Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴിഞ്ഞ വർഷം എൻട്രൻസ് എഴുതി അഡ്‌മിഷൻ കിട്ടിയിട്ടും പണമില്ലാത്തതിനാൽ പോകാനായില്ല; ഇക്കുറിയും സാമ്പത്തികം തടസമായപ്പോൾ നേരെ പോയത് ജനീഷ് കുമാർ എംഎൽഎയെ കാണാൻ; മൂന്നു ലക്ഷം രൂപയുമായി സിപിഎം ജില്ലാസെക്രട്ടറി എത്തി പഠനം ഏറ്റെടുത്തു: ജയലക്ഷ്മി ഇനി ഡോക്ടറാകും

കഴിഞ്ഞ വർഷം എൻട്രൻസ് എഴുതി അഡ്‌മിഷൻ കിട്ടിയിട്ടും പണമില്ലാത്തതിനാൽ പോകാനായില്ല; ഇക്കുറിയും സാമ്പത്തികം തടസമായപ്പോൾ നേരെ പോയത് ജനീഷ് കുമാർ എംഎൽഎയെ കാണാൻ; മൂന്നു ലക്ഷം രൂപയുമായി സിപിഎം ജില്ലാസെക്രട്ടറി എത്തി പഠനം ഏറ്റെടുത്തു: ജയലക്ഷ്മി ഇനി ഡോക്ടറാകും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വീട്ടിലെ അവസ്ഥയും സാമ്പത്തിക പരാധീനതയും കാരണം ഇല്ലാതാകേണ്ടിയിരുന്ന ഒരു ഡോക്ടറെ സിപിഎം വീണ്ടെടുത്ത് സമൂഹത്തിന് നൽകുന്നു. കോന്നി അരുവാപ്പുലം കോയിപ്രത്ത് മേലേതിൽ അർജുനന്റെയും രമാ ദേവിയുടെയും മകൾ ജയലക്ഷ്മിയെ ഇനി സിപിഎം നേതൃത്വത്തിൽ പഠിപ്പിച്ച് ഡോക്ടറാകും.

കഴിഞ്ഞ തവണ എൻട്രൻസ് എഴുതി പാലക്കാട് ദാസ് കോളജിൽ മെഡിസിന് സീറ്റു കിട്ടിയ ജയലക്ഷ്മിക്ക് സാമ്പത്തികം തടസമായതിനാൽ പോകാൻ കഴിഞ്ഞില്ല. ഈ വർഷവും എൻട്രൻസ് എഴുതി. തൊടുപുഴ അൽ-അസറിൽ അഡ്‌മിഷനും കിട്ടി. ഇവിടെയും സാമ്പത്തികം തടസമാകുമെന്ന അവസ്ഥ വന്നപ്പോളാണ് കെ.യു. ജനീഷ് കുമാർ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവും ചേർന്ന് ജയലക്ഷ്മിയെ കൈപിടിച്ചുയർത്തിയത്. ഇന്നായിരുന്നു അഡ്‌മിഷൻ എടുക്കാനുള്ള അവസാന തീയതി. മണിക്കൂറുകൾക്ക് മുൻപ് മൂന്നു ലക്ഷം രൂപയുമായി ജില്ലാ സെക്രട്ടറിയും എംഎൽഎയുമെത്തി. ഇനി നിന്നെ ഞങ്ങൾ പഠിപ്പിക്കുമെന്ന് പറഞ്ഞ് പണം നൽകുമ്പോൾ ജയലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

2021 ൽ എൻട്രൻസ് നേടി പാലക്കാട് ദാസ് മെഡിക്കൽ കോളജിൽ ജയലക്ഷ്മിക്ക് അഡ്‌മിഷൻ ലഭിച്ചിരുന്നു. പലരോടും സഹായം അഭ്യർത്ഥിച്ചെങ്കിലും പണം ലഭിക്കാത്തതിനാൽ കോളജിൽ ചേരാൻ കഴിഞ്ഞില്ല. തുടർന്നും വീട്ടിലിരുന്ന് പഠനം തുടർന്ന ജയലക്ഷ്മി ഈ വർഷവും 6797-ാം റാങ്ക് വാങ്ങി. ഇടുക്കി ജില്ലയിലെ തൊടുപുഴ അൽ അസർ മെഡിക്കൽ കോളജിൽ അഡ്‌മിഷനും ലഭിച്ചു. കോഴ്സിനു ചേരാൻ എൻട്രൻസ് കമ്മിഷണറുടെ പേരിൽ മൂന്നു ലക്ഷം രൂപയും കോളജിൽ ഫീസായി നാലു ലക്ഷം രൂപയും നൽകണം. തുക കണ്ടെത്താൻ നിരവധിയാളുകളോട് സഹായം തേടിയെങ്കിലും നിരാശയായിരുന്നു ഫലം.

അവസാന ശ്രമമെന്ന നിലയിൽ ജയലക്ഷ്മി അമ്മയേയും കൂട്ടി ഞായറാഴ്ച ഓഫീസിലെത്തി അഡ്വ.കെ.യു.ജനീഷ് കുമാർ എംഎ‍ൽഎയെ വിവരം ധരിപ്പിച്ചു.കുട്ടിയുടെ പഠന പ്രതിസന്ധി മനസിലാക്കിയ എംഎ‍ൽഎ വിവരം സി.പി. എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിനെ അറിയിച്ചു. ഉടൻ തന്നെ ഉദയഭാനു ആവശ്യമായ എല്ലാ പിന്തുണയും കുട്ടിക്ക് പഠനത്തിനായി നൽകുമെന്നറിയിച്ചു. അഡ്‌മിഷനെടുക്കാൻ എല്ലാ സഹായവും നൽകുമെന്നും കോളജിലേക്ക് അഡ്‌മിഷനായി പോകാൻ തയാറാകാൻ കുട്ടിയെ അറിയിക്കാനും എംഎ‍ൽഎയെ ചുമതലപ്പെടുത്തി.

ഇന്ന് രാവിലെ 7.30 ന് അഡ്വ. കെ.യു. ജനീഷ് കുമാർ എംഎ‍ൽഎയെയും കൂട്ടി ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു അരുവാപ്പുലത്തെ വീട്ടിലെത്തി. എൻട്രൻസ് കമ്മിഷണർക്ക് അയ്ക്കുന്നതിനാവശ്യമായ മൂന്നു ലക്ഷം രൂപ ജില്ലാ സെക്രട്ടറി ജയലക്ഷ്മിക്ക് കൈമാറി. കോളജിൽ അടയ്ക്കാനുള്ള നാലു ലക്ഷം രൂപയും കണ്ടെത്തി നൽകുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

പഠനം പൂർത്തിയാക്കാൻ 30 ലക്ഷം രൂപയോളം ചെലവു വരുമെന്നും, ബഹുജന പിന്തുണയോടെ പഠന ചെലവ് സിപിഎം ഏറ്റെടുക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. പണം ഏറ്റുവാങ്ങിയ ശേഷം ജില്ലാ സെക്രട്ടറിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാൻ ശ്രമിച്ച ജയലക്ഷ്മിയെ നിരുൽസാഹപ്പെടുത്തി ആരുടെയും കാലിൽ വീഴാതെ നിവർന്ന് നിന്ന് മുന്നോട്ടു പോകണമെന്നും ഉപദേശിച്ചു. തുടർന്ന് അഡ്‌മിഷൻ എടുക്കുന്നതിനായി എംഎ‍ൽഎയുടെ എഡ്യൂ കെയർ പദ്ധതി കോ-ഓർഡിനേറ്റർ രാജേഷ് ആക്ളേത്ത് ജയലക്ഷ്മിയേയും, മാതാപിതാക്കളെയും കൂട്ടി തൊടുപുഴയിലേക്ക് പോയി. രണ്ടു ദിവസത്തിനുള്ളിൽ അഡ്‌മിഷൻ നടപടികൾ പൂർത്തിയാക്കും.

കൂലിപ്പണിക്കാരനും രോഗിയുമായ അച്ഛന്റെയും വീട്ടുജോലി ചെയ്യുന്ന അമ്മയുടെയും കഷ്ടപ്പാടുകൾക്കു നടുവിൽ നിന്നാണ് ജയലക്ഷ്മി എൻട്രൻസിൽ മികച്ച വിജയം നേടുന്നത്. കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും എസ്.എസ്.എൽ.സി യും എലിമുള്ളും പ്ലാക്കൽ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ലസ്ടുവും പാസായ ജയലക്ഷ്മിക്ക് ഡോക്ടറാകുക എന്നതായിരുന്നു സ്വപ്നം. കോച്ചിങ് സെന്ററുകളിൽ പോകാതെ വീട്ടിലിരുന്നു പഠിച്ചാണ് ജയലക്ഷ്മി ഈ മികച്ച വിജയം നേടിയത്.

ജയലക്ഷ്മിയുടെ മാതാപിതാക്കളുടെ കുടുംബത്തിന് ആകെയുള്ള 31 സെന്റ് സ്ഥലത്തിന് ആറ് അവകാശികളാണുള്ളത്. വസ്തു ബാങ്കിൽ പണയത്തിലുമാണ്. എംഎ‍ൽഎയെ കണ്ടതോടെയാണ് മകളുടെ ഡോക്ടർ മോഹത്തിന് പ്രതീക്ഷയായതെന്ന് ജയലക്ഷ്മിയുടെ അമ്മ രമാദേവി പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി നൽകിയ പിൻതുണ ഒരിക്കലും മറക്കാൻ കഴിയില്ല. നാട്ടുകാർക്ക് എന്നും സഹായിയായ ഒരു ഡോക്ടറായി മകൾ മാറുമെന്നും അമ്മ രമാദേവി പറഞ്ഞു. പഠനത്തിൽ മിടുക്കരായ പാവപ്പെട്ട കുട്ടികളെ സഹായിക്കാൻ എല്ലാ ഇടപെടലും നടത്തുമെന്ന് ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞു. ജയലക്ഷ്മിയെപ്പോലെ ധാരാളം കുട്ടികൾ സമൂഹത്തിലുണ്ട്.ഇവർക്ക് സഹായമായി എല്ലാവരും രംഗത്തു വരണമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

ജയലക്ഷ്മിയുടെ പഠന സഹായത്തിനായി കോന്നി ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയതായി അഡ്വ. കെ.യു.ജനീഷ് കുമാർ എംഎ‍ൽഎ പറഞ്ഞു. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, ജയലക്ഷ്മി എന്നിവരുടെ പേരിൽ ജോയിന്റ് അക്കൗണ്ടാണ് തുടങ്ങിയിട്ടുള്ളത്. എസ്.ബി.അക്കൗണ്ട് നമ്പർ 10650100363951. ഐ.എഫ്.എസ്.സി കോഡ്. എഫ്ഡിആർഎൽ 0001065. ജയലക്ഷ്മിക്ക് പരമാവധി സഹായം നൽകണമെന്ന് ജില്ലാ സെക്രട്ടറിയും എംഎ‍ൽഎയും അഭ്യർത്ഥിച്ചു. ജയലക്ഷ്മിയുടെ വീട്ടിൽ ഏരിയാ സെക്രട്ടറി ശ്യാംലാൽ, ബ്ലോക്ക് പഞ്ചായത്തംഗം വർഗീസ് ബേബി, കോന്നി വിജയകുമാർ, സന്തോഷ് കുമാർ തുടങ്ങിയവരും എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP