Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമ്പലമുക്കിൽ യുവതിയുടെ കൊലപാതകം: ചോരപുരണ്ട വസ്ത്രം കണ്ടെടുത്തു; കുളത്തിൽ ആയുധമില്ല; പൊലീസിനെ കബളിപ്പിച്ച് പ്രതി രാജേന്ദ്രൻ; തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം; പ്രതിയെ കൈയേറ്റം ചെയ്യാൻ ശ്രമം

അമ്പലമുക്കിൽ യുവതിയുടെ കൊലപാതകം: ചോരപുരണ്ട വസ്ത്രം കണ്ടെടുത്തു; കുളത്തിൽ ആയുധമില്ല; പൊലീസിനെ കബളിപ്പിച്ച് പ്രതി രാജേന്ദ്രൻ; തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം; പ്രതിയെ കൈയേറ്റം ചെയ്യാൻ ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമ്പലമുക്കിലെ അലങ്കാര ചെടി വിൽപനശാലയിലെ ജീവനക്കാരി വിനീത വിജയനെ (38) കൊലപ്പെടുത്തിയ കേസിന്റെ തെളിവെടുപ്പിനിടെ പൊലീസിനെ കബളിപ്പിച്ച് പ്രതി രാജേന്ദ്രൻ. കുളത്തിൽ നടത്തിയ തിരച്ചിലിൽ ആയുധം കണ്ടെത്താനായില്ല. വിനീതയെ കൊലപ്പെടുത്താനുപയോഗിച്ച ആയുധം കുളത്തിൽ ഉപേക്ഷിച്ചെന്നായിരുന്നു രാജേന്ദ്രന്റെ മൊഴി. തിരച്ചിലിൽ കുളത്തിൽനിന്ന് പ്രതിയുടെ വസ്ത്രം കണ്ടെത്തി.

തെളിവെടുപ്പിനിടെ മുട്ടടയിലെ കുളത്തിൽനിന്നാണ് പ്രതി രാജേന്ദ്രന്റെ ഷർട്ട് കണ്ടെടുത്തത്. വിനീതയെ കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട്, ചോരപുരണ്ട വസ്ത്രം കുളത്തിൽ ഉപേക്ഷിച്ചെന്ന് പ്രതി നേരത്തെ മൊഴി നൽകിയിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രതി രാജേന്ദ്രനുമായി പൊലീസ് അമ്പലമുക്കിലും മുട്ടടയിലും തെളിവെടുപ്പ് നടത്തിയത്. അമ്പലമുക്കിൽ കൊലപാതകം നടന്ന കടയിൽ പ്രതിയെ എത്തിച്ചപ്പോൾ നാട്ടുകാരിൽനിന്ന് വലിയ പ്രതിഷേധമുണ്ടായി. നാട്ടുകാർ പ്രതിയെ അസഭ്യംപറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഒടുവിൽ ഏറെ പാടുപെട്ടാണ് നാട്ടുകാരെ പൊലീസ് പിന്തിരിപ്പിച്ചത്. കഴിഞ്ഞദിവസങ്ങളിൽ പ്രതിയുമായി പൊലീസ് സംഘം തമിഴ്‌നാട്ടിൽ തെളിവെടുപ്പ് നടത്തിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് അമ്പലമുക്കിൽ തെളിവെടുപ്പിന് എത്തിച്ചത്.

പ്രതിയെ തെളിവെടുപ്പിന് എത്തിച്ചതറിഞ്ഞ് നിരവധിപേരാണ് അമ്പലമുക്കിലെ കടയ്ക്ക് മുന്നിൽ തടിച്ചുകൂടിയത്. തുടർന്ന് ഇവർ ബഹളംവെയ്ക്കുകയും രാജേന്ദ്രനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. ഏറെ പാടുപെട്ടാണ് പൊലീസ് നാട്ടുകാരെ പിന്തിരിപ്പിച്ചത്. പ്രതിഷേധം തുടർന്നതോടെ പൊലീസ് പ്രതിയുമായി വേഗത്തിൽ മടങ്ങുകയും ചെയ്തു.

പിന്നീട് മുട്ടടയിലെ കുളക്കരയിലായിരുന്നു തെളിവെടുപ്പ്. വിനീതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും സംഭവസമയം ധരിച്ചിരുന്ന വസ്ത്രവും മുട്ടടയിലെ കുളത്തിൽ ഉപേക്ഷിച്ചെന്നാണ് രാജേന്ദ്രന്റെ മൊഴി. തെളിവെടുപ്പ് നടക്കുന്നതറിഞ്ഞ് ഒട്ടേറെപേരാണ് മുട്ടടയിലും എത്തിച്ചേർന്നത്. ഇവിടെ പ്രതിഷേധങ്ങളോ കൈയേറ്റശ്രമമോ ഉണ്ടായില്ല.

കൃത്യം നടത്തിയ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രവും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുക്കുക എന്നതായിരുന്നു പൊലീസിന്റെ പ്രധാന ലക്ഷ്യം. കുളത്തിൽ തിരച്ചിൽ നടത്താനായി മുങ്ങൽ വിദഗ്ധരും എത്തിയിരുന്നു. ഏകദേശം പത്ത് മിനിറ്റിനുള്ളിൽതന്നെ കുളത്തിൽനിന്ന് ചോരപുരണ്ട ഷർട്ട് കണ്ടെടുത്തു. ഇത് തന്റെ ഷർട്ടാണെന്ന് രാജേന്ദ്രൻ തിരിച്ചറിയുകയും ചെയ്തു. എന്നാൽ മുക്കാൽ മണിക്കൂറോളം കുളത്തിൽ തിരച്ചിൽ നടത്തിയിട്ടും കത്തി കണ്ടെത്താനായില്ല. ഒടുവിൽ തെളിവെടുപ്പ് അവസാനിപ്പിച്ച് പൊലീസ് പ്രതിയുമായി മടങ്ങുകയായിരുന്നു.

അതേസമയം, കത്തി ഉപേക്ഷിച്ചത് സംബന്ധിച്ച് രാജേന്ദ്രന്റെ മൊഴിയിൽ ചില വ്യക്തതക്കുറവുണ്ട്. കത്തി ഉപേക്ഷിച്ചത് കുളത്തിലാണെന്ന് പറഞ്ഞ പ്രതി, പിന്നീട് തനിക്ക് കൃത്യമായി ഓർമയില്ലെന്നും പൊലീസിനോട് പറഞ്ഞിരുന്നു. കൃത്യം നടത്തിയശേഷം രക്ഷപ്പെട്ട ഓട്ടോറിക്ഷയിൽനിന്ന് കത്തി വലിച്ചെറിഞ്ഞോ അതോ മുട്ടടയിലെത്തി കുളത്തിൽ ഉപേക്ഷിച്ചോ എന്നത് കൃത്യമായി ഓർക്കുന്നില്ലെന്നായിരുന്നു രാജേന്ദ്രന്റെ മൊഴി. കുളത്തിൽനിന്ന് കത്തി കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രതിയെ വിശദമായി ചോദ്യംചെയ്ത ശേഷം വീണ്ടും തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം.

ഫെബ്രുവരി ആറാം തീയതി ഞായറാഴ്ചയാണ് അമ്പലമുക്ക് കുറവൻകോണം റോഡിലെ ടാബ്സ് ഗ്രീൻടെക് എന്ന സ്ഥാപനത്തിൽ വിനീതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചെടിച്ചട്ടി വിൽക്കുന്ന സ്ഥലത്തു നിൽക്കുമ്പോൾ രാജേന്ദ്രൻ വിനീതയുടെ 4 പവന്റെ മാല പിടിച്ചു പറിക്കാൻ ശ്രമിച്ചു. വിനീത എതിർത്തപ്പോൾ കത്തി കൊണ്ടു കുത്തി വീഴ്‌ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലോക്ഡൗൺ ദിനത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആദ്യമണിക്കൂറുകളിൽ പ്രതിയെക്കുറിച്ച് പൊലീസിന് സൂചനയൊന്നും ലഭിച്ചിരുന്നില്ല.

സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകളിൽനിന്നാണ് രാജേന്ദ്രൻ നടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും പ്രതി രാജേന്ദ്രനാണെന്ന് തിരിച്ചറിയുകയുമായിരുന്നു.

2017 ൽ ആരുവാമൊഴി പൊലീസ് സ്റ്റേഷൻ പരിധിയിൽ റിട്ട. കസ്റ്റംസ് ഓഫിസറെയും ഭാര്യയെയും കവർച്ചയ്ക്കായി കൊലപ്പെടുത്തിയതുൾപ്പെടെ 4 കൊലപാതക കേസുകളിൽ പ്രതിയാണ് രാജേന്ദ്രൻ. കന്യാകുമാരി ജില്ലയിൽ തോവാള വെള്ളമഠം സ്വദേശിയായ രാജേന്ദ്രൻ കഴിഞ്ഞ ഡിസംബർ മുതൽ പേരൂർക്കടയിലെ ഒരു ഹോട്ടലിൽ ജോലി നോക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP