Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശീതികരിച്ച മുറിയിൽ ഇരുന്ന് കള്ളക്കണക്കുണ്ടാക്കിയ സെക്രട്ടറിയെയല്ല; ആരോഗ്യ മന്ത്രി വിശ്വസിക്കേണ്ടത് ഡോക്ടർമാരെ: ഫേസ്‌ബുക്ക് കുറിപ്പുമായി ഡോക്ടർ എസ്.എസ് ലാൽ

ശീതികരിച്ച മുറിയിൽ ഇരുന്ന് കള്ളക്കണക്കുണ്ടാക്കിയ സെക്രട്ടറിയെയല്ല; ആരോഗ്യ മന്ത്രി വിശ്വസിക്കേണ്ടത് ഡോക്ടർമാരെ: ഫേസ്‌ബുക്ക് കുറിപ്പുമായി ഡോക്ടർ എസ്.എസ് ലാൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് മരണക്കണക്കിൽ ഇരട്ടിപ്പുണ്ടായതിന്റെ പേരിൽ ജില്ലാ മെഡിക്കൽ ഓഫിസർമാർക്ക് (ഡിഎംഒ) ആരോഗ്യ സെക്രട്ടറി കാരണം കാണിക്കൽ നോട്ടിസ് നൽകിയ നടപടി പ്രതിഷേധാർഹമാണെന്ന് ആരോഗ്യവിദഗ്ധൻ ഡോ.എസ്.എസ്. ലാൽ. 'ജില്ലാ മെഡിക്കൽ ഓഫിസർമാർ ഭയക്കരുത്' എന്നു തുടങ്ങുന്ന ഫേസ്‌ബുക് കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആരോഗ്യ വകുപ്പ് ഭരിക്കുന്നതും വകുപ്പിനെ തെറ്റായി നയിക്കുന്നതും ആരോഗ്യ സെക്രട്ടറിയാണെന്ന് വീണ്ടും തെളിയുകയാണ്. ആരോഗ്യമന്ത്രിയെ പൂർണ്ണമായും അവഗണിക്കുകയാണെന്നും അദ്ദേഹം കുറിപ്പിൽ വിമർശിച്ചു.

ഫേസ്‌ബുക് കുറിപ്പിന്റെ പൂർണരൂപം:

ജില്ലാ മെഡിക്കൽ ഓഫിസർമാർ ഭയക്കരുത്.

കോവിഡ് മരണക്കണക്കിൽ ഇപ്പോൾ ഇരട്ടിപ്പുണ്ടായതിന്റെ പേരിൽ ജില്ലാ മെഡിക്കൽ ഓഫിസർമാർക്ക് (ഡിഎംഒ) ആരോഗ്യ സെക്രട്ടറി കാരണം കാണിക്കൽ നോട്ടിസ് നൽകിയ നടപടി പ്രതിഷേധാർഹമാണ്. ഈ നാടകം കണ്ട് ഡിഎംഒമാർ ഭയക്കരുത്. ആരോഗ്യ വകുപ്പ് ഭരിക്കുന്നതും വകുപ്പിനെ തെറ്റായി നയിക്കുന്നതും ആരോഗ്യ സെക്രട്ടറിയാണെന്ന് വീണ്ടും തെളിയുകയാണ്. ആരോഗ്യമന്ത്രിയെ പൂർണ്ണമായും അവഗണിക്കുകയാണ്.

കേരളത്തിലെ കോവിഡ് മരണക്കണക്കുകൾ പൂഴ്‌ത്തി വയ്ക്കാൻ കൂട്ടുനിന്ന ആരോഗ്യ സെക്രട്ടറി കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് പ്രതിരോധത്തിന്റെ നട്ടെല്ലായിരുന്ന ജില്ലാ മെഡിക്കൽ ഓഫിസർമാർക്ക് ഇപ്പോൾ നോട്ടിസ് നൽകുന്നത് വിരോധാഭാസമാണ്. ഇതേ ആരോഗ്യ സെക്രട്ടറി ഇറക്കിയ ഉത്തരുവുകൾ പ്രകാരമാണ് ജില്ലാ മെഡിക്കൽ ഓഫിസർമാർ ഇത്രയും കാലം പ്രവർത്തിച്ചിരുന്നത്. അന്തർദേശീയ മാനദണ്ഡങ്ങളും ഐസിഎംആർ മാർഗരേഖകളും തെറ്റായി വ്യാഖ്യാനിച്ച് കോവിഡ് മരണങ്ങൾ കുറച്ചു കാണിച്ചതിനും ആ തെറ്റുകൾ ചൂണ്ടിക്കാണിച്ചപ്പോൾ തിരുത്താതെ ന്യായീകരിച്ചതിനും ആരോഗ്യ സെക്രട്ടറിയും കൂടെയുള്ള ഉദ്യോഗസ്ഥരും ഉത്തരവാദികളാണ്. ഇവരുടെ ധാർഷ്ട്യം കാരണമാണ് കൃത്യമായ വിവരശേഖരണം പോലും നടക്കാതെ പോയത്.

നിയമസഭയിൽ പ്രതിപക്ഷ നേതാവ് കോവിഡ് വിഷയം ഉന്നയിച്ചപ്പോൾ പുതിയ ആരോഗ്യമന്ത്രിയെക്കൊണ്ട് തെറ്റായ വിശദീകരണം നൽകിച്ചതും ഇതേ ഉദ്യോഗസ്ഥർ തന്നെയാണ്. കള്ളക്കണക്കുകൾ എല്ലാം പൊളിഞ്ഞപ്പോൾ സുപ്രീം കോടതി ഉത്തരവിന്റെ മുന്നിൽ നിൽക്കക്കള്ളിയില്ലാതെ വന്നു. ഒന്നാം തരംഗത്തിലെയും രണ്ടാം തരംഗത്തിലെയും കോവിഡ് മരണങ്ങൾ അതത് ആശുപത്രികളിൽ തീരുമാനിക്കാതെ സംസ്ഥാന തലത്തിൽ ഓഡിറ്റിങ് കമ്മിറ്റി ഉണ്ടാക്കി കണക്കിൽ വെള്ളം ചേർത്തു. അതിനാൽ മരണത്തിന്റെ യഥാർഥ കണക്കുകൾ പുറത്തു വന്നപ്പോൾ ഇരട്ടിപ്പ് ഉണ്ടായതിന്റെ ഉത്തരവാദിത്തം ആരോഗ്യ സെക്രട്ടറിക്കാണ്.

ഫണ്ടില്ല എന്നു പറഞ്ഞ് കോവിഡ് ബ്രിഗേഡിലെ ഡേറ്റ എൻട്രി ഓപ്പറേറ്റർമാരെ പിരിച്ചു വിടാൻ തീരുമാനിച്ചതും ആരോഗ്യ സെക്രട്ടറിയും കുട്ടരുമാണ്. ഡിഎംഒമാരല്ല അതു ചെയ്തത്. കോവിഡ് രംഗത്ത് തുടർ പരാജയങ്ങൾക്ക് കാരണമായ ആരോഗ്യ സെക്രട്ടറിയെ മാറ്റാൻ സർക്കാർ തയാറാകണം. അതിനു പുറമേ ആരോഗ്യ വകുപ്പ് ഡയറക്ടറെയും ജില്ലാ മെഡിക്കൽ ഓഫിസർമാരെയും കോവിഡ് പ്രതിരോധത്തിന്റെ ഉത്തരവാദിത്തം തിരിച്ചേൽപ്പിക്കുകയും വേണം.

പ്രതിസന്ധികൾക്കിടയിലും ജില്ലകളിലെ കോവിഡ് പ്രതിരോധം പരമാവധി കാര്യക്ഷമായി നടത്തിയ ജില്ലാ മെഡിക്കൽ ഓഫിസർമാരെ അകാരണമായി കുറ്റപ്പെടുത്താനുള്ള ആരോഗ്യ സെക്രട്ടറിയുടെ നീക്കങ്ങൾ തടയാൻ ആരോഗ്യ മന്ത്രിക്ക് കഴിയണം. രണ്ടു കൊല്ലമായി ഊണും ഉറക്കവുമില്ലാതെ ജോലി ചെയുന്ന ഡോക്ടർമാരെയാണ് ആരോഗ്യമന്ത്രി വിശ്വസിക്കേണ്ടത്. മറിച്ച് ശീതികരിച്ച മുറിയിൽ ഇരുന്ന് കള്ളക്കണക്കുണ്ടാക്കിയ സെക്രട്ടറിയെയല്ല.

ഡോക്ടർ സുഹൃത്തുക്കളോട് ഒരു വാക്ക്. അശാസ്ത്രീയ തീരുമാനങ്ങൾ ആര് അടിച്ചേൽപ്പിച്ചാലും വഴങ്ങരുത്. നമ്മുടെ പ്രതിബദ്ധത ജനങ്ങളോടാണ്, ഉദ്യോഗസ്ഥരോടല്ല. ഉദ്യോഗസ്ഥർ എടുക്കുന്ന തെറ്റായ തീരുമാനങ്ങൾ അപ്പപ്പോൾ തിരുത്തിക്കാൻ തയാറായില്ലെങ്കിൽ ആരോഗ്യ വകുപ്പ് തന്നെ അപ്രസക്തമാകും. പൊതുജനാരോഗ്യം തകിടം മറിയാൻ അത് കാരണമാകും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP