Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'മൂർഖന്റെ കടിയേറ്റപ്പോൾ മരിക്കുമെന്ന് തോന്നി; മനസ്സ് ബ്ലാങ്കായി; മൊബൈൽ ഞാൻ സ്വച്ച് ഓഫ് ചെയ്തു; ബോധം പോയി; പിന്നെ കണ്ണു തുറന്നത് മൂന്നാം ദിവസം; മന്ത്രിയുടെ ഇടപെടൽ നിർണായകമായി'; മരണത്തിന്റെ താഴ് വരയിലൂടെ നടന്നപ്പോൾ വാവ സുരേഷിന് തോന്നിയത്

'മൂർഖന്റെ കടിയേറ്റപ്പോൾ മരിക്കുമെന്ന് തോന്നി; മനസ്സ് ബ്ലാങ്കായി; മൊബൈൽ ഞാൻ സ്വച്ച് ഓഫ് ചെയ്തു; ബോധം പോയി; പിന്നെ കണ്ണു തുറന്നത് മൂന്നാം ദിവസം; മന്ത്രിയുടെ ഇടപെടൽ നിർണായകമായി'; മരണത്തിന്റെ താഴ് വരയിലൂടെ നടന്നപ്പോൾ വാവ സുരേഷിന് തോന്നിയത്

ന്യൂസ് ഡെസ്‌ക്‌

മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ദിവസങ്ങളോളം ചികിത്സയിൽ തുടർന്ന ശേഷമാണ് വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. വാവ സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലെത്തിയതായി ചികിത്സയ്ക്ക് നേതൃത്വം നൽകിയ മെഡിക്കൽ സംഘത്തിന് ബോധ്യപ്പെട്ടതിനെ തുടർന്നായിരുന്നു ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങിയത്. വീട്ടിൽ വിശ്രമത്തിൽ തുടരാനായിരുന്നു ഡോക്ടർമാർ അടക്കം നിർദ്ദേശിച്ചത്.

രണ്ടാം ജന്മമാണ് കോട്ടയത്തുനിന്ന് ലഭിച്ചതെന്നായിരുന്നു സുരേഷ് പറഞ്ഞത്. തനിക്ക് വിദഗ്ധ ചികിത്സ നൽകിയ ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ആശുപത്രിയിൽ എത്തിച്ച നാട്ടുകാരനായ ഡ്രൈവർക്കും തനിക്ക് വേണ്ടി പ്രാർത്ഥിച്ചവരോടുമൊക്കെ കൈകൂപ്പിക്കൊണ്ട് നന്ദി പറഞ്ഞിരുന്നു. ആശുപത്രിയിലെ വിവിധ ചികിത്സാ വകുപ്പുകളുടെ മികച്ച ഏകോപനമെന്ന പോലെ കേരളത്തിലെ ജനങ്ങളുടെ പ്രാർത്ഥനയുടെയും ഫലമാണ് തന്റെ തിരിച്ചുവരവെന്ന് മറുനാടൻ മലയാളിയോട് തുറന്നു പറയുകയാണ് വാവ സുരേഷ് ഇപ്പോൾ. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, വിമർശനങ്ങൾ ഏൽപ്പിച്ച മുറിവുകൾ, പുതുജന്മം നൽകിയ ഡോക്ടർമാരടക്കം ആരോഗ്യവിഭാഗത്തിലെ ജീവനക്കാർ, തനിക്ക് വേണ്ടി പ്രാർത്ഥിച്ച സാധാരണക്കാർ... ഓരോരുത്തരോടും  മനസിന്റെ അടിത്തട്ടിൽ നി്ന്നുമുള്ള നന്ദിയാണ് വാവ സുരേഷിന്റെ വാക്കുകളിൽ നിറയുന്നത്. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

ഞാൻ ആദ്യമെ ദൈവത്തിന് നന്ദി പറയുന്നു. നിങ്ങളെ ഇവിടെ എന്റടുത്ത് വന്ന് ഒരിക്കൽ കൂടി ഇരിക്കാൻ ഇത്രയും വേഗം സാധിച്ചതിന്. വൈകിയാലും കുഴപ്പമില്ല നിങ്ങൾ ജീവിതത്തിലേക്ക് തിരിച്ചുവരണം എന്നായിരുന്നു. ആശുപത്രിയിൽ കിടന്ന ആ ദിവസങ്ങൾ ഓർമ്മയുണ്ടോ?

ഒരിക്കലുമില്ല.

എപ്പോഴാണ് ബോധം നഷ്ടപ്പെട്ടത്.

മൂർഖന്റെ കടികിട്ടി ഏതാണ് പതിനഞ്ച് ഇരുപത് മിനിറ്റിനകം എന്റെ ബോധം പോയി. കൂടിയാലൊരു ഇരുപത് മുപ്പത് മിനുറ്റ്. അതിനപ്പുറം പോയിട്ടില്ല.

പിന്നെ എന്താണ്? മരണാവസ്ഥയാണ് നമുക്കത് അറിയില്ല?

പിന്നെ ഈ ലോകത്ത് ഒന്നുമില്ല. ഇരുപത് ശതമാനത്തിൽ താഴെ മാത്രമെ ഹൃദയമിടിപ്പ് ഉണ്ടായിരുന്നുള്ളു. തലച്ചോറിലേക്ക് രക്തയോട്ടം പൂർണമായും നിലച്ചു. കൈയും കാലും ഒന്നും പൊക്കാനാവാത്ത അവസ്ഥ വന്നു. നാക്കു പോലും അനക്കാൻ വയ്യാത്ത അവസ്ഥയായിരുന്നു.

ഈ അബോധാവസ്ഥയിലെ യാതൊന്നും ഓർമ്മയില്ലെ? ഒരു സൂചനയും ഇല്ലെ. ചിലരൊക്കെ പറയാറുണ്ട് നമ്മൾ ഇങ്ങനെ മരണത്തിലേക്ക് യാത്ര ചെയ്യുന്നത് എന്നൊക്കെ.

ഒരു ഓർമ്മയുമില്ല. അത് അന്ധവിശ്വാസമാണോ വിശ്വാസമാണോ എന്നെനിക്ക് അറിയില്ല. ഈ സംഭവങ്ങൾക്ക് നാലോ അഞ്ചോ ദിവസങ്ങൾക്ക് മുമ്പ് ഒരു രാത്രിയിൽ ഒരു ദുസ്വപ്‌നം കണ്ടു. എന്തോ ഒരു ഡാമിന്റെ അടുത്തു നിന്നും ഞാൻ താഴേക്ക് വീഴുന്നത് പോലെ. ഒരു ടണലിന് അകത്തൂടെ താഴേക്ക് വീഴുന്നത് പോലെ... താഴേക്ക് വീണ് പറന്ന് താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നത്. അന്ന് വെളുക്കുന്നത് വരെ കണ്ടത് ദുസ്വപ്‌നമായിരുന്നു. പിറ്റേന്ന് എണീറ്റപ്പോൾ ഓർത്തത് നമ്മുടെ അടുത്തുള്ള ഏതെങ്കിലും ഡാമിന് പ്രശ്‌നമുണ്ടാകുമോ? പിന്നെ ആലോചിച്ചു ഇതെന്തെങ്കിലും ദു:സൂചനയാണോ, മരണത്തിന്റെയോ അല്ലെങ്കിൽ എന്തെങ്കിലും അപകടത്തിന്റെയോ ആണോ എന്ന്. പെട്ടെന്ന് എന്റെ കാൽക്കുലേഷൻ പോയത് 2021ൽ ഇതുപോലൊരു സ്വപ്‌നം കണ്ടതിന് പിന്നാലെയാണ് മതിലിടിഞ്ഞ് വീണ് നട്ടെല്ല് പൊട്ടുന്നത്. അതൊരു ജനുവരി പതിമൂന്നാം തീയതിയായിരുന്നു. ഇത് ജനുവരി പതിനേഴാം തീയതി എന്റെ നട്ടെല്ല് അപകടത്തിൽ പൊട്ടി. ജനുവരി മുപ്പത്തിയൊന്നാം തീയതി പാമ്പ് കടിച്ചു.

ഞാൻ വിചാരിച്ചു മരണം ആയിരിക്കാം എന്തെങ്കിലും വണ്ടി അപകടമോ മറ്റോ ആയിരിക്കാം ഒരു അപകടം കഴിഞ്ഞതെയുള്ളു. പക്ഷേ പാമ്പ് കടിയേൽക്കുന്നത് മനസിൽ ഒരു കണക്കും വന്നില്ല. ഇങ്ങനെയൊരു പാമ്പുകടി ഉണ്ടാകുമെന്ന് വിചാരിച്ചില്ല. പക്ഷെ എന്റെ സുഹൃത്തുക്കളിൽ ഒരാൾ വിളിച്ചിട്ട് പറഞ്ഞു. പാമ്പു കടിച്ച് ചേട്ടൻ മരിക്കുന്നതായി സ്വപ്‌നം കണ്ടു. സൂക്ഷിക്കണം എന്നും പറഞ്ഞു. മൊബൈൽ ഫോണിലാണ് വിളിച്ചത്. ആരാണ് വിളിച്ചതെന്ന് ഓർമ്മിക്കാൻ പറ്റുന്നില്ല. ഈ സംഭവത്തിന് ഒരാഴ്ച മുമ്പായിരുന്നു ഫോണിൽ വിളിച്ച് ആ സൂഹൃത്ത് എന്നോട് പറഞ്ഞത്. ഒരുപാട് പേർ ഇത്തരം കാര്യം പറയാറുണ്ട്. പക്ഷേ ഞാൻ അത്രയ്ക്ക് പ്രാധാന്യമെ കൊടുത്തുള്ളു.



ഈ ബോധം പോയി ബോധം തെളിയുന്നത് വരെയുള്ള ആശുപത്രിയിലെ ആ ദിനങ്ങളെക്കുറിച്ച് ഒന്നും ഓർമ്മയില്ല അല്ലേ? ബോധം പോകുന്നതിന് മുമ്പ് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ സുരേഷ് ഡ്രൈവർക്ക് നിർദ്ദേശം കൊടുക്കുന്നുണ്ട് അല്ലേ? സാധാരണ ഗതിയിൽ പാമ്പ് കടിച്ചാൽ എന്ത് സംഭവിക്കുമെന്ന് അറിയാം. സുരേഷിന്റെ ഫീലിങ്‌സ് എന്തായിരുന്നു

എനിക്ക് മനസിൽ ഒന്നും ഫീൽ ചെയ്തില്ല. ഞാൻ എന്റെ വണ്ടിയിൽ കയറിയാണ് ആദ്യം യാത്ര ചെയ്തത്.

പാമ്പ് കടിച്ചത് തുടയിലല്ലേ. സുരേഷിന് അറിയാമായിരുന്നു വിഷം വേഗത്തിൽ ബാധിക്കുമെന്ന്. അപ്പോൾ മരണം സംഭവിച്ചേക്കുമെന്ന് സുരേഷിന് ഭയം ഉണ്ടായോ?

മരിക്കുമെന്ന് തോന്നിയിരുന്നു.

മരിക്കുമെന്ന് തോന്നിയോ?

മരിക്കുമെന്ന് ഉറപ്പായിരുന്നു. സംശയമുണ്ടെങ്കിൽ കൊണ്ടുപോയ ഡ്രൈവറോടോ, ആ വാർഡിന്റെ മെമ്പർ മഞ്ജിഷ് അവരെ വിളിച്ച് ചോദിച്ചാൽ മതി. ഞാൻ വണ്ടിയിൽ ഇരുന്നപ്പോൾ, ആദ്യം ഞാൻ എന്റെ വണ്ടിയിലാണ് പോയത്. വഴി തെറ്റിയപ്പോൾ അവിടെയുള്ള മറ്റൊരു വണ്ടിയിൽ കയറിയാണ് യാത്ര തുടർന്നത്. പത്ത് മിനുറ്റ് മുന്നോട്ട് പോയപ്പോൾ എനിക്ക് നാക്ക് കുഴയുന്നുണ്ട് ശരീരം തളരുന്നുണ്ട് എന്ന് പറഞ്ഞു. മിക്കവാറും ഞാൻ രക്ഷപ്പെടാൻ സാധ്യതയില്ല. മരണപ്പെടാൻ സാധ്യതയുണ്ട്. ടെൻഷൻ അടിക്കേണ്ട. അടുത്തുള്ള ഏതെങ്കിലും ആശുപത്രിയിൽ എത്തിക്കുവാൻ പറഞ്ഞു. അല്ലെങ്കിൽ മരണം സംഭവിക്കുമെന്ന് ഉറപ്പാണെന്ന് പറഞ്ഞു.ആ പറയുന്നത് തന്നെ നാക്ക് കുഴഞ്ഞു കുഴഞ്ഞു പോകുന്നുണ്ടായിരുന്നു.

ആ സമയത്ത് മരിക്കുമെന്ന് തോന്നിയിരുന്നു അല്ലേ?

അപ്പോൾ തന്നെ എനിക്ക് ബോധം പോയി. പിന്നെ എനിക്ക് ഒന്നും ഓർമ്മയില്ല. അത് അവരോട് പറഞ്ഞു കഴിഞ്ഞ് പിന്നെ എന്റെ മനസിൽ ഒന്നുമില്ല.

ലക്ഷണങ്ങൾകൊണ്ട് മരിക്കുമെന്ന ഫീൽ ചെയ്‌തോ, ഭയം തോന്നിയില്ലേ?

ഒരു പേടിയും തോന്നിയില്ല. പലരും പറഞ്ഞുള്ള അറിവുണ്ട്, എന്തെങ്കിലും ഒരു അപകടത്തിൽ മരണം സംഭവിക്കാം എന്ന് തോന്നിയിരുന്നു. അതിന് രണ്ട് ദിവസം മുമ്പ് സ്വപ്‌നം കണ്ടത് മാരകമായി എന്നെ ആരോ ആക്രമിക്കാൻ വരുന്നതാണ്. ഞാൻ വിചാരിച്ചത് ഈ ഉത്രാ കൊലക്കേസ് പോലെ വല്ലതും ആണോ. അങ്ങനെ വരാൻ സാധ്യതയില്ല.

മരിക്കുമെന്ന് നിങ്ങൾ നിശ്ചയിച്ചു. പിന്നെ നിങ്ങളുടെ മാനസികാവസ്ഥ എന്തായിരുന്നു? പ്രാർത്ഥന?

വെറും ബ്ലാങ്കാണ്. മനസിൽ ഒന്നും വരത്തില്ല. ഒരു ചിന്താഗതിയും ഇല്ല. ആരെയെങ്കിലും വിളിക്കാനോ ഒന്നും തോന്നില്ല. വെറും ബ്ലാങ്ക്. എന്റെ മൊബൈൽ ഞാൻ സ്വച്ച് ഓഫ് ചെയ്തു. ഇനി അത് ഓൺ ചെയ്തിട്ട് ഒരു കാര്യവുമില്ല. ഇനി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയില്ല. പിന്നെ മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ആരെക്കെയോ എന്തെങ്കെയോ സംസാരിക്കുന്നതായിട്ട് എനിക്ക് തോന്നിയത്.

ബോധം തെളിയുന്ന അവസ്ഥ എങ്ങനെയായിരുന്നു?

ചെവിയിൽ വന്ന് ആരെക്കെയോ സംസാരിക്കുന്നത് പോലെ തോന്നി. കൈ പൊക്ക് സുരേഷേ. കൈ അനക്ക് സുരേഷേ നാക്ക് അനക്ക് സുരേഷേ, തല അനക്ക് സുരേഷേ എന്നിങ്ങനെ പറയുന്നു. വേദന എനിക്ക് ഫീൽ ചെയ്തു കേട്ടോ. ചലനം ഉണ്ടോ എന്നറിയാൻ പിടിക്കുമ്പോൾ വേദന ഫീൽ ചെയ്തു.

തലയാട്ടുന്നതിന്റെ വീഡിയോ പുറത്തുവന്നില്ലെ അത്?

അത് മൂന്നാം ദിവസം.

അന്ന് ഓർമ്മയുണ്ടോ?

ഒന്നും ഇല്ല. പക്ഷെ തലയാട്ടി. ഒന്നും മനസിലായില്ല. ഒന്നും ഓർമ്മയില്ല.

എപ്പോഴാണ്, ഏത് സാഹചര്യത്തിലാണ് ബോധം തിരിച്ചുകിട്ടുന്നത്?

മൂന്നാം ദിവസമാണെന്ന് തോന്നുന്നു. ആദ്യം അവര് ആന്റീവെനം സ്റ്റാർട്ട് ചെയ്ത് മുപ്പത് വയലോളം ആന്റീവെനം തന്നു. മുപ്പതിലേറെ ശരീരത്തിലേക്ക് വന്നുകഴിഞ്ഞാൽ അപകടമാണ്. ഹൃദയമിടിപ്പിന് പ്രശ്‌നം ഉണ്ടാകാം. അപ്പോൾ അത് കഴിഞ്ഞതോടെ നിർത്തി. പിന്നെ എല്ലാരും കൂടി ആലോചിച്ച് പിന്നെ വീണ്ടും ആന്റീവെനം സ്റ്റാർട്ട് ചെയ്തു. ഘട്ടങ്ങളായാണ് ആന്റീവെനം നൽകിയത്. ആറ് ഡിപ്പാർട്ട്‌മെന്റ് അശ്രാന്തമായിട്ട് കഷ്ടപ്പെട്ടിട്ടുണ്ട്. അപ്പോഴത്തെ സാഹചര്യത്തിന് അനുസരിച്ച് അവർ പ്രവർത്തിച്ചു. പാമ്പ് കടിയേറ്റാൽ ഫിസിയോതെറാപ്പിക്ക് എന്ത് പ്രാധാന്യമെന്ന് മനസിലാക്കിയിരുന്നില്ല. പക്ഷേ ഇപ്പോൾ എനിക്ക് മനസിലായി. ഫിസിയോ ഉണ്ടായിരുന്നു. നീണ്ട് നിവർന്ന് കിടക്കുകയല്ലെ. അപ്പോൾ ശരീരത്തിൽ രക്തയോട്ടം കുറയും. അപ്പോൾ ഫിസിയോ തെറിപ്പി ഇങ്ങനെ ചെയ്തുകൊണ്ടിരുന്നു.

ബോധം തിരിച്ചുകിട്ടുമ്പോൾ ഡോക്ടർമാർ പേര് വിളിക്കുന്നതാകും ആദ്യ ഓർമ്മ അല്ലെ?

അതെ. നാക്ക് പുറത്തേക്കിടു സുരേഷെ, ഞാൻ നാക്ക് പുറത്തേക്ക് ഇട്ടു. അതാണ് ഞാൻ ആദ്യം കേൾക്കുന്നത്. കാൽ അനക്കാൻ പറഞ്ഞു. കൈ അനക്കാൻ പറഞ്ഞു. പക്ഷെ ഒന്നും അനക്കാൻ ആകുന്നില്ല.

ബോധം തിരിച്ചുകിട്ടുന്ന ആ അവസരത്തിൽ എന്താണ് തോന്നിയത്.

കുറച്ചുനേരം കണ്ണ് തുറന്ന് ഇങ്ങനെ കിടന്നു. ആദ്യം കാണുന്നത് ഒരു ക്ലോക്കാണ്. സമയം നോക്കി, പിന്നെ അതിൽ ഡേറ്റ് വായിച്ചു. 3 - 2 - 22 എന്ന് വായിക്കാൻ പറ്റി.

അപ്പോൾ ആശുപത്രിയിൽ ആണെന്നും പാമ്പു കടിയേറ്റ് എത്തിയതാണെന്നും ഓർമ്മിച്ചു അല്ലെ?

എനിക്ക് ഒന്നും സംഭവച്ചില്ലെ എന്നാണ് എനിക്ക് തോന്നിയത്. മരിച്ചില്ലെ എന്നാണ് പെട്ടെന്ന് തോന്നിയത്. ഞാൻ ഇവിടെ ഇപ്പോൾ ഇരിക്കുമ്പോഴും എന്റെ ശരീരം മറ്റെവിടെയോ നിൽക്കുന്നത് പോലെയാണ് തോന്നുന്നത്. പിന്നെ അവർ വരുന്നതും മരുന്നുകൾ നൽകുന്നതും പറയുന്നതും പിന്നെ ഓരോ ഘട്ടങ്ങളിൽ ചെയ്യുന്ന കാര്യങ്ങളും ഓർമ്മയുണ്ട്.

നിങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് ആ ഡോക്ടർമാരുടെ ഇടപെടൽ തന്നെയല്ല.

തീർച്ചയായും. ആദ്യത്തെ ഇടപെടൽ ആ ഡ്രൈവർ പയ്യന്റേത് തന്നെയാണ്. ആ ചെറുപ്പക്കാരൻ ഇല്ലായിരുന്നെങ്കിൽ ഞാൻ ജീവിച്ചിരിക്കില്ലായിരുന്നു. എന്നെ വണ്ടിയിൽ കേറ്റി പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചു. ആംബുലൻസിന്റെ വേഗതയിലാണ് കാറിൽ പോയത്. എന്റെ കൂടെ വന്നത് എന്റെ ആരെങ്കിലും ആണെങേകിൽ അവർ പേടിച്ച് പോകും. അവർക്ക് ചെറിയ വഴികളും അവിടുത്തെ അറിയാമായിരുന്നു. പെട്ടെന്് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചു. അങ്ങനെയാണ് ഭാരത് ഹോസ്പ്പിറ്റലിൽ എത്തിച്ചത്. അതൊന്നും എനിക്ക് ഓർമ്മിയില്ല. ചികിത്സയ നൽകിയ കാര്യ പിന്നീട് പറഞ്ഞു. അവിടെവച്ച് ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതുകൊണ്ട് സിപിആർ നൽകി.

ഭാരത് ഹോസ്പിറ്റലിൽ എത്തുമ്പോൾ ഹൃദയമിടിപ്പ് ഇരുപത് പോലും ഉണ്ടായിരുന്നില്ല. സിപിആർ ഒരുപാട് തവണ തന്ന ശേഷമാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. അപ്പോൾ ഇരുപത് ശതമാനമെ ഹൃദയമിടിപ്പ് ഉണ്ടായിരുന്നുള്ളു.

ഭാരത് ഹോസ്പിറ്റലിൽ വച്ചാണ് ഇത് ചെയ്തത് അല്ലേ?

അതെ ആ ആശുപത്രിയിൽ വച്ചാണ് സിപിആർ നൽകിയത്. അവിടെനിന്നും വെന്റിലേറ്ററിലേക്ക്. അപ്പോൾ മന്ത്രി വാസവൻ എത്തുകയും ഉടൻ തന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. മന്ത്രി എത്തിയില്ലായിരുന്നുവെങ്കിൽ അവിടെ തന്നെ അഡ്‌മിറ്റ് ചെയ്‌തേനെ. മന്ത്രി ആ സമയത്ത് അവിടെയെത്തി ഉടനെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

അവരാണ് നിർണായക ഇടപെടൽ നടത്തിയത് അല്ലെ?

അതെ. അവിടെ നിന്നുമാണ് സിപിആർ നൽകിയത്. നേരെ മെഡിക്കൽ കോളേജിലേക്ക് പോകാനാണ് നോക്കിയിരുന്നതെങ്കിൽ ഞാൻ പിന്നെ ഉണ്ടാകുമായിരുന്നില്ല. അത്രയും സമയം ചികിത്സ ലഭിക്കാതെ പോയിരുന്നുവെങ്കിൽ മരണം സംഭവിച്ചേനെ. മെഡിക്കൽ കോളേജിൽ എത്തും മുമ്പെ മരണം സംഭവിച്ചേനെ.

ഭാരത് ഹോസ്പിറ്റലിൽ എത്തുന്നത് ഓർമ്മയുണ്ടോ?

ഭാരതിൽ എത്തുന്നതിന് മുമ്പെ ബോധം നഷ്ടപ്പെട്ടിരുന്നു. തലച്ചോറിലേക്ക് രക്തയോട്ടം ഇല്ലാത്ത അവസ്ഥയായിരുന്നു. അവിടെ കൃത്യസമയത്ത് എത്തിക്കാനായതും ചികിത്സ ലഭിച്ചതുമാണ് ജീവൻ നിലനിർത്താൻ സഹായിച്ചത്. ഞാൻ ഇപ്പോഴും അത് ആലോചിക്കാറുണ്ട്. അങ്ങനെ സംഭവചിച്ചില്ലായിരുന്നു എങ്കിൽ എന്തായേനെ എന്ന്.

ഇപ്പോഴും മരുന്നുണ്ടോ?

മരുന്നുണ്ട്. പിന്നെ മെഡിറ്റേഷൻ. വ്യായാമങ്ങൾ.

എത്ര ഡോക്ടർമാർ ചികിത്സിച്ചു എന്നത് ഓർമ്മയുണ്ടോ

ആറ് ഡിപ്പാർട്ട്‌മെന്റ്. അവർ എപ്പോഴും കൂടെയുണ്ടായിരുന്നു. ഭാരതിൽ നിന്നും മന്ത്രി ഇടപെട്ടാണ് വേഗത്തിൽ മെഡിക്കൽ കോളേജിൽ എത്തിച്ചത്. മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനിടയ്ക്ക് മന്ത്രി തന്നെ എല്ലാ ഡോക്ടർമാരെയും വിളിച്ച് സൗകര്യങ്ങൾ ഒരുക്കി നിർത്തി. എന്റെ ചലനമറ്റ ശരീരം അവിടെ എത്തിക്കുന്ന സമയത്ത് അവിടെ എല്ലാവരും ഉണ്ടായിരുന്നു.

മന്ത്രി വാസവൻ എങ്ങനെ അപ്രതീക്ഷിതമായ ഇടപെടൽ നടത്തിയത്?

ഇത് കണ്ടിട്ട് ആരോ മന്ത്രിയോട് വിളിച്ച് പറഞ്ഞതാണ്. മന്ത്രി അപ്പോൾതന്നെ സ്ഥലത്തെത്തി.

മന്ത്രി വി എൻ വാസവൻ അഭിനന്ദനം അർഹിക്കുന്നു. കാരണം അദ്ദേഹം ഒരു മന്ത്രിയാണ്, വിളിച്ചു പറഞ്ഞ് വേണമെങ്കിൽ കാര്യങ്ങൾ ഏർപ്പാട് ചെയ്യാമായിരുന്നു. പക്ഷേ നേരിട്ട് സ്ഥലത്തെത്തി. ഭാരത് നല്ല ആശുപത്രിയാണ്. പക്ഷെ ഇത്രയും ഡോക്ടർമാരുടെ കൂട്ടായുള്ള പരിചരണം. ഇത്രയും അറ്റൻഷൻ ഇതൊക്കെ കിട്ടാൻ മെഡിക്കൽ കോളേജിൽ എത്തിച്ചത് നിർണായകമായി. ഈ അവസരത്തിൽ മന്ത്രി വി എൻ വാസവനോട് നന്ദി പറയുകയാണ്.

പ്രതീക്ഷിക്കുന്നില്ല ഇങ്ങനെയൊരു വിഐപിയെ അല്ലെ?

മന്ത്രിയുടെ ഇടപെടൽ നിർണായകമായിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷമുള്ള ചികിത്സ കാര്യങ്ങളിൽ എല്ലാം അത്ര് വേഗത്തിലായിരുന്നു. മെഡിസിൻ, കാർഡിയോ, ഓർത്തോ, സർജറി എന്നിവയടക്കം ആറ് ഡിപ്പാർട്ട്‌മെന്റ് ഉണ്ടായിരുന്നു.

കോട്ടയം മെഡിക്കൽ കോളേജിൽ കണ്ട മികവ്

ഒരു സർക്കാർ സംവിധാനങ്ങളെയും കുറ്റം പറയുന്നതല്ല. പക്ഷെ കുറച്ച് കാര്യങ്ങൾ, പ്രത്യേകിച്ച് ഏകോപനം, ഒരു മന്ത്രി തന്നെ അവിടെയുണ്ട് എന്നതാണ്. എന്ത് കാര്യം വന്നാലും ഇത്രയും പേർ ഒരുമിക്കുന്നു എന്നതാണ്. നമ്മുടെ ഇവിടെ ഏറ്റവും കൂടുതൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന ഒരു ആശുപത്രികൂടിയാണ്. ഏഴെണ്ണം. അത്രയ്ക്ക് കഴിവുറ്റ സംവിധാനമാണ് അവിടെയുള്ളത്. ആ ആറ് ഡിപ്പാർട്ട്‌മെന്റിലേയും ഡോക്ടർമാർ ഏകോപനത്തോടെ പ്രവർത്തിക്കുന്നു എന്നതാണ്.
അവിടെ മന്ത്രിയുടെ ഇടപെടലും ഉണ്ട്. എപ്പോഴും ഒരു വിളിപ്പാടകലെ മന്ത്രിയുണ്ടായിരുന്നു. നല്ല രീതിയിൽ അത് ഏകോപിപ്പിച്ച് മുന്നോട്ട് പോയി എന്നതാണ്. മറ്റെവിടെയും ഞാൻ കുറ്റം പറയുന്നതല്ല. പക്ഷേ എനിക്ക് കിട്ടിയത് ഏറ്റവും മികച്ച പരിചരണമായിരുന്നു എന്നതാണ്.

ഇവിടെ ഒരു കാര്യം എടുത്ത് പറയേണ്ടത്. നമ്മൾ ഈ സർക്കാർ സംവിധാനങ്ങളെയൊക്കെ കുറ്റം പറയുമ്പോൾ ഒരു നല്ല ഡോക്ടർ തലപ്പത്ത് നിയന്ത്രിക്കാൻ ഉണ്ടെങ്കിൽ ഏകോപിപ്പിക്കാൻ ഉണ്ടെങ്കിൽ എന്തും നടക്കും. സാധാരണക്കാരനായ വാവ സുരേഷ്, തീർച്ചയായും മന്ത്രിയുടെ ഇടപെടൽ ഉണ്ടായി. അല്ലെങ്കിൽ തന്നെ ഡോക്ടർ ജയകുമാറിനെപ്പോലെയുള്ളവരുടെ അടുത്ത് എത്തുമ്പോൾ ഇതൊരു മിറക്കിളാണ്. ആ ഡോക്ടർ സംഘത്തിന് നഴ്‌സുമാർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

ഇവിടെ അപകടം ഉണ്ടായ സാഹചര്യത്തിലേക്ക് കടന്നാൽ ഒരു അശ്രദ്ധ, അതായത് ഈ കൊടുംവിഷമുള്ള പാമ്പാണ്. ഒരു കൈ അകലത്താണുള്ളത്. നിങ്ങളുടെ ശരീരവും ഈ പാമ്പും തമ്മിലുള്ള അകലം കുറഞ്ഞുപോയോ?

ഈ വീഡിയോ കാണുന്നവർക്ക് അറിയാവന്നവർക്ക് അത് അത് മനസിലാകും. ഈ അപകടം നടക്കുന്നതിന് മുമ്പ് എനിക്ക് ഒരു അപകടമുണ്ടായി. പോത്തൻകോട് വച്ച് ഞ്ങ്ങൾ സ്ഞ്ചരിച്ച വാഹനത്തിലേക്ക് വേറൊരു വാഹനം ഇടിച്ചുകയറി നട്ടെല്ലിന് രണ്ട് പൊട്ടലുണ്ടാകുകയും കഴുത്തിന് പ്രശ്‌നം ഉണ്ടായി, മൂക്കിന്റെ അസ്ഥി പൊട്ടി. നെറ്റിയിൽ മുറിവുണ്ടായിരുന്നു. അപ്പോൾ ആശുപത്രിയിൽ കിടക്കുമ്പോളാണ് അവർ എന്നെ വിളിക്കുന്നത്. ചേട്ടാ ഇങ്ങനെയൊരു കാര്യമുണ്ട്. പാവപ്പെട്ട ആൾക്കാരാണ്. വേറെ വഴിയില്ല എന്നു പറഞ്ഞ്. രണ്ട് ദിവസം വെയിറ്റ് ചെയ്യാൻ ഞാൻ പറഞ്ഞു.

ആരോടും പറയേണ്ട, ഞാൻ വന്നിട്ട് ചെയ്യാം എന്ന് വാവ സുരേഷ് പറഞ്ഞു എന്ന രീതിയിൽ പ്രചരിച്ചിരുന്നു?

അതൊക്കെ വെറുതെ പറയുന്നതാണ്. അവിടെയുള്ളവർ പാവങ്ങളാണ്. എന്റയടുത്തുള്ള സ്‌നേഹം കൊണ്ടാണ് വിളിച്ചത്. ആൾക്കാരെ വിളിച്ച് കൂട്ടരുതെന്ന് പറഞ്ഞിരുന്നു. എനിക്ക് വയ്യാതിരിക്കുകയാണ് എന്നാലും വരാമെന്ന് പറഞ്ഞു.

25ആം തീയതി അവിടെ എത്താമെന്ന് പറയുകയും പിന്നെ രണ്ട് ദിവസം മാറ്റിവച്ചു. അങ്ങനെയാണ് 31ാം തീയതി അവിടെയെത്തുന്നത്. അപ്പോൾ ബൽറ്റ് കിടക്കുകയായിരുന്നു ഞാൻ. പതിമൂന്നാം തിയതി തൊട്ട് പുറത്ത് പോയിട്ടില്ല.

അവർ എന്നെ വിളിച്ചു ഞാൻ അവിടെച്ചെന്ന് ഇറങ്ങി. ബെൽറ്റ് ഇട്ടിട്ടുണ്ടായിരുന്നു. ഇപ്പോഴും ഇട്ടിട്ടുണ്ട്. ചെന്ന് ഇറങ്ങി നടന്നു പോയപ്പോൾ ബോഡി ബാലൻസിന് ചെറിയ പ്രശ്‌നം തോന്നിയിരുന്നു. ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ തല കറങ്ങുക അങ്ങനെ. അതിന് മരുന്നും കഴിക്കുന്നുണ്ടായിരുന്നു. ഈ പാമ്പ് കടി ഏൽക്കുന്നതിന് രണ്ട് ദിവസം മുമ്പ് മെഡിക്കൽ കോളേജിൽ പോയി ന്യൂറോ സർജൻ ശർമസാറിനെ കണ്ട് എക്‌സറെയൊക്കെ എടുത്ത് നോക്കിയിട്ടാണ് പോകുന്നത്. അപ്പോൾ സാർ പറഞ്ഞു ഒരാഴ്ച വെളിയിൽ ഇറങ്ങാതിരിക്കാൻ പറഞ്ഞിരുന്നു.

ഇവർ ഇങ്ങനെ വിളിച്ചുകൊണ്ടിരുന്നു. കുനിഞ്ഞ് ഒന്നും എടുക്കരുത് എന്ന് പറഞ്ഞിരുന്നു. എന്തെങ്കിലും ഉണ്ടെങ്കിൽ മുട്ടു മടക്കി ഇരുന്നിട്ട് എടുക്കാൻ പറഞ്ഞിരുന്നു. ഞാൻ അവിടെ ചെന്ന് ഇറങ്ങി, ആളുകളെ മാറ്റാൻ പറഞ്ഞു. വലയൊക്കെ അഴിച്ചു മാറ്റി. കരിങ്കല്ല് മാറ്റാൻ തുടങ്ങുന്നതി്‌ന ഇടയിൽ പുറത്തേക്ക് വന്നു. സാധാരണ മുഴുവൻ കല്ലും മാറ്റിയാലെ പുറത്തുവരാറുള്ളു. ചെറുപ്പക്കാർ കല്ല് എടുത്തതും പാമ്പ് പെട്ടെന്ന് വെളിയിലേക്ക് ഇറങ്ങി. പെട്ടെന്ന് കുനിഞ്ഞ് ഞാൻ എടുത്തു. കുനിഞ്ഞ് എടുത്തതും ഈ നട്ടെല്ലിന്റെ പൊട്ടലിൽ നിന്നും ഒരു മിന്നൽ പോലെ വേദന ബാധിച്ചു. പെട്ടെന്ന് ഞാൻ അങ്ങനെ തന്നെ പിടിച്ചുകൊണ്ടിരുന്നു. കാല് മരച്ചിരിക്കുന്നതുകൊണ്ട് എനിക്ക് മാറ്റാൻ പറ്റിയില്ല. അപകടത്തിന് ശേഷം കാല് മരവിച്ച് ഇരിക്കുകയായിരുന്നു. പാമ്പ് അങ്ങനെയാണ് കാലിൽ വന്ന് കടിച്ചത്.

കൈ പൂർണമായും നിവർന്ന് നിൽക്കുകയായിരുന്നു അപ്പോഴും അത് സുരക്ഷിതമായ ദൂരമുണ്ടായിരുന്നു. പാമ്പ് അടുത്തേക്ക് വന്നാൽ കാല് സാധാരണ മാറ്റിക്കൊടുക്കാറുണ്ട് പക്ഷെ അന്ന് കാൽ മരവിച്ച് ഇരുന്നതുകൊണ്ട് മാറ്റാൻ സാധിച്ചില്ല. അങ്ങനെയാണ് കടി അവിടെ വന്നത്. എന്ത് കണ്ടാലും കുറ്റം പറയാൻ ശ്രമിക്കുന്നവർ ഉണ്ടല്ലോ അവരാണ് ഇത്തരം കാര്യങ്ങൾ പ്രചരിപ്പിച്ചത്.

രാസവളം ഉള്ള ചാക്കിൽ പാമ്പിനെ കയറ്റാൻ ശ്രമിച്ചു എന്ന രീതിയിൽ പ്രചരിച്ചിരുന്നു?

അങ്ങനെയൊന്നും ഇല്ല. ചാ്ക്ക് കൊണ്ടുപോയിരുന്നില്ല. അവിടെ നിന്നും ചാക്കോ അല്ലെങ്കിൽ പ്ലാസ്റ്റിക് പാത്രമോ ശേഖരിച്ച് പാമ്പിനെ പിടികൂടി സുരക്ഷിതമായി കൊണ്ടുപോകാറാണ് പതിവ്. രാസവളചാക്ക് എന്നൊക്കെ ചുമ്മാ പറയുന്നതാണ്. ആളുകൾ പലതും പറയാറുണ്ട് ഡീസൽ തളിച്ചാൽ വരില്ല എന്നൊക്കെ. പാമ്പിന് ഇതൊന്നും അറിയില്ല. ഇഴഞ്ഞ് പോയതിന് ശേഷമാകും അത് അറിയുന്നത് തന്നെ. അതുപോലെ ചാണകത്തിൽ വരില്ല എന്നൊക്കെ. പാമ്പ് ചാണകത്തിനകത്തും ഇരിക്കാറുണ്ട്. അങ്ങനെയാണെങ്കിൽ രാസവളം ഇടുന്ന പറമ്പുകളിൽ നി്ന്നും പാമ്പുകൾ പോകേണ്ടതല്ലെ. ഇതിലൊന്നും കാര്യമില്ല എന്തെങ്കിലും പറയാൻ വേണ്ടി പറയുന്നതാണ്.

പാമ്പിനെ പിടിക്കാൻ കമ്പിപ്പാര പോലെയുള്ള വസ്തുക്കൾ ഉപയോഗിക്കണം വടി ഉപയോഗിക്കണം എന്നൊക്കെ പറയുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ, അങ്ങനെയൊന്നുമില്ല. പാമ്പിനെ തല്ലിക്കൊല്ലുന്നവരുണ്ട്. ഞാൻ എന്റെ ജീവിതം ഉഴിഞ്ഞുവച്ച് ബോധവത്കരണം നടത്തിയും പാമ്പിനെ സംരക്ഷിക്കാൻ ഉള്ള രീതികൾ കാണിച്ചുകൊടുത്തുമാണ് മുന്നോട്ട് പോയത്. മുമ്പ് പാമ്പിനെ കണ്ടാൽ അപ്പോൾ തല്ലിക്കൊല്ലുന്നതായിരുന്നു രീതി.

കമ്പിയുണ്ടെങ്കിലെ പാമ്പിനെ പിടിക്കാൻ പോകാവു എന്നതൊക്കെ ഉത്തര കൊലക്കേസിന് ശേഷമാണ് തുടങ്ങിയത്. നൂറ്റാണ്ടുകളായി ആളുകൾ പാമ്പിനെ പിടിക്കുന്നുണ്ട്. ഒരു കുഴപ്പവുമില്ല. പക്ഷേ കേരളത്തിൽ മാത്രമെ കുഴപ്പമുള്ളു. വേറെ എവിടെയാണെങ്കിലും കുഴപ്പമില്ല. ശാസ്ത്രീയമായി പിടിക്കുന്ന ശാസ്ത്രീയക്കാർക്ക് ഒക്കെ കടി കിട്ടിയ വീഡിയോ കണ്ടിട്ടുണ്ടോ?

കടികിട്ടി അപ്രതീക്ഷിതമായി, മാരകമായ വിഷം കയറിയത് ഓർമ്മയുണ്ടോ?

ശക്തിയേറിയ കടിയാണ് കിട്ടിയത്. പല്ല് അങ്ങ് ആഴ്ന്ന് ഇറങ്ങുകയായിരുന്നു. ഞാൻ പിടിക്കുതോറും കടിക്കുന്നത് മുറുകി. രണ്ട് മൂന്ന് തവണ പിടിച്ച ശേഷമാണ് ഇളകി വന്നത്.

പാമ്പ് കടിയേറ്റാൽ അനങ്ങാതിരിക്കണം എന്നൊക്കെ പറയുന്നത്?

എനിക്ക് ബാക്കി കൂടി ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ. ഇത്രയും കുട്ടികളുള്ള ഏരിയയാണ്. ക്യാമറയിൽ കാണുന്ന ആൾക്കാരല്ല. ഞാൻ എല്ലാവരേയും മാറ്റി നിർത്തിയിരിക്കുകയാണ്. എനിക്ക് പാമ്പ് കടിയേറ്റു എന്ന് പറയുമ്പോൾ അവർ പേടിക്കും. ഞാൻ പേടിച്ച് നിന്നാൽ അവിടെ എന്താ സംഭവിക്കുക. ഒന്നെങ്കിൽ ആൾക്കാർ ഈ പാമ്പിനെ പെട്ടെന്ന് തല്ലിക്കൊല്ലും. അല്ലെങ്കിൽ ഇത് ഏതെങ്കിലും വഴിക്ക് ഓടും. മറ്റ് ആരെയെങ്കിലും കടിച്ചാലോ, മറ്റൊരാൾക്ക് അപകടം ഉണ്ടാകില്ലെ. എന്നെ വിശ്വാസം ഉള്ളതുകൊണ്ടല്ലെ അവർ എന്നെ വിളിച്ചത്. ഞാൻ അത് ചെയ്യാതിരുന്നാൽ.

കടി കിട്ടിയപ്പോൾ ഞെക്കി പുറത്തുകളഞ്ഞു. പിന്നെ പാമ്പിനെ പിടിച്ച ശേഷം വീണ്ടും പ്രാഥമിക ശുശ്രൂഷ ചെയ്തു. അപ്പോഴേക്കും രണ്ട് മൂന്ന് പേർ ബോധം കെട്ടു വീണിരുന്നു. സാധാരണക്കാരായ ആളുകൾ മാത്രമുള്ള ഒരു ഭാഗമായിരുന്നു അത്. ഒട്ടും വൈകാതെ അവർ എന്നെ ആശുപത്രിയിൽ എത്തിക്കാനാണ് ശ്രമിച്ചത്.

പാമ്പിനെ കണ്ടിട്ട് നാലഞ്ചു ദിവസമായി എന്ന് പറയുന്നുണ്ടല്ലോ. ഇത് അവിടെത്തന്നെ ഇരിക്കുമോ?

തൊട്ടടുത്ത് അരുവിയല്ലെ. ഇണചേരുകയും മുട്ടയിടുകയും ചെയ്യുന്ന സമയമല്ലെ. മിക്കവാറും മുട്ട കാണാൻ സാധ്യത കൂടുതലാണ്. മുട്ടയിടുന്ന സമയമാണെങ്കിൽ പാമ്പ് അവിടെത്തന്നെ കാണാൻ സാധ്യതയേറെയാണ്. മുട്ടയിട്ട് അമ്പത്തിയഞ്ച് അറുപത് ദിവസം വരെ പാമ്പ് അവിടെത്തന്നെ കാണാനാണ് സാധ്യത. എലിയെ പിടിക്കാനാണെങ്കിൽ മാറിയും തിരിഞ്ഞും വീണ്ടും ഇത് വരാം. ഒരു സ്ഥലത്ത് തന്നെ സങ്കേതമുണ്ടാക്കുന്ന രീതി സാധാരണ പാമ്പുകൾക്കില്ല. അങ്ങനെ ചെയ്യുന്നത് രാജവെമ്പാല മാത്രമാണ്.

എത്രതവണ പാമ്പ് കടിച്ചിട്ടുണ്ട്. എത്ര തവണ ആശുപത്രിയിൽ പോയിട്ടുണ്ട്

പതിനഞ്ച് തവണ പാമ്പ് കടിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. അല്ലാതെ മൂവായിരത്തിലേറെ തവണ പാമ്പ് കടിയേറ്റിട്ടുണ്ട്. കടിക്കാത്ത ഒരു പാമ്പുമില്ല. എല്ലാ പാമ്പും കടിക്കും. ചേര ചാടിയ കിണറ്റിൽ നിന്നും വെള്ളം കുടിക്കുന്ന കാര്യത്തിൽ പോലും ആളുകൾക്ക് സംശയമുണ്ട്. ്എന്നാൽ ചേരയെ എടുത്ത ശേഷം ആ കിണറ്റിലെ വെള്ളം കുടിച്ചു കാണിച്ചിട്ടുണ്ട്. പാമ്പിന്റെ വിഷം എടുത്ത് കുടിച്ച് കാണിച്ചിട്ടുണ്ട്. ഇത് പാമ്പിന്റെ വിഷം കഴിച്ചാൽ കുഴപ്പമില്ല എന്ന് അറിയിക്കാനാണ് കാണിച്ചത്.

ഏറ്റവും മാരകമായ കടിയേറ്റത് ഇത്തവണയാണോ?

പതിനഞ്ച് തവണ പാമ്പ് കടിയേറ്റ് ആശുപത്രിയിൽ കിടന്നിട്ടുണ്ട്. മാരകമായ കടിയേറ്റത് ഇതല്ല. പക്ഷെ മരണം മുന്നിൽ കണ്ട നിമിഷങ്ങൾ ഇപ്പോഴത്തെയാണ്. കല്ലമ്പലത്ത് വച്ച് പാമ്പിന്റെ കടിയേറ്റ് കൈയുടെ കൈ മടക്കാൻ സാധിക്കാതെ വ്ന്നിരുന്നു. കൈയിലെ ഒരു വിരൽ പോയി. കാലിലെ ചികിത്സ ഇനിയും തുടരേണ്ടതുണ്ട്. പഴുപ്പ് നീക്കിയിട്ട് ഇനി ഡ്രസ്സ് ചെയ്യണം. മുൻകാലങ്ങളിൽ ചികിത്സയ്ക്ക് പണം ചെലവഴിക്കേണ്ടി വന്നു. കഴിഞ്ഞ തവണ കെ കെ ശൈലജ മന്ത്രിയായിരിക്കെ ചികിത്സ സൗജന്യമായി നൽകി. ഇത്തവണയും സൗജന്യ ചികിത്സ അനുവദിച്ചു. ഇത്തവണ ഭക്ഷണം വരെ സൗജന്യമായി നൽകി.- വാവ സുരേഷ് കൃതജ്ഞതയോടെ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP