Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏറ്റവും മൂല്യമേറിയ 'അൺക്യാപ്ഡ് പ്ലെയർ' ആവേശ് ഖാൻ; സീസണിലെ മൂല്യമേറിയ താരമായി ഇഷാൻ കിഷൻ; കോടികൾ കൊയ്ത് ദീപക് ചാഹറും ശ്രേയസ് അയ്യരും; ഐപിഎൽ മെഗാ താര ലേലത്തിന്റെ ആദ്യ ദിനം ടീമുകൾ സ്വന്തമാക്കിയത് 74 താരങ്ങളെ; പത്ത് കോടി പിന്നിട്ടവരിൽ ഏഴ് ഇന്ത്യൻ താരങ്ങൾ

ഏറ്റവും മൂല്യമേറിയ 'അൺക്യാപ്ഡ് പ്ലെയർ' ആവേശ് ഖാൻ; സീസണിലെ മൂല്യമേറിയ താരമായി ഇഷാൻ കിഷൻ; കോടികൾ കൊയ്ത് ദീപക് ചാഹറും ശ്രേയസ് അയ്യരും; ഐപിഎൽ മെഗാ താര ലേലത്തിന്റെ ആദ്യ ദിനം ടീമുകൾ സ്വന്തമാക്കിയത് 74 താരങ്ങളെ; പത്ത് കോടി പിന്നിട്ടവരിൽ ഏഴ് ഇന്ത്യൻ താരങ്ങൾ

സ്പോർട്സ് ഡെസ്ക്

ബെംഗളൂരു: ഐപിഎൽ മെഗാ താര ലേലത്തിന്റെ ആദ്യ ദിവസം അവസാനിച്ചപ്പോൾ കോടിപതികളായി മാറിയതിൽ ഏറെയും ഇന്ത്യൻ താരങ്ങൾ. പത്ത് കോടിയിലിലേറെ മൂല്യം സ്വന്തമാക്കിയതിൽ ഏഴ് പേർ ഇന്ത്യൻ താരങ്ങളാണ്.ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷൻ കിഷനായി മുംബൈ ഇന്ത്യൻസ് 15.25 കോടി രൂപ മുടക്കി. മെഗാ താര ലേലത്തിൽ ഈ സീസണിൽ ഏറ്റവും ഉയർന്ന തുക സ്വന്തമാക്കിയതും ഇഷാൻ തന്നെയാണ്. ഹൈദരാബാദിനെയും പഞ്ചാബിനെയും ഗുജറാത്തിനെയും മറികടന്ന് വാശിയേറിയ ലേലം വിളിക്കൊടുവിലാണു മുംബൈ ഇഷനെ സ്വന്തമാക്കിയത്.

ഇതോടെ യുവ് രാജ് സിങ്ങിന് ശേഷം ഐപിഎൽ ലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും കിഷൻ സ്വന്തമാക്കി. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന കിഷൻ ഏഴിരട്ടിയോളമാണ് ലേലത്തിൽ സ്വന്തമാക്കിയത്. 2015-ൽ 16 കോടി രൂപയ്ക്ക് ഡൽഹി ഡെയർഡെവിൾസാണ് (ഇപ്പോഴത്തെ ഡൽഹി ക്യാപ്പിറ്റൽസ്) യുവ് രാജ് സിങ്ങിനെ ലേലത്തിൽ പിടിച്ചത്.

അതേ സമയം ഇരുപത് ലക്ഷം രൂപ അടിസ്ഥാന വിലയിട്ട് താരലേലത്തിന് എത്തിയ ആവേശ് ഖാൻ ആണ് ശരിക്കും ഞെട്ടിച്ചത്. ഇരുപത് ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന ആവേശ് ഖാനെ 10 കോടി രൂപയ്ക്കാണു ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത്. ഹൈദരാബാദ് അവസാനം വരെ ആവേശിനൊപ്പമുണ്ടായിരുന്നു. എന്നാൽ ലഖ്നൗവിന്റെ മുന്നിൽ മുട്ടുകടക്കി. മുംബൈ ഇന്ത്യൻസും ആവേശിന് വേണ്ടി രംഗത്തുണ്ടായിരുന്നു. എക്കാലത്തെയും മൂല്യമേറിയ അൺക്യാപ്ഡ് പ്ലയർ ആയി ആവേശ് ഖാൻ മാറി.

20 ലക്ഷം അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന ഷാരൂഖ് ഖാനും കോടിപതികളായി. ഷാരൂഖിനെ 9 കോടിക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്.ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ടൂർണമെന്റ് എന്നിവയിലെല്ലാം തകർപ്പൻ പ്രകടനമാണ് ഷാറുഖ് പുറത്തെടുത്തത്. അടുത്തിടെ ഇന്ത്യൻ ക്യാംപിലേക്കും താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇന്ത്യൻ പേസർമാർക്ക് പൊന്നുംവില നൽകിയാണ് ഇത്തവണ ടീമുകൾ സ്വന്തമാക്കിയത്. വിൻഡീസിന് എതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ പേസറായ ദീപക് ചാഹർ, പ്രസിദ്ധ് കൃഷ്ണ ഓൾറൗണ്ടർ ഷർദൂൽ ഠാക്കൂർ എന്നീ താരങ്ങളാണ് വിദേശ പേസർമാരെക്കാൾ കൂടുതൽ മൂല്യവുമായി വിവിധ ഐപിഎൽ ടീമുകളിൽ ഇടംപിടിച്ചത്. ദീപക് ചാഹറിനെ 14 കോടി രൂപ നൽകി ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തിയപ്പോൾ ചെന്നൈ താരമായിരുന്ന ഷർദ്ദുൽ ഠാക്കൂറിനെ 10.75 കോടി നൽകി ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട കൊൽക്കത്ത പേസറായിരുന്ന പ്രസിദ്ധ് കൃഷ്ണയാണ് ലേലത്തിൽ ലോട്ടറിയടിച്ച മറ്റൊരു പേസർ. 10 കോടി രൂപ നൽകി രാജസ്ഥാൻ റോയൽസാണ് പ്രസിദ്ധിനെ ടീമിലെത്തിച്ചത്.

ഹരിയാനയുടെ ഓൾറൗണ്ടർ രാഹുൽ തെവാട്ടിയക്കും കോടികൾ ലഭിച്ചു. ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസ് ഒമ്പത് കോടിക്കാണ് തെവാട്ടിയയെ സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിങ്സിന്റെ കടുത്ത വെല്ലുവിളിയാണ് ഗുജറാത്ത് മറികടന്നത്. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്നു തെവാട്ടിയ.

ഇന്ത്യൻ പേസർ ശിവം മാവിയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തിരിച്ചെത്തിച്ചു. 7.25 കോടിക്കാണ് താരത്തെ കൊൽക്കത്ത തിരിച്ചെത്തിച്ചത്. ലഖ്നൗ സൂപ്പർ ജയന്റ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവരും താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുെട മുൻ അണ്ടർ 19 താരം സർഫറാസ് ഖാനെ ഡൽഹി കാപിറ്റൽസ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 20 ലക്ഷമാണ് താരത്തിന് ലഭിച്ചത്.

യുവതാരം റിയാൻ പരാഗിനെ രാജസ്ഥാൻ റോയൽസ് തിരിച്ചെത്തിച്ചു. മൂന്ന് കോടിയാണ് രാജസ്ഥാൻ മുടക്കിയത്. ഗുജറാത്ത് ടൈറ്റൻസാണ് പ്രധാനമായും രാജസ്ഥാന് വെല്ലുവിളിയായത്. 6.50 കോടിക്കാണ് അഭിഷേകിനെ ഹൈദരാബാദ് തിരിച്ചെത്തിച്ചത്. 5.75 കോടി വരെ ഗുജറാത്ത് ടൈറ്റൻസും ശ്രമിച്ചിരുന്നു. ഷഹ്ബാസ് അഹമ്മദിനെ ആർസിബി 2.4 കോടിക്ക് തിരിച്ചെത്തിച്ചു. ഹർപ്രീത് ബ്രാർ പഞ്ചാബ് കിങ്സിൽ തുടരും. 3.80 കോടിയാണ് പഞ്ചാബ് ക്രിക്കറ്റർക്ക് ലഭിച്ചത്. കമലേഷ് നാഗർകോട്ടി 1.1 കോടിക്ക് ഡൽഹി കാപിറ്റൽസിന് വേണ്ടി പന്തെറിയും.

കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനൊപ്പം കളിച്ച കാർത്തിക് ത്യാഗി സൺറൈസേഴ്സ് ഹൈദരാബാദിലെത്തി. നാല് കോടിയാണ് താരത്തിന് ലേലത്തിൽ ലഭിച്ചത്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ് എന്നിവരും താരത്തിനായി രംഗത്തുണ്ടായിരുന്നു.

അണ്ടർ 19 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത ഡിവാൾഡ് ബ്രേവിസ് മുംബൈ ഇന്ത്യൻസിൽ എത്തി. മൂന്ന് കോടിക്കാണ് 'ബേബി ഡിവില്ലിയേഴ്സ്' എന്നറിയപ്പെടുന്ന താരത്തെ മുംബൈ റാഞ്ചിയത്. താരത്തിന്റെ ശൈലി മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സിനോട് താരതമ്യം ചെയ്യപ്പെട്ടിരുന്നു. നേരത്തെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ കളിക്കാൻ താൽപര്യമുണ്ടെന്ന് ബ്രേവിസ് വ്യക്തമാക്കിയിരുന്നു. 20 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ് എന്നിവർ താരത്തിന് വേണ്ടി രംഗത്തെത്തി. എന്നാൽ മുംബൈ ഇന്ത്യൻസിന് മുന്നിൽ ഇരുവരും പിന്മാറി.

രാഹുൽ ത്രിപാഠിക്ക് 8.50 കോടി ലഭിച്ചു. ഹൈദരാബാദിന് വേണ്ടിയാണ് ത്രിപാഠി വരും സീസണിൽ കളിക്കുക. ചെന്നൈ സൂപ്പർ കിങ്സ് അവസാനം വരെ പിടിച്ചുനിന്നെങ്കിലു പിന്നീട് പിന്മാറി. 40 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാനവില. അവസാന സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായാണ് ത്രിപാഠി കളിച്ചത്. കർണാടക ബാറ്റ്സ്മാൻ അഭിനവ് മനോഹർ ഗുജറാത്ത് ടൈറ്റൻസിൽ കളിക്കും. രണ്ട് കോടിയാണ് താരത്തിന് ലഭിച്ചത്.


ഇന്ത്യൻ മധ്യനിര താരം ശ്രേയസ് അയ്യരാണ് മാർക്വി താരങ്ങളിൽ ഏറ്റവും അധികം തുക സ്വന്തമാക്കിയത്. 2 കോടി അടിസ്ഥാന വില നിശ്ചയിച്ച അയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത് 12.25 കോടി രൂപയ്ക്കാണ്. ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചപ്പോൾ ഓസീസ് ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ ഡേവിഡ് വാർണറെ 6.25 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. ഹർഷൽ പട്ടേലിനെ 10.75 കോടിക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തിരികെ ടീമിലെത്തിച്ചു. അതേസമയം ദേവ്ദത്ത് പടിക്കലിനെ 7.75 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.

ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ (5 കോടി), കിവീസ് പേസർ ട്രെന്റ് ബോൾട്ട് (8 കോടി) എന്നിവരെ വാങ്ങിയ രാജസ്ഥാൻ റോയൽസ്, പിന്നീട് മലയാളി താരം ദേവ്ദത്ത് പടിക്കൽ (7.75 കോടി), വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മയർ (8.5 കോടി) എന്നീ ബാറ്റർമാരെയും ടീമിലെത്തിച്ച് കരുത്തുകാട്ടി.

മലയാളി താരങ്ങളായ ബേസിൽ തമ്പിയെ (30 ലക്ഷം) മുംബൈയും കെ.എം. ആസിഫിനെ (20 ലക്ഷം ചെന്നൈയും സ്വന്തമാക്കി. അതേസമയം സ്റ്റീവ് സ്മിത്ത്, സുരേഷ് റെയ്ന, ഡേവിഡ് മില്ലർ, ഷാക്കിബ് അൽ ഹസൻ, മുഹമ്മദ് നബി, മാത്യു വെയ്ഡ്, വൃദ്ധിമാൻ സാഹ, ആദം സാംപ, ഉമേഷ് യാദവ്, ആദിൽ റഷീദ് എന്നിവരെ ആദ്യ ശ്രമത്തിൽ ആരും വാങ്ങിയില്ല. മലയാളി താരങ്ങളായ വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർക്കു വേണ്ടിയും ആരും രംഗത്ത് വന്നില്ല.

ബെംഗളൂരുവിലെ ഹോട്ടൽ ഐടിസി ഗാർഡനിയയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ തന്നെ ലേലം ആരംഭിച്ചു. 2018 മുതൽ താരലേലം നടത്തുന്ന ഹ്യൂഗ് എഡ്‌മെഡെസ് തന്നെയാണ് മെഗാതാരലേലവും നിയന്ത്രിക്കുന്നത്. അതേസമയം ലേല നടപടികൾക്കിടെ ഹ്യൂഗ് എഡ്‌മെഡെസ് തളർന്നുവീണത് ആശങ്ക പടർത്തി. ഉടൻ തന്നെ ഫ്രാഞ്ചൈസി ഉടമകളും മറ്റ് ജീവനക്കാരും അദ്ദേഹത്തിന് മെഡിക്കൽ സേവനം ലഭ്യമാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ഇതേത്തുടർന്ന് തടസപ്പെട്ട ലേല നടപടികൾ വൈകീട്ട് 3.30-ന് പുനരാരംഭിച്ചു. എഡ്‌മെഡെസിന് പകരം പിന്നീട് ലേല നടപടികൾ നിയന്ത്രിച്ചത് കമന്റേറ്റർ ചാരു ശർമയാണ്.

ഐപിഎൽ ടീമുകൾ സ്വന്തമാക്കിയ താരങ്ങൾ

പഞ്ചാബ് കിങ്സ്

ശിഖർ ധവാൻ - 8.25 കോടി
കാഗിസോ റബാദ - 9.25 കോടി
ജോണി ബെയർസ്റ്റോ - 6.75 കോടി
ഷാരൂഖ് ഖാൻ - 9 കോടി
രാഹുൽ ചാഹർ - 5.25 കോടി
ഇഷാൻ പോറൽ - 25 ലക്ഷം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ശ്രേയസ് അയ്യർ - 12.25 കോടി
പാറ്റ് കമ്മിൻസ് - 7.25 കോടി
നിതീഷ് റാണ - 8 കോടി

ഗുജറാത്ത് ടൈറ്റൻസ്

മുഹമ്മദ് ഷമി - 6.25 കോടി
ജേസൺ റോയി - 2 കോടി
ലോക്കി ഫെർഗൂസൻ - 10 കോടി

ഡൽഹി ക്യാപ്പിറ്റൽസ്

ഡേവിഡ് വാർണർ - 6.25 കോടി
മിച്ചൽ മാർഷ് - 6.50 കോടി
ശാർദുൽ താക്കൂർ - 10.75 കോടി
കുൽദീപ് യാദവ് - 2 കോടി
മുസ്തഫിസുർ റഹ്‌മാൻ - 2 കോടി

ലഖ്നൗ സൂപ്പർ ജയന്റ്സ്

മനീഷ് പാണ്ഡെ 4.60 കോടി
ജേസൺ ഹോൾഡർ - 8.75 കോടി
ക്വിന്റൺ ഡിക്കോക്ക് - 6.75 കോടി
ദീപക് ഹൂഡ - 5.75 കോടി
മാർക്ക് വുഡ് - 7.50 കോടി
ആവേശ് ഖാൻ - 10 കോടി
ക്രുണാൽ പണ്ഡ്യ - 8.25 കോടി

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

ഹർഷൽ പട്ടേൽ - 10.75 കോടി
ഫാഫ് ഡുപ്ലെസി - 7 കോടി
വാനിന്ദു ഹസരംഗ - 10.75 കോടി
ദിനേഷ് കാർത്തിക്ക് - 5.50 കോടി
ജോഷ് ഹെയ്സൽവുഡ് - 7.75 കോടി

രാജസ്ഥാൻ റോയൽസ്

ദേവ്ദത്ത് പടിക്കൽ - 7.75 കോടി
ട്രെന്റ് ബോൾട്ട് - 8 കോടി
ഷിംറോൺ ഹെറ്റ്മയർ - 8.50 കോടി
യുസ്വേന്ദ്ര ചാഹൽ - 6.50 കോടി
പ്രസിദ്ധ് കൃഷ്ണ - 10 കോടി
കെ.സി കരിയപ്പ - 30 ലക്ഷം

ചെന്നൈ സൂപ്പർ കിങ്സ്

അമ്പാട്ടി റായുഡു - 6.75 കോടി
റോബിൻ ഉത്തപ്പ - 2 കോടി
ഡ്വെയ്ൻ ബ്രാവോ - 4.40 കോടി
ദീപക് ചാഹർ - 14 കോടി
കെ.എം ആസിഫ് - 20 ലക്ഷം

സൺറൈസേഴ്സ് ഹൈദരാബാദ്

വാഷിങ്ടൺ സുന്ദർ - 8.75 കോടി
നിക്കോളാസ് പുരൻ - 10.75 കോടി
ടി. നടരാജൻ - 4 കോടി
ഭുവനേശ്വർ കുമാർ - 4.20 കോടി
രാഹുൽ ത്രിപാഠി - 8.50 കോടി
അഭിഷേക് ശർമ - 6.50 കോടി
ശ്രേയസ് ഗോപാൽ - 75 ലക്ഷം

മുംബൈ ഇന്ത്യൻസ്

ഇഷാൻ കിഷൻ - 15.25 കോടി
ഡെവാൾഡ് ബ്രെവിസ് - 3 കോടി
മുരുകൻ അശ്വിൻ - 1.60 കോടി
ബേസിൽ തമ്പി - 30 ലക്ഷം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP