Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇഷാൻ കിഷനെ പൊന്നും വിലയ്ക്ക് ടീമിൽ നിലനിർത്തി മുംബൈ ഇന്ത്യൻസ്; 15 കോടി 25 ലക്ഷം രൂപ; സഞ്ജുവിനു കൂട്ടായി ദേവ്ദത്ത്; ശ്രേയസിനും ഹർഷലിനും വമ്പൻ നേട്ടം; തല ഉയർത്തി പേസർമാരായ റബാദയും കമ്മിൻസും ട്രെന്റ് ബോൾട്ടും; നിറം മങ്ങിയ റെയ്നയ്ക്കും ഷാക്കിബിനും സ്റ്റീവ് സ്മിത്തിനും ഇടമില്ല; ഐപിഎൽ താരലേലത്തിൽ ഇതുവരെ സംഭവിച്ചത്

ഇഷാൻ കിഷനെ പൊന്നും വിലയ്ക്ക് ടീമിൽ നിലനിർത്തി മുംബൈ ഇന്ത്യൻസ്; 15 കോടി 25 ലക്ഷം രൂപ; സഞ്ജുവിനു കൂട്ടായി ദേവ്ദത്ത്; ശ്രേയസിനും ഹർഷലിനും വമ്പൻ നേട്ടം; തല ഉയർത്തി പേസർമാരായ റബാദയും കമ്മിൻസും ട്രെന്റ് ബോൾട്ടും; നിറം മങ്ങിയ റെയ്നയ്ക്കും ഷാക്കിബിനും സ്റ്റീവ് സ്മിത്തിനും ഇടമില്ല; ഐപിഎൽ താരലേലത്തിൽ ഇതുവരെ സംഭവിച്ചത്

സ്പോർട്സ് ഡെസ്ക്

ബെംഗളൂരു: ഐപിഎൽ 2022 സീസണ് മുമ്പുള്ള മെഗാതാരലേലത്തിൽ ഇന്ത്യൻ താരം ഇഷാൻ കിഷനെ പൊന്നും വിലയ്ക്ക് ടീമിൽ തിരികെയെത്തിച്ച് മുംബൈ ഇന്ത്യൻസ്. പതിനഞ്ച് കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് ഇഷാന് വേണ്ടി മുംബൈ ചെലവിട്ടത്. ടീമിൽ നിലനിർത്താതെ ലേലത്തിന് വിട്ടുകൊടുത്ത ശേഷമാണ് ഏറ്റവും ഉയർന്ന വില കൊടുത്ത് ഇഷാനെ മുംബൈ ടീമിൽ എത്തിച്ചത്. ഇതുവരെയുള്ള ലേലത്തിൽ ഏറ്റവും ഉയർന്ന തുക നേടിയത് ഇഷാൻ കിഷനാണ്. താരത്തിനായി മുംബൈയും ഹൈദരാബാദും തമ്മിൽ കടുത്ത പോരാട്ടം നടന്നു.

ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യരും ഹർഷൽ പട്ടേലുമാണ് പൊന്നുംവില സ്വന്തമാക്കിയ മറ്റ് ഇന്ത്യൻ താരങ്ങൾ. മാർക്വി താരങ്ങളുടെ ലേലമാണ് തുടക്കത്തിൽ നടന്നത്. ഇന്ത്യൻ താരം ശിഖർ ധവാനാണ് ആദ്യം ലേലത്തിൽ പോയ താരം. ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചു. 12.25 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിളിച്ചെടുത്ത ശ്രേയസ് അയ്യരാണ് മാർക്വി താരങ്ങളിൽ ഏറ്റവും അധികം തുക സ്വന്തമാക്കിയത്. 2 കോടിയായിരുന്നു അയ്യരുടെ അടിസ്ഥാന വില. ഹർഷൽ പട്ടേലിനെ 10.75 കോടിക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തിരികെ ടീമിലെത്തിച്ചു. അതേസമയം ദേവ്ദത്ത് പടിക്കലിനെ 7.75 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.

റോയൽ ചലഞ്ചേഴ്‌സ് താരമായിരുന്ന ഹർഷൽ പട്ടേലാണ് ലേലത്തിൽ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. ഹൽഷലിനായി സൺറൈസേഴ്‌സും ബാംഗ്ലൂരും വാശിയോടെ ലേലം വിളിച്ചു. ഒടുവിൽ 10.75 കോടി രൂപക്കാണ് ഹർഷലിനെ ബാംഗ്ലൂരിൽ തിരികെയെത്തിച്ചത്. കഴിഞ്ഞ സീസണിൽ വിക്കറ്റ് വേട്ടയിൽ മുന്നിലെത്തിയ ബൗളറാണ് ഹർഷൽ.

മെഗാതാരലേലത്തിൽ മലയാളി താരം ദേവ്ദത്ത് പടിക്കലിനായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പർ കിങ്‌സുമാണ് ആദ്യ റൗണ്ടിൽ വാശിയോടെ ലേലം വിളിച്ചത്. പടിക്കലിന്റെ മൂല്യം നാലു കോടി പിന്നിട്ടതോടെ മലയാളി താരത്തിനായി രാജസ്ഥാൻ റോയൽസും എത്തി. അഞ്ച് കോടി കടന്നതോടെ വാശിയേറിയ ലേലത്തിൽ മുംബൈ ഇന്ത്യൻസും പടിക്കലിനെ സ്വന്തമാക്കാൻ രംഗത്തിറങ്ങി. ഏഴ് കോടി രൂപവരെ മുംബൈ വിളിച്ചെങ്കിലും 7.25 കോടി രൂപക്ക് പടിക്കലിനെ മലയാളി നായകൻ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.

ഒന്നര കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വെസ്റ്റ് ഇൻഡീസ് താരം ഷിമ്രോൺ ഹെറ്റ്‌മെയറിനാണ് പിന്നീട് വാശിയേറിയ ലേലം നടന്നത്. ഹെറ്റ്‌മെയറിനായി ഡൽഹിയും രാജസ്ഥാനും വാശിയേറിയ ലേലത്തിൽ പങ്കെടുത്തു. ഒടുവിൽ 8.25 കോടി രൂപ നൽകി ഹെറ്റ്‌മെയറെ രാജസ്ഥാൻ ടീമിലെത്തിച്ചു.

കാഗിസോ റബാദയെ 9.25 കോടിക്ക് പഞ്ചാബ് കിങ്സും പാറ്റ് കമ്മിൻസിനെ 7.25 കോടിക്ക് കൊൽക്കത്തയും വിളിച്ചെടുത്തു. മുഹമ്മദ് ഷമിയെ 6.225 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി.6.25 കോടിക്ക് ഡേവിഡ് വാർണർ ഡൽഹി ക്യാപ്പിറ്റൽസിലെത്തി. ക്വിന്റൺ ഡിക്കോക്കിനെ 6.75 കോടിക്ക് ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കി. ഫാഫ് ഡുപ്ലെസിയെ 7 കോടിക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി. ഈ സീസണിൽ ടീമിനെ നയിക്കുക ഒരുപക്ഷേ ഡുപ്ലെസിയാകും.

ബെംഗളൂരുവിലെ ഹോട്ടൽ ഐടിസി ഗാർഡനിയയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ തന്നെ ലേലം ആരംഭിച്ചു. 2018 മുതൽ താരലേലം നടത്തുന്ന ഹ്യൂഗ് എഡ്‌മെഡെസ് തന്നെയാണ് മെഗാതാരലേലവും നിയന്ത്രിക്കുന്നത്. അതേസമയം ലേല നടപടികൾക്കിടെ ഹ്യൂഗ് എഡ്‌മെഡെസ് തളർന്നുവീണത് ആശങ്ക പടർത്തി. ഉടൻ തന്നെ ഫ്രാഞ്ചൈസി ഉടമകളും മറ്റ് ജീവനക്കാരും അദ്ദേഹത്തിന് മെഡിക്കൽ സേവനം ലഭ്യമാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

ന്യൂസീലൻഡ് താരം ട്രെന്റ് ബോൾട്ടിനെ 8 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. മനീഷ് പാണ്ഡെ 4.60 കോടിക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിലെത്തി. വെസ്റ്റിൻഡീസ് താരം ഷിംറോൺ ഹെറ്റ്മയയെ 8.50 കോടിക്ക് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. റോബിൻ ഉത്തപ്പയെ 2 കോടിക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. സ്റ്റീവ് സ്മിത്ത്, സുരേഷ് റെയ്ന, ഡേവിഡ് മില്ലർ, ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ എന്നിവരെ ആദ്യ ശ്രമത്തിൽ ആരും വാങ്ങിയില്ല.

ഇംഗ്ലണ്ട് താരം ജേസൺ റോയിയെ 2 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. ഡ്വെയ്ൻ ബ്രാവോയെ 4.40 കോടിക്ക് ചെന്നൈ സൂപ്പർ കിങ്സ് തിരിച്ചെത്തിച്ചു. നിതീഷ് റാണയെ 8 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തിരികെ ടീമിലെത്തിച്ചു. ജേസൺ ഹോൾഡർ 8.75 കോടിക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിലെത്തിയപ്പോൾ ദീപക് ഹൂഡയെ 5.75 കോടിക്ക് ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കി.

വെസ്റ്റ് ഇൻഡീസിന്റെ ജേസൺ ഹോൾഡറാണ് ലേലത്തിൽ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. 8.75 കോടിക്ക് ഹോൾഡറെ ലക്‌നോ സൂപ്പർ ജയന്റ്‌സ് ടീമിലെത്തിച്ചു. കഴിഞ്ഞ സീസണിൽ സൺറൈസേഴ്‌സ് താരമായിരുന്ന ഹോൾഡർക്കായി മുംബൈ ഇന്ത്യൻസും ശക്തമായി രംഗത്തുണ്ടായിരുന്നു.

വാശിയേറിയ മറ്റൊരു ലേലത്തിനൊടുവിൽ എട്ട് കോടി നൽകി നീതീഷ് റാണയെ കൊൽക്കത്ത തിരിച്ചു പിടിച്ചു. മുംബൈയും കൊൽക്കത്തയും ചെന്നൈ സൂപ്പർ കിങ്‌സുമാണ് നിതീഷ് റാണക്കായി വാശിയേറിയ ലേലത്തിൽ പങ്കെടുത്തത്. വിശ്വസ്തനായ ഡ്വയിൻ ബ്രാവോയെ(ഉംമ്യില ആൃമ്ീ) ചെന്നൈ സൂപ്പർ കിങ്‌സ് തിരിച്ചുപിടിച്ചു. ഡൽഹിയുടെയും സൺറൈസേഴ്‌സിന്റെയും വെല്ലുവിളി മറികടന്ന് 4.4 കോടിക്കാണ് ബ്രാവോയെ ചെന്നൈ തിരിച്ചെത്തിച്ചത്. സൺറൈസേഴ്‌സ് താരമായിരുന്ന മനീഷ് പാണ്ഡെക്കായും ലേലത്തിൽ ടീമുകൾ മത്സരിച്ചു. ഒടുവിൽ 4.6 കോടി രൂപക്ക് മനീഷ് പാണ്ഡെയെ ലക്‌നോ ടീമിലെത്തിച്ചു.

താരലേലത്തിൽ ശ്രീലങ്കൻ സ്പിൻ ഓൾ റൗണ്ടർ വാനിന്ദു ഹസരങ്കയും വൻതുക സ്വന്തമാക്കി. ആവേശകരമായ ലേലം വിളിക്കൊടുവിൽ പഞ്ചാബ് കിങ്‌സിനെ മറികടന്ന് 10.75 കോടി രൂപക്ക് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആണ് ഹസരങ്കയെ ടീമിലെത്തിച്ചത്.

ഇന്ത്യൻ താരങ്ങളായ ക്രുനാൽ പാണ്ഡ്യയും വാഷിങ്ടൺ സുന്ദറുമാണ് ഓൾ റൗണ്ടർമാരുടെ ലേലത്തിൽ നേട്ടമുണ്ടാക്കിയ രണ്ടുപേർ. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ക്രുനാലിനായി സഹോദരൻ ഹാർദ്ദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റൻസ് അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്നു. സൺറൈഴേ്‌സ് ഹൈദരാബാദും ക്രുനാലിനായി ആവേശത്തോടെ രംഗത്തെത്തി. എന്നാൽ 8.25 കോടിക്ക് കെ എൽ രാഹുൽ നായകനായ ലക്‌നോ സൂപ്പർ ജയന്റ്‌സ് ക്രുനാലിനെ ടീമിലെത്തിച്ചു. മുൻ ടീമായ മുംബൈ ഇന്ത്യൻസ് ക്രുനാലിൽ താൽപര്യം കാട്ടിയില്ല എന്നതും ശ്രദ്ധേയമായി.

ഇന്ത്യൻ താരമായ വാഷിങ്ടൺ സുന്ദറാണ് ഓൾ റൗണ്ടർമാരിൽ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. കഴിഞ്ഞ സീസണിൽ ബാംഗ്ലൂരിന്റെ പവർ പ്ലേ ബൗളറായിരുന്ന സുന്ദറിന് 1.50 കോടി രൂപയായിരുന്നു അടിസ്ഥാന വില. ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസും ലഖ്‌നൗ സൂപ്പർ ജയന്റ്‌സും സുന്ദറിനെ സ്വന്തമാക്കാൻ മത്സരിച്ചെങ്കിലും ഒടുവിൽ 8.75 കോടിക്ക് സൺറൈസേഴ്‌സ് ഹൈരദാബാദ് സുന്ദറിനെ ടീമിലെത്തിച്ചു.

ട്വന്റി 20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പ്രകടനം നടത്തുകയും ഫൈനലിൽ കളിയിലെ താരമാവുകയും ചെയ്ത മിച്ചൽ മാർഷിനുവേണ്ടിയും പഞ്ചാബും ഡൽഹിയും മത്സരിച്ച് ലേലം വിളിച്ചെങ്കിലും 6.5 കോടി രൂപക്ക് ഡൽഹി മാർഷിനെ ടീമിലെത്തിച്ചു.

മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡുവാണ് ലേലത്തിൽ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. ചെന്നൈ താരമായിരുന്ന റായുഡുവിനായി ഡൽഹിയും രംഗത്തുവെന്നങ്കിലും ഒടുവിൽ 6.75 കോടിക്ക് റായുഡുവിനെ ചെന്നൈ തിരിച്ചുപിടിച്ചു.

മലയാളി താരം റോബിൻ ഉത്തപ്പയെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്ക് ചെന്നൈ സൂപ്പർ കിങ്‌സ് നിലനിർത്തി. ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയിയെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. ബംഗ്ലാദേശ് ഓൺറൗണ്ടർ ഷാക്കിബ് അൽ ഹസൻ, മുൻ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന, ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ എന്നിവരെ ആരും വാങ്ങിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP