Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐപിഎൽ താരലേലത്തിനിടെ കുഴഞ്ഞുവീണത് ജെയിംസ് ബോണ്ട് കാറുകളുടെയും ലേലക്കാരൻ; ഹ്യൂഗ് എഡ്മെഡെസിന്റെ ആരോഗ്യനില തൃപ്തികരം; ലേല നടപടികൾ ഏറ്റെടുത്ത് ചാരു ശർമ്മ; ലേല വേദിയിൽ ശ്രദ്ധാ കേന്ദ്രമായി ഷാരൂഖ് ഖാന്റെ മക്കളായ ആര്യനും സുഹാനയും

ഐപിഎൽ താരലേലത്തിനിടെ കുഴഞ്ഞുവീണത് ജെയിംസ് ബോണ്ട് കാറുകളുടെയും ലേലക്കാരൻ; ഹ്യൂഗ് എഡ്മെഡെസിന്റെ ആരോഗ്യനില തൃപ്തികരം; ലേല നടപടികൾ ഏറ്റെടുത്ത് ചാരു ശർമ്മ; ലേല വേദിയിൽ ശ്രദ്ധാ കേന്ദ്രമായി ഷാരൂഖ് ഖാന്റെ മക്കളായ ആര്യനും സുഹാനയും

സ്പോർട്സ് ഡെസ്ക്

ബെംഗളൂരു: ഐപിഎൽ 2022 സീസണ് മുമ്പുള്ള മെഗാതാരലേലത്തിനിടെ തളർന്നുവീണ ലേലം നിയന്ത്രിച്ചിരുന്ന ഹ്യൂഗ് എഡ്മെഡെസിന്റെ ആരോഗ്യനില തൃപ്തികരം.  ശ്രീലങ്കൻ താരം വാനിന്ദു ഹസരംഗയുടെ ലേലം നടക്കുന്നതിനിടെയാണ് അദ്ദേഹം തളർന്നുവീണത്. ഉടൻ തന്നെ ഫ്രാഞ്ചൈസി ഉടമകളും മറ്റ് ജീവനക്കാരും അദ്ദേഹത്തിന് മെഡിക്കൽ സേവനം ലഭ്യമാക്കി.

രക്തസമ്മർദ്ദം താണതിനെത്തുടർന്നാണ് 63കാരനായ എഡ്മിഡ്സ് കുഴഞ്ഞു വീണതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഐപിഎൽ അധികൃതർ വ്യക്തമാക്കി. എഡ്മിഡ്സ് കുഴഞ്ഞു വീണതിനെത്തുടർന്ന് രണ്ട് മണിക്കൂറോളം ലേലം നിർത്തിവെച്ചിരുന്നു. 

ശ്രീലങ്കൻ താരം വനിന്ദു ഹസരംഗ ആയിരുന്നു എഡ്മിഡ്സ് കുഴഞ്ഞു വീഴുമ്പോൾ അദ്ദേഹത്തിന്റെ കൈയിൽ ലേലത്തിനായി ഉണ്ടായിരുന്ന കളിക്കാരൻ. ഹസരങ്കക്കായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 10.75 കോടി രൂപ വിളിച്ചതിന് പിന്നാലെയായയിരുന്നു എഡ്മിഡ്സ് കുഴഞ്ഞുവീണത്. മെഡിക്കൽ സംഘം പരിശോധിച്ച എഡ്മിഡ്സിന്റെ ആരോഗ്യനില തൃപ്തികരമാണ്. എഡ്മിഡ്സിന് പകരക്കാരനായി ചാരു ശർമയാണ് ലേലത്തിന്റെ ബാക്കി നടപടികൾ നിയന്ത്രിക്കുന്നത്. ബംഗളൂരുവിലെ ഹോട്ടൽ ഐടിസി ഗാർഡനിയയിൽ വച്ച് ഉച്ചയ്ക്ക് 12മുതലാണ് ലേല നടപടികൾ ആരംഭിച്ചത്.

ലേല മാർക്കറ്റിലെ സൂപ്പർ ഓക്ഷനറാണ് എഡ്മിഡ്സ്. ലോകമെമ്പാടുമായി 2700 ലേററെ ലേലങ്ങൾ നടത്തിയിട്ടുള്ള എഡ്മിഡ്സ് ജെയിംസ് ബോണ്ട് സിനിമയിലെ ആസ്റ്റിൻ മാർട്ടിൻ കാറുകളുടെ ലേലത്തിലൂടെയും ശ്രദ്ധേയനാണ്. കാറുകളുടെ ലേലത്തിലാണ് പ്രധാനമായും എഡ്മിഡ്സ് മിന്നിത്തിളങ്ങിയിട്ടുള്ളത്. പ്രമുഖ ലേല സ്ഥാപനമായ ക്രിസ്റ്റിയിൽ 38 വർഷം പ്രവർത്തിച്ചശേഷം 2016ലാണ് എഡ്മിഡ്സ് സ്വതന്ത്രം ലേലക്കാരനായത്.

2018ൽ ജയ്പൂരിൽ നടന്ന ഐപിഎൽ ലേലത്തിലാണ് എഡ്മിഡ്സ് ആദ്യമായി ക്രിക്കറ്റ് ലേലക്കാരനായത്. 11 വർഷം ഐപിഎൽ ലേലം നിയന്ത്രിച്ച റിച്ചാർഡ് മാഡ്ലികക് പകരക്കാരനായിട്ടായിരുന്നു ഹ്യൂ എഡ്മിഡ്സ് എത്തിയത്. മുൻ ജൂനിയർ ഇന്റർനാഷണൽ ഹോക്കി താരവും കൗണ്ടി ക്രിക്കറ്റ് ക്ലബ്ബായ സറേയുടെ ലീഗ് താരവുമായിരുന്നു എഡ്മിഡ്സ്.

അതേ സമയം താരലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സഹ ഉടമയായ പിതാവ് ഷാരൂഖ് ഖാനെ പ്രതിനിധീകരിച്ച് മക്കളായ ആര്യൻ ഖാനും സുഹാന ഖാനുമാണ് പങ്കെടുക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നെയാണ് താരലേല ചർച്ചകൾക്കിടയിലെ ആര്യന്റെയും സുഹാനയുടെയും ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. 'ഐപിഎൽ താരലേലത്തിലെ തന്ത്രങ്ങളെക്കുറിച്ചുള്ള ക്രാഷ് കോഴ്‌സ്, സിഇഒയിൽ നിന്ന് ഞങ്ങളുടെ പുതുതലമുറയിലേക്ക്', എന്നാണ് ചിത്രങ്ങൾക്ക് കെകെആർ ട്വിറ്റർ ഹാൻഡിലിൽ വന്ന കുറിപ്പ്.

ടീം സിഇഒ വെങ്കി മൈസൂറിനും ജൂഹി ചൗളയുടെ മകൾ ഝാൻവി മെഹ്തയ്ക്കുമൊപ്പം ഒരു മേശയ്ക്ക് ചുറ്റും ഗൗരവപൂർണ്ണമായ ചർച്ചയിലാണ് ആര്യനും സുഹാനയും. വെള്ളിയാഴ്ച നടന്ന ഐപിഎൽ പ്രീ ഓക്ഷൻ ഇവന്റിലും ഇവർ ഷാരൂഖ് ഖാനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു. ഐപിഎല്ലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യപ്പെട്ട പ്രീ ഓക്ഷൻ ഇവന്റിന്റെ ചിത്രങ്ങളിലെ ആര്യന്റെ സാന്നിധ്യം ശ്രദ്ധ നേടിയിരുന്നു.

സുഹാനയുടെ ആദ്യ ഐപിഎൽ താരലേലമാണ് ഇത്. എന്നാൽ ആര്യൻ കഴിഞ്ഞ വർഷവും പിതാവിനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു. ഷാരൂഖ് ഖാനും ജൂഹി ചൗളയുമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമകൾ. 12.25 കോടിക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ശ്രേയസ് അയ്യരെ സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ജാമ്യത്തിലാണ് നിലവിൽ ആര്യൻ ഖാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP