Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ശരീരത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം ഏത് കിരീട നേട്ടത്തേക്കാളും വലുത്; ടൂർണമെന്റുകൾ നഷ്ടമായാലും കുഴപ്പമില്ല, വാക്‌സിൻ എടുക്കില്ല'; വിവാദ വിഷയത്തിൽ മൗനം വെടിഞ്ഞ് ജോക്കോവിച്ച്

'ശരീരത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം ഏത് കിരീട നേട്ടത്തേക്കാളും വലുത്; ടൂർണമെന്റുകൾ നഷ്ടമായാലും കുഴപ്പമില്ല, വാക്‌സിൻ എടുക്കില്ല'; വിവാദ വിഷയത്തിൽ മൗനം വെടിഞ്ഞ് ജോക്കോവിച്ച്

സ്പോർട്സ് ഡെസ്ക്

ബെൽഗ്രേഡ്: കോവിഡ് വാക്‌സിനേഷന്റെ പേരിൽ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ പങ്കെടുക്കാനാകാതെ വിലക്ക് നേരിടേണ്ടി വന്നതിൽ മൗനം വെടിഞ്ഞ് സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. കോവിഡ് വാക്‌സിൻ സ്വീകരിക്കാതെയും മെഡിക്കൽ ഇളവ് നേടാതെയും ഓസ്‌ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനെത്തിയതിനാണ് ജോക്കോവിച്ചിനെ ഓസ്‌ട്രേലിയൻ സർക്കാർ വിസ റദ്ദാക്കി നാടുകടത്തിയത്. ഈ സംഭവം കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് വിഷയത്തിൽ ജോക്കോവിച്ച് പ്രതികരിച്ചത്.

കോവിഡ് വാക്സിൻ എടുക്കാത്തതിനെത്തുടർന്ന് ടൂർണമെന്റുകൾ നഷ്ടപ്പെട്ടാൽ തനിക്ക് ഒരു കുഴപ്പവുമില്ലെന്ന് ജോക്കോവിച്ച് തുറന്നടിച്ചു. താൻ വാക്സിൻ വിരുദ്ധനല്ലെന്നും എന്നാൽ ഒരാളുടെ ശരീരത്തിൽ എന്ത് കയറ്റണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അയാൾക്ക് തന്നെ നൽകണമെന്നും ജോക്കോവിച്ച് പറഞ്ഞു.

പുരുഷ ടെന്നീസിലെ എക്കാലത്തെയും മികച്ച താരമെന്ന പദവി തനിക്ക് തന്റെ ശരീരത്തിൽ എന്ത് ഉൾപ്പെടുത്തണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തേക്കാൾ പ്രധാനമല്ലെന്ന് ജോക്കോവിച്ച് പറഞ്ഞു. ബി.ബി.സിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജോക്കോവിച്ച് മനസ്സ് തുറന്നത്.

'ഞാൻ വാക്സിനേഷന് എതിരല്ല. കുട്ടിക്കാലത്ത് ഞാൻ വാക്സിൻ എടുക്കാറുണ്ടായിരുന്നു. എന്നാൽ എന്റെ ശരീരത്തിൽ എന്ത് കുത്തിവക്കണം എന്ന് തീരുമാനമെടുക്കേണ്ടത് ഞാനാണ്. ആ അവകാശത്തെ വകവച്ചു നൽകാൻ തയ്യാറാവണം'- ജോക്കോവിച്ച് പറഞ്ഞു.

വാക്സിൻ നിർബന്ധമാക്കിയാൽ ഫ്രഞ്ച് ഓപ്പണും വിംബിൾഡണും നഷ്ടമാവുമോ എന്ന ചോദ്യത്തിന് ജോക്കോവിച്ചിന്റെ മറുപടി ഇതായിരുന്നു. ''വാക്സിൻ എടുക്കാത്തതിന്റെ പേരിൽ എത്ര ടൂർണമെന്റുകൾ നഷ്ടമായാലും ആ വില നൽകാൻ ഞാൻ തയ്യാറാണ് '' ''എന്റെ ശരീരത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം എനിക്ക് ഏത് കിരീട നേട്ടത്തേക്കാളും മറ്റെന്തിനേക്കാളും വലുതാണ്'', ജോക്കോ കൂട്ടിച്ചേർത്തു.

വാക്‌സിൻ എടുക്കാതെ ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കാനെത്തിയതിന് ജോക്കോയെ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജോക്കോവിച്ചിനെ ഓസ്ട്രേലിയ തടഞ്ഞത്. കോവിഡ് വാക്സിൻ സ്വീകരിക്കാതെ ജോക്കോവിച്ച് എത്തിയാൽ തടയും എന്ന് താരം വരുന്നതിന് മുൻപ് തന്നെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി മോറിസൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ തന്റെ പക്കൽ മെഡിക്കൽ രേഖകൾ ഉണ്ടെന്നായിരുന്നു ജോക്കോവിച്ചിന്റെ അവകാശവാദം. ഓസ്ട്രേലിയയിൽ എത്തിയ ജോക്കോവിച്ചിനെ തടഞ്ഞെങ്കിലും വിസ റദ്ദാക്കിയ നടപടി കോടതി റദ്ദാക്കി. എന്നാൽ ഇമിഗ്രേഷൻ മന്ത്രിയുടെ സവിശേഷാധികാരം ഉപയോഗിച്ച് രണ്ടാമതും ജോക്കോവിച്ചിന്റെ വിസ റദ്ദാക്കുകയായിരുന്നു

ഓസ്ട്രേലിയൻ ഓപ്പണിൽ സംഭവിച്ചത്.

ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കാൻ ജനുവരി അഞ്ചിന് മെൽബണിലെത്തിയ ജോക്കോവിച്ചിനെ വിമാനത്താവളത്തിൽ പിടികൂടി വിസ റദ്ദാക്കിയിരുന്നു. തുടർന്ന്, അഭയാർഥികളെ പാർപ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റി. കോവിഡിനെതിരായ വാക്‌സിൻ സ്വീകരിക്കാതെയാണ് ജോക്കോ എത്തിയത്. വാക്‌സിനേഷനിൽ ഇളവുനേടിയതിന്റെ വ്യക്തമായ രേഖകളും ഹാജരാക്കാനായില്ല. ഇതിനെതിരേ കോടതിയെ സമീപിച്ച ജോക്കോ അനുകൂലവിധി സമ്പാദിച്ചു. വിസ പുനഃസ്ഥാപിച്ചുകിട്ടി. പിന്നാലെ മോചിതനായ ജോക്കോ പരിശീലനവും തുടങ്ങി.

എന്നാൽ, പ്രത്യേകാധികാരം ഉപയോഗിച്ച് ഓസ്ട്രേലിയൻ കുടിയേറ്റമന്ത്രി വിസ വീണ്ടും റദ്ദാക്കുകയായിരുന്നു. വാക്‌സിനെടുക്കാത്ത ജോക്കോയെ പൊതുസമൂഹത്തിന് ഭീഷണിയായും പ്രഖ്യാപിച്ചു. കോവിഡ് വാക്‌സിൻ എടുക്കാതെ ഓസ്‌ട്രേലിയയിൽ പ്രവേശിച്ചതിനാലാണ് ജോക്കോവിച്ചിനെതിരെ നടപടിയെടുത്തതെന്നും പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും കുടിയേറ്റ മന്ത്രി അലെക്‌സ് ഹോക് വ്യക്തമാക്കി. ഇതിനെതിരേ താരം വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, മൂന്നംഗ ഫെഡറൽ കോടതി ജോക്കോയുടെ അപ്പീൽ തള്ളി. ഈ അന്തിമവിധിക്കെതിരേ വീണ്ടും കോടതിയെ സമീപിക്കാൻ ജോക്കോയ്ക്ക് കഴിയില്ലായിരുന്നു.

ഡിസംബർ 16-ന് താൻ കോവിഡ് പോസിറ്റീവായിരുന്നതിനാലാണ് വാക്‌സിൻ എടുക്കാതിരുന്നത് എന്നാണ് ജോക്കോ കോടതിയിൽ വാദിച്ചത്. എന്നാൽ, അതിന്റെ പിറ്റേന്ന് ചടങ്ങുകളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെ കോവിഡ് ചട്ടങ്ങളുമായി ബന്ധപ്പെട്ട വീഴ്ചകൾ സമ്മതിച്ച് ജോക്കോവിച്ച് രംഗത്തെത്തി. ഇമിഗ്രേഷൻ ഫോമിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നും കോവിഡ് പോസിറ്റീവായിരുന്നപ്പോൾ ഒരു മാധ്യമറിപ്പോർട്ടറുമായി സംസാരിച്ചെന്നും താരം പറഞ്ഞു.

ഇമിഗ്രേഷൻ ഫോമിൽ, രണ്ടാഴ്ചയ്ക്കിടെ യാത്രകൾ നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ജോക്കോ നൽകിയ മറുപടി. എന്നാൽ, സ്പെയിനിലേക്കും മറ്റും യാത്രചെയ്തതിന്റെ തെളിവുകൾ പിന്നാലെ കിട്ടി. ഏജന്റിന് പറ്റിയ കൈയബദ്ധമാണ് എന്നാണ് ജോക്കോ വിശദീകരിച്ചത്. കോവിഡിന്റെ ദുർഘടകാലത്ത് ഇത്തരം തെറ്റുകൾ സംഭവിക്കും എന്നുമായിരുന്നു അദ്ദേഹത്തിന്റെ ന്യായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP