Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വധൂവരന്മാരുടെ തലയിൽ ചോറും പപ്പടവും വിളമ്പുക! കാതടപ്പിക്കുന്ന ഗുണ്ട് പൊട്ടിച്ച് പേടിപ്പിക്കുക; കൂട്ടുകാർക്ക് മദ്യപിച്ച് കൂത്താടാനുള്ള പണം നൽകേണ്ടത് വരന്റെ വീട്ടുകാർ; കല്യാണ ഘോഷയാത്രക്കിടെ ബോംബേറിൽ യുവാവ് മരിച്ചത് തലേന്നത്തെ കൂത്താട്ടങ്ങളുടെ ബാക്കിപത്രം; വിവാഹ റാഗിങ്ങ് വീണ്ടും ചർച്ചയാവുമ്പോൾ

വധൂവരന്മാരുടെ തലയിൽ ചോറും പപ്പടവും വിളമ്പുക! കാതടപ്പിക്കുന്ന ഗുണ്ട് പൊട്ടിച്ച് പേടിപ്പിക്കുക; കൂട്ടുകാർക്ക് മദ്യപിച്ച് കൂത്താടാനുള്ള പണം നൽകേണ്ടത് വരന്റെ വീട്ടുകാർ; കല്യാണ ഘോഷയാത്രക്കിടെ ബോംബേറിൽ യുവാവ്  മരിച്ചത് തലേന്നത്തെ കൂത്താട്ടങ്ങളുടെ ബാക്കിപത്രം; വിവാഹ റാഗിങ്ങ് വീണ്ടും ചർച്ചയാവുമ്പോൾ

എം റിജു

കോഴിക്കോട്: രാഷ്ട്രീയ പാർട്ടികളും സാംസ്കാരിക സംഘടനകളും ഏറെ പ്രയാസപ്പെട്ട്, നിയന്ത്രിച്ചിരുന്ന ഒരു സാധനമായിരുന്നു, മലബാറിൽ ഒരു ആചാരം പോലെ ആയ വിവാഹ റാഗിങ്ങ്. പൊതുസമൂഹത്തിൽ നിന്നുള്ള ശക്തമായ എതിർപ്പിനെ തുടർന്ന് അപ്രത്യക്ഷമായ ഈ പരിപാടി ഇപ്പോൾ വീണ്ടും അതിഭീകരമായി തിരിച്ചുവരികയാണെന്നാണ് പുതിയ സംഭവ വികാസങ്ങൾ തെളിയിക്കുന്നത്. കണ്ണൂർ തോട്ടടയിൽ വിവാഹ ഘോഷയാത്രക്കിടെ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ടതിന് ആധാരമായ സംഭവങ്ങൾ ഉണ്ടായത് കല്യാണത്തലേന്നത്തെ വിവാഹ വീടുകളിലെ അതിരുവിടുന്ന ആഭാസത്തിന്റെ ഭാഗമായാണ് പൊലീസ് വിലയിരുത്തുന്നത്.

പേക്കൂത്തിനിടയിലെ പ്രശ്നം പകയായപ്പോൾ

ശനിയാഴ്ച നടന്ന വിവാഹസത്കാരത്തിനിടെയുണ്ടായ തർക്കവും അതിന്റെ പകയുമാണ് ബോംബേറിൽ കലാശിച്ചതെന്നാണ് വിവരം. രാത്രി വിവാഹസത്കാരത്തിനിടെ പാട്ട് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് തോട്ടടയിലെ യുവാക്കളും ഏച്ചൂരിലെ യുവാക്കളും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. എല്ലാവരും നന്നായി മദ്യപിച്ചിരുന്നു. ഇവർക്ക് മദ്യപിക്കാനുള്ള ചെലവ് മുഴുവൻ നൽകേണ്ടത് വരന്റെ ബന്ധുക്കളാണ്. അതുകൊണ്ട് തന്നെ നാടൻ ചാരായവും വിദേശ മദ്യവുമായി മദ്യപ്പുഴയാണ് വിവാഹത്തലേന്ന് ഈ മേഖലയിൽ ഒഴുകാറുള്ളത്. മദ്യപിച്ച ശേഷം വധുവിന്റെ വീട്ടിൽ പോയി അവിടെ അലമ്പ് കാട്ടി പണം വാങ്ങി വീണ്ടും മദ്യപിക്കയെന്നതും ഇവരുടെ രീതിയാണത്രേ.

മദ്യലഹരിയിൽ പാട്ടും ഡാൻസുമായപ്പോൾ, ഒരു ടീമിന് വേണ്ട പാട്ട് മറ്റൊരു ടീം മാറ്റിയെന്ന നിസ്സാരമായ തർക്കമാണ് വലിയ ഈഗോയിലേക്കും പകയിലേക്കും കലാശിച്ചത്. ഇത് കൈയാങ്കളിയിലും അടിപിടിയിലുമാണ് കലാശിച്ചത്. പിന്നീട് നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും ഞായറാഴ്ച ഏച്ചൂരിലെ സംഘത്തിൽപ്പെട്ട ചിലർ പ്രതികാരത്തിനായി ബോംബുമായി വരികയായിരുന്നു.

ഞായറാഴ്ചയാണ് കണ്ണൂർ നഗരത്തിനടുത്ത് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. ഏച്ചൂർ സ്വദേശിയായ ഷമിൽ രാജിന്റെ കല്യാണത്തലേന്ന് ഉണ്ടായ തർക്കത്തിന് പ്രതികാരം ചെയ്യാനാണ് പ്രതികൾ ബോബുമായെത്തിയത്. അക്ഷയ് എന്ന യുവാവ് എതിർസംഘത്തെ എറിയുന്നതിനിടെ, സ്വന്തം സുഹൃത്ത് തന്നെയായ ജിഷ്ണുവിന്റെ തലയിൽത്തട്ടി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തല പൊട്ടിച്ചിതറിയാണ് ജിഷ്ണു കൊല്ലപ്പെട്ടത്. ബോംബിൽ നിന്ന് തീഗോളം ഉയർന്ന് പൊള്ളലേറ്റും, ചീളുകൾ ദേഹത്ത് കുത്തിക്കയറിയും പലർക്കും പൊള്ളലും പരിക്കുമേറ്റിരുന്നു.

വരന്റെ വീട്ടിലേക്ക് ബാൻഡ്മേളത്തിന്റെ അകമ്പടിയോടെ നടന്നുപോകുന്നതിനിടെയാണ് ഏച്ചൂരിൽനിന്നുള്ളവർ ബോംബെറിഞ്ഞത്. ആദ്യം എറിഞ്ഞ ബോംബ് പൊട്ടാതിരുന്നതോടെ രണ്ടാമതൊരു ബോംബ് കൂടി എറിയുകയായിരുന്നു. ഇത് ഇവരുടെ സംഘത്തിൽപ്പെട്ട ജിഷ്ണുവിന്റെ ശരീരത്തിൽ വീണ് പൊട്ടിയെന്നാണ് നിഗമനം.

കേസിൽ അറസ്റ്റിലായ പ്രതി അക്ഷയിനെ കണ്ണൂർ താഴെചൊവ്വയിലെ പടക്കക്കടയിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. വിവാഹാഘോഷത്തിനായി താഴെചൊവ്വയിലെ പടക്കകടയിൽനിന്നാണ് അക്ഷയ് ഉൾപ്പെടെയുള്ളവർ പടക്കം വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവിടെനിന്ന് പടക്കങ്ങൾ വാങ്ങിയശേഷം ഇതെല്ലാം ഒരുമിച്ച് കൂട്ടിയാണ് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾ നിർമ്മിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇക്കാര്യം തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇത് സ്ഥിരീകരിക്കാനാണ് പ്രതിയുമായി പടക്കകടയിൽ തെളിവെടുപ്പ് നടത്തിയത്. വിവാഹ വീടുകളിൽ ഗുണ്ടെറിഞ്ഞ് ഭയപ്പെടുത്തി രസിക്കുക ഈ സംഘത്തിന്റെ രീതിയായിരുന്നെനാണ് പൊലീസ് പറയുന്നത്.

ബോംബെറിഞ്ഞ അക്ഷയുടെ അടുത്ത സുഹൃത്താണ് കൊല്ലപ്പെട്ട ജിഷ്ണു. ജിഷ്ണുവിനും അക്ഷയ്ക്കും, മിഥുൻ എന്ന മറ്റൊരു സുഹൃത്തിനും ബോംബ് കൈവശമുള്ള കാര്യം അറിയാമായിരുന്നു. അക്ഷയ് ആണ് ഏറുപടക്കം വാങ്ങി അതിൽ ഉഗ്രപ്രഹരശേഷിയുള്ള സ്‌ഫോടനവസ്തുക്കൾ ചേർത്ത് ഇവർ നാടൻ ബോംബുണ്ടാക്കിയത്. കൊലപാതകം, സ്‌ഫോടകവസ്തു കൈകാര്യം ചെയ്യൽ എന്നീ കുറ്റങ്ങളാണ് എടക്കാട് പൊലീസ് അക്ഷയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

കല്യാണപ്പാർട്ടിക്കായി പോയ സംഘത്തിലെ റിജുൽ സി കെ, സനീഷ്, ജിജിൽ എന്നിവരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതികളിലൊരാളയ മിഥുൻ എന്നയാൾ കേരളം വിട്ടതായാണ് സൂചന. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.

തലയിൽ പായസവും പപ്പടവും വിളമ്പുമ്പോൾ

കെട്ടിയിട്ട്, കേക്ക് ദേഹമാസകലം തേച്ച് ന്യുജൻ ഫ്രീക്കന്മാർ ബർത്ത് ഡേ ആഘോഷിക്കുന്ന പോലെ, വധൂവരന്മാരുടെ തലയിൽ ചോറും പപ്പടവുമൊക്കെ കൂഴച്ച് വിളമ്പുകയാണത്രേ ഈ രംഗത്തെ പുതിയ രീതി. മലബാറിൽ ഒരു കാലത്ത് വ്യാപകമായ ഒരു രീതിയായിരുന്നു വിവാഹ റാഗിങ്ങ്. വിവാഹദിനത്തിൽ കല്യാണച്ചെക്കന്റെ സുഹൃത്തുക്കൾ നടത്തുന്ന കോലാഹലങ്ങൾ ഒരു ആചാരമായി മാറുകയും അത് ചലച്ചിത്രങ്ങൾക്കുപോലും വിഷയം ആവുകയും ചെയ്തിരുന്നു. വരനെയും വധുവിനെയും ഉപ്പുവെള്ളവും ചെളിവെള്ളവും കുടിപ്പിക്കുക തൊട്ട് നീളുന്ന 'കലാപരിപാടികൾ', ആദ്യരാത്രിയിൽ മണിയറക്കുള്ളിൽ ഗുണ്ട് പൊട്ടിച്ചാണ് അവസാനിക്കാറ്.

കല്യാണ ദിവസം വരനെയും വധുവിനെയും വാഹനം തടഞ്ഞു നിർത്തി റോഡിൽ നടത്തുക, നടക്കുബോൾ അവരുടെ നല്ല ചെരുപ്പ് വാങ്ങി പഴയ കീറിയ ചെരുപ്പുകൾ നല്കുക, സൈക്കിൾ ചവിട്ടിപ്പിക്കുക, പെട്ടിഓട്ടോറിക്ഷ പോലെ ഉള്ള ഗുഡ്സ് വണ്ടിയിലും, ജെ.സി.ബിയിലും കയറ്റുക, പഴയ കാര്യങ്ങൾ വട്ടപേരുകൾ തുടങ്ങിയവ വെച്ച് ഫെളക്സ് അടിക്കുക, പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, എന്നിങ്ങനെ കൂട്ടുകാരുടെ മനസിൽ വിരിയുന്ന എന്തും ഏതും ചെയ്യാൻ അന്ന് വരനും വധുവും ബാധ്യസ്ഥരാകേണ്ടിവരുന്നു.

വരനെ കൂട്ടുകാർ ശവപ്പെട്ടിയില് കൊണ്ടു പോവുന്ന കല്യാണ കാഴ്ചയും, റാഗിങ്ങിൽ ദേഷ്യപ്പെട്ട് സദ്യതട്ടിത്തെറിപ്പിക്കുന്ന വീഡിയോയും അക്കാലത്ത് വൈറലായിരന്നു. ചിലയിടത്ത് വീട്ടിലെ ഉരുലും ഉലക്കയും ചുലും അടക്കമുള്ള സാധനങ്ങൾ തീയിലിടുക, പണം അപഹരിക്കുക, വുടങ്ങിയ വളരെ അപകടകരമായ രീതിയിലും കാര്യങ്ങൾ എത്തി. ഇതേതുടർന്ന് വധുവിന്റെ വീട്ടുകാരും വരന്റെ വീട്ടുകാരും ഏറ്റുമുട്ടുന്ന അവസ്ഥയും, വിവാഹം മുടങ്ങിയതും പലയിടത്തുനിന്നും വാർത്തയായിരുന്നു. വിവാഹ റാഗിങ്ങ് താങ്ങാൻ കഴിയാതെ വധു തളർന്ന് വീണ സംഭവങ്ങളും ഉണ്ടായിരുന്നു.

ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ വിവാഹ റാഗിങ്ങിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. മാതൃഭൂമിയടക്കമുള്ള പത്രങ്ങൾ ഇതേക്കുറിച്ച് പരമ്പര എഴൂതി. ഡിവൈഎഫ്ഐയും ജനാധിപത്യമഹിളാ അസോസിയേഷനുമൊക്കെ രംഗത്തെത്തി. മുൻ മന്ത്രി പി.കെ ശ്രീമതിയെയും, ടി സതീദേവിയെപ്പോലുള്ള വനിതാ നേതാക്കളും, ഇതിനെതിരെ ശക്തമായ രംഗത്തെത്തി. കേരളാപെലീസും ഫേസ്‌ബുക്കിലുടെ വിവാഹ റാഗിങ്ങിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി. ഇതോടെ ഏതാണ്ട് അവസാനിച്ചു എന്ന് തോന്നിയ ഈ പരിപാടി ഇപ്പോൾ തിരിച്ചെത്തുകയാണെന്ന് പരാതിയുണ്ട്.

ഇപ്പോൾ വിവാഹ പൂർവ റാഗിങ്ങും

ഇപ്പോൾ വിവാഹ പൂർവ റാഗിങ്ങ് എന്ന പരിപാടിയും നടക്കുന്നുണ്ട്. പെണ്ണു കണ്ട് കഴിഞ്ഞാൽ ചെറുക്കന്റെ കുറെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് പെണ്ണിനെ കൂട്ടത്തോടെ ഇന്റവ്യൂ ചെയ്ത് മാനസികമായി പീഡിപ്പിച്ച് ആഹ്ലാദിച്ച് മൂക്കുമുട്ടെ തിന്ന് മടങ്ങുന്ന ചടങ്ങ് ഇപ്പോൾ മലബാറിൽ ആചാരം പോലെ ആയിരിക്കയാണ്. ഈ കോവിഡ് കാലത്ത് കഴിഞ്ഞ മാസം നടന്ന ഇത്തരത്തിലൊരു കോപ്രായം, വധു ബോധം കെട്ട് ആശുപത്രിയിലായതോടെയാണ് പുറംലോകം അറിഞ്ഞത്.

കോഴിക്കോട് നാദാപുരത്തിനടുത്ത് വാണിമേൽ ഭൂമിവാതുക്കൽ അങ്ങാടിക്കടുത്ത്് പെണ്ണുകാണാൻ വന്നവർ പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി പരാതിയുയർന്നത്. ബോധം കെട്ടുവീണ യുവതിക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. ഇതോടെ യുവതിയുടെ ബന്ധുക്കൾ അരിശം പൂണ്ട് സംഘത്തിലെ പുരുഷന്മാരെ ബന്ദിയാക്കി. അവരുടെ വാഹനം തടഞ്ഞുവെച്ചു.

വിലാതപുരത്തുനിന്നുള്ള യുവാവിന്റെ ബന്ധുക്കളാണ് വാണിമേലിൽ പെണ്ണ് കാണാനെത്തിയത്. യുവാവ് ഖത്തറിലാണ്. കല്യാണച്ചെക്കനും സഹോദരനും സഹോദരിയും വീട്ടിലെത്തി പെൺകുട്ടിയെ കണ്ടിരുന്നു. ഇവർക്ക് പെണ്ണിനെ ഇഷ്ടമായതിനെത്തുടർന്നാണ് ഇരുപത്തഞ്ചോളം സ്ത്രീകളടങ്ങുന്ന സംഘം വാണിമേലിലെ വീട്ടിലെത്തിയത്.

സ്ത്രീകൾ ഒന്നിച്ച് മുറിയിൽ കയറി യുവതിയുമായി സംസാരിച്ചു. ബിരുദ വിദ്യാർത്ഥിയായ യുവതിയെ കതകടച്ചാണ് ഒരു മണിക്കൂറിലധികം 'ഇന്റർവ്യൂവിന്' വിധേയയാക്കിയത്. പാതി അശ്ളീലമായ ചോദ്യങ്ങളാണ് ഇവർ ഏറെയും ചോദിച്ചതത്രേ. 'വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നും ഞങ്ങൾക്ക് ഒന്ന് പരിശോധിക്കണം' എന്നൊക്കെ ഒരു സ്ത്രീ പറഞ്ഞപ്പോൾ എല്ലാവരും പൊട്ടിച്ചിരിക്കയായിരുന്നു. ബ്രായുടെയും അടിവസ്ത്രങ്ങളുടെയും അളവുചോദിച്ചും ഇവർ ഡബിൾ മീനിങ്ങുള്ള തമാശകൾ പറഞ്ഞു. ശക്തമായ ബോഡി ഷെമിങ്ങും ഇവരുടെ ഭാഗത്തുനിന്നുണ്ടായി. യുവതിയുടെ മൊബൈൽ ഫോൺ പരിശോധിക്കാനും ഇവർ തുനിഞ്ഞു.

എന്നാൽ അപ്പോഴും ഒരു ബന്ധം തകരേണ്ട എന്ന് വിചാരിച്ച് പെൺവീട്ടുകാർ എല്ലാം സഹിച്ച് നിൽക്കയായിരുന്നു. തുടർന്ന് വീട്ടിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണവും ഇവർ കുറ്റം പറഞ്ഞുകൊണ്ടുതന്നെ മൂക്കറ്റം തിന്നു. ഇതിനുശേഷം കല്യാണച്ചെക്കന്റെ ബന്ധുക്കൾ ഒന്നുകൂടി ആലോചിക്കണമെന്ന് പറഞ്ഞു. ബന്ധുക്കൾ മുറിയിൽ കയറിനോക്കിയപ്പോൾ റാഗിങ്ങ് താങ്ങാൻ കഴിയാതെ തളർന്നുകടിക്കുന്ന യുവതിയെയാണ് കണ്ടത്. ഇതോടെയാണ് പെൺവീട്ടുകാരുടെ സകല നിയന്ത്രണവും പോയത്. ഇതോടെ ഗൃഹനാഥൻ സംഘത്തിലുള്ളവർക്കെതിരേ രംഗത്തെത്തി. ആരെയും പുറത്തുവിടില്ലെന്ന് പറഞ്ഞ അദ്ദേഹം വീടിന്റെ ഗേറ്റടച്ചു. ഇത്രും മര്യാദയില്ലാതെ പെരുമാറിയ നിങ്ങളെ റാഗിങ്ങ് എന്താണെന്ന് ഞങ്ങൾ കാണിച്ചുതരാമെന്ന് പറഞ്ഞ് നാട്ടുകാരും ഒപ്പം കൂടി.

പെൺകുട്ടിയോട് ചോദിച്ച അതേ മോഡലിൽ നാട്ടുകാർ സംഘത്തിലെ സ്ത്രീകളെ ചോദ്യം ചെയ്തതോടെ അവരും കരച്ചിലിന്റെ വക്കിലെത്തി. ഇതോടെ നാട്ടുകാർ സ്ത്രീകളെ മാത്രം വിട്ടയച്ചു. ഒപ്പമുണ്ടായിരുന്നു രണ്ടു പുരുഷന്മാരെ രണ്ടു മണിക്കൂറോളം വീട്ടിൽ ബന്ദിയാക്കി. സംഘമെത്തിയ കാറുകളിൽ ഒന്ന് വിട്ടുകൊടുത്തില്ല. ഒടുവിൽ സിപിഎം പ്രാദേശിക നേതാക്കാൾ രംഗത്തിറങ്ങിയാണ് പ്രശ്നം ശാന്തമാക്കിയത്. യുവതി പിന്നീട് ആശുപത്രിയിൽ ചികിത്സതേടി. പെണ്ണുകാണൽ ചടങ്ങിന്റെ പേരിൽ നടക്കുന്ന ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കണമെന്ന ഉദ്ദേശ്യത്തിലാണ് കടുത്ത നടപടിയിലേക്ക് നീങ്ങേണ്ടി വന്നതെന്നാണ് പെൺകുട്ടിയുടെ പിതാവിന്റെ വിശദീകരണം. ഇദ്ദേഹവും പ്രവാസിയാണ്.

എന്നാൽ ഇത്തരം പെണ്ണുകാണൽ റാഗിംങ്ങുകൾ വടകര, നാദാപുരം, തലശ്ശേരി മേഖലയിൽ വ്യാപകമാവുകയാണെന്നും മുളയിലേ നുള്ളിയില്ലെങ്കിൽ ഇത് മറ്റൊരു വിവാഹ റാഗിങ്ങ് പോലെയാവുമെന്നുമാണ്, ജനമൈത്രി പൊലീസും മുന്നറിയിപ്പ് നൽകിയരുന്നു. പക്ഷേ കാര്യമായ നടപടികൾ ഒന്നും ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് കണ്ണൂരിലെ ബോംബേറ് സംഭവം നാടിനെ നടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP