Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൈനീസ് അംബാസിഡറുടെ അഭിമുഖം പിടിഐ എടുത്തത് കേന്ദ്ര സർക്കാരിനെ പ്രകോപിപ്പിച്ചു; വാർത്ത ഏജൻസികൾക്ക് പ്രസാർ ഭാരതിയിൽ നിന്ന് ഫണ്ടൊഴുക്ക് നിന്നപ്പോൾ തളർന്നത് യുഎൻഐയും; കെടുകാര്യസ്ഥതയിൽ മുടങ്ങിയത് മാസങ്ങളുടെ ശമ്പളം; പ്രതിസന്ധി ചർച്ചയാക്കി കുമാറിന്റെ ആത്മഹത്യ

ചൈനീസ് അംബാസിഡറുടെ അഭിമുഖം പിടിഐ എടുത്തത് കേന്ദ്ര സർക്കാരിനെ പ്രകോപിപ്പിച്ചു; വാർത്ത ഏജൻസികൾക്ക് പ്രസാർ ഭാരതിയിൽ നിന്ന് ഫണ്ടൊഴുക്ക് നിന്നപ്പോൾ തളർന്നത് യുഎൻഐയും; കെടുകാര്യസ്ഥതയിൽ മുടങ്ങിയത് മാസങ്ങളുടെ ശമ്പളം; പ്രതിസന്ധി ചർച്ചയാക്കി കുമാറിന്റെ ആത്മഹത്യ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഇന്ത്യയിലെ ഔദ്യോഗികമെന്ന് വിലയിരുത്തപ്പെടുന്ന വാർത്താ ഏജൻസിയാണ് യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ അഥവാ യുഎൻഐ. യുഎൻഐയ്‌ക്കൊപ്പം പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയും ഔദ്യോഗിക വാർത്താ ഏജൻസിയായാണ് വിലയിരുത്തുന്നത്. കേന്ദ്ര സർക്കാർ നാവായി ഏവരും കരുതുന്ന സ്ഥാപനങ്ങൾ. ഇതിൽ യുഎൻഐയിൽ മാസങ്ങളായി ശമ്പളമില്ല. ചെന്നൈയിലെ സീനിയർ മാനേജർ ഓഫീസിൽ തുങ്ങി മരിച്ചതിന് കാരണം സാമ്പത്തിക പരാധീനതകൾ കാരണമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഈ മരണം ചർച്ചയാക്കുന്ന് ഇന്ത്യയിലെ പ്രധാന വാർത്താ ഏജൻസിയുടെ വർത്തമാനകാല അവസ്ഥയാണ്.

പ്രധാനമന്ത്രിക്കൊപ്പം വിദേശ യാത്രകളിൽ ഇന്ന് അനുഗമിക്കുന്നത് പിടിഐയുടേയും യുഎൻഐയുടേയും പ്രതിനിധികളാണ്. അവരിലൂടെയാണ് രാജ്യത്തിന്റെ ശബ്ദം പുറത്തെത്തുന്നത്. അത്തരമൊരു വാർത്താ ഏജൻസിയാണ് സാമ്പത്തിക പ്രശ്‌നങ്ങളിൽ ഉഴലുന്നത്. സഹായിക്കാൻ കേന്ദ്ര സർക്കാരുമില്ല. ഇതിന് പിന്നിൽ ഒരു വാർത്ത പ്രശ്‌നമുണ്ടെന്നതാണ് ഉയരുന്ന ചർച്ച. പ്രസാർഭാരതിയുടെ ഫണ്ട് യുഎൻഐയ്ക്കും പിടിഐയ്ക്കും കിട്ടാറുണ്ട്. എന്നാൽ ചൈനീസ് അംബാസിഡറുടെ അഭിമുഖം പിടിഐ എടുത്തു. അത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായി. ചൈനയുടെ അഭിപ്രായം പിടിഐ ചർച്ചയാക്കിയതോടെ വാർത്താ ഏജൻസികളോട് കേന്ദ്ര സർക്കാരിന്റെ മുഖം കറുത്തു. സഹായം നൽകുന്നത് നിർത്തലാക്കി.

പ്രസാർഭാരതിയുടെ ഫണ്ട് കിട്ടിയില്ലെങ്കിലും പിടിച്ചു നിൽക്കാൻ പിടിഐയ്ക്ക് കഴിയും. വൈവിധ്യവൽക്കരണത്തിലൂടെ അതിനുള്ള കരുത്ത് പിടിഐ നേടിയിട്ടുണ്ട്. എന്നാൽ കെടുകാര്യസ്ഥതയിൽ മുങ്ങിയ യുഎൻഐയ്ക്ക് ഫണ്ടില്ലാതെ വന്നതോടെ പ്രതിസന്ധി രൂക്ഷമായി. ഇതോടെ ശമ്പളവും മുടങ്ങി. ഈ പ്രതിന്ധിയിൽ ജീവനക്കാർ അക്ഷരാർത്ഥത്തിൽ വലഞ്ഞു. ഇതിന്റെ പ്രതിഫലനമാണ് ചെന്നൈ ഓഫീസിലെ ജീവനക്കാരന്റെ ആത്മഹത്യ. ആറു മാസമായി കുമാറിന് ശമ്പളം പൂർണ്ണമായും കിട്ടാത്ത അവസ്ഥയായിരുന്നു. യുഎൻഐയിൽ ഫോട്ടോഗ്രാഫറായി കയറിയ കുമാർ ആത്മഹത്യയിൽ അഭയം തേടുകയും ചെയ്തു.

എല്ലാ രാജ്യങ്ങളും വളരെ പ്രാധാന്യത്തോടെയാണ് ഔദ്യോഗികമെന്ന് വിലയിരുത്തുന്ന വാർത്ത ഏജൻസികളെ കണക്കാക്കാറുള്ളത്. എല്ലാ രാജ്യങ്ങൾക്കും ഇത്തരത്തിൽ ഏജൻസികളുണ്ട്. അങ്ങനെ ഇന്ത്യയുടേത് എന്ന് ലോകം വിലയിരുത്തുന്ന യുഎൻഐയ്ക്കുണ്ടാകുന്ന തളർച്ച യഥാർത്ഥത്തിൽ രാജ്യത്തിന്റെ അഭിമാനത്തിന് കൂടി ഏൽക്കുന്ന നാണക്കേടാണ്. ഇത് മനസ്സിലാക്കിയുള്ള ഇടപെടലുകൾ കേന്ദ്രം നടത്തിയില്ലെങ്കിൽ സമീപഭാവിയിൽ തന്നെ യുഎൻഐ അടച്ചു പൂട്ടേണ്ടി വരും.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ടി കുമാറിന്റെ ആത്മഹത്യ. പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചപ്പോഴും മരിച്ചിരുന്നു. അമ്പത്താറുകാരനായ കുമാർ വർഷങ്ങളായി യു എൻ ഐയ്‌ക്കൊപ്പമായിരുന്നു യാത്ര ചെയ്തത്. യുഎൻഐയെ തമിഴ്‌നാട്ടിൽ നയിച്ച ആദ്യ ഫോട്ടോഗ്രാഫർ കൂടിയാണ് കുമാർ. മുതിർന്ന മാധ്യമ പ്രവർത്തകൻ എന്ന പരിഗണന ഏല്ലാവരും നൽകിയിരുന്നു. 1986ൽ ഫോട്ടോ ജേർണലിസം തുടങ്ങിയ കുമാർ പ്രമോഷനിലൂടെയാണ് തമിഴ്‌നാട്ടിലെ സീനിയർ മാനേജർ എന്ന ചുമതലയിൽ എത്തിയത്. എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കേണ്ട ചുമതല കുമാറിനായിരുന്നു. മറ്റ് ജീവനക്കാരുടെ വേദനയും ആത്മഹത്യയ്ക്ക് കാരണമായെന്നാണ് വിലയിരുത്തൽ.

പിടിഐയുടെ ചൈനീസ് ഇടപെടൽ കാരണമാണ് ഈ പ്രശ്‌നങ്ങളുണ്ടാകുന്നത്. നിലവിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ സഹായത്തോടെ യുഎൻഐക്ക് കരുത്ത് പകരാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങിയിട്ടുമുണ്ട്. ഫണ്ട് തിരിമറി അടക്കം ചിലർ നടത്തിയതാണ് യു എൻ ഐയെ തളർത്തിയതെന്ന് ജീവനക്കാരും പറയുന്നു. ഇതിൽ നിന്ന് രക്ഷനേടാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണം. അല്ലാത്ത പക്ഷം ഇന്ത്യയിലെ ആദ്യ വാർത്താ ഏജൻസിയുടെ കാര്യം കൂടുതൽ അവതാളത്തിലാകും.

പ്രഥമ പ്രസ്സ് കമ്മീഷൻ റിപ്പോർട്ടിൽ രാജ്യത്ത് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യക്കൊപ്പം രണ്ടാമതൊരു വാർത്താ ഏജർസി തുടങ്ങുവാനുള്ള നിർദ്ദേശമുണ്ടായിരുന്നു. അതിന്റെ ഫലമായി 1959-ൽ റെജിസ്റ്റർ ചെയ്യുകയും 1961 മാർച്ച് 21-ന് പ്രവർത്തനം ആരംഭിക്കുകയും ചെയ്ത വാർത്താ ഏജൻസിയാണ് യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ. ഇന്ത്യക്ക് അകത്ത് 325-ഓളം റിപ്പോർട്ടർമാരും, ഇന്ത്യയ്ക്ക് പുറത്ത് പല രാജ്യങ്ങളിലായി 250-ഓളം വാർത്താപ്രതിനിധികളും യൂ.എൻ.ഐ ക്ക് ഉണ്ട്.

ആന്തമാൻ നിക്കോബാർ ദ്വീപുസമൂഹങ്ങളിൽ ആദ്യമായി വാർത്താ പ്രതിനിധിയെ നിയമിച്ചത് യു.എൻ.ഐയാണ്. ലോകത്താകമാനം ആയിരത്തോളം മാധ്യമങ്ങൾ വാർത്തകൾക്കായി യു.എൻ.ഐയെ ആശ്രയിക്കുന്നുണ്ട്. 19-ഓളം അന്താരാഷ്ട്ര വാർത്താ ഏജൻസികളുമായി യു.എൻ.ഐ സഹകരിച്ച് പ്രവർത്തിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകളിൽ യു.എൻ.ഐയുടെ സേവനം ലഭ്യമാണ്. ഹിന്ദി പതിപ്പ് 'യൂണിവാർത്ത' 1982-ലും ഉറുദു പതിപ്പ് 1992-ലുമാണ് ആരഭിച്ചത്.

ആദ്യമായി ഇന്ത്യയിൽ സാമ്പത്തിക വാർത്താ സേവനങ്ങളും, സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ഫോട്ടോ സേവനങ്ങളും ആരംഭിച്ചതും യു.എൻ.ഐ ആണ്. ഇത്തരത്തിലൊരു സ്ഥാപനമാണ് പ്രതിസന്ധിയിലേക്ക് വീഴുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP