Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഹെൽമറ്റ് വാങ്ങാൻ നൽകിയ പണമെവിടെ?; പൊലീസുകാരെ സ്വകാര്യ ബാങ്കിന് പണയം വയ്ക്കണോ?'; സേന അംഗങ്ങളെ ബാധിക്കുന്ന കാര്യങ്ങളിൽ ഫേസ്‌ബുക്കിൽ പ്രതികരിച്ചതിനും പ്രേമിച്ചതിനും ഒക്കെ ഉമേഷിനു കിട്ടിയത് കാരണം കാണിക്കൽ നോട്ടീസുകൾ; പൊലീസിലും സദാചാര പൊലീസോ?

'ഹെൽമറ്റ് വാങ്ങാൻ നൽകിയ പണമെവിടെ?; പൊലീസുകാരെ സ്വകാര്യ ബാങ്കിന് പണയം വയ്ക്കണോ?'; സേന അംഗങ്ങളെ ബാധിക്കുന്ന കാര്യങ്ങളിൽ ഫേസ്‌ബുക്കിൽ പ്രതികരിച്ചതിനും പ്രേമിച്ചതിനും ഒക്കെ ഉമേഷിനു കിട്ടിയത് കാരണം കാണിക്കൽ നോട്ടീസുകൾ; പൊലീസിലും സദാചാര പൊലീസോ?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പൊലീസ് സേനയിലെ അംഗങ്ങളെ ഒന്നാകെ ബാധിക്കുന്ന ഗൗരവമുള്ള വിഷയങ്ങൾ ചൂണ്ടിക്കാണിച്ചതിനും തന്നെ ഇഷ്ടപ്പെടുന്ന പെൺകുട്ടിയെ പ്രണയിച്ചതിനും വരെ കാരണംകാണിക്കൽ നോട്ടിസുകൾ കൈപ്പറ്റേണ്ടി വരുന്ന ഒരു പൊലീസുകാരന്റെ അവസ്ഥ എന്താകും. പറഞ്ഞുവരുന്നത് സിനിമാക്കഥയൊന്നുമല്ല. സിനിയെ വെല്ലുന്ന ചില പൊലീസുകാരുടെ ജീവിത അനുഭവങ്ങൾ.

ഫേസ്‌ബുക്കിൽ താൻ തിരിച്ചറിഞ്ഞ ചില യാഥാർത്ഥ്യങ്ങൾ പങ്കുവച്ചതിനടക്കമാണ് ഒന്നിനുപിറകെ ഒന്നായി കാരണംകാണിക്കൽ നോട്ടിസുകൾ ഫറോക്ക് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഉമേഷിന് നേരിടേണ്ടി വരുന്നത്. കാരണം കാണിക്കൽ നോട്ടീസിന് പുറമെ പൊലീസിലെ ഉന്നതരെക്കൊണ്ട് അന്വേഷണ റിപ്പോർട്ടുകൾ തേടുന്നതും പതിവ്.

കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഉമേഷിന് ലഭിച്ച കാരണംകാണിക്കൽ നോട്ടിസുകളും സസ്‌പെൻഷൻ ഓർഡറുകളും എണ്ണം കേട്ടാൽ ഗുരുതരമായ എന്തോ വിഷയമുണ്ടെന്ന് തോന്നിപ്പോകും. എന്നാൽ ചില അപ്രിയ സത്യങ്ങൾ തുറന്നു പറഞ്ഞതിന്റെ വേട്ടയാടലാണ് ഇവിടെ നടക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. എല്ലാത്തിനും മേലെ നിയമനിർവഹണത്തിന് സേനയുടെ അച്ചടക്കം അത്യാവശ്യമാണെന്ന ഒരു ലേബൽ പതിപ്പിച്ചാണ് ഈ വേട്ടയാടൽ അരങ്ങേറുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റുകളിലെ നിലപാടുകൾ സംബന്ധിച്ച് ഉമേഷ് വള്ളിക്കുന്നിനെതിരെ ആദ്യ നടപടി വരുന്നത് 2018 അവസാനത്തോടെയാണ്. ശബരിമലയിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കുന്ന കാലം. ഹർത്താൽ പ്രഖ്യാപിച്ച ദിവസം മിഠായിത്തെരുവിൽ കടകൾ തുറക്കുന്നതു സംബന്ധിച്ച് വ്യാപാരികളും ഡിവൈഎഫ്‌ഐയും ഒരു ഭാഗത്തും സംഘപരിവാർ സംഘടനകൾ മറുഭാഗത്തും നിൽക്കുകയായിരുന്നു. പ്രശ്‌നത്തിൽ ഇടപെടാതെ ഏറെനേരം പൊലീസ് നോക്കുകുത്തിയായി നിൽക്കുകയും സംഘർഷമുണ്ടാവുകയും ചെയ്തു. ഈ സംഭവത്തിൽ കമ്മിഷണറുടെ നടപടികളെ വിമർശിച്ചുകൊണ്ട് ഉമേഷ് വള്ളിക്കുന്നിട്ട പോസ്റ്റിനെതിരെ അന്വേഷണവും നടപടിയും വന്നു.

പന്തീരാങ്കാവ് യുഎപിഎ കേസിൽ പൊലീസ് അറസ്റ്റുചെയ്ത അലനും താഹയ്ക്കും പത്തുമാസത്തിനുശേഷം കോടതി ജാമ്യമനുവദിച്ചു. ആ സംഭവത്തെക്കുറിച്ച് പരാമർശിച്ച് ഉമേഷ് വള്ളിക്കുന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. അലനും താഹയ്ക്കും ജാമ്യം നൽകിക്കൊണ്ട് എൻഐഎ. കോടതി പ്രഖ്യാപിച്ച വിധിയിലെ കോടതിയുടെ വിശദീകരണങ്ങൾ എല്ലാ പൊലീസുദ്യോഗസ്ഥരും വായിക്കേണ്ടത് ആവശ്യമാണെന്നും ആ ചെറുപ്പക്കാർ പുറംലോകം കാണില്ലെന്ന് പരിഹസിച്ചവർക്ക് തിരിച്ചറിവ് ഉണ്ടാകേണ്ടതാണെന്നും ഉമേഷ് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.

കോടതി വിധി വായിക്കുക എന്നത് തീവ്ര ഇടതുപക്ഷ നിലപാടാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നതെന്നു ഉമേഷ് ഫേസ്‌ബുക്ക് പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. യുഎപിഎ സംഭവത്തിൽ ഏതാനും മാസങ്ങൾക്കുമുൻപ് ഡോ.ബിജു സംവിധാനം ചെയ്ത 'കാടുപൂക്കുന്ന നേരം' എന്ന സിനിമയിലെ ഒരു രംഗം ഫേസ്‌ബുക്ക്‌പോസ്റ്റായി ഇട്ട സംഭവത്തിൽ സേനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന പേരിൽ എസിപി അന്വേഷണറിപ്പോർട്ട് നൽകുകയും നടപടിയുടെ ഭാഗമായി ഉമേഷ് വള്ളിക്കുന്നിന്റെ രണ്ട് ഇൻക്രിമെന്റ് കട്ടുചെയ്യുകയും ചെയ്തു.

പൊലീസിനുള്ളിലെ സദാചാര പൊലീസ് തലപൊക്കിയ മറ്റൊരു പ്രധാന സംഭവമുണ്ട്. അത് വ്യക്തിജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഒരു യുവതിയുടെ ഫ്‌ളാറ്റിൽ ഉമേഷ് സ്ഥിരസന്ദർശകനാണെന്ന് യുവതിയുടെ വീട്ടുകാർ പരാതി നൽകിയ സംഭവത്തിലാണ് എസിപി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. ഗായികയായ ആതിരയുമായി പ്രണയത്തിലായിരുന്നു. എതിർപ്പുകളെ മറികടന്ന് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും വിവാഹം രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ നടന്നുവരികയുമായിരുന്നു. പൊലീസിന്റെ കൊണ്ടുപിടിച്ച അന്വേഷണം നടക്കുന്നതിനിടെ ഇരുവരും നിയമപരമായി വിവാഹിതരാകുകയും ചെയ്തു. ഉമേഷ് വള്ളിക്കുന്നിനെതിരെ വിചിത്രമായ അന്വേഷണ ഉത്തരവ് വന്നതോടെയായിരുന്നു ഈ സദാചാര പൊലീസിങ് അരങ്ങേറിയത്.

പൊലീസ് സേനയുടെ അച്ചടക്കവുമായി ഒരു ബന്ധവുമില്ലാതെ അധികാരികൾ 'സദാചാരപൊലീസിങ്ങ്' നടത്തുകയാണെന്ന് സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ ആരോപണവുമായി രംഗത്തെത്തിയിരുന്നു. വിചിത്ര കാരണം പറഞ്ഞ് സസ്‌പെൻഷൻ നൽകിയ സംഭവത്തിൽ സിറ്റി കമ്മിഷണർക്കെതിരെ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഏതുനിമിഷവും അധികൃതർ തന്റെ ജോലി തെറിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ജീവിക്കാനായി കൂലിപ്പണിക്കുപോവാൻ തയാറാണെന്നുവരെ ഒടുവിൽ ഉമേഷ് വള്ളിക്കുന്നിന് ഫേസ്‌ബുക്ക് പോസ്റ്റിടേണ്ടി വന്നു.

പാറാവുകാരനാണോ എഫ് ഐ ആർ രജിസ്റ്റർ ചെയ്യേണ്ടത്?

മൊബൈലിൽ സംസാരിച്ചുകൊണ്ട് അമിത വേഗതയിൽ വാഹനം ഓടിച്ചെന്ന കേസിൽ ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ രേഖകൾ നൽകിയിട്ടും എഫ് ഐ ആർ രജിസ്റ്റർ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി സ്റ്റേഷൻ ചുമതലയുള്ള വനിതാ എസ് ഐ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടിയും കുറിക്കു കൊള്ളുന്നതായിരുന്നു. തന്റെ നിർദ്ദേശം ഉമേഷ് പാലിച്ചില്ലെന്ന പേരിലാണ് മെമോ നൽകിയത്. എന്നാൽ എസ് ഐ യ്ക്ക് ഇത്തരമൊരു കാര്യം ചെയ്യാൻ അധികാരം ഇല്ല എന്നതാണ് യാഥാർത്ഥ്യം. വിശദീകരണം തേടേണ്ടത് സർക്കിൾ ഇൻസ്‌പെക്ടമാരാണ്.



എഫ് ഐ ആർ രജിസ്‌ററർ ചെയ്യാൻ വകുപ്പില്ലാത്ത ഒരു കേസായിട്ട് കൂടി അതിന് നിർബന്ധിച്ചു എന്നതും തെറ്റായ കീഴ വഴക്കമാണ്. പാറാവുകാരന്റെ ഡ്യൂട്ടിയല്ല എഫ് ഐ ആർ രജിസ്റ്റർ ചെയ്യുക എന്നതും പ്രസക്തമാണ്. എസ് ഐ യോ ആ സ്‌റ്റേഷനിലെ ഏറ്റവും മുതിർന്ന പൊലീസുകാരനോ ആണ് ചെയ്യേണ്ടത്. നിയമവിരുദ്ധമായ കാര്യം ചെയ്തില്ലെന്ന പേരിലാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ മെമോ നൽകിയത് എന്നതടക്കം വിമർശന വിധേയമാകുന്നതാണ്. മെമോയിലെ അക്ഷരത്തെറ്റ് അടക്കം ചൂണ്ടിക്കാട്ടിയാണ് ഉമേഷ് വിശദീകരണം നൽകിയതും.

ഉമേഷ് വള്ളിക്കുന്ന് കഴിഞ്ഞ രണ്ടു മാസത്തിനിടെ പോസ്റ്റ് ചെയ്ത രണ്ടു ഫേസ്‌ബുക്ക് കുറിപ്പുകൾ. രണ്ടും സേനയ്ക്കകത്തെ വൻ അഴിമതിക്കഥകളിലേക്ക് വിരൽചൂണ്ടുന്നതാണ്.

നല്ല ഹെൽമറ്റ് വാങ്ങാൻ നൽകിയ പണമെവിടെ?

ലാത്തിച്ചാർജ് അടക്കമുള്ള സംഘർഷമേഖലകളിലേക്ക് പോവുന്ന പൊലീസുകാർക്കു ധരിക്കാനുള്ള ഹെൽമറ്റിന്റെ ഗുണമില്ലായ്മയെക്കുറിച്ചാണ് ആദ്യപോസ്റ്റ്. പുതിയ ഹെൽമറ്റ് തലയിട്ട് ചിൻസ്ട്രാപ്പ് കെട്ടാനായി വലിച്ചപ്പോൾ അത് പറിഞ്ഞുകയ്യിൽപ്പോന്നു. ഗുണനിലവാരമില്ലാത്ത ഹെൽമറ്റിന്റെ ഭാരം മുഴുവൻ തലയുടെ മുൻവശത്താണ് കേന്ദ്രീകരിക്കുന്നത്. മുഖം രക്ഷിക്കാനുള്ള കവചം നിർമ്മിച്ചത് കനംകുറഞ്ഞ കമ്പികൊണ്ടാണ്. ഒരു കല്ലേറ്റ് കൊണ്ടാൽ ഈ കമ്പി പൊട്ടി മുഖത്തു തറച്ചുകയറും. ഇത്തരം ഹെൽമറ്റുകളുടെ ഫോട്ടോ സഹിതമാണ് ഉമേഷ് പോസ്റ്റിട്ടത്.

പൊലീസുകാർക്കുള്ള ഹെൽമറ്റ് വാങ്ങാൻ അതാത് പൊലീസ് ജില്ലാ അധികാരികൾക്കാണ് ഫണ്ട് നൽകിയിരുന്നത്. കോഴിക്കോട് സിറ്റിക്കും കോഴിക്കോട് റൂറലിനും ഫണ്ടു നൽകിയിട്ടുണ്ട്. ഹെൽമറ്റ് വാങ്ങാൻ എസ്‌ബിഐയുടെ സാമ്പത്തിക സഹായവും ലഭിച്ചിട്ടുണ്ട്. ഇത്രയും പണം ലഭിച്ചിട്ടും പൊലീസുകാരുടെ ജീവന് ഒരു വിലയും കൽപിക്കാതെ, വളരെ കുറഞ്ഞ തുകയ്ക്ക് നിലവാരമില്ലാത്ത ഹെൽമറ്റ് വാങ്ങുകയും ബാക്കി പണം പൂഴ്‌ത്തുകയും ചെയ്തതായി ഈ ഫേസ്‌ബുക്ക് പോസ്റ്റോടെ പുറംലോകമറിഞ്ഞു. എന്നാൽ ഈ ഫേസ്‌ബുക് പോസ്റ്റിനെതിരെ കമ്മിഷണറുടടെ നിർദ്ദേശപ്രകാരം മെമോ നൽകി.

പക്ഷേ ഫേസ്‌ബുക് പോസ്റ്റിലെ ആരോപണം നിഷേധിക്കാവുന്നതായിരുന്നില്ല. അതുകൊണ്ട് ഹെൽമറ്റിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. വിചിത്രമായ അന്വേഷണമാണ് ഇതിനായി നടന്നത്. ഹെൽമറ്റ് വാങ്ങിയതിലെ അഴിമതിയെക്കുറിച്ചോ നിലവാരമില്ലായ്മയെക്കുറിച്ചോ അല്ല അന്വേഷണം നടന്നത്. ഓരോ പൊലീസ് സ്റ്റേഷനിലും ഗുണനിലവാരമുള്ള ഹെൽമറ്റുകളെത്ര, ഗുണനിലവാരമില്ലാത്ത ഹെൽമറ്റുകളെത്ര എന്ന കണക്കെടുപ്പാണത്രേ നടന്നത്.

പൊലീസിന്റെ ശമ്പള വിതരണം സ്വകാര്യ ബാങ്കിനോ?

ഇതിനു തൊട്ടുപിറകെയാണ് പൊലീസുകാരുടെ ശമ്പളവിതരണ അക്കൗണ്ട് സ്വകാര്യബാങ്കിനു കൈമാറാനുള്ള നീക്കത്തിനെതിരെ ഉമേഷ് വള്ളിക്കുന്ന് പോസ്റ്റിട്ടത്. സഹകരണസംഘത്തിലെ പണമൊഴുക്ക് സ്വകാര്യബാങ്കിനു കൈമാറുന്നതുവഴി 4500 കോടിയോളം രൂപയുടെ ബിസിനസ്സാണ് സ്വകാര്യബാങ്കിന് ലഭിക്കുന്നതെന്നായിരുന്നു സൂചന. പൊലീസ് അസോസിയേഷൻ ഈ സംഭവത്തിൽ പ്രതികരിച്ചില്ല. നേതാക്കൾ ഒരക്ഷരം മിണ്ടിയില്ല. എന്നാൽ മാധ്യമങ്ങളിൽ വാർത്ത വന്നതോടെ വിവാദം കൊഴുത്തു. നടപടി പുനഃപരിശോധിക്കാൻ തീരുമാനമായി.

സമൂഹമാധ്യമങ്ങളിലെ പൊലീസുകാരുടെ ഇടപെടൽ സംബന്ധിച്ച ഡിജിപിയുടെ സർക്കുലറിന് വിരുദ്ധമായാണ് രണ്ട് സംഭവങ്ങളും എന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ പൊലീസുകാരുടെ ജീവൻവച്ച് പന്താടുന്ന സംഭവത്തിലും പൊലീസുകാർക്കു ലഭിക്കേണ്ട സർക്കാർ ശമ്പളം സ്വകാര്യബാങ്കിനു കൈമാറുന്നതിലും അഭിപ്രായം പ്രകടിപ്പിക്കുന്നതിനെ എങ്ങനെ പൊലീസ് അടിച്ചമർത്തുമെന്നതാണ് ചോദ്യം.

ഒരു സായുധസേനയിൽ ജോലിക്കുചേരുമ്പോൾ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും പാലിക്കേണ്ടിവരുമെന്ന് അറിയുന്നതല്ലേയെന്നാണ് ഉമേഷിനെതിരെ ഭൂരിഭാഗം പേരും ഉന്നയിക്കുന്ന ആരോപണം. ഉദ്യോഗസ്ഥരുടെ അധികാരക്രമം മുതൽ ചെയ്യേണ്ട ജോലികൾവരെ കൃത്യമായ ചട്ടങ്ങൾ പ്രകാരമാണ് നടപ്പാക്കേണ്ടത്. ഈ ചട്ടങ്ങൾ ലംഘിച്ചാൽ ഒരു പൊലീസുകാരന് സേനയുടെ ഭാഗമായി എങ്ങനെ തുടരാൻ കഴിയുമെന്നും പലരും ചോദിക്കുന്നുണ്ട്.

എന്നാൽ ബ്രിട്ടിഷുകാരുടെ കാലത്തുണ്ടാക്കിയ അടിമരീതിയാണോ ഇപ്പോഴും സേനയയിൽ തുടരേണ്ടതെന്നാണ് ഉമേഷിനെ പിന്തുണയ്ക്കുന്ന സാംസ്‌കാരികസമൂഹം ചോദിക്കുന്നത്. സർക്കാർ ചട്ടങ്ങൾ ലംഘിച്ച് സർക്കാർ നയങ്ങൾക്കെതിരെ ഫേസ്‌ബുക് പോസ്റ്റിടുന്നതിനെ ഭയക്കുന്ന ഭരണസംവിധാനമുള്ള കാലമാണിതെന്നും അവർ പറയുന്നു. ഫാഷിസ്റ്റ് വിരുദ്ധരാണെന്ന് അവകാശപ്പെടുന്ന സർക്കാർതന്നെ, തങ്ങൾക്കെതിരെ ഫേസ്‌ബുക് പോസ്റ്റിടുന്ന സെക്രട്ടേറിയറ്റ് ജീവനക്കാരൻ മുതൽ അദ്ധ്യാപകൻ വരെയുള്ളവർക്കെതിരെ നടപടിയെടുക്കുമെന്ന് ഉത്തരവിറക്കിയ കാലമാണിത്. ഇങ്ങനെ ജനാധിപത്യവിരുദ്ധമായി ഭരണസംവിധാനങ്ങൾ മാറുന്ന കാലത്താണ് പൊലീസ് സേനയ്ക്കുള്ളിലെ സദാചാര പൊലീസിങ് ഒരു പൊലീസുകാരന്റെ ജീവിതത്തെ ഇത്തരത്തിൽ വേട്ടയാടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP