Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മടിയിൽ ഇരുത്തി പേരിട്ടത് നെഹ്രു; അതേ നെഹ്രുവിന്റെ പുത്രി ഇന്ദിരയെ തുറന്നു വിമർശിച്ച പ്രകൃതക്കാരൻ; മോദിയെയും അമിത്ഷായെയും വേദിയിൽ ഇരുത്തി മുഖത്തു നോക്കി വിമർശിച്ച ചങ്കൂറ്റക്കാരൻ; നോട്ടു നിരോധന വേളയിൽ ദുരന്തമാകും എന്നു പറഞ്ഞ ദ്വീർഘദൃഷ്ടിക്കുടമ; വിട പറഞ്ഞ രാഹുൽ ബജാജ് ആരെയും കൂസാത്ത വ്യക്തിത്വത്തിന് ഉടമ

മടിയിൽ ഇരുത്തി പേരിട്ടത് നെഹ്രു; അതേ നെഹ്രുവിന്റെ പുത്രി ഇന്ദിരയെ തുറന്നു വിമർശിച്ച പ്രകൃതക്കാരൻ; മോദിയെയും അമിത്ഷായെയും വേദിയിൽ ഇരുത്തി മുഖത്തു നോക്കി വിമർശിച്ച ചങ്കൂറ്റക്കാരൻ; നോട്ടു നിരോധന വേളയിൽ ദുരന്തമാകും എന്നു പറഞ്ഞ ദ്വീർഘദൃഷ്ടിക്കുടമ; വിട പറഞ്ഞ രാഹുൽ ബജാജ് ആരെയും കൂസാത്ത വ്യക്തിത്വത്തിന് ഉടമ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഇന്ത്യൻ വ്യവസായ ലോകത്തെ കുലപതികളിൽ ഒരാളാണ് ഇന്നലെ അന്തരിച്ച വ്യവസായി രാഹുൽ ബജാജ്. ആരെയും കൂസാത്ത പ്രകൃതക്കാരനും തിരഞ്ഞ രാജ്യസ്‌നേഹിയും. രാഷ്ട്രീയക്കാരുടെ നയങ്ങളെയും പോളിസിയെയും തുറന്നു വിമർശിച്ചാൽ പോലും അത് കച്ചവടത്തെ ബാധിക്കുന്ന കാലത്താണ് മുഖം നോക്കാതെ വിമർശനം നടത്തി രാഹുൽ ബജാജ് വാർത്തകളിൽ നിറഞ്ഞത്. അരനൂറ്റാണ്ടുകാലം തലപ്പത്തിരുന്ന് ബജാജ് ഗ്രൂപ്പിനെ ലോകോത്തര വ്യവസായ ഗ്രൂപ്പായി വളർത്തി രാഹുൽ ബജാജ് എന്ന ദീർഘദർശി കൂടിയാണ് ഇപ്പോൾ മൺ മറഞ്ഞിരിക്കുന്നത്.

'ഹമാരാ ബജാജ്' എന്നു പറഞ്ഞ ടെലിവിഷൻ പരസ്യങ്ങളിലൂടെ ജനകോടികൾ നെഞ്ചിലേറ്റിയ ദേശീയ വികാരം ഉയർത്തിയ പരസ്യം ആരും മാർക്കാൻ ഇടയില്ല. ഇന്ത്യൻ മോട്ടോർവാഹന രംഗത്തെ അതികായന്മാരായ ബജാജ് എന്നും ദേശീയതക്ക് വേണ്ടിയും രാജ്യതാൽപ്പര്യങ്ങൾക്ക് വേണ്ടിയും നിലകൊണ്ട ബിസിനസ് ഗ്രൂപ്പായിരുന്നു. ആ ബിസിനസ് ഗ്രൂപ്പിന്റെ സുവർണ കാലത്ത് അതിനെ നയിച്ച വ്യക്തിയാണ് രാഹുൽ ബജാജ്.

പിതാവ് തുടങ്ങിവെച്ച വ്യവസായ സ്ഥാപനത്തെ സമ്പത്തിന്റെ നെറുകയിലേക്ക് അദ്ദേഹം ഉയർത്തി. ഇപ്പോൾ രാജ്യത്തെ പിടികൂടിയിരിക്കുന്ന സാമ്പത്തിക മാന്ദ്യം ബജാജ് ഗ്രൂപ്പിനെയും ബാധിച്ചു തുടങ്ങിയ ഘട്ടത്തിൽ സാക്ഷാൽ അമിത്ഷായെയും വിമർശിക്കാൻ ബജാജ് മടിച്ചിട്ടില്ല.രാജ്യത്ത് വിമർശനം ഉന്നയിക്കുന്നവർക്കെതിരെ നടപടി വരുന്ന സാഹചര്യമാണ് ഉള്ളതെന്നാണ് രാഹുൽ ബജാജ് പറഞ്ഞത്. ഈ വിമർശനം വലിയ തോതിൽ രാജ്യം ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

അമിത്ഷായെ വേദിയിൽ ഇരുത്തി വിമർശിച്ച ബിസിനസുകാരൻ എന്ന നിലയിലാണ് രാഹുൽ ബജാജിനെ സൈബർ ലോകവും അന്ന് ഏറ്റെടുത്തത്. രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും കേന്ദ്ര സർക്കാറിനെ വിമർശിക്കാൻ ആർക്കും ധൈര്യമില്ലെന്നമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് മുന്നിൽ തുറന്നടിച്ച് രാഹുൽ ബജാജ് പറഞ്ഞത്. 'ഞങ്ങൾക്ക് ഭയമാണ്. അത്തരമൊരു അന്തരീക്ഷമാണ് ഉള്ളതെന്ന് എല്ലാവരുടെയും മനസ്സിലുണ്ട്്. പക്ഷേ, ആരും അത് തുറന്നുപറയില്ല. വ്യവസായ മേഖലയിൽ നിന്നുള്ള എന്റെ സുഹൃത്തുക്കൾ പോലും. പക്ഷേ, ഞാനത് തുറന്നു പറയും. ഇതിന് ഭേദകരമായ ഒരു മറുപടിയാണ് വേണ്ടത്, നിഷേധമല്ല. ഒരു മികച്ച അന്തരീക്ഷം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്' - 'ഇക്കണോമിക് ടൈംസി'ന്റെ അവാർഡുദാന വേദിയിലായിരുന്നു അന്ന് രാഹുൽ തുറന്നടിച്ചത്.

എന്നാൽ രാഹുൽ ബജാജിനെ അറിയുന്ന ആർക്കും ഉറപ്പുള്ള ഒരു കാര്യമാണ്. എല്ലാ കാലത്തും രാഹുൽ ബജാജ് ഇങ്ങനെ തന്നെയായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ജംനലാൽ ബാജാജിന്റെ പുത്രനാണ് രാഹുൽ. ആരോടും വെട്ടിത്തുറന്ന് കാര്യങ്ങൾ പറയുന്ന പ്രകൃതക്കാരനായ പിതാവിന്റെ പോരാട്ട വീര്യം തന്നെയാണ് രാഹുൽ ബജാജിലും ഉള്ളത്. പിതാവ് തുടങ്ങിയ ബജാജ് ഗ്രൂപ്പിനെ ഉന്നതങ്ങളിലേക്ക് നയിക്കുമ്പോഴും ചെയ്യുന്ന ബിസിനസിൽ ഒരു നീതിയുണ്ടെന്ന് കരുതുന്ന വ്യക്തിയാണ് രാഹുൽ.

1938 ജൂൺ പത്തിനാണ് രാഹുൽ ബജാജ് ജനിച്ചത്. പിതാവ് ജംനലാലിന് ജവഹർലാൽ നെഹ്രുവിനോടും മഹാത്മാ ഗാന്ധിയോടും അടുപ്പമുണ്ടായിരുന്നു. കോൺഗ്രസ് പാർട്ടിക്കൊപ്പം നിലകൊണ്ട് വ്യക്തിത്വമായിരുന്നു ജംനലാലിന്റേത്. അദ്ദേഹത്തിന്റെ മകൻ കഴിഞ്ഞ ദിവസം അമിത്ഷായെ വിമർശിക്കുമ്പോൾ എടുത്തു പറഞ്ഞൊരു കാര്യമുണ്ട്. 'നിങ്ങൾക്ക് ഇഷ്ടപ്പെടില്ലെങ്കിലും, ഞാനൊരു കാര്യം പറയാം.. എന്നെ മടിയിൽ ഇരുത്തി രാഹുൽ ബജാജ് എന്നു പേരിട്ടത് ജവഹർലാൽ നെഹ്രു ആയിരുന്നു'. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് തന്റെ പൂർവ്വികർ ചെയ്ത സഹായവും അദ്ദേഹം എടുത്തു പറഞ്ഞിരുന്നു. രാജ്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ബിജെപി സർക്കാർ പരാജയമായെന്ന വിമർശനമായിരുന്നു രാഹുൽ ബജാജ് ഉന്നയിച്ചത്.

നെഹ്രുവുമായി അടുപ്പം, ഇന്ദിരയുടെ വിമർശകൻ

ജവഹർലാൽ നെഹ്രുവുമായും ഗാന്ധിജിയുമായും അടുപ്പമുള്ള കുടുംബമാണ് രാഹുൽ ബജാജിന്റേത്. നെഹ്രുവാണ് തനിക്ക് പേരിട്ടതെങ്കിലും അതേ നെഹ്രുവിന്റെ മകൾ ഇന്ദിര ഗാന്ധിയെ വിമർശിക്കാനും രാഹുൽ ബജാജ് മടിച്ചിരുന്നില്ല. അടിയന്തരാവസ്ഥയുടെ കാലത്ത് അടക്കം ഇന്ദിരയുടെ കടുത്ത വിമർശനകായിരുന്നു രാഹുൽ ബജാജ്. അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠനം പൂർത്തിയക്കിയ രാഹുൽ ബജാജ് ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിലും പഠിച്ചിരുന്നു. നിയമവും പഠിച്ച വ്യക്തി കൂടിയാണ് രാഹുൽ. 1965 മുതലാണ് അദ്ദേഹം ബജാജ് ഗ്രൂപ്പിനെ നയിക്കുന്നത്.

ഗാന്ധിയൻ മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന വ്യക്തിയായതു കൊണ്ടു കൂടിയാണ് അദ്ദേഹം പ്രജ്ഞ ഠാക്കൂറിനെ ബിജെപി വളമിട്ടു കൊടുക്കുന്നതിനെയും വിമർശിച്ചത്. ആൾക്കൂട്ട ആക്രമണങ്ങൾ പാശ്ചാത്യ ലോകത്താണ് നടക്കുന്നതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറയുന്നുണ്ടെങ്കിലും ഇന്ത്യയിൽ അത് അസഹിഷ്ണുതയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെന്നായിരുന്നു രാഹുൽ ചൂണ്ടിക്കാട്ടിയത്. അതിൽ കുറ്റവാളിയാക്കപ്പെടാതെ പോകുന്നവരുണ്ട്. കുറ്റവാളിയാക്കപ്പെടാതെ 100 ദിവസമായി ജയിലിൽ കഴിയുന്നവരുമുണ്ടെന്ന് മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ പേരെടുത്ത് പറയാതെ രാഹുൽ ബജാജ് സൂചിപ്പിക്കുകയും ചെയ്തു. ഇന്ന് ആരെയും രാജ്യസ്നേഹി എന്ന് വിളിക്കാമെന്നായെന്ന് പരാമർശിച്ച അദ്ദേഹം ബിജെപി എംപി. പ്രജ്ഞ സിങിന്റെ ഗോഡ്സേ ഭക്തിക്കെതിരെയും ആഞ്ഞടിച്ചിരുന്നു. 'അവരോട് ക്ഷമിക്കാൻ കഴിയില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നിട്ടും തെരഞ്ഞെടുപ്പിൽ നിർത്തി നിങ്ങൾ അവരെ വിജയിപ്പിച്ചു. എന്നിട്ട് അവരെ പ്രതിരോധ, പാർലമന്റെറി കാര്യ സമിതിയിൽ ഉൾപ്പെടുത്തി. ഈ ചെറിയ സെഷനിൽ നിന്ന് വരെ ഒഴിവാക്കിയെന്നതാണ് ആശ്വാസകരം'- രാഹുൽ പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കവേ മോദിയെയും വിമർശിച്ചു

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, വർഗീയ കലാപത്തിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദിയെയും വിമർശിച്ച വ്യക്തിയാണ് രാഹുൽ ബജാജ്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ (സിഐഐ) ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മോദിയെ വിമർശിച്ച വ്യക്തിയാണ് രാഹുൽ ബജാജ്. അന്ന് കടുത്ത പ്രതികാര നടപടിയാണ് സിഐഐയ്ക്ക് മോദിയിൽ നിന്ന് നേരിടേണ്ടി വന്നത്. ഗുജറാത്ത് കലാപ വേളയിൽ ഇന്ത്യയ്ക്ക് ഒരു മതേതര രാജ്യം എന്ന മേൽവിലാസം തന്നെ നഷ്ടമായിരിക്കുന്നുവെന്നാണ് എച്ച്ഡിഎഫ്‌സി സി. ഇ ഒ ദീപക് പരേഖ് പറഞ്ഞത്. ഇൻഫോസിസിന്റെയും വിപ്രോയുടെയും തലവന്മാരായ നാരായണമൂർത്തിയും അസീം പ്രേംജിയും കലാപത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

ഇതിന് ശേഷം മോദിയുടെ അപേക്ഷയെ തുടർന്ന് കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി പ്രത്യേക പരിപാടി ഡൽഹിയിൽ സംഘടിപ്പച്ചിരുന്നു. മീറ്റിംങ് വിത്ത് നരേന്ദ്ര മോദി ന്യു ചീഫ് മിനിസ്റ്റർ ഓഫ് ഗുജറാത്ത് എന്നതായിരുന്നു പരിപാടി. ഈ വേദിയിൽ വച്ചാണ് രാഹുൽ ബജാജ്് മോദിയെ വിമർശിച്ചത്. രാഹുൽ ബജാജും ഗോദ്‌റെജും ശക്തമായ ഭാഷയിൽ മോദിയുടെ ഗുജറാത്ത് നയത്തെ വിമർശിക്കുകയും പുതിയ ജനവിധി എല്ലാ വിധ ജനങ്ങളെയും ഉൾക്കൊള്ളുന്ന തരത്തിൽ ഉപയോഗിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെയ്ക്കുകയും ചെയ്തു. '2002 ഗുജാറത്തിനെ സംബന്ധിച്ച് നഷ്ടപ്പെട്ട വർഷമായിരുന്നു. എന്തുകൊണ്ടാണ് കാശ്മീരിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബിഹാറിലും ഉത്തർപ്രദേശിലും നിക്ഷേപം ഉണ്ടാവാത്തത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കൊണ്ടുമാത്രമല്ല അത്. അരക്ഷിത ബോധം കൊണ്ടാണ്. ഗുജറാത്തിൽ അത് ഉണ്ടാവാതിരിക്കട്ടെ. കഴിഞ്ഞ വർഷത്തെ നിർഭാഗ്യകരമായ സംഭവങ്ങൾ എന്നെ ഇതൊക്കെ ഓർമ്മിപ്പിക്കുന്നു' മോദിയെ വേദിയിലിരുത്തി രാഹുൽ ബജാജ് പറഞ്ഞു. ' സമൂഹത്തിന് എന്താണ് നല്ലതെന്ന് ഞങ്ങൾക്കറിയാം, നിങ്ങളുടെ നിലപാടാണ് വ്യക്തമാക്കേണ്ടത്' മോദിക്ക് നേരെ തിരിഞ്ഞുകൊണ്ട് അദ്ദേഹം ആവർത്തിച്ചിരുന്നു.

അന്ന് മോദിക്കെതിരെ ചൂണ്ടിയ വിരലുകളാണ് ഇപ്പോൾ അമിത്ഷാക്കെതിരെ രാഹുൽ ബജാജ് ഉയർത്തുന്നത്. റിലയൻസ് ചെയർമാൻ മുകേഷ് അംബാനി, ബിർള ഗ്രൂപ് ചെയർമാൻ കുമാർ മംഗളം ബിർള, ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ തുടങ്ങിയ വ്യവസായ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു ബജാജ് വിമർശനം ഉന്നയിച്ചത്.

നോട്ടു നിരോധനത്തിന്റെയും വിമർശകൻ

2016ൽ നോട്ടു നിരോധന വേളയിൽ അതിനെ വിമർശിച്ചു രംഗത്തുവന്ന വ്യക്തി കൂടിയാണ് രാഹുൽ ബജാജ്. അന്ന് നോട്ടു നിരോധനം ഒരുപക്ഷേ ഒരു ദുരന്തമായി മാറിയേക്കാം എന്നായിരുന്നു രാഹുൽ ബജാജ് വിമർശിച്ചു. അദ്ദേഹത്തിന്റെ ഈ ദ്വീർഘ വീക്ഷണം ശരിയാകുന്ന അവസ്ഥാണ് പിന്നീടു വന്നത്. നിർമ്മല സീതാരാമനെ ധനമന്ത്രിയായി നിയമിച്ച വേളയിൽ അതിനെയും വിമർശിച്ച് രാഹുൽ ബജാജ് രംഗത്തുവന്നിരുന്നു. അവർക്ക് എന്ത് സാമ്പത്തിക ശാസ്ത്രം അറിയാം എന്നായിരുന്നു അന്ന് രാഹുൽ ചോദിച്ചത്.

കഴിഞ്ഞ കുറച്ചുകാലമായി കടുത്ത മാന്ദ്യത്തിലാണ് രാജ്യത്തെ വാഹനവിപണി. ഇതിന് ഇടയാക്കിയ സാഹചര്യത്തെ വിമമർശിച്ചും രാഹുൽ ബജാജ് രംഗത്തുവന്നിരുന്നു. ബജാജ് ഓട്ടോയുടെ പന്ത്രണ്ടാമത് വാർഷിക പൊതുയോഗത്തിലായിരുന്നു കമ്പനി ചെയർമാൻ രാഹുൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചത്. ആഭ്യന്തര വാഹന വ്യവസായം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കും തൊഴിൽ നഷ്ടത്തിലേക്കും കൂപ്പുകുത്തുകയാണെന്നും കേന്ദ്ര സർക്കാരിന്റെ വിവേകരഹിത നടപടികൾ മൂലമാണെന്നും യോഗത്തിൽ രാഹുൽ ആരോപിക്കുകയുണ്ടായി. വാഹന വ്യവസായം വളരെ പ്രയാസകരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കാറുകളും വാണിജ്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഇക്കാര്യത്തിൽ ഏകദേശം ഒരു പോലെ തന്നെയാണെന്നും രാഹുൽ പറഞ്ഞു.

ലൈസൻസ് രാജിനെതിരെ പോരാടിയ വ്യക്തി

ലൈസൻസ് രാജ് നിലനിന്നിരുന്ന 1970-കളിലാണ് ബജാജ് ഓട്ടോയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി രാഹുൽ ബജാജ് എത്തുന്നത്. അന്ന് 35 വയസ്സ്. ബജാജ് സ്‌കൂട്ടർ സ്വന്തമാക്കുന്നത് ഒരു കാലഘട്ടത്തിൽ എല്ലാവരുടെയും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. കുറഞ്ഞകാലത്തേക്ക് ലോകത്തിലെ ഏറ്റവും വലിയ സ്‌കൂട്ടർ നിർമ്മാതാവ് എന്ന നേട്ടവും ചേതക്ക് രാഹുൽ ബജാജിനിത് സമ്മാനിച്ചു. വെസ്പയുമായുള്ള കരാർ അവസാനിച്ചശേഷവും ചേതക് ഉത്പാദനം തുടർന്നുവന്നു. ചേതകിന്റെ വിജയം രാഹുൽ ബജാജിന് ചില ശത്രുക്കളെയും സമ്മാനിച്ചു.

വ്യവസായലോകത്ത് നിൽക്കുമ്പോഴും അധികാര ഇടനാഴികളിലെ ദുഷ്ചെയ്തികളെ എതിർക്കാൻ അദ്ദേഹം മടികാട്ടിയില്ല. ഇത് ഇന്ദിരാഗാന്ധിയുടെ എതിർപ്പിനു കാരണമായി. ഉത്പാദനം വർധിപ്പിക്കാൻ ലൈസൻസ് ലഭിക്കുന്നതിലടക്കം ഇതു തടസ്സമായി. അടിയന്തരാവസ്ഥക്കാലത്ത് ഒന്നിലധികംതവണ അദ്ദേഹത്തിന്റെ കമ്പനിയിൽ പരിശോധനകൾ നടന്നു.

ലൈസൻസിൽ അനുവദിച്ചതിലും കൂടുതൽ സ്‌കൂട്ടർ ഉത്പാദിപ്പിച്ചതിന് മൊണോപ്പൊളീസ് ആൻഡ് റെസ്ട്രിക്ടീവ് ട്രേഡ് കമ്മിഷൻതന്നെ വിളിപ്പിച്ചു. ലൈസൻസ് ശേഷിയെക്കാൾ 25 ശതമാനം അധികം ഉത്പാദനം നടത്തിയെന്ന കുറ്റമാണ് ആരോപിക്കപ്പെട്ടതെന്ന് രാഹുൽ ബജാജ് പറഞ്ഞിട്ടുണ്ട്. അന്നത്തെ ധീരമായ ഈ 'നിയമലംഘന'ത്തിലൂടെ അദ്ദേഹം നടന്നു കയറിയത് സാധാരണക്കാരും മധ്യവർത്തികളുമായ ഇന്ത്യൻ ജനതയുടെ ഇരുചക്രവാഹന സ്വപ്നങ്ങളിലേക്കാണ്.

ആഗോളവത്കരണം നടപ്പാക്കിയശേഷം ഒട്ടേറെ വ്യവസായങ്ങൾ ഇന്ത്യയിലേക്കു കടന്നുവന്നു. എന്നാൽ, മോട്ടോർ സൈക്കിൾ വിപണിയിൽ ജപ്പാന്റെ ഹോണ്ടയെ അടക്കം നേരിട്ട് രാഹുൽ ബജാജ് ഉണ്ടാക്കിയ അടിത്തറയിൽ ബജാജ് വിപണിയിൽ മുന്നേറുകയാണ്. ജപ്പാനിലെ കാവസാക്കിയുമായി ചേർന്ന് രാജ്യത്ത് ആദ്യമായി പ്രാദേശികമായി നിർമ്മിച്ച മോട്ടോർ സൈക്കിൾ അവതരിപ്പിച്ചതും രാഹുൽ ബജാജ് ആണ്.

ചേതക് വിപണി വിട്ടുതുടങ്ങിയ 2005 മുതൽ അദ്ദേഹം അധികാരക്കൈമാറ്റത്തിനു നീക്കം തുടങ്ങിയിരുന്നു. ബജാജ് ഓട്ടോയുടെ എം.ഡി.യായി മകൻ രാജീവ് ബജാജിനെ കൊണ്ടുവന്നു. അതേസമയം, കാർ വിപണിയിലേക്ക് കടക്കാനുള്ള ശ്രമം വിജയം കണ്ടില്ല. രാജീവ്, ബജാജ് ഓട്ടോയുടെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റശേഷം 2009-ൽ തങ്ങളുടെ ശ്രദ്ധാകേന്ദ്രം സ്‌കൂട്ടറിൽനിന്ന് ബൈക്കുകളിലേക്കു മാറ്റാൻ തീരുമാനിച്ചു. ഇതറിഞ്ഞപ്പോൾ രാഹുൽ ബജാജിന് തന്റെ നിരാശയടക്കാനായില്ല. 'ഇതു ശരിയായി തോന്നുന്നില്ല, എനിക്ക് നോവുന്നു' എന്ന് അദ്ദേഹം പരസ്യമായി പറഞ്ഞു. ഇതിന് മകന്റെ മറുപടി ഇങ്ങനെയായിരുന്നു- 'പരിഹാരങ്ങൾ വികാരങ്ങളിൽനിന്നല്ല യുക്തികളിൽനിന്നാണ് ഉണ്ടാവുന്നത്'.

2021 ഏപ്രിൽ 30-ന് ബജാജ് ഓട്ടോയുടെ ചെയർമാൻസ്ഥാനം ഒഴിഞ്ഞു. പകരം നീരജ് ബജാജിനെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചു. തുടർന്ന് കമ്പനിയുടെ ചെയർമാൻ എമരിറ്റസ് ആയി പ്രവർത്തിച്ചുവരുകയായിരുന്നു. രാഹുൽ ബജാജിന്റെ നേതൃത്വത്തിൽ ബജാജ് ഓട്ടോയുടെ വിറ്റുവരവ് വെറും 7.2 കോടി രൂപയിൽനിന്ന് 12,000 കോടിയിലേക്ക് വളർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP