Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാതോലിക്കാ ബാവക്ക് വിരുന്നൊരുക്കി ശിവഗിരി മഠം; സ്വീകരിച്ചത് പൊന്നാട അണിയിച്ച്; ഗുരുദേവ സമാധിയിൽ പുഷ്പാർച്ചന നടത്തി; ഗുരുദേവന്റെ വചനങ്ങൾക്ക് ഈ കാലഘട്ടത്തിൽ വലിയ പ്രസക്തിയുണ്ടെന്ന് ബാവ തിരുമേനി

കാതോലിക്കാ ബാവക്ക് വിരുന്നൊരുക്കി ശിവഗിരി മഠം; സ്വീകരിച്ചത് പൊന്നാട അണിയിച്ച്; ഗുരുദേവ സമാധിയിൽ പുഷ്പാർച്ചന നടത്തി; ഗുരുദേവന്റെ വചനങ്ങൾക്ക് ഈ കാലഘട്ടത്തിൽ വലിയ പ്രസക്തിയുണ്ടെന്ന് ബാവ തിരുമേനി

മറുനാടൻ മലയാളി ബ്യൂറോ

വർക്കല : മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവക്ക് വർക്കല ശിവഗിരി മഠത്തിൽ ഊഷ്മള സ്വീകരണം. ഓർത്തഡോക്‌സ് സഭയുടെ കാതോലിക്കാ ആയി ഏതാനും മാസങ്ങൾക്ക് മുൻപ് സ്ഥാനമേറ്റ വലിയ പിതാവിനോടുള്ള ആദര സൂചകമായാണ് ശിവഗിരി മഠം വിരുന്നും സ്വീകരണവും ഒരുക്കിയത്.



ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും ജനറൽ സെക്രട്ടറി സ്വാമി ഋതുംബരാനന്ദയും ചേർന്നാണ് സ്വീകരണ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ശിവഗിരി മഠത്തിൽ എത്തിയ ബാവ തിരുമേനിയെ പൊന്നാട അണിയിച്ചാണ് സന്യാസിമാർ സ്വീകരിച്ചത്. കാതോലിക്കാ ബാവയാകട്ടെ സ്വാമിമാർക്കായി ഒൻപത് ഇനം പഴങ്ങൾ അടങ്ങിയ പഴക്കൂടയുമായാണ് എത്തിയത്.



ഗുരുദേവ സമാധി സന്ദർശിച്ച കാതോലിക്കാ ബാവ സമാധിയിൽ പുഷ്പാർച്ചന നടത്തി. ആളുകൾക്കിടയിൽ വർഗീയ ധ്രുവീകരണങ്ങൾ ശക്തമാകുന്ന ഈ കാലഘട്ടത്തിൽ ഗുരുദേവന്റെ വചനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് കാതോലിക്കാ ബാവ പറഞ്ഞു. സാമൂഹിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ശിവഗിരി മഠം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും ബാവ അഭിപ്രായപ്പെട്ടു.



നിർധനർക്കും അവശതയനുഭവിക്കുന്ന സമൂഹങ്ങൾക്കും വേണ്ടി വർഷങ്ങളായി സേവനം ചെയ്യുന്ന കാതോലിക്കാ ബാവയുടെ പ്രവർത്തങ്ങളെ ശിവഗിരി മഠം അനുമോദിച്ചു. ബാവ തിരുമേനിയുടെ പുതിയ സ്ഥാനലബ്ധിയോടെ നിരവധി നിരാലംബർക്കു കൂടുതൽ പ്രയോജനം ലഭിക്കുവാനുള്ള അവസരം കൂടി ഒരുങ്ങുകയാണെന്ന് ശിവഗിരി മഠം ഭാരവാഹികൾ അഭിപ്രായപ്പെട്ടു.



അതേസമയം രണ്ട് സമുദായങ്ങൾക്കിടയിൽ കൂടുതൽ സാഹോദര്യം പുലരാനുള്ള അവസരമായാണ് കാതോലിക്കാ ബാവയുടെ ശിവഗിരി മഠം സന്ദർശനത്തെ വിവിധ സമുദായങ്ങൾ നോക്കി കാണുന്നത്. ഇതാദ്യമായാണ് ഓർത്തഡോക്‌സ് സഭയുടെ ഒരു പരമാധ്യക്ഷൻ ശിവഗിരി മഠം സന്ദർശിക്കുന്നത്.

മലങ്കര ഓർത്തഡോക്‌സ് സഭയിലെ മുതിർന്ന വൈദീകനും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടറുമായ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയും സഭാ മാനേജിങ് കമ്മിറ്റി അംഗവും എം.ജി.എം ഗ്രൂപ്പ് ചെയർമാനുമായ ഗീവർഗീസ് യോഹന്നാനും കാതോലിക്കാ ബാവക്ക് ഒപ്പമുണ്ടായിരുന്നു.



ശിവഗിരി മഠത്തിൽ നടന്ന ചടങ്ങുകൾക്ക് ശിവഗിരി മഠം ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് എന്നിവരും നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP