Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കണ്ടവനെല്ലാം അമ്പലത്തിൽ പ്രവേശനം നേടിക്കൊടുത്ത കേളപ്പന്റെ സ്മാരകമൊന്നും ഇവിടെ വേണ്ട'; പകരം ഉയർന്നത് ഗുരുവായൂർ കേശവന്റെ പ്രതിമ; ഇപ്പോൾ ശിഷ്യനായ എകെജിയുടെ പ്രതിമയും; സംഘിപട്ടം കിട്ടിയ കേളപ്പൻ വിസ്മൃതിയിൽ; കേരള ഗാന്ധിയെ കൊല്ലുന്ന ഗോഡ്സേമാർ ആര്?

'കണ്ടവനെല്ലാം അമ്പലത്തിൽ പ്രവേശനം നേടിക്കൊടുത്ത കേളപ്പന്റെ സ്മാരകമൊന്നും ഇവിടെ വേണ്ട'; പകരം ഉയർന്നത് ഗുരുവായൂർ കേശവന്റെ പ്രതിമ; ഇപ്പോൾ ശിഷ്യനായ എകെജിയുടെ പ്രതിമയും; സംഘിപട്ടം കിട്ടിയ കേളപ്പൻ വിസ്മൃതിയിൽ; കേരള ഗാന്ധിയെ കൊല്ലുന്ന ഗോഡ്സേമാർ ആര്?

എം റിജു

കോഴിക്കോട്: അവർണ്ണരുടെ ക്ഷേത്ര പ്രവേശനത്തിന് ഇടയാക്കിയ ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത സ്വാതന്ത്ര്യ സമര സേനാനി കേരളഗാന്ധി എന്നറിയപ്പെടുന്ന കെ കേളപ്പന്റെ ഓർമ്മകളെയും അഭിനവ ഗോഡ്സേമാർ, വേട്ടായാടുന്നു. ഒരു സ്മാരകം പോലും ഇല്ലാതെ കേളപ്പൻ അവഗണിക്കപ്പെടുന്നതിന് എതിരെ, പ്രശസ്ത സാഹിത്യകാരൻ ടി പത്മനാഭൻ, മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ഐതിഹാസികമായ ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത, കെ കേളപ്പന്റെ പ്രതിമക്ക് പകരം ശിഷ്യനായ എകെജിയുടെ പ്രതിമയാണ് ഗുരുവായൂരിൽ ഉയർന്നതെന്നും, എകെജി ഉണ്ടായിരുന്നെങ്കിൽ, ഇവരെ അടിച്ച് ഓടിക്കുമായിരുന്നെന്നുമുള്ള ടി പത്മനാഭന്റെ ലേഖനം സാംസ്കാരിക ലോകത്ത് വലിയ ചർച്ചയായിരുന്നു.

അപ്പോഴാണ് കെ കേളപ്പന്റെ സംഭാവനകളെ തമസ്‌ക്കരിക്കാനുള്ള ആസൂത്രിക നീക്കങ്ങൾ കേരളത്തിൽ നേരത്തെയും ഉണ്ടായിരുന്നതായുള്ള വിവരങ്ങൾ പുറത്തുവരുന്നത്. കേളപ്പൻ സംഘിയാണെന്ന പ്രചാരണമാണത്രേ, ഒരു സ്മാരകം പോലുമില്ലാതെ അദ്ദേഹത്തെ കേരളത്തിൽനിന്ന് അകറ്റി നിർത്തുന്നത്. ഗാന്ധിയനായ പുതിയേടത്ത് രാഘവമേനോൻ ഇങ്ങനെ കുറിക്കുന്നു.''കെ. കേളപ്പന്റെ സ്മരണകൾ ചരിത്രത്തിൽ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരെ ഇപ്പോഴും നമുക്കിടയിൽ കാണാം. കേളപ്പൻ എന്ന വ്യക്തിയോടുള്ള വൈരാഗ്യമല്ല അതിന് കാരണം. അദ്ദേഹം ഉൾക്കൊണ്ട ഗാന്ധിയൻ ആദർശത്തോടും അദ്ദേഹത്തിന്റെ ധീരമായ പ്രവർത്തനങ്ങളോടും അസഹിഷ്ണുത പുലർത്തിയവരുടെ അനന്തരഗാമികൾ വെറുതെ ഇരിക്കുന്നില്ല. ഗാന്ധിജിയെ ബ്രിട്ടീഷുകാർക്ക് നിഷ്പ്രയാസം ഇല്ലായ്മ ചെയ്യാമായിരുന്നു.

എന്നാൽ സഹന സമര യോദ്ധാവായ ഗാന്ധിജിയുടെ മുന്നിൽ ബ്രിട്ടന്റെ നിറ തോക്ക് നിശ്ശബ്ദത പാലിച്ചു. സ്വതന്ത്ര ഭാരതത്തിൽ ഒരു ഇന്ത്യൻ പൗരനാൽ അദ്ദേഹം വധിക്കപ്പെട്ടു. അതുപോലെ കേരള ഗാന്ധിയെ ഒരു കൂട്ടം കേരളാ ഗോഡ്സേമാർ കൊല്ലുകയാണ്. കക്ഷിരാഷട്രീയത്തിന്റെ ഒരു കള്ളിയിലും പെടാത്ത ആളായിരുന്നു കേളപ്പൻ. എന്നാൽ തളിക്ഷേത്ര സമരത്തിൽ അടക്കം അദ്ദേഹം എടുത്ത നിലപാടുകൾമൂലം അദ്ദേഹം ഒരു സംഘപരിവാർ അനുഭാവിയാണെന്ന് ചിലർ പ്രചരിപ്പിക്കയാണ്. ''

കേളപ്പന് പകരം ഗുരുവായൂർ കേശവന്റെ പ്രതിമ

കെ കേളപ്പന് സമുചിതമായ ഒരു സ്മാരകം വേണമെന്ന ചിന്തകൾക്ക് ഏറെ പഴക്കമുണ്ട. 1981ൽ ആദ്യ നായനാർ ഗവൺമെന്റ് കേരളം ഭരിക്കുന്ന കാലം. നാടിന്റെ നവോത്ഥാന ചരിത്രത്തിൽ പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഗുരുവായൂർ സത്യാഗ്രത്തിന്റെ സുവർണ്ണ ജൂബിലി വർഷം. സത്യാഗ്ര സ്മരണ ഉണർത്തുന്ന ഉചിതമായ ഒരു സ്മാരകം ഗുരുവായൂർ ക്ഷേത്ര പരിസരത്ത് നിർമ്മിക്കണമെന്ന് ദേവസ്വം ഭരണ സമിതി ചർച്ച ചെയ്തു. എകെജിയും പി കൃഷ്ണപിള്ളയും ഉൾപ്പെട്ട പിൽക്കാല കമ്മ്യൂണിസ്റ്റ് നേതാക്കൾ പങ്കെടുത്ത ചരിത്ര സംഭവത്തിന് സ്മാരകം പണിയാൻ ഇടതു സർക്കാർ ധനസഹായം വാഗ്ദാനം ചെയ്തു. സത്യാഗ്രഹ നായകൻ കെ കേളപ്പന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കാൻ ദേവസ്വം കമ്മിറ്റി തീരുമാനിച്ചു.

പ്രതിമയുടെ നിർമ്മാണ ജോലികൾക്ക് പ്രശസ്തനായ ശിൽപ്പി എം ആർ ഡി ദത്തനെ ചുമതലപ്പെടുത്തി. കേളപ്പന്റെ നിരവധി ഫോട്ടോകൾ ശേഖരിച്ച് ദത്തൻ മാതൃകാ ശിൽപ്പം തയ്യാറാക്കാൻ ഒരുങ്ങുമ്പോഴേക്കും കേരളത്തിൽ വലിയ രാഷ്ട്രീയ മാറ്റങ്ങളുണ്ടായി. നായനാരുടെ ഇടതുമുന്നണി മന്ത്രിസഭയിൽ പങ്കാളിത്തമുണ്ടായിരുന്ന ആന്റണി കോൺഗ്രസ്സും മാണി ഗ്രൂപ്പ് കേരള കോൺഗ്രസ്സും അധികാരത്തിന്റെ ശീതളച്ഛായയിൽ നിന്ന് വിവാദപരമായ പിന്മാറ്റം നടത്തി. കെ കരുണാകരൻ ഇടതു സർക്കാരിനെ ഇറക്കി, ഒരംഗത്തിന്റെ ഭൂരിപക്ഷത്തോടെ മന്ത്രിസഭയുണ്ടാക്കി. സ്പീക്കറുടെ കാസ്റ്റിങ് വോട്ടോടെ നില നിന്ന ആ മന്ത്രിസഭ ഏറെ മുന്നോട്ടു പോയില്ല. മാണിഗ്രൂപ്പ് കേരള കോൺഗ്രസ്സിലെ ലോനപ്പൻ നമ്പാടൻ എം എൽ എ ഇടതുമുന്നണിയിൽ തിരിച്ചു കയറിയതോടെ കരുണാകരൻ മന്ത്രിസഭ രാജിവച്ചു. ഇടക്കാല നിയമസഭാ തെരഞ്ഞെടുപ്പിൽ കരുണാകരന്റെ നേതൃത്വത്തിൽ യു ഡി എഫ് അധികാരത്തിൽ വന്നു.

കേളപ്പന്റെ പ്രതിമാനിർമ്മാണയജ്ഞം അതിനിടെ ഗുരുവായൂർ ദേവസ്വം അട്ടിമറിച്ചു. ''അമ്പലത്തിനുള്ളിൽ കണ്ടവനെല്ലാം പ്രവേശനം നേടിക്കൊടുത്ത കേളപ്പന്റെ സ്മാരകമൊന്നും ഇവിടെ വേണ്ട.'' എന്ന് ഒരു അംഗം ദേവസ്വം ഭരണസമിതി യോഗത്തിൽ വികാരക്ഷോഭത്തോടെ പ്രസംഗിച്ചു. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ആ അംഗത്തിന്റെ നിലപാടിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചു. അങ്ങനെ കേളപ്പന്റെ പ്രതിമ നിർമ്മിക്കാനുള്ള തീരുമാനം പിൻവലിച്ചതായി സമിതി രേഖാമൂലം ശിൽപ്പിയെ അറിയിച്ചു. എം ആർ ഡി ദത്തൻ അൽപ്പം വാശിയുള്ള വ്യക്തിയായിരുന്നു. ഒരു കലാകാരന്റെ നൈസർഗ്ഗികമായ ക്ഷോഭവും പ്രതിഷേധവും അദ്ദേഹത്തിനുണ്ടായിരുന്നു. മുഖ്യമന്ത്രി കരുണാകരനെ അദ്ദേഹം നേരിട്ടുകണ്ട് ഗുരുവായൂർ ദേവസ്വത്തിന്റെ ചുവടുമാറ്റത്തെക്കുറിച്ച് പരാതി പറഞ്ഞു.

ഫയലുകൾ വരുത്തി കരുണാകരൻ പരിശോധിച്ചു. സത്യാഗ്രഹ ജൂബിലി സ്മാരകം നിർമ്മിക്കാൻ ഗുരുവായൂർ ദേവസ്വത്തിന് സർക്കാർ അനുമതിയും ഫണ്ടും നൽകിയിട്ടുള്ള കാര്യം മുഖ്യമന്ത്രിക്കു ബോധ്യപ്പെട്ടു. സർക്കാർ മാറിയെന്ന കാരണത്താൽ കേളപ്പന്റെ പ്രതിമ വേണ്ട എന്ന് തീരുമാനിക്കാനെന്തുകാര്യമെന്ന് അദ്ദേഹം അന്വേഷിച്ചു. ഗുരുവായൂരപ്പന്റെ പ്രശസ്ത ഭക്തനായ കരുണാകരൻ ദേവസ്വം കമ്മിറ്റിയുടെ ഭൂരിപക്ഷ തീരുമാനം അറിഞ്ഞ് നിസ്സഹായനായി. സ്മാരകം നിർമ്മിക്കാൻ അനുവദിച്ച ഫണ്ട് പിൻവലിക്കാൻ നിർവാഹമില്ലെന്ന് വന്നപ്പോൾ ദേവസ്വം സമിതി 'മനോഹരമായ' ഒരു പോംവഴി കണ്ടുപിടിച്ചു. ചരിഞ്ഞുപോയ ഗുരുവായൂർ കേശവൻ എന്ന തലയെടുപ്പുള്ള ആനയുടെ പ്രതിമ നിർമ്മിച്ച് ദേവസ്വം അതിഥി മന്ദിരവളപ്പിൽ സ്ഥാപിക്കാൻ തീരുമാനിച്ചു.

അങ്ങനെ കെ കേളപ്പൻ എന്ന ഗാന്ധിയനു പകരം കേശവൻ എന്ന ആനയുടെ പ്രതിമായാണ് ശിൽപ്പി ദത്തൻ പൂർത്തിയാക്കിയത്. തീർച്ചയായും ഗുരുവായൂരിന്റെയു വിശ്വാസികളുടെയും വികാരമാണ്, ഗുരുവായൂർ കേശവൻ. ആ ആനക്ക് പ്രതിമവേണം. പക്ഷേ അത് കേരാളഗാന്ധിക്ക് പകരം ആവുമോ.

അതിനുശേഷം ഉയർന്നത് എകെജിയുടെ പ്രതിമ

ഒരു തവണ ഗുരുവായൂർ കേശവനുവേണ്ടി മാറിയ പ്രതിമ, പിന്നീട് വീണ്ടും മാറുന്നത് എകെജിയുടെ പേരിലാണ്. എഴുത്തുകാൻ ടി പത്മനാഭൻ മാതൃഭൂമി നവതി പ്രത്യേക പതിപ്പിൽ എഴുതിയ ലേഖനത്തിൽ ഇങ്ങനെ പറയുന്നു. ''കേളപ്പൻ കഥാവശേഷനായിട്ട് കാലമേറെയായി. ഇതുവരെ ആയിട്ടും പിറന്ന നാടിനുവേണ്ടി സവർവസ്വവും സമർപ്പിച്ച ആ നിസ്വാർഥ സേവകന് സമുചിതമായ ഒരു സ്മാരകം ഉയർന്നുവന്നിട്ടില്ല. അദ്ദേഹത്തിന് ഒരു സ്മാരകം ഉണ്ടാവുകയാണെങ്കിൽ അതിന് ഏറ്റവും ഉചിതമായ സ്ഥലം, ഗുരുവായൂരാണെന്ന് ഏത് നിഷ്പക്ഷമതിയും സമ്മതിക്കാതിരിക്കില്ല. മഹത്തായ ക്ഷേത്രപ്രവേശന സമരത്താൽ അദ്ദേഹം ചരിത്രം സൃഷ്ടിച്ചത്, ഗുരുവായൂരാണെല്ലോ. ഈ അടുത്ത കാലത്ത് ഗുരുവായൂരമ്പലത്തിന്റെ കിഴക്കേനടയിൽ, സത്യാഗ്രഹസമരനായകന് ഒരു സ്മാരകം ഉയർന്നുവന്നിട്ടുണ്ട്. പക്ഷേ അത് കേളപ്പനുള്ളതല്ല. സമരകാലം മുഴുവൻ കേളപ്പന്റെ സഹായിയും, പ്രിയ ശിഷ്യനുമായ എ.കെ.ജിയുടെ പേരിലാണ്!

കേരളം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയാണ് എ.കെ.ജി. അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ ആദ്യം ചെയ്യുക, ആ സ്മാരകം ഇടിച്ചു നിരത്തുകയായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. കല്ലിലും ലോഹത്തിലും, തീർത്ത സ്മാരകങ്ങളില്ലെങ്കിലും, ജനഹൃദയങ്ങളിൽ കേളപ്പൻ എന്നും ജീവിക്കും. പക്ഷേ അതല്ലല്ലോ കാര്യം. ഗുരുവായൂരിലെ ഈ സത്യാഗ്രഹ സ്മാരകത്തിന് പിന്നിലെ ബുദ്ധി ആരുടേതാണെന്ന് അറിയില്ല. പക്ഷേ ഒരു കാര്യം ഞാൻ തറപ്പിച്ച് പറയുന്നു. ഇത് ചരിത്രത്തെ തമസ്‌ക്കരിക്കലാണ്. ചരിത്രത്തെവളച്ചൊടിക്കലാണ്. ചരിത്രത്തെ മാനഭംഗപ്പെടുത്തലാണ്. ഇതു ചെയ്തവർക്ക് കാലം മാപ്പുകൊടുക്കില്ല. ''- ഇങ്ങനെയാണ് ടി പത്മമനാഭൻ തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.

സംഘപരിവാർ കേളപ്പനെ ഹൈജാക്ക് ചെയ്യുന്നുവെന്നൊക്കെയുള്ള പ്രചാരണങ്ങൾക്കിടയിൽ, പത്മാനഭനെപ്പോലുള്ള ഒരു മുതിർന്ന എഴുത്തുകാരന്റെ വിമർശനം രാഷ്ട്രീയ- സാംസ്‌കാരിക വൃത്തങ്ങളിലും ചർച്ചയായിട്ടുണ്ട്. അടുത്തകാലത്തുള്ള വിവിധ പ്രശ്നങ്ങളിൽ ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുന്ന നിലപാടാണ് ടി. പത്മനാഭൻ എന്ന സ്വീകരിക്കാറുണ്ടായിരുന്നത് എന്നതും ഈ ലേഖനത്തെ ചർച്ചയാക്കുന്നുണ്ട്.

'കേളപ്പൻ ഹാജിയിൽനിന്ന് സംഘിയിലേക്ക്'

ടി പത്മനാഭൻ 'കേളപ്പൻ എന്ന അനുഭവം' എന്ന തലക്കെട്ടിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്. -'' അങ്ങാടിപ്പുറത്തെ തളിക്ഷേത്രം ഒരുകാലത്ത് ധാരാളം സ്വത്തുക്കളുള്ള ഒരു വലിയ ആരാധനാലയം ആയിരുന്നു. കാലാന്തരത്തിൽ സ്വത്തുക്കളെല്ലാം കൈയേറ്റങ്ങളാൽ അന്യാധീനപ്പെട്ടു. ക്ഷേത്രവും പതുക്കെ പതുക്കെ പൊളിഞ്ഞ് നാമാവശേഷമായി. ഒടുവിൽ പാതവക്കിൽ നിരാലംബമായ ഒരു ബിംബം മാത്രം അവശേഷിച്ചു. ഈ ഘട്ടത്തിലാണ് പ്രാദേശികരായ ഏതാനും ക്ഷേത്ര വിശ്വാസികൾ, 'തളി'യുടെ പുനുരദ്ധാരണത്തിനായി ഇറങ്ങിത്തിരിച്ചത്. തങ്ങളുടെ പരിശ്രമത്തിന് സഹായം അഭ്യർത്ഥിച്ച് വന്ന വിശ്വാസികളെ കേളപ്പൻ നിരാശനാക്കിയില്ല. തളിക്ഷേത്രത്തിന്റെ പുനരുദ്ധാരണ ശ്രമങ്ങളുടെ നേതൃസ്ഥാനം, സ്വാഭവികമായും അദ്ദേഹം ഏറ്റെടുത്തു.

പിന്നീട് എന്തുണ്ടായി എന്ന് ഞാൻ വിസ്തരിച്ച് പറയുന്നില്ല. അന്നത്തെ ഭരണകൂടത്തിന്റെ മർദനമുറകൾ ഒരു വശത്ത്. ഒരു പ്രത്യേക മതവിഭാഗത്തിൽപെടുന്ന പ്രാദേശികവാസികളുടെ എതിർപ്പ് മറുവശത്ത്. 'നായ പാത്തിയ കല്ലിന്മ്മേൽ ചന്ദനം പൂശിയ കേളപ്പാ' എന്ന ആക്രോശങ്ങൾ എമ്പാടും....ബ്രിട്ടീഷ് ഭരണകാലത്ത് അറസ്റ്റും ജയിൽവാസവും മർദ്ദനവുമൊക്കെ കേളപ്പൻ എത്രയോ തവണ അനുഭവിച്ചിട്ടുണ്ട്. എന്നാൽ, സ്വതന്ത്ര ഇന്ത്യയിൽ കേളപ്പന് നേരിടേണ്ടിവന്ന ആദ്യത്തെ അറസ്റ്റ് തളി സമരത്തോട് അനുബന്ധിച്ചായിരുന്നു. അറസ്റ്റ് ചെയ്തത് മന്ത്രി ഇമ്പിച്ചിബാവയുടെ പൊലീസ്. കാരണം സമാധനഭഞ്ജനം.

കേളപ്പനെതിരെ അന്ന് ഒട്ടെറ അപവാദ കഥകൾ ഉയരുകയുണ്ടായി. കേളപ്പൻ മുസ്ലിം വിരോധിയാണ്. കേളപ്പൻ സംഘിയാണ് എന്നൊക്കെ. മലപ്പുറം ജില്ലാ രൂപവത്ക്കരണത്തെ, ന്യായമെന്ന് തനിക്ക് തോന്നിയ കാരണത്താൽ എതിർത്ത കേളപ്പനെതിരെ ഉപയോഗിക്കാൻ ഈ അപവാദശരങ്ങൾ ഏറെക്കുറെ പര്യാപ്തമായിരുന്നു താനും. എന്നാൽ, ഈ അപവാദ കർത്താക്കൾ സൗകര്യപൂർവം മറന്ന ചില കാര്യങ്ങളുണ്ട്. അവയിൽ രണ്ടെണ്ണം കുറിക്കുന്നു.

1) മലബാർ കലാപകാലത്ത്, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ പൊന്നാനിയെ രക്ഷിക്കാൻ ജീവൻ പണയംവെച്ച് കേളപ്പൻ നടത്തിയ വീരോചിത പ്രയത്നങ്ങൾ. ഇത് കേളപ്പന്റെ ശത്രുക്കളായ ബ്രിട്ടീഷ് ഗവൺമെന്റിലെ ഉന്നത ഉദ്യോഗസ്ഥർപോലും രേഖപ്പെടുത്തിയിട്ടുണ്ട്.

2) വാടാനപ്പള്ളിയിലെ മുസ്ലിംപള്ളിക്ക് മുന്നിലൂടെ ചന്ദനക്കുടമെഴുന്നെള്ളിച്ച് അവിടെ കലാപമുണ്ടാക്കാൻ ശ്രമിച്ച ഹിന്ദുമതഭ്രാന്തന്മാരെ തടഞ്ഞു നിർത്തുന്നതിൽ കേളപ്പൻ വഹിച്ച പങ്ക്.

ഒരുകാര്യം കൂടി എടുത്തു പറയേണ്ടതുണ്ട്, വാടാനപ്പള്ളി സമരകാലത്ത് ഹിന്ദുമതഭ്രാന്തന്മാരിൽനിന്ന് കേളപ്പന് കിട്ടിയ പുതിയ ബിരുദം, 'കേളപ്പൻ ഹാജി' എന്നതായിരുന്നു. പക്ഷേ ഈ ആരോപണങ്ങളും അപവാദങ്ങളുമൊന്നും കേളപ്പനെ അൽപ്പം പോലും പ്രകോപിപ്പിച്ചിരുന്നില്ല എന്നതാണ് സത്യം. തന്റെ മനസാക്ഷി കാണിച്ചുതന്ന വഴിയിലൂടെ- അത് ധർമ്മത്തിന്റെ വഴിയായിരുന്നു- അചഞ്ചലനായി അദ്ദേഹം മുന്നോട്ടു നടന്നു. ''- ടി പത്മനാഭൻ എഴുതി

അതുപോലെ തന്നെ 1940ൽ കേളപ്പൻ മലബാർ ഡിസ്ട്രിക്ക് ബോർഡിന്റെ പ്രസിഡന്റ് ആയിരുന്ന കാലത്താണ്, കോരപ്പുഴ പാലം നിർമ്മിച്ചത്. അതുപോലും അദ്ദേഹം പബ്ലസിസിറ്റിക്കായി ഉപയോഗിച്ചില്ല. '' സ്വാതന്ത്രപ്രാപ്തിക്കുശേഷം കേളപ്പന് ഒരു കേന്ദ്രമന്ത്രിയോ ഗവർണ്ണറോ ഒക്കെ ആകാമായിരുന്നു. പത്മ പുരസ്‌ക്കാരങ്ങൾ നേടാമായിരുന്നു. ഇനിനൊക്കെയുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം എന്നും അധികാരത്തിന്റെ വഴികളിൽനിന്ന് മാറിനിന്നു. എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ചു. ജനസേവനമായിരുന്നു, പ്രത്യേകിച്ചും പാവപ്പെട്ടവരുടെയും, അധസ്ഥിതരുടെയും സേവനമായിരുന്നു, ആ മഹാപരുഷന്റെ മാർഗം.''- ടി പത്മനാഭൻ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP