികൾക്കും ഉപയോഗിക്കാമെന്ന പ്രത്യേകതയുള്ള പർദയാണ് 'ജെലാബിയ'. കാമ്പസിലെ താരമാണ് മാലായിക്ക പർദ. കളർഫുൾ നീലയും ചുവപ്പുമെല്ലാം ചേർന്ന ഉഗ്രൻ ടീ-ഷർട്ട് സ്റ്റൈൽ പർദയാണിത്. ചെക്ക് ഷർട്ടിന്റെ രീതിയിൽ കൈ പിടിപ്പിച്ച്, ഷാളിന് ചെക്ക് ബോർഡറും. അതാണ് മലായിക്ക പർദയുടെ സ്റ്റൈൽ.ഫറാഷ മോഡൽ പർദയുടെ കൈകൾക്ക് വെറും ആറിഞ്ചു മാത്രമേ നീളമുള്ളൂ. എന്നാൽ പർദയണിഞ്ഞു കഴിയുമ്പോൾ കൈകൾ കൈപ്പത്തി വരെയുണ്ടാകും. അതായത് ആറിഞ്ചു കഴിഞ്ഞാൽ ബാക്കി പർദയുടെ ബോഡിയാണ്. അത്കൊണ്ട്തന്നെ വളരെ രസകരമായ ഒരു ഐറ്റമാണ് ഫറാഷ.

ഇങ്ങനെ വ്യാജമായ ഒരു വസ്ത്രസംസ്‌ക്കാരം അടിച്ചേൽപ്പിച്ചും പർദയെയും ഹിജാബിനെയും മാർക്കറ്റ് ചെയ്യാനും ഇവർക്ക് കഴിഞ്ഞൂ. '' പക്ഷേ പർദയുടെ വ്യാപനം സൂചിപ്പിക്കുന്നത് കേരളത്തിലെ വളരുന്ന മതമൗലിക വാദത്തെ തന്നെയാണ്. നഗ്നതക്കു പകരം പർദ എന്ന ആശയമാണ് ജമാഅത്തെ ഇസ്ലാമിയൊക്കെ ഈ നാട്ടിൽ കാലങ്ങളായി ഉയർത്തിയത്. ഇപ്പോൾ എസ്.ഡി.പി.ഐ ഉയർത്തുന്ന ബിക്കിനി വാദവും ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്. കേരള മുസ്ലിം സ്ത്രീകളുടെ തട്ടം താനേ ഊർന്ന് വീണതല്ല. അത് മതമൗലികാ വാദികൾ മാറ്റിയതാണെന്ന് വ്യക്തമാണ്. ''- സ്വതന്ത്രചിന്തകയായ ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP