Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എം എ ഇക്കണോമിക്‌സിൽ ബിരുദത്തിന് ശേഷം ഡിസ്റ്റൻസായി എംബിഎ; കൊലപാതകം പതിവാക്കിയത് മോഷണത്തിനായി; മോഷണത്തിലെ തുകകൾ ഉപയോഗിച്ചത് ഓൺലൈൻ ട്രേഡിങ്ങിനും; വിനീതയുടെ കൊലപാതകി രജേന്ദ്രൻ തമിഴ്‌നാട്ടിലെ പല ഗ്രാമങ്ങളുടെയും പേടി സ്വപ്നമായിരുന്ന സീരിയൽ കില്ലർ

എം എ ഇക്കണോമിക്‌സിൽ ബിരുദത്തിന് ശേഷം ഡിസ്റ്റൻസായി എംബിഎ;   കൊലപാതകം പതിവാക്കിയത് മോഷണത്തിനായി; മോഷണത്തിലെ തുകകൾ ഉപയോഗിച്ചത് ഓൺലൈൻ ട്രേഡിങ്ങിനും;  വിനീതയുടെ കൊലപാതകി രജേന്ദ്രൻ തമിഴ്‌നാട്ടിലെ പല ഗ്രാമങ്ങളുടെയും പേടി സ്വപ്നമായിരുന്ന സീരിയൽ കില്ലർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്കിൽ അലങ്കാരച്ചെടിവിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജേന്ദ്രൻ സീരിയൽ കില്ലറാണെന്ന് പൊലീസ്. കന്യാകുമാരി തോവാള വെള്ളമണ്ടം വെമ്പട്ടൂർ രാജീവ് നഗറിൽ ഡാനിയലിന്റെ മകൻ രാജേഷെന്ന രാജേന്ദ്രൻ (39) കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്.അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിക്കുന്നതാണ് ഇയാളുടെ പശ്ചാത്തലം.മികച്ച വിദ്യാഭ്യാസം ഉൾപ്പടെ കൈമുതലായി ഉണ്ടായിട്ടും ഇത്തരമൊരു സീരിയൽ കില്ലർ പരിവേഷത്തിലേക്ക് എങ്ങിനെ രാജേന്ദ്രൻ എത്തിയെന്നാണ് അന്വേഷണ സംഘം പോലും ചിന്തിക്കുന്നത്.

എംഎ ഇക്കണോമിക്‌സ് ബിരുദധാരിയാണ് രാജേന്ദ്രൻ.അതിന് ശേഷം ഓൺലൈനായും വിദൂരവിദ്യാഭ്യാസകോഴ്‌സ് വഴിയും എംബിഎ ബിരുദവും നേടി. മോഷ്ടിച്ചടക്കം കിട്ടിയ പണം ഉപയോഗിച്ച് ഇയാൾ സ്ഥിരമായി ഓൺലൈൻ ട്രേഡിങ് നടത്താറുണ്ടെന്നും വ്യക്തമായി. അമ്പലമുക്കിൽ ജോലിക്ക് നിന്നിരുന്ന കടയിൽ വച്ച് വിനിതയെ കൊന്ന് മോഷ്ടിച്ച സ്വർണമാല വിറ്റ് രാജേന്ദ്രൻ ഈ തുക നിക്ഷേപിച്ചതും ഓൺലൈൻ ട്രേഡിംഗിലാണ്. മാല കന്യാകുമാരിയിൽ പോയി പണയം വച്ച് കിട്ടിയത് മുപ്പത്തിരണ്ടായിരം രൂപയാണ്. അതും ഓൺലൈൻ ട്രേഡിംഗിന് ഉപയോഗിച്ചു.

ഇത്രയും വിദ്യാഭ്യാസയോഗ്യതയുള്ള രാജേന്ദ്രൻ എന്തിനാണ് പേരൂർക്കടയിലെ ചായക്കടയിൽ ജോലിക്ക് നിന്നതെന്നതിന് പൊലീസിനും കൃത്യമായ ഉത്തരമില്ല. ചോദ്യങ്ങൾക്ക് രാജേന്ദ്രൻ കൃത്യം മറുപടി നൽകുന്നുമില്ല.ആദ്യമൊന്നും രാജേന്ദ്രൻ പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഒരു തരി പോലും സഹകരിച്ചിരുന്നില്ല. എന്നാൽ പിന്നീട് താൻ നടത്തിയ കൊലപാതകങ്ങളെക്കുറിച്ചും, കൊലപാതകശ്രമങ്ങളെക്കുറിച്ചും, മോഷണങ്ങളെക്കുറിച്ചും രാജേന്ദ്രൻ പൊലീസിനോട് വെളിപ്പെടുത്തൽ നടത്തി. തമിഴ്‌നാട് പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ രാജേന്ദ്രൻ ഇതിന് മുമ്പ് നടത്തിയ കൊലപാതകങ്ങളുടെ വിവരങ്ങളും കേരളാ പൊലീസിന് ലഭിച്ചു.

ഇയാൾക്കെതിരെ തമിഴ്‌നാട്ടിൽ അരൽവായ്മൊഴി സ്റ്റേഷൻ പരിധിയിൽ കസ്റ്റംസ് ഓഫീസറെയും ഭാര്യയെയുംകൊലപ്പെടുത്തി കവർച്ച നടത്തിയ കേസും കന്യാകുമാരി പൊലീസ് സ്റ്റേഷനിൽ രണ്ടു കൊലക്കേസുകളും ഉൾപ്പെടെ നാലു കൊലപാതക കേസുകൾ നിലവിലുണ്ട്.2014നും 2019നും ഇടയ്ക്കായിരുന്നു ഈ കൊലപാതകങ്ങൾ.ഇതോടെ തമിഴ്‌നാട് പൊലീസിന്റെ ഗുണ്ട ലിസ്റ്റിലായി.തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി കേരളത്തിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് സൂചന.

കൊലകൾ നിരവധി പക്ഷെ ശിക്ഷ ലഭിച്ചില്ല

മോഷണത്തിന് വേണ്ടി 2014-ൽ ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് രാജേന്ദ്രൻ കൊന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥനായ സുബ്ബയ്യ, ഭാര്യ വസന്തി, മകൾ അബി ശ്രീ എന്നിവരെ ഇയാൾ കൊലപ്പെടുത്തിയെന്നാണ് കേരളാ പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സ്വർണം മോഷ്ടിക്കാൻ രാജേന്ദ്രൻ മറ്റൊരു കൊലപാതകവും ചെയ്തിട്ടുണ്ട്. പക്ഷ ഒരു കേസിലും ഇതേ വരെ ശിക്ഷിച്ചിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം.

വെറും ഒരു സ്വർണമാലയ്ക്ക് വേണ്ടിയാണ് രണ്ട് കുട്ടികളുടെയും രക്ഷിതാക്കളുടെയും ഏക ആശ്രയമായിരുന്ന വിനിതയെ രാജേന്ദ്രനെന്ന കൊടുംകുറ്റവാളി കൊലപ്പെടുത്തിയത്.തമിഴ്‌നാട് തോവാള വെള്ള മഠം സ്വദേശിയായ രാജേന്ദ്രൻ കഴിഞ്ഞ ഡിസംബറിൽ പേരൂർക്കടയിലെത്തിയെന്നാണ് പറയുന്നത്. പക്ഷെ പൊലീസ് ഇത് വിശ്വസിക്കുന്നില്ല.

തനിച്ച് കുറ്റകൃത്യം ചെയ്ത് കറങ്ങി നടക്കുന്ന രാജേന്ദ്രന് ഇനിയും കൂടുതൽ കേസുകളിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കാൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇപ്പോഴും കന്യാകുമാരിയിലെ പല ഇടങ്ങളിലായി രാജേന്ദ്രനെയും കൊണ്ട് തെളിവെടുപ്പ് നടത്തുകയാണ് പൊലീസ്.അന്വേഷണത്തോട് രാജേന്ദ്രൻ കാര്യമായി ഇപ്പോഴും സഹകരിക്കുന്നില്ല. വിനിതയെ കൊലപ്പെടുത്തിയ ശേഷം മുട്ടടയിലെത്തി രാജേന്ദ്രൻ വസ്ത്രം മാറ്റിയിട്ടുണ്ട്. രക്തം പുരണ്ട ഷർട്ടും കത്തിയും കുളത്തിൽ ഉപേക്ഷിച്ച് മറ്റൊരു ടീ ഷർട്ട് ധരിച്ചാണ് രക്ഷപ്പെട്ടതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.

വിനിതയുടെ കൊലപാതകവും അന്വേഷണവും

ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ള ഞായറാഴ്ചയാണ് രാജേന്ദ്രൻ മോഷണത്തിനായി തെരഞ്ഞെടുത്തത്. സ്ത്രീകളുടെ മാല പൊട്ടിച്ച് ഓടി രക്ഷപ്പെടണമെന്ന ഉദ്ദേശ്യത്തോടെയാണ് ചായക്കടയിലെ ജോലിക്കു ശേഷം ഇയാൾ ഇറങ്ങിയത്. അമ്പലമുക്കിൽ വച്ച് ആദ്യം തനിച്ച് യാത്ര ചെയ്ത ഒരു സ്ത്രീയെ ലക്ഷമിട്ടു.തൊട്ടടുത്ത് മറ്റ് ആളുകളെ കണ്ടപ്പോൾ ചെടിക്കടയുള്ള റോഡിലേക്ക് നീങ്ങി.

കടക്കുള്ളിൽ കയറി രാജേന്ദ്രൻ ജീവനക്കാരിയായ വിനിതയോട് ചെടിച്ചട്ടി ആവശ്യപ്പെട്ടു. ഏതു തരത്തിലുള്ള ചട്ടി വേണമെന്ന് ചോദിച്ചപ്പോൾ ഉത്തരമുണ്ടായില്ല. സംശയം തോന്നിയ വിനിത ബഹളം വയ്ക്കാൻ തുടങ്ങിയപ്പോൾ വായ് പൊത്തിപ്പിടിച്ചു. കഴുത്തിന് കുത്തിക്കൊന്നു.വിനിത പിടയുമ്പോൾ അഞ്ചു മിനിറ്റ് കടയുടെ പടിയിലുന്ന രാജേന്ദ്രൻ അവരുടെ മരണം ഉറപ്പാക്കിയ ശേഷമാണ് സ്വർണമാലയുമായി കടന്നത്. പ്രതിയെ ആരും കണ്ടിരുന്നില്ല. സ്ത്രീയുടെ നിലവിളി പോലും ആരും കേട്ടില്ല.

ഓട്ടോ ഡ്രൈവറുടെ മൊഴിയാണ് പൊലീസിനെ തുണച്ചത്.പ്രതിക്കായി പൊലീസ് പരക്കം പായുമ്പോഴും പേരൂർക്കടയിലും തമിഴ്‌നാട്ടിലും രണ്ട് ദിവസത്തോളം കറങ്ങിനടക്കുകയായിരുന്നു രാജേന്ദ്രൻ.ഉള്ളൂർ ജംഗ്ഷനിലെയുംപേരൂർക്കടയിലെയും സി.സി ടി.വി ദൃശ്യങ്ങളും ഓട്ടോ ഡ്രൈവറുടെ മൊഴിയുമാണ് നിർണായക തുമ്പായത്.ഞായറാഴ്ച 11.30-ന് ശേഷം തലയിൽ സ്‌കാർഫ് ധരിച്ച ഒരാൾ ഓട്ടോയിൽ കയറി പോകുന്നത് പൊലീസ് ശ്രദ്ധിച്ചു.

മെഡിക്കൽ കോളജിലേക്കെന്ന് പറഞ്ഞ് വാഹനത്തിൽ കയറി ഇയാൾ മുട്ടടയിൽ ഇറങ്ങിയതായി ഓട്ടോ ഡ്രൈവർ മൊഴി നൽകി. പൊലീസിന് സംശയം തോന്നി. വീണ്ടും സിസിടിവികൾ പരിശോധിച്ചു. ഇതേ വ്യക്തി ഒരു ആക്ടീവ സ്‌കൂട്ടറിൽ കയറി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. സ്‌കുട്ടർ ഉടമയെ കണ്ടെത്തിയപ്പോൾ അപരിചിതൻ ഉള്ളൂരിലിറങ്ങിയതായി സ്‌കൂട്ടർ ഉടമ പൊലീസിനോട് പറഞ്ഞു. പിന്നെയും പൊലീസ് തുമ്പ് കിട്ടാതെ വലഞ്ഞു. ഉള്ളൂരിൽ നിന്നും ഇയാൾ പേരൂർക്കടയിലേക്ക് പോയതായി മറ്റൊരു ഓട്ടോ ഡ്രൈവർ വിവരം നൽകി. യാത്രയ്ക്കിടെ ഓട്ടോ ഡ്രൈവറോട് തണ്ണി (വെള്ളം) ആവശ്യപ്പെട്ടു. വെള്ളം കുടിക്കാൻ നൽകിയ ഡ്രൈവർ പരിചയപ്പെട്ടപ്പോൾ, ചായക്കട ജീവനക്കാരനാണെന്ന് വെളിപ്പെടുത്തി. സി.സി ടിവി ദൃശ്യം പിന്തുടർന്നാണ് പൊലീസ് ഓട്ടോ ഡ്രൈവറെ കണ്ടെത്തിയത്.

തുടർന്ന് നഗരത്തിലെ ചായക്കട തൊഴിലാളികളിലേക്ക് അന്വേഷണം നീണ്ടു. പേരൂർക്കടയിലെ ടീ സ്റ്റാൾ ഉടമയിൽ നിന്ന് ലഭിച്ച വിവരങ്ങൾ കൃത്യമായി വഴി തെളിച്ചു. ഹോട്ടലിൽ തിരിച്ചെത്തിയ രാജേന്ദ്രന്റെ കൈത്തണ്ടയിൽ മുറിവുണ്ടായിരുന്നതായും പിന്നീട് ജോലിക്ക് വന്നില്ലെന്നും ഹോട്ടലുടമ വെളിപ്പെടുത്തി.കടയിലുണ്ടായിരുന്ന രാജേഷെന്ന രാജേന്ദ്രന്റെ ആധാർകാർഡിലെ ചിത്രങ്ങളും സിസിടിവിയുമായി ഒത്തുനോക്കിയ പൊലീസ് ഏതാണ്ട് പ്രതി ഇയാൾ തന്നെയെന്ന് ഉറപ്പിച്ചു.മൊബൈൽ നമ്പറും ഉടമ നൽകി.

മൊബൈൽ നമ്പർ പിന്തുടർന്ന് ഷാഡോ സംഘം അന്ന് രാത്രി തന്നെ തമിഴ്‌നാട്ടിലേക്ക് പോയി. ഫോൺ പിന്തുടർന്ന് തോവാളയിലെ വാടകവീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു.പേരൂർക്കട ഗവ.ആശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ ഒരു മാസത്തിനു മുമ്പാണ് പ്രതി ജോലിക്ക് കയറിയത്.പുലർച്ചയോടെ പ്രതിയെ പൊലീസ് തലസ്ഥാനത്ത് എത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിലാണ് കസ്റ്റഡിയിലെടുത്തതുകൊടുംക്രിമിനലാണെന്ന് പൊലീസിന് വ്യക്തമായത്. തീർത്തും ശാസ്ത്രീയമായ അന്വേഷണത്തിലാണ് കൊടുംകുറ്റവാളിയെ പൊലീസ് കുരുക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP