Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സദാപുരയിലും ഹരിദ്വാറിലും കണ്ട സന്യാസി സുകുമാരക്കുറുപ്പോ? പത്തനംതിട്ടക്കാരൻ റംസീൻ അഹമ്മദിന്റെ വെളിപ്പെടുത്തലിന് അയൽവാസിയുടെ സ്ഥിരീകരണം; ഹരിദ്വാറിലേക്ക് വീണ്ടും അന്വേഷണം; പിടികിട്ടാപ്പുള്ളി ഒടുവിൽ കുടുങ്ങുമോ?

സദാപുരയിലും ഹരിദ്വാറിലും കണ്ട സന്യാസി സുകുമാരക്കുറുപ്പോ? പത്തനംതിട്ടക്കാരൻ റംസീൻ അഹമ്മദിന്റെ വെളിപ്പെടുത്തലിന് അയൽവാസിയുടെ സ്ഥിരീകരണം; ഹരിദ്വാറിലേക്ക് വീണ്ടും അന്വേഷണം; പിടികിട്ടാപ്പുള്ളി ഒടുവിൽ കുടുങ്ങുമോ?

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ബിവറേജസ് ഷോപ്പ് മാനേജർ രാജസ്ഥാനിൽ കണ്ട സന്ന്യാസി, സുകുമാരക്കുറുപ്പ് തന്നെയെന്ന് ചെറിയനാട് സ്വദേശി. സുകുമാരക്കുറുപ്പിന്റെ അയൽവാസിയായ ജോണാണ് സന്ന്യാസിയുടെ ചിത്രം കണ്ട് ഇങ്ങനെ സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് സംഘം അടുത്ത ദിവസം ജോണിന്റെ മൊഴിയെടുക്കും.

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പൊലീസും നാട്ടുകാരും മറന്നിരിക്കുകയായിരുന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കുറുപ്പിന്റെ ഫയൽ ഏതാണ്ട് ക്ലോസ് ചെയ്തിരുന്നു. അപ്പോഴാണ് ദുൽഖർ സൽമാന്റെ കുറുപ്പ് സിനിമയുടെ വരവ്. അതോടെ ഓൺലൈൻ മാധ്യമങ്ങളും വേ്‌ളാഗർമാരുമെല്ലാം ചേർന്ന് ഉള്ളതും ഇല്ലാത്തതുമായ കുറുപ്പ് കഥകൾ അനേകം പടച്ചു വിട്ടു. അതിനിടെയാണ് വ്യത്യസ്തമായ ഒരു വെളിപ്പെടുത്തൽ മറുനാടൻ പുറത്തു വിട്ടത്. ഈ വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നതും.

പത്തനംതിട്ട ബിവറേജസ് ഷോപ്പ് മാനേജർ റംസീൻ ഇസ്മായിലിന്റെ സംശയങ്ങളാണ്, ചാക്കോവധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള അന്വേഷണം വീണ്ടും സജീവമാക്കുന്നത്. റംസീൻ ഇക്കാര്യങ്ങൾ ആദ്യം പറഞ്ഞത് മറുനാടനോടായിരുന്നു. ഗുജറാത്ത്-രാജസ്ഥാൻ അതിർത്തിയിലെ സദാപുരയിൽ തനിക്കൊപ്പം കൂട്ടുകൂടി നടന്ന മലയാളി സന്യാസി സുകുമാരക്കുറുപ്പാണെന്നായിരുന്നു റംസീൻ വെളിപ്പെടുത്തിയത്. ഇയാൾ കുറുപ്പാണെന്ന് സംശയിക്കത്തക്ക വിവരങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു. ഇതാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് സജീവമായി അന്വേഷിക്കുന്നത്.

2007-ൽ ഇദ്ദേഹം രാജസ്ഥാനിൽ ആധ്യാപകനായിരിക്കെ, ഒരു സന്ന്യാസിയെ കണ്ടിരുന്നു. മലയാളമുൾപ്പെടെ വിവിധ ഭാഷകൾ സംസാരിക്കുന്ന ഇദ്ദേഹത്തിന്റെ ലക്ഷണങ്ങളാണ് റംസീനിൽ സംശയമുണ്ടാക്കിയത്. അന്വേഷണത്തിൽ സന്ന്യാസി മലയാളിയാണെന്ന് കണ്ടെത്തുകയും ചെയ്തു. അന്ന് പൊലീസിനെ വിവരങ്ങൾ ധരിപ്പിച്ചെങ്കിലും അന്വേഷണം നടന്നില്ല. കഴിഞ്ഞ ഡിസംബറിൽ ഹരിദ്വാറിലെ യാത്രാവിവരങ്ങളുള്ള ബ്ലോഗിൽ ഇതേ സന്ന്യാസിയെ വീണ്ടും കണ്ടതോടെ വിവരങ്ങൾ കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു. തുടർന്നാണ് ക്രൈംബ്രാഞ്ച് വീണ്ടും നടപടികൾ തുടങ്ങിയത്. സന്ന്യാസിയുടെ ചിത്രവുമായി സുകുമാരക്കുറുപ്പിന്റെ നാട്ടിൽ ചില അന്വേഷണങ്ങൾ റെസീൻ നടത്തിയിരുന്നു. അങ്ങനെയാണ് കുറുപ്പിന്റെ അയൽവാസിയായ ജോണിനെ ചിത്രം കാണിച്ചത്. അദ്ദേഹവും തിരിച്ചറിയുകയായിരുന്നു.

താൻ പറഞ്ഞ സന്യാസിയുടെ വീഡിയോ പുറത്തു വിട്ട് റംസീൻ അന്വേഷണത്തിന് പുതിയ തലം നൽകിയിരുന്നു. ഇതോടെ കുറുപ്പ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സിഐഡി സംഘം ഉണർന്നെണീറ്റു. ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ എസ്. നുമാൻ കേസന്വേഷണം ഏറ്റെടുത്തു. അടച്ചു വച്ചിരുന്ന കുറുപ്പ് ഫയൽ വീണ്ടും തുറന്നിരിക്കുകയാണ്. നുമാനും സംഘവും ഉടൻ ഹരിദ്വാറിലേക്ക് തിരിക്കും. അവിടെ നിന്ന് സദാപുരയിലും അന്വേഷണം നടത്തും. 2005-07 കാലഘട്ടത്തിലാണ് സുകുമാരക്കുറുപ്പ് തനിക്കൊപ്പം ഉണ്ടായിരുന്നത് എന്നാണ് റംസീൻ അവകാശപ്പെട്ടത്. നടന്ന ആ സംഭവം ഓർത്തെടുത്ത് വിശദമായി പറഞ്ഞുവെങ്കിലും തെളിവിന് ഹാജരാക്കാൻ താൻ സംശയിക്കുന്നയാളുടെ ചിത്രങ്ങളൊന്നും തന്നെ ഹാജരാക്കാൻ റംസീന് കഴിഞ്ഞിരുന്നില്ല.

എന്നാൽ, അയാളുടെ ബാഗും വാച്ചുമൊക്കെ നാട്ടിൽ കൊണ്ടു വന്ന് കുറുപ്പിന്റെ തിരോധാനം അന്വേഷിക്കുന്ന സംഘത്തിന് നൽകാൻ വേണ്ടി ആലപ്പുഴ എസ്‌പിക്ക് കൈമാറിയിരുന്നു. കുറുപ്പെന്ന് കരുതുന്നയാൾ തനിക്കൊപ്പം താമസിക്കുമ്പോൾ പറഞ്ഞിരുന്ന വിവരങ്ങൾ വച്ച് ഇയാൾ ഹരിദ്വാറിലോ ഋഷികേശിലോ കാണുമെന്ന് റംസീന് ഉറപ്പായിരുന്നു. ഇവിടങ്ങളിലുള്ള ഏതെങ്കിലുമൊരു ഇയാളുടെ ദൃശ്യം പതിയാൻ സാധ്യതയുണ്ടെന്ന് മനസിലാക്കി ഹരിദ്വാർ, ഋഷികേശ് എന്നിവിടങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും ട്രാവൽ വ്ളോഗുകളും ഇയാൾ പരിശോധിച്ച് വരികയായിരുന്നു.

അങ്ങനെ ഇരിക്കുമ്പോഴാണ് ഇയാളുടെ സെക്കൻഡുകൾ മാത്രം നീളുന്ന ഒരു ദൃശ്യം ഇയാളുടെ കണ്ണിൽപ്പെട്ടത്. തനിക്കൊപ്പം സദാപുരയിൽ കഴിഞ്ഞിരുന്ന അതേ ആൾ ഹരിദ്വാറിൽ. കാവിജുബയും മുണ്ടും ധരിച്ചിരിക്കുന്നു. അതേ നിറത്തിലുള്ള തലപ്പാവ്. കഴുത്തിൽ ചെറുതും വലുതുമായ രുദ്രാക്ഷ മാലകൾ. കൈയിൽ എപ്പോഴും കാണാറുള്ള അതേ വാക്കിങ് സ്റ്റിക്ക്. തനിക്കൊപ്പം കഴിഞ്ഞ കാലത്തും ഈ വാക്കിങ് സ്റ്റിക്ക് റംസീൻ ശ്രദ്ധിച്ചിരുന്നു. അതിനുള്ളിൽ വടിവാളാണ്. അധികമാർക്കും അറിയാത്ത രഹസ്യമാണത്.

തനിക്കൊപ്പം കഴിഞ്ഞ സ്വാമി ശങ്കരഗിരിഗിരിയാണ് അതെന്ന് മനസിലാക്കിയ റംസീൻ വീഡിയോ ദൃശ്യം കട്ട് ചെയ്ത് സുകുമാരക്കുറുപ്പിന്റെ അയൽവാസിക്ക് അയച്ചു കൊടുത്തു. ഇത് കുറുപ്പ് തന്നെയാണെന്ന് അയാൾ സാക്ഷ്യം പറയുന്നു. പക്ഷേ, ഈ സന്യാസിയെ കണ്ടെത്തി തെളിയിക്കും വരെ കുറുപ്പാണെന്ന് ഉറപ്പിച്ചു പറയാനും കഴിയില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP