Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തെ തൊട്ട് യോഗി വാങ്ങിക്കൂട്ടിയത് എട്ടിന്റെ പണി; പിന്തുണച്ചത് കേരളത്തിലെ ബിജെപി നേതാക്കൾ മാത്രം; നിതി ആയോഗിന്റെ സാക്ഷ്യപ്പെടുത്തൽ തിരിച്ചടിയായി; പിണറായിയും സതീശനും ഒരുമിച്ചപ്പോൾ യെച്ചൂരിയും രാഹുലും കൈകോർത്തു; തരൂർ തുടങ്ങി വച്ച പ്രത്യാക്രമണത്തിൽ യുപി മുഖ്യമന്ത്രി വലഞ്ഞപ്പോൾ

കേരളത്തെ തൊട്ട് യോഗി വാങ്ങിക്കൂട്ടിയത് എട്ടിന്റെ പണി; പിന്തുണച്ചത് കേരളത്തിലെ ബിജെപി നേതാക്കൾ മാത്രം; നിതി ആയോഗിന്റെ സാക്ഷ്യപ്പെടുത്തൽ തിരിച്ചടിയായി; പിണറായിയും സതീശനും ഒരുമിച്ചപ്പോൾ യെച്ചൂരിയും രാഹുലും കൈകോർത്തു; തരൂർ തുടങ്ങി വച്ച പ്രത്യാക്രമണത്തിൽ യുപി മുഖ്യമന്ത്രി വലഞ്ഞപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തെ തൊട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പൊള്ളി. ബിജെപി വീണ്ടും അധികാരത്തിലെത്തിയില്ലെങ്കിൽ ഉത്തർപ്രദേശിന്റെ കാര്യം കശ്മീർ, കേരളം, ബംഗാൾ എന്നീ സംസ്ഥാനങ്ങളെപ്പോലെയാകുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിനെതിരെ കേരളം ഒറ്റക്കെട്ടായി. ഈ ഐക്യമാണ് യുപി മുഖ്യമന്ത്രിക്ക് വിനയായത്. യുപിയിൽ ആദ്യഘട്ട തിരഞ്ഞെടുപ്പിനു മുന്നോടിയായി യോഗി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത 6 മിനിറ്റ് വിഡിയോയിലാണ് ഈ പരാമർശം നടത്തിയത്.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരടക്കം ശക്തമായ പ്രതികരണങ്ങളുമായി യോഗിയെ നേരിട്ടു. മുഖ്യമന്ത്രി ഹിന്ദിയിലും ട്വീറ്റ് ചെയ്തു. അതിനിടെ യോഗി ആദിത്യനാഥ് പറഞ്ഞതിന്റെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി. മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും രംഗത്തെത്തി. കേരളത്തിലെ ബിജെപി ഒഴികെ ആരും യോഗിയെ പിന്തുണച്ചില്ല. യുപിയിലെ അവസ്ഥ കേരളത്തിലും വീണ്ടും ചർച്ചയായി. ശശി തരൂരാണ് യോഗിക്കെതിരായ കടന്നാക്രമണം തുടങ്ങിയത്. പിന്നീട് അത് ദേശീയ തലത്തിൽ വലിയ ചർച്ചാ വിഷയമായി.

ജാഗ്രതയോടെ വോട്ടുചെയ്യണമെന്നും യു.പി.യെ കശ്മീരോ ബംഗാളോ കേരളമോ ആക്കിത്തീർക്കരുതെന്നുമാണ് യോഗി പറഞ്ഞത്. ഈപരാമർശം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടതിനുപിന്നാലെ കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെ ഒട്ടേറെപ്പേർ ചുട്ടമറുപടിയുമായി രംഗത്തെത്തി. ഇത് യോഗി പ്രതീക്ഷിക്കാത്ത കടന്നാക്രമണമായിരുന്നു. കേരളത്തിന്റെ പ്രതികരണങ്ങളോട് മൗനത്തിലൂടെ മറുപടി നൽകി യോഗിയും ചെന്നു വീണ അബദ്ധത്തെ തിരിച്ചറിഞ്ഞു. കേരളത്തിലെ ബിജെപിക്കാർ ഒഴികെ മറ്റ് പ്രമുഖരാരും യോഗിയുടെ വാദങ്ങളെ അംഗീകരിച്ചില്ല. സംസ്‌കാരിക ലോകവും കേരളത്തിന് വേണ്ടി നിലയുറപ്പിച്ചു.

ട്വിറ്ററിലെ വീഡിയോ സന്ദേശത്തിലൂടെയാണ് യോഗി വോട്ടർമാരെ ഉദ്ബുദ്ധരാക്കാൻ ശ്രമിച്ചത്. ''എനിക്കെന്റെ ഹൃദയത്തിൽനിന്ന് നേരിട്ടു ചിലതുപറയാനുണ്ട്. കഴിഞ്ഞ അഞ്ചുവർഷം യു.പി.യിൽ ബിജെപി.യുടെ ഇരട്ട എൻജിൻ സർക്കാർ പ്രതിബദ്ധതയോടെയും സമർപ്പണത്തോടെയും പ്രവർത്തിച്ചു. ഒട്ടേറെ അദ്ഭുതകാര്യങ്ങൾ നടത്താൻ കഴിഞ്ഞു. എല്ലാവരും ശ്രദ്ധിക്കണം, തെറ്റുപറ്റിയാൽ അഞ്ചുകൊല്ലത്തെ കഠിനാധ്വാനമെല്ലാം പാഴാവും. യു.പി., കശ്മീരോ കേരളമോ ബംഗാളോ ആവാൻ അധികം സമയമെടുക്കില്ല'' -അദ്ദേഹം പറഞ്ഞു.

എന്നാൽ, ലോകംതന്നെ മാതൃകയായി കാണുന്ന കേരളത്തിനൊപ്പം എത്താൻ യു.പി.യിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് യോഗി ആദിത്യനാഥിനെ ഭയപ്പെടുത്തുന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു. കേരളത്തെപ്പോലെയായാൽ യു.പി. തീർച്ചയായും ബിജെപി.യെ തോൽപ്പിക്കുമെന്ന് സിപിഎം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. മോദിസർക്കാരിന്റെ നിതി ആയോഗാണ് മാനവശേഷിവികസനത്തിലെ വിലയിരുത്തലിൽ കേരളത്തിന് മികച്ച റാങ്ക് നൽകിയത്. അതേ റാങ്കിൽ യു.പി. വളരെ പിന്നിലാണ്. ഇന്ത്യയിലെ എല്ലാസംസ്ഥാനങ്ങളും കേരളത്തെപ്പോലെയായാൽ രാജ്യം മികച്ചനിലവാരത്തിലെത്തുമെന്നും യെച്ചൂരി പറഞ്ഞു.

കശ്മീർമുതൽ കേരളംവരെ, ഗുജറാത്തുമുതൽ ബംഗാൾവരെ, ഇന്ത്യ അതിന്റെ എല്ലാനിറങ്ങളിലും മനോഹരമാണെന്നും രാജ്യത്തിന്റെ ആത്മാവിനെ അപമാനിക്കരുതെന്നുമാണ് യോഗിയുടെ പരാമർശത്തോട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പ്രതികരിച്ചത്. നമ്മുടെ ഐക്യത്തിന് ശക്തിയുണ്ടെന്നും ആരെയും പേരെടുത്തുപറയാതെ രാഹുൽ ട്വീറ്റുചെയ്തു. യു.പി. കേരളംപോലെയാകാനാണ് വോട്ടുചെയ്യേണ്ടതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും അഭിപ്രായപ്പെട്ടു.

കേരളത്തെപ്പോലെയായാൽ ഉത്തർപ്രദേശ് ഭാഗ്യമുള്ള സംസ്ഥാനമാകുമെന്നാണ് കോൺഗ്രസ് നേതാവ് ശശി തരൂർ പ്രതികരിച്ചത്. കശ്മീരിന്റെ സൗന്ദര്യം, ബംഗാളിന്റെ സംസ്‌കാരം, കേരളത്തിന്റെ വിദ്യാഭ്യാസം എന്നിവ യു.പി.യിൽ അദ്ഭുതംകാട്ടും. ഉത്തർപ്രദേശ് വിസ്മയകരമാണ്. എന്നാൽ, സർക്കാരിന്റെ അവസ്ഥ പരിതാപകരമാണെന്നും തരൂർ പറഞ്ഞു.

സൂക്ഷിക്കണം യുപി കേരളമാകും: യോഗി ആദിത്യനാഥ്

''നിങ്ങൾ സൂക്ഷിക്കണം. കലാപകാരികളും ഭീകരവാദികളും ബിജെപി സർക്കാരിന്റെ 5 വർഷത്തെ പ്രവർത്തനങ്ങളിൽ നിരാശരാണ്, അവർ ഭീഷണി മുഴക്കുകയാണ്. ഇപ്പോൾ അവസരം പാഴാക്കിയാൽ 5 കൊല്ലത്തെ പ്രവൃത്തികൾ പാഴായിപ്പോകും. വൈകാതെ ഉത്തർപ്രദേശിന്റെ അവസ്ഥ കശ്മീർ, കേരളം, ബംഗാൾ എന്നിവയെപ്പോലെയാകും.''

യുപിയിലെ ജനങ്ങൾ കേരളമാകാൻ ആഗ്രഹിക്കും: പിണറായി വിജയൻ

''യോഗി പേടിക്കുന്നതു പോലെ യുപി കേരളമാവുകയാണെങ്കിൽ ജനങ്ങൾക്കു മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം, മതത്തിന്റെയോ ജാതിയുടെയോ പേരിൽ ആളുകൾ കൊല്ലപ്പെടാത്ത സൗഹാർദ സാമൂഹികാന്തരീക്ഷം എന്നിവയുണ്ടാകും. യുപിയിലെ ജനങ്ങൾ അതാഗ്രഹിക്കുന്നുണ്ടാകും. അതാണ് യോഗിയുടെ പേടി.''

ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കരുത്: രാഹുൽ ഗാന്ധി

''കൂട്ടായ്മ കരുത്താണ്. സംസ്‌കാരങ്ങളുടെ, വൈവിധ്യത്തിന്റെ, ഭാഷകളുടെ, ജനങ്ങളുടെ, സംസ്ഥാനങ്ങളുടെ കൂടിച്ചേരൽ. കശ്മീർ തൊട്ടു കേരളം വരെ, ഗുജറാത്ത് തൊട്ടു ബംഗാൾ വരെ ഇന്ത്യ അതിന്റെ വൈവിധ്യമാർന്ന നിറങ്ങളാൽ മനോഹരമാണ്. ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കരുത്.''

കേരളം പോലെയാകാൻ വോട്ടു ചെയ്യൂ: വി.ഡി.സതീശൻ

''പ്രിയപ്പെട്ട യുപി, കേരളം പോലെയാകാൻ വോട്ടു ചെയ്യൂ. പഴഞ്ചൻ വിഭാഗീയതയ്ക്കു പകരം സഹവർത്തിത്വം, സൗഹാർദം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവ തിരഞ്ഞെടുക്കൂ. മലയാളികളും ബംഗാളികളും കശ്മീരികളും അഭിമാനമുള്ള ഇന്ത്യക്കാർ തന്നെയാണ്.

യോഗിയുടെ സെക്രട്ടറി ജയിലിൽ പോയിട്ടില്ല: കെ. സുരേന്ദ്രൻ

''അവിടെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ പോയില്ല. വർഗീയ ലഹളയോ രാഷ്ട്രീയ കൊലപാതകമോ നടന്നില്ല. കോവിഡ് ടിപിആർ ഒരിക്കലും 20 കടന്നില്ല. മരണം മറച്ചുവച്ചില്ല. ഒരു മന്ത്രിയും അമേരിക്കയിൽ ചികിത്സയ്ക്കു പോയില്ല. യോഗി 6 മണി പത്രസമ്മേളനം നടത്തിയില്ലെന്നു മാത്രം.''

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP