Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകകപ്പ് നേട്ടം തുണച്ചു; ഇന്ത്യൻ അണ്ടർ 19 താരങ്ങൾക്ക് പൊന്നുംവില; കോടിപതികളായി രാജ് ബാവയും ഹങ്കരേക്കറും; 8.25 കോടിക്ക് സിംഗപ്പുർ താരം ടിം ഡേവിഡ് മുംബൈയിൽ; ലോട്ടറിയടിച്ചത് ഷെഫേർഡിന്; ഐപിഎൽ മെഗാ താരലേലത്തിൽ നേട്ടം കൊയ്യുന്നത് ഓൾറൗണ്ടർമാർ

ലോകകപ്പ് നേട്ടം തുണച്ചു; ഇന്ത്യൻ അണ്ടർ 19 താരങ്ങൾക്ക് പൊന്നുംവില; കോടിപതികളായി രാജ് ബാവയും ഹങ്കരേക്കറും; 8.25 കോടിക്ക് സിംഗപ്പുർ താരം ടിം ഡേവിഡ് മുംബൈയിൽ; ലോട്ടറിയടിച്ചത് ഷെഫേർഡിന്; ഐപിഎൽ മെഗാ താരലേലത്തിൽ നേട്ടം കൊയ്യുന്നത് ഓൾറൗണ്ടർമാർ

സ്പോർട്സ് ഡെസ്ക്

ബെംഗളൂരു: ഐപിഎൽ 2022 സീസണ് മുന്നോടിയായുള്ള മെഗാ താരലേലത്തിന്റെ രണ്ടാം ദിനം കോടിപതികളുടെ പട്ടികയിലേക്ക് നടന്നു കയറിവരിൽ ഇന്ത്യക്ക് അണ്ടർ-19 ലോകകപ്പ് കിരീടം സമ്മാനിച്ച കൗമാര താരങ്ങളും. ലോകകപ്പ് ടീമിലെ ഓൾറൗണ്ടർ രാജ് അംഗദ് ബവയെ രണ്ട് കോടിക്ക് പഞ്ചാബ് കിങ്സ് തങ്ങളുടെ ടീമിലെത്തിച്ചു. മറ്റൊരു താരം രാജ്വർദ്ധൻ ഹാംഗർഗെകറെ 1.50 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. അതേസമയം, ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച നായകൻ യാഷ് ദുള്ളിനെ 50 ലക്ഷം രൂപക്ക് ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു.

ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റെടുക്കുകയും ബാറ്റിംഗിനിറങ്ങി 35 റൺസെടുത്ത് വിജയത്തിൽ നിർണായക സംഭാവന നൽകുകയും ചെയ്ത രാജ് ബാവയെ വാശിയേറിയ ലേലത്തിനൊടുവിലാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്.

ലോകകപ്പിൽ ഇന്ത്യക്കായി ബൗളിംഗിൽ തിളങ്ങിയ രാജ്വർധൻ ഹങ്കരേക്കർക്കുവേണ്ടിയും വാശിയേറിയ ലേലം നടന്നു. ഹങ്കരേക്കറെ ഒന്നര കോടി രൂപക്ക് ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലെത്തിച്ചു. 1.4 കോടി രൂപവരെ മുംബൈ ഇന്ത്യൻസും ലേലത്തിൽ വിളിച്ചെങ്കിലും ഒടുവിൽ യുവതാരത്തെ ചെന്നൈ ടീമിലെത്തിച്ചു. ലോകകപ്പിൽ കളിച്ച വിക്കി ഓട്സ്വാളിനും ഹർനൂർ സിംഗിനും ലേലത്തിൽ ആവശ്യക്കാരുണ്ടായില്ല.

40 ലക്ഷം രൂപ അടിസ്ഥാന വിലയുമായി എത്തിയ സിംഗപ്പുർ താരം ടിം ഡേവിഡിനെ വാശിയേശിയ ലേലത്തിനൊടുവിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. 8.25 കോടി രൂപയ്ക്കാണ് ഡേവിഡ് മുംബൈയുടെ ഭാഗമാകുന്നത്. ഈ സീസണിൽ കളിക്കുമെന്ന് ഉറപ്പില്ലാത്ത ഇംഗ്ലിഷ് താരം ജോഫ്ര ആർച്ചറിനെയും മുംബൈ സ്വന്തമാക്കി. എട്ടു കോടി രൂപയ്ക്കാണ് ആർച്ചറിനെ മുംബൈ വിളിച്ചെടുത്തത്. ജസ്പ്രീത് ബുമ്രയ്ക്കൊപ്പം ആർച്ചർ കൂടി എത്തുന്നതോടെ മുംബൈയുടെ ബോളിങ് നിര കൂടുതൽ അപകടകാരികളാകും.

ആറ് കോടിവരെ ആർച്ചർക്കായി രാജസ്ഥാൻ വിളിച്ചെങ്കിലും മുംബൈക്ക് പുറമെ സൺറൈസേഴ്‌സ് ഹൈദരാബാദും കനത്ത മത്സരവുമായി രംഗത്തെത്തിയതോടെ രാജസ്ഥാൻ പിന്മാറി. പിന്നീട് ഹൈദരാബാദും മുംബൈയും തമ്മിലായി ആർച്ചർക്കുള്ള ലേലം വിളിച്ചത്. ഒടുവിൽ എട്ടു കോടി രൂപക്ക് ആർച്ചറെ മുംബൈ ടീമിലെത്തിക്കുകയും ചെയ്തു. ജസ്പ്രീത് ബുമ്രക്കൊപ്പം ന്യൂ ബോൾ പങ്കിടാൻ ആർച്ചർ കൂടി എത്തുന്നതോടെ മുംബൈ ബൗളിങ് കൂടുതൽ കരുത്തുറ്റതാകും. വെസ്റ്റിൻഡീസ് താരം റൊമാരിയോ ഷെഫേർഡിനെ 7.75 കോടി രൂപയ്ക്ക് സൺറൈസേഴ്‌സ് ഹൈദരാബാദും സ്വന്തമാക്കി.

ആർച്ചറെ കൈവിട്ടതോടെ ട്രെന്റ് ബോൾട്ടിന് കൂട്ടായി മികച്ചൊരു വിദേശ പേസ് ബൗളറെ കൂടി ടീമിലെത്തിക്കാൻ ശ്രമിച്ച രാജസ്ഥാൻ വിൻഡീസ് പേസർ റൊമാരിയോ ഷെപ്പേർഡിനായി വാശിയേറിയ ലേലത്തിൽ പങ്കെടുത്തു. തുടക്കത്തിൽ മുംബൈ ഇന്ത്യൻസും ഷെപ്പേർഡിനായി രംഗത്തുണ്ടായിരുന്നു. പിന്നീട് ചെന്നൈയും ഹൈദരാബാദും വാശിയേറി മത്സരവുമായി രംഗത്തെത്തി. ഒടുവിൽ 7.75 കോടി രൂപക്കാണ് ഷെപ്പേർഡിനെ ഹൈദരാബാദ് ടീമിലെത്തിച്ചത്.

മെഗാ താരലേലത്തിന്റെ രണ്ടാം ദിനം ഇന്ത്യൻ പേസ് ബോളർമാരും നേട്ടമുണ്ടാക്കി. സ്വദേശി പേസർമാർക്കായി ടീമുകൾ മത്സരിച്ച് ലേലം വിളിച്ചതോടെ ഇടംകയ്യൻ പേസർ ഖലീൽ അഹമ്മദിന് ലഭിച്ചത് 5.25 കോടി രൂപ. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ഖലീലിനെ ഡൽഹി ക്യാപിറ്റൽസാണ് 5.25 കോടി രൂപയ്ക്ക് ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് 'കോടിപതിയാക്കിയ' ചേതൻ സാകരിയയെ ഇത്തവണ 4.20 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് തന്നെ സ്വന്തമാക്കി. നവ്ദീപ് സെയ്‌നിയെ 2.60 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസും ജയ്ദേവ് ഉനദ്കടിനെ 1.40 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസും സ്വന്തമാക്കി.

ഇംഗ്ലിഷ് താരം ലിയാം ലിവിങ്സ്റ്റണാണ് താരലേലത്തിന്റെ രണ്ടാം ദിനം ഇതുവരെ ഏറ്റവും ഉയർന്ന തുക സ്വന്തമാക്കിയത്. ഒരു കോടി രൂപ അടിസ്ഥാന വിലയുമായി ഓൾറൗണ്ടർമാരുടെ വിഭാഗത്തിൽ എത്തിയ ലിവിങ്സ്റ്റണിനെ 11.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളുമായുള്ള ആവേശകരമായ 'പോരാട്ട'ത്തിനൊടുവിലാണ് താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ തിളങ്ങിയ വെസ്റ്റിൻഡീസ് താരം ഒഡീൻ സ്മിത്തിനെ 6 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. ഒരു കോടിയായിരുന്നു അടിസ്ഥാന വില.

അതേസമയം ഡേവിഡ് മലാൻ, ഓയിൻ മോർഗൻ, മാർനസ് ലബുഷെയ്ൻ, സൗരഭ് തിവാരി, ആരോൺ ഫിഞ്ച്, ചേതേശ്വർ പൂജാര, ജെയിംസ് നീഷാം, ക്രിസ് ജോർദൻ, ഇഷാന്ത് ശർമ, ലുങ്കി എൻഗിഡി, ഷൽഡൻ കോട്രൽ, നഥാൻ കോൾട്ടർ നെയ്ൽ, പിയുഷ് ചൗള, ഇഷ് സോധി, കരൺ ശർമ, കരുൺ നായർ, എവിൻ ലൂയിസ്, അലക്സ് ഹെയ്ൽസ്, തബ്രൈസ് ഷംസി എന്നിവരെ ആരും വാങ്ങിയില്ല. മലയാളി താരങ്ങളായി സച്ചിൻ ബേബി, സന്ദീപ് വാര്യർ എന്നിവരെയും രണ്ടാം ദിനം ആരും വാങ്ങിയില്ല.

ജയന്ത് യാദവിനെ 1.70 കോടിക്കും വിജയ് ശങ്കറെ 1.40 കോടിക്കും ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. മാർക്കോ യാൻസനെ 4.20 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചപ്പോൾ. ശിവം ദുബെ 4 കോടിക്ക് ചെന്നൈ സൂപ്പർ കിങ്സിലെത്തി. ഖലീൽ അഹമ്മദിനെ 5.25 കോടിക്ക് ഡൽഹി ക്യാപ്പിറ്റൽസ് സ്വന്തമാക്കി.

40 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ടിം ഡേവിഡിനെ 8.25 കോടിക്കാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ജോഫ്ര ആർച്ചറെ 8 കോടിക്കും മുംബൈ സ്വന്തമാക്കി. ചേതൻ സകാരിയയെ 4.20 കോടിക്ക് ഡൽഹി ക്യാപ്പിറ്റൽസ് ടീമിലെത്തിച്ചു. നവ്ദീപ് സെയ്നിയെ 2.60 കോടിക്ക് രാജസ്ഥാൻ റോയൽസ് വാങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP