Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മിഠായിതെരുവിലെ ചരിത്രം വഴിമാറ്റിയ തയ്യൽക്കാരി! മൂത്രമൊഴിക്കാൻ കഴിയാതെ സ്ത്രീകൾ 11 മണിക്കൂർ ജോലി ചെയ്തിരുന്നതിന് അറുതി വരുത്തി; ഇരിക്കാനുള്ള അവകാശം സമരം ചെയ്ത് നേടി; 2018ൽ ലോകത്തെ എറ്റവും സ്വാധീനമുള്ള നൂറ് വ്യക്തിത്വങ്ങളിൽ ഒരാളെന്ന് ബിബിസി; 'സ്വാതന്ത്യസമരം' സിനിമയിലൂടെ വീണ്ടും ചർച്ചയാവുന്ന വിജി പെൺകൂട്ടിന്റെ കഥ

മിഠായിതെരുവിലെ ചരിത്രം വഴിമാറ്റിയ തയ്യൽക്കാരി! മൂത്രമൊഴിക്കാൻ കഴിയാതെ സ്ത്രീകൾ 11 മണിക്കൂർ ജോലി ചെയ്തിരുന്നതിന് അറുതി വരുത്തി; ഇരിക്കാനുള്ള അവകാശം സമരം ചെയ്ത് നേടി; 2018ൽ ലോകത്തെ എറ്റവും സ്വാധീനമുള്ള നൂറ് വ്യക്തിത്വങ്ങളിൽ ഒരാളെന്ന് ബിബിസി; 'സ്വാതന്ത്യസമരം' സിനിമയിലൂടെ വീണ്ടും ചർച്ചയാവുന്ന വിജി പെൺകൂട്ടിന്റെ കഥ

എം റിജു

'ചരിത്രം വഴിമാറും ചിലർ വരുമ്പോൾ' എന്നത്, പ്രശസ്തമായ ഒരു വസ്ത്രാലയത്തിന്റെ പരസ്യമാണ്. പക്ഷേ ടെക്സ്റ്റെൽ ജീവനക്കാരായ, തുഛവേതനത്തിന് 11 മണിക്കുർ നിന്നനിൽപ്പിൽ ജോലി ചെയ്ത വനിതകളുടെ ചരിത്രം വഴിമാറിയത്, എസ്എസ്എൽസി വിദ്യാഭ്യാസം മാത്രം കിട്ടിയ, തയ്യൽക്കാരിയായ ഈ തൊഴിലാളിയിൽനിന്നാണ്. 2018ൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറുവ്യക്തികളിൽ ഒരാളെയായി ബി.ബി.സി തെരഞ്ഞെടുത്തത് അവരെയാണ്! അതാണ്് പള്ളിത്തൊടി വിജിയെന്ന വിജി പെൺകൂട്ട് എന്ന സാമൂഹിക പ്രവർത്തക.

ടെക്സ്റ്റെൽസിലെയും ഷോപ്പിലെയും അസംഘടിത തൊഴിലാളികൾക്ക്, ഇടക്ക് ഒന്ന് ഇരിക്കാനുള്ള അവസ്ഥയുണ്ടാക്കിക്കൊടുത്തത് ഇവരുടെ ഇടപെടലാണ്. ഷോപ്പുകളിൽ ടോയ്ലറ്റുകൾ ഇല്ലാത്തിനാൽ, രാവിലെ മുതൽ മൂത്രം പിടിച്ച് നിൽക്കേണ്ടിവരുന്ന സ്ത്രീകളുടെ അവസ്ഥ മാറ്റിയെടുത്തതും, തോന്നിയപോലുള്ള പിരിച്ചുവിടലുകൾ അവസാനിപ്പിച്ചതും വിജിയുടെ സംഘടനയുടെ നേട്ടങ്ങളാണ്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ട്രേഡ് യൂണിയനുകളും കൈയൊഴിഞ്ഞതോടെ, അസംഘടിതതൊഴിലാളികളുടെയും, അശരണായ സ്ത്രീകളുടെയും പ്രശ്നങ്ങൾ പരിഹരിക്കാനായി അവർ തുടങ്ങിയ പെൺകൂട്ട് എന്ന വനിതാപ്രസ്ഥാനത്തിന്റെ പേര് വിജിയുടെ സർനെയിം ആയി മാറി. അങ്ങനെ വിജി പള്ളിത്തൊടിയെന്ന തയ്യൽക്കാരി, ഇന്ന് അമ്പത്തിനാല് വയസ്സുള്ള വിജി പെൺകൂട്ട് എന്ന അനുഭവ സമ്പന്നയായ സാമൂഹിക പ്രവർത്തകയായി മാറിയിരിക്കുന്നു.

ഇപ്പോഴിതാ വിജിയും കോഴിക്കോട് മിഠായിത്തെരുവിലെ ചരിത്രംകുറിച്ച മൂത്രപ്പുര സമരവുമൊക്കെ വീണ്ടും ഓർമ്മകളിൽ നിറയുകയാണ്. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ സംവിധായകൻ ജിയോബേബിയുടെ നേതൃത്വത്തിൽ ഇറങ്ങിയ, അഞ്ച് കൊച്ചു ചലച്ചിത്രങ്ങൾ അടങ്ങിയ 'സ്വാതന്ത്യസമരം' എന്ന സിനിമയിലെ 'അസംഘടിതർ' എന്ന ചിത്രം പറയുന്നത് കോഴിക്കോട്ടെ ഈ ഐതിഹാസികമായ സമരത്തിന്റെ കഥയാണ്. അതിൽ തന്റെ കഥാപാത്രത്തെ അതേപടി അഭ്രപാളികളിൽ എത്തിച്ചിരിക്കുന്നതും വിജി തന്നെയാണ്. സോണി ലിവിൽ ഒ.ടി.ടി റിലീസ് ആയ ചിത്രം, നവമാധ്യമങ്ങളിലും തരംഗമാവുകയാണ്.

ചിത്രത്തിന്റെ സംവിധായിക കുഞ്ഞില മാസിലാമണി നിർബന്ധിച്ചതിന്റെ ഫലമാണ് അഭിനയിച്ചതെന്നും അല്ലാതെ തനിക്ക് സിനിമയുടെ സാങ്കേതികകാര്യങ്ങൾ ഒന്നും അറിയില്ലെന്നും വിജി പറയുന്നു. മിഠായിത്തെരുവ് സമരങ്ങളിൽ വിജിക്കൊപ്പം ഉണ്ടായിരുന്ന, ആക്റ്റീവിസ്റ്റുകൂടിയാണ് സംവിധായിക കുഞ്ഞില. സിനിമയിൽ കാണുന്നതിനേക്കാൾ സംഘർഷഭരിതവമാണ് വിജിയുടെ യഥാർഥ ജീവിതം. ഒരു സ്ത്രീയെന്ന നിലയിൽ പോരാടി നേടിയെടുത്താണ് അവർ ഈ നേട്ടങ്ങളെല്ലാം.

മദ്യപനായ പിതാവ്, ദാരിദ്രം നിറഞ്ഞ ബാല്യം

പൊതുവെ നന്മയുടെ നഗരം എന്നാണ് കോഴിക്കോടിനെക്കുറിച്ച് പറയുക. ഇവിടുത്തെ കച്ചവടക്കാർ തൊട്ട് ഓട്ടോത്തൊഴിലാളികൾ വരെയുള്ളവരെ നന്മ മരങ്ങളായാണ് മാധ്യമങ്ങളും സിനിമാക്കാരുമൊക്കെ കാണിക്കാറുള്ളത്. പക്ഷേ ഈ നന്മയുടെ നഗരത്തിൽ മറഞ്ഞുകിടന്ന ലിംഗവിവേചനവും, അനീതികളുമൊക്കെ പുറത്തുകൊണ്ടുവന്നത് വിജി പെൺകുട്ടിന്റെ നേതൃത്വത്തിൽ ആയിരുന്നു. കോഴിക്കോട് കോർട്ട് റോഡിലുള്ള ഐശ്വര്യ സ്റ്റിച്ച് വർക്ക്‌സ് എന്ന വിജിയുടെ ചെറിയ കടമുറിയിലേക്ക് ഒരിക്കലെങ്കിലും കടന്നുവന്നിട്ടില്ലാത്ത സ്ത്രീതൊഴിലാളികൾ മിഠായിത്തെരുവിൽ അപൂവമാവും. വിജി പെൺകൂട്ടിന്റെ തയ്യൽക്കടയാണത്. പിന്നീട് അസംഘടിത മേഖലാ തൊഴിലാളി യൂണിയന്റേയും ഓഫീസുമുറി കൂടിയായി മാറിയ അതേ തയ്യൽക്കട.

അത്രയൊന്നു പകിട്ടുള്ളതായിരുന്നില്ല തന്റെ ബാല്യമെന്ന് വിജി ഓർക്കുന്നുണ്ട്. ''എന്റെ അച്ഛനും അമ്മയും തൊഴിലാളിയായിരുന്നു. പക്ഷെ അമ്മയ്ക്ക് ജോലി കഴിഞ്ഞ് വന്നാലും വിശ്രമമോ ഒരു മനുഷ്യനാണെന്ന പരിഗണനപോലും അച്ഛനിൽ നിന്നും ലഭിച്ചിരുന്നില്ല. അച്ഛൻ പോലും അമ്മയെ അംഗീകരിക്കാത്ത അവസ്ഥ. അച്ഛൻ മദ്യപിച്ച് വരുമ്പോഴൊക്കെ അതിന്റെ ഫലം അനുഭവിക്കേണ്ടി വന്നത് അമ്മയായിരുന്നു. മർദനവും ചീത്തവിളിയുമൊക്കെ സ്ഥിരം ഏർപ്പാട് തന്നെ. മനസ്സമാധാനത്തോടെ ചിരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. അന്നൊന്നും സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനൊ പറയാനൊ ആരുമുണ്ടായിരുന്നില്ല. ഒരു പക്ഷെ ആ അനുഭവങ്ങളിൽ നിന്നൊക്കെയാവാം അനീതികൾക്കെതിരേ പോരാടാനുള്ള ഒരു മനസ്സ് രൂപപ്പെട്ട് വന്നത്.'' മാതൃഭൂമി ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിൽ വിജി പറയുന്നു.

പത്താം ക്ലാസ് കഴിഞ്ഞ് തുന്നൽ പഠിക്കാൻ പോകുന്ന കാലത്ത്, തൊണ്ണൂറുകളിലാണ് ബോധന എന്ന വനിതാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങുന്നത്. തുന്നൽ പഠിക്കാൻ പോയിടത്തു നിന്നും അല്ലറ ചില്ലറ ഹാൻഡിക്രാഫ്റ്റ്‌സ് ഒക്കെ പഠിച്ചു വച്ചിട്ടുണ്ട്. അതൊക്കെ സ്ത്രീകൾക്കു പരിശീലിപ്പിക്കാൻ എന്നെ വിടാമോയെന്ന് ഒരു വനിതാ സഖാവാണ് അച്ഛനോട് വന്നു ചോദിക്കുന്നത്. അച്ഛൻ എന്നെ വിളിച്ച് പറഞ്ഞതിങ്ങനെയാണ്: 'നക്‌സലൈറ്റ് അജിതയാണ് വിളിക്കുന്നത്. ജന്മികളുടെ കഴുത്തരിഞ്ഞയാളാണ്'. എന്നാൽ അവരെയൊന്ന് കാണണമല്ലോ എന്ന് ഞാനും കരുതി. അച്ഛൻ അമ്മയെ അടിക്കുന്നതൊക്കെ അവരോട് പറയാമല്ലോ എന്ന് ഞാൻ അപ്പോൾത്തന്നെ തിരിച്ചു പറയുകയും ചെയ്തു.'

'നക്‌സൽ' അജിതയെക്കുറിച്ചുള്ള കഥകൾ കേട്ട് ബോധനയ്‌ക്കൊപ്പം പരിശീലപരിപാടികൾക്കു പോയ വിജി പിന്നീട് അവർക്കൊപ്പം തന്നെ പ്രവർത്തനം തുടർന്നു. അക്കാലത്ത് വിജിയുടെ കൂടെ പ്രയത്‌നത്തിൽ സ്ത്രീകൾക്കായി ഒരു കോപ്പറേറ്റീവ് സൊസൈറ്റിയും സ്ഥാപിക്കപ്പെട്ടിരുന്നു. സ്ത്രീകൾ അധികം പുറത്തു പോലും പോകാത്ത, ജോലിക്കു ശ്രമിക്കുക കൂടി ചെയ്യാത്ത അക്കാലത്ത് സ്ത്രീ അവകാശപ്രവർത്തകർക്കൊപ്പമുള്ള യാത്രകളും ചർച്ചകളും തന്നെ പല തരത്തിൽ സ്വാധീനിച്ചിരുന്നിരിക്കണമെന്ന് വിജി ഓർക്കുന്നുണ്ട്. പതിനാറാമത്തെ വയസ്സിൽ വിജി ഒരു തയ്യൽക്കാരന്റെ കടയിൽ ആദ്യത്തെ ജോലി ആരംഭിച്ചു.

മാറ്റിമറിച്ചത് അജിതയുമായുള്ള സഹവാസം

ഇന്ന് കാണുന്ന രീതിയിൽ തന്നെ മോൾഡ് ചെയ്തത് മുൻ നക്സൽ നേതാവും സാമൂഹിക പ്രവർത്തകയുമായ അജിതയാണെന്ന് വിജി അഴിമുഖം ന്യൂസ് പോർട്ടലിന്് അനുവദിച്ച അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു.'' അന്വേഷിയിലല്ല, അതിനും മുന്നേ ബോധനയിൽ ഞങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചു. അക്കാലത്തെ സമരങ്ങൾ ഗാർഹിക പീഡനങ്ങൾക്കെതിരെയെല്ലാമായിരുന്നു. ഞങ്ങളുടെ പ്രദേശത്ത് വലിയ മാറ്റങ്ങളുണ്ടാക്കാൻ അജിതേച്ചിക്കും കൂട്ടർക്കും സാധിച്ചിട്ടുണ്ടായിരുന്നു. തൊഴിലാളികളായിരുന്നിട്ടും സ്ത്രീകൾ വീടുകളിൽ നിരന്തരമായി ആക്രമിക്കപ്പെട്ടു. അതിലേക്കാണ് അജിയേച്ചിയെല്ലാം ഇടപെടുന്നത്. ആ ഇടപെടൽ അന്ന് വലിയ ഞെട്ടലുമായി. പഴയ നക്‌സലൈറ്റ് പ്രവർത്തനത്തിന്റെ വേറൊരു നിറമായിരുന്നു അത്. നക്‌സലൈറ്റ് പ്രവർത്തനത്തിന്റെ അതേ തീവ്രതയുള്ള ഇടപെടൽ തന്നെ അജിതേച്ചിക്ക് അന്ന് സ്ത്രീകളുടെയിടയിൽ നടത്തേണ്ടിയിരുന്നു.

കുണ്ടൂപ്പറമ്പിലെ ഒരു വികലാംഗയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസൊക്കെ എനിക്കിപ്പോഴും ഓർമയുണ്ട്. അജിതേച്ചി, വി.പി സുഹ്‌റ, ഗംഗ എന്നിവരാണ് അന്ന് ബോധനയിലുള്ളത്. ഇവരോടൊപ്പം ഞാനും കാണും. എന്റെ നാട്ടിലെ സ്ത്രീ പ്രശ്‌നങ്ങളിൽ ഇടപെടാൻ ഇവരേ ഉള്ളൂ എന്നത് എന്നെ ഇവരോടെല്ലാം കൂടുതൽ അടുപ്പിച്ചിരുന്നു. ഇവർ ഇടപെട്ടു തുടങ്ങിയതിൽപ്പിന്നെ സ്ത്രീകളെ കൈവയ്ക്കാൻ അവിടുത്തെ പുരുഷന്മാർ രണ്ടാമതൊന്ന് ആലോചിക്കും. പക്ഷേ, ബോധനയ്‌ക്കെതിരെ അതിതീവ്രമായ നീക്കങ്ങൾ ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നും അന്നുണ്ടായിട്ടുണ്ട്. വർഗ്ഗരാഷ്ട്രീയം പോലുമല്ല ഇവരുടേത്. അവരുടെ വർഗ്ഗരാഷ്ട്രീയം ആത്മാർത്ഥമാണെങ്കിൽ, എന്റെ അമ്മയും അമ്മമ്മയും അമ്മായിയും മറ്റനേകം സമാനരായ സ്ത്രീകളും തൊഴിലാളികളല്ലേ? അവർ ഇവരുടെ നിർവചനങ്ങളിൽ നിന്നും പുറത്തായതെങ്ങനെയാണ്? പുരുഷാധിപത്യ വർഗ്ഗരാഷ്ട്രീയമാണ് അവരുടേത്. കർഷകപ്രസ്ഥാനത്തിലൂടെയാണ് ഇടതുപക്ഷം രൂപം കൊള്ളുന്നത്. അന്നേ 'കർഷകസ്ത്രീ' ഇല്ലേ?'' -വിജി ചൂണ്ടിക്കാട്ടുന്നു.

''അജിതയേച്ചിയുടെ പ്രവർത്തനങ്ങൾ പ്രാദേശിക തലത്തിലാണ്. പ്രശ്‌നമുണ്ടായിടത്ത് പൊതുവേദി വച്ച് ഇരുഭാഗവും കേട്ടുകൊണ്ടാണ് ചർച്ച. അവിടെ അവർക്കു കോംപ്രമൈസില്ല. പൊതുവേദിയുടെ ഗുണം വേറെയാണ്, നാളെ താനിതു ചെയ്താലും ഇതേ നടപടി നേരിടേണ്ടി വരുമെന്ന് ഓരോ നാട്ടുകാരനും മനസ്സിലാക്കും. കുണ്ടൂപ്പറമ്പിലെ പ്രശ്‌നം മാത്രമല്ല, വേറെയുമുണ്ട് എന്റെ ഓർമയിൽ. പ്രസവിച്ച പാടെ കുട്ടിയെ അച്ഛൻ എടുത്തുകൊണ്ടു പോയ സംഭവമൊക്കെയുണ്ട്. ഇതിലൊക്കെ അജിതയേച്ചി ഇടപെടുന്നത് കൂടെ നിന്ന് കണ്ടിട്ടുണ്ട്. സ്ത്രീയുടെ കൂടെയാണ് നിലപാട്, അതിലൊരു കോംപ്രമൈസുമില്ല.''- വിജി പറയുന്നു.

കോഴിക്കോട് 'കോഴിക്കോട് ദേവഗിരി കോളജിൽ നടന്ന നാഷണൽ വിമൻസ് കോൺഫറൻസും തന്റെ ചിന്താധാരയെ മാറ്റിയെടുത്തതായി വിജിപറയുന്നു. ഈ സമ്മേളനം കോഴിക്കോട്ട് ഉണ്ടാക്കിയ ചലനം അത്ര വലുതായിരുന്നു. ഇങ്ങോട്ടു തിരിയരുത്, അങ്ങോട്ടു പോകരുത്, പെണ്ണാണ്, ചോറിനും പേറിനും മാത്രമുള്ളതാണ് എന്നൊക്കെയാണല്ലോ ഇവിടുത്തെ വെപ്പുകൾ. അതിനിടയിൽ ജീവിച്ചു വന്ന ഞാൻ സമ്മേളനത്തിനു പോയപ്പോൾ അവിടെ സ്ത്രീകൾ സിഗരറ്റ് വലിക്കുന്നു, നഗ്നരായി കുളിക്കുന്നു, നൃത്തം ചെയ്യുന്നു, ഉറക്കെ കൂക്കിവിളിക്കുന്നു. ആ ഊർജം ശരിക്കും പ്രചോദനമായി.

വിവാഹം കഴിച്ചത് കടം വീട്ടാമെല്ലോ എന്നോർത്ത്

'സി.എച്ച് ഫ്‌ളൈഓവറിനു താഴെ ഒരു തയ്യൽക്കടയുണ്ടായിരുന്നു. അവിടെ ജോലി ചെയ്യുകയായിരുന്നു കുറച്ചു കാലം. പതിയെ അതു നഷ്ടത്തിലാവുകയും ഞങ്ങൾക്ക് അത് അവസാനിപ്പിക്കേണ്ടിവരികയും ചെയ്തു. അന്നും പ്രശ്‌നമിതുതന്നെയാണ്. സ്ത്രീകളായതുകൊണ്ട് തുച്ഛമായ കൂലി മാത്രമാണ് കിട്ടുന്നത്. ജോലിഭാരം ആവശ്യത്തിലധികമുണ്ടാവുകയും ചെയ്യും. ആ സമയത്താണ് കല്യാണം കഴിച്ചത്. അതും പ്രണയിച്ചൊന്നുമല്ല, കടം വീട്ടാമല്ലോ എന്നോർത്താണ്. സുരേഷും തയ്യൽക്കാരനായിരുന്നു. ഞങ്ങൾ രണ്ടു പേരും രാവും പകലും ഇരുന്ന് ജോലി ചെയ്താണ് കടം മെല്ലെ വീട്ടാൻ തുടങ്ങിയത്. അക്കാലത്ത് കുടുംബശ്രീ വന്നു, അതിലും ഞാൻ ചേർന്നു. അവിടുന്ന് ലോണൊക്കെ എടുത്ത് പലിശക്കാരെ ഒരുവിധം ഒഴിവാക്കി. എന്നിട്ടും പ്രശ്‌നങ്ങൾ പറയാനെത്തുന്ന മിഠായിത്തെരുവിലെ തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടായില്ല. പലപ്പോഴും അജിതേച്ചിയുടെ അടുത്തു വിടാതെ ഞാൻ തന്നെ ഇടപെടും.

സ്ത്രീതൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ ശക്തമായി ഇടപെട്ടു തുടങ്ങുന്നതും അക്കാലത്താണ്. സംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും അനുവദിച്ചുകൊണ്ടുള്ള ബില്ല് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ആ സമയത്ത് പാസ്സാക്കിയിരുന്നു. 2005ലാണത്. ഞാനും അഡ്വ. ടി.കെ ആനന്ദിയും ചേർന്ന് അത് നടപ്പിലാക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുകയും, വർക്കിങ് വുമൺസ് ഡെവലപ്‌മെന്റ് സൊസൈറ്റി എന്ന പേരിൽ ഒരു സംഘടനയ്ക്ക് രൂപം കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ മീറ്റിംഗുകളൊക്കെ വിളിച്ച് ബില്ല് പരിശോധിച്ചപ്പോഴാണ്, ഇവർ തൊഴിലാളികളായിരിക്കണം എന്ന നിബന്ധന ശ്രദ്ധിച്ചത്. തൊഴിലാളികളായി രജിസ്റ്റർ ചെയ്യാത്തവർ ഈ ആനുകൂല്യങ്ങൾക്ക് അർഹരല്ലായിരുന്നു.

പല തടസ്സങ്ങളായിരുന്നു അന്നുണ്ടായിരുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികൾ രജിസ്റ്റർ ചെയ്യാത്തവരായ സ്ഥിതിക്ക് ഇവരെ യൂണിയനുകൾ തൊഴിലാളികളായി തിരിച്ചറിഞ്ഞാൽ മതിയാകുമോ എന്നതായിരുന്നു ആദ്യ വിഷയം. ഞങ്ങളുടെ യൂണിയൻ രജിസ്റ്റർ ചെയ്ത ശേഷം ഞാനിത് ലേബർ ഓഫീസറോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിതാണ്: 'ഏയ് അതു പറ്റില്ല, അതിലൊരുപാട് സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. മിഠായിത്തെരുവിലെ മിക്ക കടകളും രജിസ്റ്റർ ചെയ്യാത്തതും മറ്റാരുടെയൊക്കെയോ പേരിലുള്ളതുമാണ്. നമ്മൾ അവർക്കൊരു കത്തു കൊടുത്താൽ കട അവരുടേതാണെന്നതിന് അവർക്കൊരു തെളിവായില്ലേ'? 'നിങ്ങൾ സത്യത്തിൽ ലേബർ ഓഫീസർ തന്നെയാണോ എന്നാണ് ഞാൻ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചത്. ഇതേ ചോദ്യം ഈയടുത്ത് വീണ്ടും ചോദിച്ചപ്പോൾ, ഇന്നത്തെ ലേബർ ഓഫീസറും ഇതേ മറുപടി തന്നെയാണ് പറഞ്ഞത് എന്നതാണ് തമാശ.

2005 മുതൽ മിഠായിത്തെരുവിലെ കടകളിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകളും സജീവമായി ജോലിക്കു കയറിത്തുടങ്ങി. അപ്പോഴാണ് അടുത്ത വിഷയം വരുന്നത്. ഈ സ്ത്രീത്തൊഴിലാളികൾക്ക് ഒന്നു മൂത്രമൊഴിക്കാൻ വഴിയില്ല. ഞങ്ങളൊക്കെ ഈ കെട്ടിടത്തിനു പുറകിലുള്ള മതിലിനോടു ചേർന്ന് തുറന്ന സ്ഥലത്താണ് മൂത്രമൊഴിച്ചിരുന്നത്. എല്ലാവരും ഒരുമിച്ച്. ഈ പ്രശ്‌നം രൂക്ഷമായതോടെയാണ് മൂത്രപ്പുരയ്ക്കു വേണ്ടി 2010ൽ പെൺകൂട്ട് എന്ന സംഘടന രൂപം കൊടുത്ത് സമരം ചെയ്യാൻ തുടങ്ങുന്നത്. വർക്കിങ് വിമൻസ് ഡെവലപ്‌മെന്റ് സൊസൈറ്റി അപ്പോഴേക്കും പിരിച്ചുവിട്ടിരുന്നു. സിഐടിയു ഉണ്ടായിട്ടും ഇക്കാര്യത്തിലൊന്നും ആരും ഇടപെട്ടിരുന്നില്ല.''- വിജി പറയുന്നു.

മൂത്രമൊഴിക്കാൻ കഴിയാതെ 11 മണിക്കൂർ

രാവിലെ ഒമ്പത് മണിക്ക് ജോലിക്ക് വന്ന് രാത്രി ഏഴരയ്ക്ക് ജോലി കഴിഞ്ഞ് കിട്ടുന്ന ബസ്സിന് കയറി വീട്ടിലെത്തിയ ശേഷമായിരുന്നു മൂത്രമൊഴിച്ചിരുന്നത് പോലും. പലപ്പോഴും ആർത്തവ സമയത്ത് പോലും അങ്ങനെ തന്നെയായിരുന്നു. അധികാരികളെ അടക്കം നിരവധി തവണ ഇക്കാര്യം അറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് തിരിച്ചറിഞ്ഞ് കൊണ്ടാണ് അന്ന് പെൺകൂട്ട് എന്ന സംഘടനയുണ്ടായത്.

പതിയെപ്പതിയെ മിഠായിത്തെരുവിലെ തൊഴിലാളികളുടെ ഏക അത്താണി എന്ന നിലയിലേക്ക് പെൺകൂട്ട് ഉയർന്നു വന്നു. ''പുരുഷന്മാർക്കു കൂടി അംഗത്വം വേണമെന്ന ആവശ്യത്തെത്തുടർന്നാണ് യൂണിയനൊക്കെ രൂപീകരിക്കുന്നത്. ധാരാളം തൊഴിലാളിപ്രശ്‌നങ്ങൾ ഏറ്റെടുത്തു, അനവധി സമരങ്ങൾ ചെയ്തു. വളരെ എളുപ്പത്തിലാണ് മിഠായിത്തെരുവിലെ തൊഴിലാളികളെ കടയുടമകൾ പുറത്താക്കുക. നോട്ടീസ് കൊടുപ്പും സമയമനുവദിക്കലുമൊന്നുമില്ല. നാളെത്തൊട്ട് വരണ്ടാ എന്നു തീർത്തു പറഞ്ഞു കളയും. നിരന്തര സമരങ്ങളിലായിരുന്നു ആരംഭം മുതൽ.''- വിജി ഓർക്കുന്നു.

മൂത്രപ്പുര സമരത്തോടെയാണ് പെൺകൂട്ട് വരവറിയിക്കുന്നത്. ഈ സമരം വിജയമായതോടെ, പെൺകൂട്ട് എന്ന സംഘടനയുടെ ഉത്തരവാദിത്തങ്ങളും വർദ്ധിച്ചു വന്നു. ഐശ്വര്യ സ്റ്റിച്ച് ഹൗസിന്റെ കെട്ടിടത്തിൽ ശുചീകരണത്തൊഴിലാളിയായി ജോലി നോക്കിയിരുന്ന സൂസന്നയെ പിരിച്ചുവിട്ടതിനെതിരെയും പെൺകൂട്ട് നിലപാടെടുത്തിരുന്നു. മിഠായിത്തെരുവിലെ കടകളിൽ മിക്കതിലും തൊഴിലാളികളെ പിരിച്ചുവിടുന്നതിന് കൃത്യമായ രീതികളൊന്നുമില്ലായിരുന്നു. നാളെത്തൊട്ട് വരേണ്ട എന്ന് പെട്ടന്നൊരുദിവസം തൊഴിലുടമ ആവശ്യപ്പെട്ടാൽ, മിണ്ടാതെ അതനുസരിക്കുന്ന രീതി അല്പമെങ്കിലും മാറ്റിയെടുത്തതിൽ പെൺകൂട്ടിന്റെ പങ്ക് ചെറുതല്ല.

പെൺകൂട്ടിൽ നിന്നും അസംഘടിത മേഖലാ തൊഴിലാളി യൂണിയൻ അഥവാ എ.എം ടി.യു കേരളയായി കൂട്ടായ്മ വളർന്നപ്പോഴും, സമരങ്ങളിലെ വിട്ടുവീഴ്ചയില്ലായ്മയ്ക്ക് ആക്കം കൂടുകയല്ലാതെ ഒട്ടും കുറഞ്ഞതേയില്ല. മിഠായിത്തെരുവിലെത്തന്നെ ഒയിസ്‌ക കോംപ്ലക്‌സിലുള്ള അനക്‌സ് കെട്ടിടത്തിലെ തൊഴിൽ പ്രശ്‌നമായിരുന്നു യൂണിയന്റെ മറ്റൊരു വിജയം.

മാലിന്യം തിരിച്ചുവിതറി പ്രതിഷേധം

ആയിരം രൂപയാണ് അനക്‌സ് കെട്ടിടത്തിലെ 33 കടകൾ അടിച്ചുവാരുന്ന ശുചീകരണത്തൊഴിലാളിക്കു ലഭിക്കുക. കടകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യത്തിന്റെ ഉത്തരവാദിത്തവും ശുചീകരണത്തൊഴിലാളികൾക്കാണെന്നാണ് വയ്‌പ്പ്. മാലിന്യം ശേഖരിക്കാനെത്തുന്ന കോർപ്പറേഷൻ തൊഴിലാളികൾക്ക് ഈ ആയിരം രൂപയിൽ നിന്നും മാസം ഇരുന്നൂറു രൂപ ഇവർ തന്നെ കൊടുക്കുകയാണ് പതിവ്. ഒരു ദിവസം രാവിലെ പതിവുപോലെ മിഠായിത്തെരുവിലൂടെ നടക്കുന്നതിനിടയിലാണ് ഈ വിഷയം വിജിയുടെ ശ്രദ്ധയിൽപ്പെടുന്നത്.

ശുചീകരണത്തൊഴിലാളികളുടെ തുച്ഛമായ വരുമാനത്തിൽ നിന്നും പങ്കു പറ്റരുതെന്ന് കോർപ്പറേഷൻ തൊഴിലാളികളോട് ആവശ്യപ്പെട്ടെങ്കിലും, അതു വകവയ്ക്കാതെ അടുത്ത മാസവും അവർ ഗിരിജയുടെ കൈയിൽ നിന്നും പണം വാങ്ങുക തന്നെ ചെയ്തു. അത്രയുമായപ്പോൾ സുഹൃത്തായ തേജസ്സിലെ ഫോട്ടോഗ്രാഫർക്കൊപ്പം സ്ഥലത്തെത്തി വിജി അവർ പണം കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി. ഇത് കോർപ്പറേഷൻ തൊഴിലാളികൾ ചോദ്യം ചെയ്തപ്പോൾ, ലോകമറിയട്ടെ എന്നു മറുപടിയും പറഞ്ഞു. വിവരം കെട്ടിടമുടമ അറിയുകയും, ഗിരിജയ്ക്ക് ജോലി നഷ്ടമാകുകയും ചെയ്തു.

'പതിവു പോലെ കടയെല്ലാം അടിച്ചുവാരി വൃത്തിയാക്കി, ചവറെല്ലാം ചാക്കിൽ നിറച്ചുവച്ച ശേഷമാണ് ഗിരിജേച്ചിയോട് അവർ പിറ്റേന്നു മുതൽ വരേണ്ടെന്നു പറയുന്നത്. ഗിരിജേച്ചി അവിടുന്നു പോരുന്നതിനു മുന്നെ ആ ചാക്കിലെ ചവറൊക്കെ തിരികെ അവിടെ വിതറിയിട്ടാണ് പോന്നത്. 'ഞാനിങ്ങനെ ചെയ്തിട്ടുണ്ട്, തെറ്റാണോ ശരിയാണോ എന്നൊന്നുമറിയില്ല' എന്നാണ് അവർ ഇവിടെ വന്നിട്ടു പറഞ്ഞത്. ചെയ്തതു ശരിയായി എന്നു തന്നെ ഞാൻ പറഞ്ഞു. അതൊരു സമരമാണ്. വിവരമന്വേഷിക്കാൻ ഞാൻ ചെന്നപ്പോൾ അവിടെയെല്ലാവരും വട്ടമിട്ടു നിന്ന് ഗിരിജേച്ചിയുടെ കാലു തല്ലിയൊടിക്കുമെന്ന ആക്രോശമാണ്. ഒരു ചുക്കും ചെയ്യില്ലെന്ന് ഞാനും പറഞ്ഞു. ഒരു ദിവസം കടപൂട്ടിപ്പോയിട്ട് അടുത്ത ദിവസം തുറക്കാൻ തിരിച്ചു വരുമ്പോൾ കെട്ടിടമുടമ സാധനങ്ങളെടുത്തു പുറത്തിട്ടതു കണ്ടാൽ ഇവർ മിണ്ടാതെ നോക്കി നിൽക്കുമോ? ഗിരിജേച്ചിയെ തിരിച്ചെടുക്കില്ല എന്ന വാശിയിലായിരുന്നു അവർ. സമരം ചെയ്ത് അവരെ തിരിച്ചെടുപ്പിക്കുക തന്നെ ചെയ്തു.'

മിഠായിത്തെരുവിലെ തൊഴിലാളികൾക്കും കടയുടമകൾക്കുമിടയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച സമരം കൂടിയായിരുന്നു അത്. പ്രശ്‌നങ്ങൾ പറയാൻ തങ്ങൾക്കൊരു വേദിയുണ്ടെന്ന് തൊഴിലാളികളും, തൊഴിലാളിപ്രശ്‌നത്തിൽ ഇടപെടാൻ പെൺകൂട്ട് എന്നൊരു സംഘടന ശക്തമായിത്തന്നെ രംഗത്തുണ്ടെന്ന് മുതലാളിമാരും തിരിച്ചറിഞ്ഞു. പെൺകൂട്ടിന് പതിയെ ഒരു മേൽവിലാസമുണ്ടായിവരികയായിരുന്നു.

നടനെ നോക്കിയതിന്റെ പേരിൽ പിരിച്ചുവിടൽ

അതിനു ശേഷമാണ് ജയശ്രീ ടെക്സ്റ്റയിൽസുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമുണ്ടാകുന്നത്. കട പൂട്ടിയതിനെത്തുടർന്ന്, കാലങ്ങളായി ജോലി ചെയ്യുന്ന തൊഴിലാളികളെ പണം കൊടുത്ത് പറഞ്ഞയച്ചപ്പോഴും, ശുചീകരണത്തൊഴിലാളിയായിരുന്ന പ്രേമയ്ക്ക് തുച്ഛമായൊരു തുക പോലും നൽകിയിരുന്നില്ല. സംഘടന ഇടപെട്ട് അതിൽ നഷ്ടപരിഹാരം വാങ്ങിക്കൊടുത്തു.
കോഴിക്കോട്ട് പ്രമുഖ വസ്ത്ര വ്യാപാര കേന്ദ്രമായി വളർന്നു വരുന്ന സംഗീത് എന്ന സ്ഥാപത്തിലെ റിസപ്ഷനിൽ ജോലി നോക്കിയിരുന്ന പെൺകുട്ടിയെ അന്യായമായി പിരിച്ചുവിട്ടതിനെത്തുടർന്നായിരുന്നു അടുത്ത പ്രശ്‌നം. ഇതിൽ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ അവൾക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാനായി.

2014ൽ കൂപ്പൺമാളിലെ സമരവും വലിയ വാർത്തയായി. സമരങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് കോഴിക്കോട്ടെ സാധാരണക്കാരായ വീട്ടമ്മമാരെ വരെ ബോധ്യപ്പെടുത്തുകയും ചെയ്ത ഒരു ഇടപെടലായിരുന്നു അരയിടത്തു പാലം കൂപ്പൺമാളിലെ പെൺകൂട്ട് സമരം. മാളിലെ 30 സ്ത്രീ തൊഴിലാളികളെ കാരണമില്ലാതെ പറഞ്ഞുവിട്ടതിനെത്തുടർന്ന് മാനേജരെ ഘരാവോ ചെയ്തുള്ള സമരത്തിൽ, സ്ത്രീകൾ കൂട്ടമായി പങ്കെടുത്തു. പകൽ മുഴുവൻ സമരം ചെയ്തും, ഇടയ്ക്ക് വീട്ടിൽപ്പോയി ഭക്ഷണമുണ്ടാക്കി തിരികെ വന്ന് വീണ്ടും സമരം ചെയ്തും, പ്രതിഷേധിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെത്തന്നെ തിരിച്ചു പിടിക്കുകയായിരുന്നു വിജിയും കൂട്ടുകാരും.

ജയലക്ഷ്മി ടെക്‌സ്റ്റൈൽസിൽ ഒരു നടൻ വന്നപ്പോൾ അയാളെ നോക്കി എന്നു പറഞ്ഞാണ് ഒരു തൊഴിലാളിക്കെതിരെ നടപടിയെടുക്കുന്നത്. ജോലി വേണ്ട, നഷ്ടപരിഹാരം മതി എന്നു പറഞ്ഞ തൊഴിലാളിക്ക് ഒന്നരലക്ഷം രൂപയാണ് പെൺകൂട്ട് നേടിക്കൊടുത്തത്. കമ്മ്യൂണിറ്റി വർക്കർമാരെ സർക്കാർ സംവിധാനത്തിന്റെ ഭാഗമാക്കുന്ന സമരം, സപ്ലൈകോ പാക്കിങ് തൊഴിലാളികളുടെ സമരം എന്നിങ്ങനെ ഇടപെട്ട എല്ലാ തൊഴിലാളി പ്രശ്‌നങ്ങളിലും വിജയം കണ്ടിട്ടുള്ളവരാണ് ഈ സ്ത്രീകൾ. എങ്കിലും, ഇന്നേവരെ തങ്ങൾ ഇടപെട്ട ഒരു സമരത്തിലും ലേബർ ഓഫീസർമാർ ഒരു തരത്തിലും സഹകരിച്ചിട്ടില്ലെന്ന് ഉറപ്പിച്ചു പറയുന്നുണ്ട് വിജി. അങ്ങേയറ്റം ഉദാസീനമായ പെരുമാറ്റമുള്ള, അല്ലെങ്കിൽ ലേബർ കോടതിയിൽ പോകൂ എന്ന നിരുത്തരവാദിത്തപരമായ ഉപദേശം മാത്രം തരുന്ന ഓഫീസർമാർ തൊഴിലുടമകളുടെ പിണിയാളുകളാണെന്നതിലും ഇവർക്കു സംശയമില്ല. സമരം വാർത്തയാകുമ്പോൾ മാത്രം വന്നെത്തിനോക്കുന്ന ലേബർ ഓഫീസർമാരിൽ തൊഴിലാളികൾക്കിപ്പോൾ വിശ്വാസവുമില്ല.

മന്ത്രി ഷിബുബേബി ജോണിനും മുതലാളിമാരുടെ സ്വരം

'കൂപ്പൺമാളിലെ സമരത്തിനു ശേഷമാണ് ഇരിക്കാനുള്ള സൗകര്യങ്ങളെക്കുറിച്ച് ഞങ്ങൾ പഠനം നടത്തുന്നത്. അന്ന് ഘൊരാവോ ചെയ്യുന്നതിനിടെ ഇരിക്കാൻ നോക്കിയപ്പോൾ അവിടെ ഇരിപ്പിടങ്ങളില്ല. അങ്ങിനെയാണ് ഈ പ്രശ്‌നം ഉയർന്നു വരുന്നത്. സിസിടിവിയിലൂടെ നോക്കി പണിയെടുപ്പിക്കുക എന്നതാണ് രീതി. കസ്റ്റമറിന്റെ തിരക്കുകൾക്കനുസരിച്ചാണ് ഭക്ഷണസമയം പോലും. അങ്ങനെ മൃഗീയമായ രീതിയിലാണ് ഇടപെടലുകൾ. എല്ലാവർക്കും കത്തുകൊടുത്തു നോക്കി. കേസു കൊടുക്കാൻ തീരുമാനിച്ചപ്പോഴും പൈസയുടെ പ്രശ്‌നം വന്നു. അങ്ങനെയാണ് സമരത്തിലേക്കു നീങ്ങുന്നത്. ''2014 മാർച്ച് എട്ടിന് ഞങ്ങൾ ലഘുലേഖയൊക്കെ തയ്യാറാക്കി സമരപ്രഖ്യാപനം നടത്തി. ലഘുലേഖ സാറാ ജോസഫിനെക്കൊണ്ട് ഒരു തൊഴിലാളിക്കു കൊടുത്തുകൊണ്ടായിരുന്നു പ്രഖ്യാപനം. 'ഇരിക്കാനുള്ള നിയമമുണ്ടോ' എന്നാണ് ലേബർ ഓഫീസർ പോലും ചോദിക്കുന്നത്. തൊഴിലാളിക്ക് തൊഴിലെടുക്കാനുള്ള സുഗമമായ സാഹചര്യമൊരുക്കേണ്ട ലേബർ ഓഫീസർമാരാണ് ചോദിക്കുന്നത്, നിയമമുണ്ടോ എന്ന്. മുതലാളികളെ സംരക്ഷിക്കാനുള്ള ചോദ്യങ്ങളാണ്.

ലഘുലേഖകൾ വിതരണം ചെയ്തും, ജോലി കഴിഞ്ഞു പോകുന്ന തൊഴിലാളികളോട് കാര്യങ്ങൾ വിശദീകരിച്ചും, പോസ്റ്ററൊട്ടിച്ചും ഒക്കെയായിരുന്നു തുടക്കം. മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനുമടക്കം എല്ലാവർക്കും കത്തുകളയച്ചു. 2014 മെയ് ഒന്നിനാണ് കോഴിക്കോട് നഗരത്തിലെ മിഠായിത്തെരുവിലൂടെ തലയിൽ കസേരകളുമേന്തി വിജിയുടെ നേതൃത്വത്തിൽ സ്ത്രീതൊഴിലാളികൾ പ്രതിഷേധിച്ചത്. ഇരിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ പിന്നെന്തിനാണ് കസേരകൾ? തലയിൽ വയ്ക്കുക തന്നെ. അത് മാധ്യമങ്ങൾ ഏറ്റെടുത്തു. വാർത്ത സർക്കാരിലേക്കെത്തി. ഇങ്ങനെയാണ് കേരളത്തിൽ ശ്രദ്ധേയമായ ഇരുപ്പ് സമരത്തിന്റെ തുടക്കം. വിജിയും കൂട്ടരും മിഠായിത്തെരുവിൽ തിരികൊളുത്തിയ സമരം പിന്നീട് തൃശൂരിലേക്കും ആലപ്പുഴയിലേക്കും മറ്റ് ജില്ലകളിലേക്കും വ്യാപിച്ചു.

അന്നത്തെ യൂത്ത് കമ്മീഷൻ വിഷയം തെളിവോടുകൂടി മന്ത്രി ഷിബു ബേബി ജോണിന്റെ മുന്നിൽ വച്ചു, ചർച്ചകൾ നടത്തി. ഇരിക്കാനുള്ള നിയമം ഇല്ല എന്ന തരത്തിൽ തന്നെയാണ് അപ്പോഴും ചർച്ചകൾ പോകുന്നത്. ഞങ്ങൾ അവസാനം അയാളുടെ കാലു പിടിക്കുന്ന രീതിയിൽ വരെ സംസാരിക്കേണ്ടി വന്നു. ഇരിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് കെഞ്ചിപ്പറഞ്ഞു.''- വിജി ഓർക്കുന്നു.

മുതലാളിമാരുടെ അതേ സ്വരമായിരുന്നു അന്ന് മന്ത്രി ഷിബു ബേബി ജോണിന് എന്ന് വിജി ഓർക്കുന്നു. മുന്നിൽ നിൽക്കുന്ന സ്ത്രീകളുടെ പ്രശ്‌നം ഒട്ടും മനസ്സിലാക്കാതെയും ബഹുമാനം കൽപ്പിക്കാതെയുമായിരുന്നു മന്ത്രിയുടെ പ്രതികരണം. തൊഴിലാളിവിരുദ്ധ നടപടികളിലേർപ്പെടുന്ന തൊഴിലുടമകൾക്ക് 250 രൂപ പിഴ നൽകുന്ന 1960ലെ നിയമത്തിനു പകരം, നിയമലംഘനം ചെയ്യുന്നവർക്ക് അയ്യായിരം മുതൽ പതിനായിരം വരെ രൂപ പിഴ ചുമത്തുകയാണ് അദ്ദേഹം ചെയ്തതെന്ന് വിജി പറയുന്നു. ഒരു മാസം കടകളിലെ കാരുണ്യപ്പെട്ടിയിൽ വരുന്ന തുക പോലും അത്രത്തോളം വരുമെന്നാണ് വിജിയുടെ പക്ഷം.

ശരിയായി ഇടപെട്ടത് മന്ത്രി ടിപി രാമകൃഷ്ണൻ

എൽഡിഎഫ് സർക്കാരിന്റെ സമയത്ത് ഇതേ ആവശ്യവുമായി മന്ത്രി ടി.പി രാമകൃഷ്ണനെ എ.എം ടി.യു പ്രവർത്തകർ കണ്ടിരുന്നു. തിരുവനന്തപുരത്തെ തുണിക്കടകളിൽ നേരിട്ടു പരിശോധന നടത്തിയാണ് അദ്ദേഹം പെൺകൂട്ടിന്റെ ആവശ്യങ്ങളോടു പ്രതികരിച്ചത്. പഴയ നിയമം തിരുത്തി പിഴയുടെ തുക ഒരു ലക്ഷത്തിലധികമാക്കി ഉയർത്തിയതും ടി.പി രാമകൃഷ്ണന്റെ ഉടപെടൽ തന്നെയാണ്.

'ഇരിക്കാൻ കസേരയുണ്ടായിട്ടു കാര്യമില്ല, ഇരിക്കാൻ അനുവാദമില്ല എന്നതാണ് സ്ത്രീ തൊഴിലാളികളുടെ നിലവിലെ പരാതി. അതിൽ ലേബർ ഓഫീസർ തന്നെ ഇടപെടേണ്ടതുണ്ട്. നാലു മണിക്കൂറിൽ ഒരു മണിക്കൂർ ഇവർക്ക് വിശ്രമമനുവദിക്കണമെന്നാണ്. പക്ഷേ, അതനുവദിക്കുന്നില്ലെന്നു മാത്രമല്ല, പത്തും പന്ത്രണ്ടും മണിക്കൂർ വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിക്കുകയും കൂടിയാണ്. ഇതിലും യൂണിയൻ ഇടപെട്ടു. എക്‌സ്ട്രാ ടൈം ജോലി ചെയ്യുന്നവർക്ക് അലവൻസ് വേണമെന്നാവശ്യപ്പെട്ടു. ചിലത് കേസുമായി. അതോടൊപ്പം തന്നെ, കാലങ്ങളായി അവഗണന അനുഭവിക്കുന്ന മുതലക്കുളത്തെ അലക്കുതൊഴിലാളികളുടെ പ്രശ്നത്തിലും സംഘടന ഇടപെട്ടു.

വിജിയെ 2018ൽ ലോകത്തെ സ്വാധീനിച്ച നുറുസ്ത്രീകളിൽ ഒരാളായി ബി.ബി.സി തെരഞ്ഞെടുത്തതും മിഠായി തെരുവിലെ സ്ത്രീ തൊഴിലാളികൾ ആഘോഷിച്ചു.15 നും 94 നും ഇടയിൽ പ്രായമുള്ളവരുടെ പട്ടികയിൽ 73 ആം സ്ഥാനമാണ്് വിജി സ്വന്തമാക്കിയത്. ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി ജൂലിയ ഗില്ലിയാർഡ്‌സ്, മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റന്റെ മകൾ ചെൽസി തുടങ്ങിയവർ ഉള്ള പട്ടികയാണ് ഇതെന്ന് ഓർക്കണം. കേരളത്തിൽനിന്ന് അവാർഡുകളും അംഗീകാരങ്ങളും അധികമൊന്നും കിട്ടിയിട്ടില്ലെങ്കിലും ലോകമാധ്യമങ്ങൾ വിജിയെ കൈവിട്ടില്ല.

കോഴിക്കോട്ട് ഇപ്പോഴും ഇ ടോയ്ലറ്റ് പഴയ പടി

ഇപ്പോഴിതാ ഈ കോവിഡ് കാലഘട്ടത്തിലും, ഒരു ആക്സിഡന്റിനെ തുടർന്നുണ്ടായ ആനാരോഗ്യം വകവെക്കാതെ വിജി തന്റെ ഇടപെടലുകൾ തുടരുകയാണ്. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ അവസ്ഥ ചൂണ്ടിക്കാട്ടി അവർ മുഖ്യമന്ത്രിക്ക് കത്തെഴുതി. കോവിഡ് കാലത്തിനുശേഷം കച്ചവടം കുറവാണെന്ന് പറഞ്ഞ് സ്ത്രീ തൊഴിലാളികളെ അന്യായമായി പിരിച്ചുവിടുന്നതിനെതിരെ അവർ ശക്തമായി രംഗത്തെത്തി.

നമ്മുടെ നാട്ടിൽ അടുക്കളയിൽ ഇനിയും ജനാധിപത്യം വന്നിട്ടില്ലെന്നാണ് തന്റെ ഇത്രയും കാലത്തെ പ്രവർത്തനങ്ങളുടെയും സമരത്തിന്റെയും ഭാഗമായി വിജി ചൂണ്ടിക്കാട്ടുന്നത്. സ്ത്രീ തൊഴിലാളിക്ക് വീട്ടിൽ എത്തിയിട്ടും ജോലിയാണ്. അവൾക്ക് എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ വിനോദം എന്നത് ആരും അംഗീകരിച്ചിട്ടില്ല. സത്യത്തിൽ ഇരട്ട ചൂഷണമാണ് അവർ നേരിടുന്നത്. അച്ഛൻ മാത്രമല്ല അമ്മയും തൊഴിലാളിയാണെന്ന ബോധ്യം നമ്മുടെ വീട്ടിൽ ഇനിയും ഉയരേണ്ടിയിരിക്കുന്നു. ശ്വാസം വിടാൻ അവകാശമില്ലാതിരുന്ന ഒരു കാലത്താണ് ' മനുഷ്യനായി പരിഗണിക്കൂ, തൊഴിലാളിയായി അംഗീകരിക്കൂ' എന്ന് പറഞ്ഞ് ഞങ്ങൾ സമരം നടത്തിയത്. ഇനി അതുപോലുള്ള ചർച്ചകൾ വീട്ടകങ്ങളിലും ഉയരണം എന്ന്അ വർ പറയുന്നു.

ഇപ്പോൾ 'സ്വാതന്ത്ര്യസമരം' സിനിമ സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായതോടെ വിജിക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. '' എനിക്ക് അഭിനയം എന്താണെന്ന് പോലും അറിയില്ല. എല്ലാം സംവിധായികയുടെ മിടുക്കാണ്. ഞങ്ങൾ നടത്തിയ പേരാരാട്ടത്തിന്റെ കഥ കൂടുതൽ പേർ അറിയുമെന്നതിൽ സന്തോഷമുണ്ട്. പക്ഷേ ചിത്രത്തിൽ പറഞ്ഞ പല പ്രശ്നങ്ങളും ഇപ്പോൾ അവിടെ നിലനിൽക്കുകയാണ്. കോഴിക്കോട് സിറ്റിസ്റ്റാൻഡിലെ ഇ ടോയിലറ്റുകൾ ഇപ്പോഴും അടഞ്ഞുകിടക്കയാണ്. അതിൽ ഒരു സ്ത്രീ തൊഴിലാളി കൂടുങ്ങിപ്പോയതായി സിനിമയിൽ കാണിക്കുന്ന സംഭവം സത്യമാണ്. കുടുങ്ങുയത് സത്രീയല്ല പുരുഷനാണെന്നതാണ് യാഥാർഥ്യം. ഇത് ഉണ്ടാക്കിയ ആളെ കൊണ്ടുവന്നാണ് അന്ന് തുറപ്പിച്ചത്. ഇപ്പോൾ മൂന്ന് ഇ ടോയിലറ്റുകൾ സിറ്റി സ്റ്റാൻഡ് പരിസരത്ത് ഉണ്ട്. ഇവ തുറന്നിട്ടില്ല. ചോദിച്ചപ്പോൾ ഉദ്ഘാടനം കാത്ത് കിടക്കയാണെന്നാണ് അറിയാൻ കഴിയുന്നത്. ഈ ടോയ്ലറ്റുകൾക്ക് ഒക്കെ എന്തിനാണ് ഉദ്ഘാടനം വെക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. ''- വിജി പെൺകൂട്ട് തന്നെ വിളിക്കുന്നവരോട് പറയുന്നത് ഇങ്ങനെയാണ്.

ഇനിയും ഒരുപാട് കാര്യങ്ങൾ ഈ സമൂഹത്തിനും തൊഴിലാളികൾക്കുമായി ചെയ്യാനുണ്ടെന്നാണ് വിജി പറയുന്നത്. സിനിമയെ അതിശയിപ്പിക്കുന്ന ആ പോരാട്ട ജീവിതം അങ്ങനെ തുടരുകയാണ്.

വാൽക്കഷ്ണം: കേരളത്തിലെ മുഖ്യധാരാ പാർട്ടികൾ അസംഘടിത മേഖലയിലെ സ്ത്രീകളെ എങ്ങനെ കാണുന്നുവെന്നതിന്റെയും വ്യക്തമായ ഉദാഹരമാണ് വിജിയുടെ ജീവിതം. വിപ്ലവ പുരോഗമനം പറയുന്ന സിപിഎമ്മും സിഐടിയുവുമൊന്നും തുഛമായ വേതനത്തിന് മൂത്രം പോലും ഒഴിക്കാനാവതെ ജോലിചെയ്യേണ്ടിവന്ന ഈ സ്ത്രീകളെ പരിഗണിച്ചിട്ടുപോലുമില്ല. എന്നാൽ നോക്കുകൂലിത്തർക്കത്തിലൊക്കെ ഇവർ ആവേശത്തോടെ പങ്കെടുക്കുന്നു. ഒരു പ്രത്യേകതരം തൊഴിലാളി സ്നേഹം എന്നേ പറയാൻ കഴിയൂ.

കടപ്പാട്- മാതൃഭൂമി, അഴിമുഖം ഓൺലൈൻ, ഇന്ത്യൻ എക്പ്രസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP