Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഏതു നിമിഷവും റഷ്യ ഉക്രെയിനിൽ കടന്നു കയറാം; മൂന്നു ദിവസം കൊണ്ടു തലസ്ഥാനമായ കീവ് കീഴടക്കും; കുറഞ്ഞത് 50,000 ഉക്രെയിൻ പൗരന്മാർ കൊല്ലപ്പെടും; അമേരിക്കയുടെ സുരക്ഷ ഉപദേഷ്ടാവ് ലോകത്തോട് പറയുന്നത്

ഏതു നിമിഷവും റഷ്യ ഉക്രെയിനിൽ കടന്നു കയറാം; മൂന്നു ദിവസം കൊണ്ടു തലസ്ഥാനമായ കീവ് കീഴടക്കും; കുറഞ്ഞത് 50,000 ഉക്രെയിൻ പൗരന്മാർ കൊല്ലപ്പെടും; അമേരിക്കയുടെ സുരക്ഷ ഉപദേഷ്ടാവ് ലോകത്തോട് പറയുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ഷ്യ ഏത് സമയവും ഉക്രെയിൻ ആക്രമിച്ചേക്കാം എന്നാണ് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ നൽകുന്ന മുന്നറിയിപ്പ്. മാത്രമല്ല, ഈ ആക്രമണത്തിൽ ചുരുങ്ങിയത് 50,000 ഉക്രെയിൻ പൗരന്മാരെങ്കിലും കൊല്ലപ്പെടുമെന്നും അദ്ദേഹം പറയുന്നു. ഫെബ്രുവരി മദ്ധ്യത്തോടെ ഉക്രെയിൻ ആക്രമിക്കണമെന്ന ആസൂത്രണത്തിൽ ഒരുക്കുന്ന സൈനിക വിന്യാസത്തിന്റെ 70 ശതമാനത്തോളം റഷ്യ ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു എന്ന് കഴിഞ്ഞദിവസം അമേരിക്ക പറഞ്ഞിരുന്നു. ഉക്രെയിനിനെ പൂർണ്ണമായും ആക്രമിച്ച് കീഴടക്കാനുള്ള സൈനികസജ്ജീകരണങ്ങളാണ് റഷ്യ നടത്തുന്നത്.

ഒരു യുദ്ധമുണ്ടായാൽ അത് ഉക്രെയിൻ ജനതയ്ക്ക് ഭീമമായ നഷ്ടങ്ങൾ വരുത്തുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ, അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെ ഇടപെടലിൽ റഷ്യയ്ക്കും ഏറെ വില നൽകേണ്ടതായി വരും. എന്നാൽ, ഒരു യുദ്ധമുണ്ടായാൽ ഉടനടി ഉക്രെയിൻ തലസ്ഥാനമ്മായ കൈവ് പിടിച്ചടക്കാനായിരിക്കും റഷ്യ ആദ്യം ശ്രമിക്കുക. ഈ ആക്രമണത്തിലായിരിക്കും ഏകദേശം സാധാരണ ഉക്രെയിൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെടുക എന്ന് അമേരിക്ക പറയുന്നത്.

ഉക്രെയിൻ അതിർത്തിയിലെ റഷ്യൻ തയ്യാറെടുപ്പുകൾ വിശദമായി വിലയിരുത്തിയ അമേരിക്കൻ സംഘം പറയുന്നത് വരുന്ന ഒന്നു രണ്ടാഴ്‌ച്ചകൾക്കുള്ളിൽ യുദ്ധം ആരംഭിക്കുമെന്നാണ്. എന്നാൽ, തികച്ചും അപ്രതീക്ഷിതമായി അത് എപ്പോൾ വേണമെങ്കിലും ആരംഭിച്ചേക്കാം എന്ന അവസ്ഥയിലാണെന്നും അവർ വിലയിരുത്തുന്നു. എന്നിരുന്നാലും നയതന്ത്ര ചാനലുകൾ വഴി അത് ഒഴിവാക്കാൻ ഇപ്പോഴും സാധ്യമാണെന്നാണ് അമേരിക്ക കരുതുന്നത്. 1 ലക്ഷത്തിലധികം വരുന്ന സൈനികരാണ് ഉക്രെയിൻ അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നത്.

പാശ്ചാത്യ ശക്തികൾ ഉക്രെയിനിനായി ഒന്നിക്കുമ്പോൾ ജർമ്മനി അതിൽ അത്ര സജീവമായി ഇടാപെടുന്നില്ല എന്ന ആരോപണം ഉയരുന്നുണ്ട്. നാറ്റോയിലെ അംഗരാജ്യങ്ങൾ ഒക്കെയും സൈനികരെ അയച്ചും വിവിധ യുദ്ധ സാമഗ്രികൾ നൽകിയും ഉക്രെയിനെ സഹായിക്കുമ്പോൾ ജർമ്മനി മാത്രം നിഷ്‌ക്രിയരായി ഇരിക്കുകയാണ്. അതേസമയം, ഉക്രെയിൻ ആക്രമിച്ചാൽറഷ്യയ്ക്കെതിരെ പാശ്ചാത്യ ശക്തികളോടൊപ്പം ജർമ്മനി ഉറച്ചു നിൽക്കുമെന്നാണ് കരുതുന്നത്. അടുത്തയാഴ്‌ച്ച അമേരിക്കൻ പ്രസിഡണ്ടിനെ സന്ദർശിക്കുന്നവേളയിൽ ജർമ്മൻ ചാൻസലർ ഒലാഫ് ഷൂൾസ് ഇക്കാര്യം ബൈഡനെ അറിയിക്കും എന്നും കരുതുന്നു.

ഒരു യുദ്ധമുണ്ടായാൽ റഷ്യയ്ക്ക് കനത്ത നാശനഷ്ട്ങ്ങൾ അഭിമുഖീകരിക്കേണ്ടി വരും എന്ന് ഷൂൾസ് മുന്നറിയിപ്പ് നൽകിയെങ്കിലും മറ്റു പല യൂറോപ്യൻ രാജ്യങ്ങളും ചെയ്തതുപോലെ ഉക്രെയിന് സൈനിക സഹായം നൽകുന്നതിൽ നിന്നു വിട്ടുനിൽക്കുകയാണ്. അതുമാത്രമല്ല, യുദ്ധം ഉണ്ടായാൽ റഷ്യയ്ക്കെതിരെ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന ഉപരോധത്തെ കുറിച്ചും അദ്ദേഹം ഒന്നും പറഞ്ഞട്ടില്ല. ജർമ്മൻകാർ നിഷ്‌ക്രിയരായി എന്നും അവർ ചെയ്യേണ്ട അത്ര കാര്യങ്ങൾ ഇക്കാര്യത്തിൽ ചെയ്യുന്നില്ല എന്നും സെനറ്റർ റിച്ചാർഡ് ബ്ലൂമെന്താൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

യുദ്ധമുണ്ടായാൽ കേവലം രണ്ടു ദിവസത്തിനകം ഉക്രെയിൻ ഭരണകൂടം താഴെവീഴുമെന്നാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനിടയിലെ സൈനികൻ സഹായം ആവശ്യപ്പെട്ട് ജർമ്മനിയിൽ ഉക്രെയിൻ എംബസി സമർപ്പിച്ച അപേക്ഷ വീണ്ടും ജർമ്മൻ പ്രതിരോധ മന്ത്രി തള്ളിക്കളഞ്ഞു. കൃത്യമായ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനുമായിരുന്നു എംബസി കത്തുനൽകിയിരുന്നത്.മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, ഇലക്ട്രോണീക് യുദ്ധോപകരണങ്ങൾ, നൈറ്റ് വിഷൻ കണ്ണടകൾ, ഡിജിറ്റൽ റേഡിയോകൾ, റഡാർ സ്റ്റേഷനുകൾ, മിലിറ്ററി ആംബുലൻസുകൾ എന്നിവ ഈ ആവശ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

അതേസമയം കഴിഞ്ഞ വർഷം ഇതുപോലെ റഷ്യ ഉക്രെയിൻ അതിർത്തിയിൽ സൈനിക വിന്യാസം നടത്തിയപ്പോൾ ജർമ്മൻ സൈന്യത്തേയും ഉക്രെയിന്റെ സഹായത്തിനുവേണ്ടി വിന്യസിച്ചിരുന്നു എന്ന് ഒരു പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, അന്ന് ഒന്നും സംഭവിച്ചില്ല. ഒന്നും ചെയ്യാനില്ലാതെ മറ്റൊരു രാജ്യത്തിന്റെ അതിർത്തിയിൽ ഒരു രാജ്യത്തിന് രണ്ടും മൂന്നും തവണ സൈന്യവിന്യാസം നടത്താൻ ആവുമോ എന്നും പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ ഉദ്യോഗസ്ഥൻ ചോദിക്കുന്നു.

അതേസമയം ഉക്രെയിൻ ആക്രമിക്കാൻ ഉദ്ദേശിക്കുന്നു എന്ന വാർത്ത പുടിൻ പൂർണ്ണമായും തള്ളിക്കളയുകയാണ്. മേഖലയിൽ സംഘർഷം സൃഷ്ടിക്കാൻ അമേരിക്കയും സഖ്യകക്ഷികളും പ്രചരിപ്പിക്കുന്ന വ്യാജവാർത്തയാണതെന്നാണ് പുടിന്റെ വക്താവ് പറയുന്നത്. കിഴക്കൻ യൂറോപ്പിൽ സ്വധീനം വർദ്ധിപ്പിക്കാനുള്ള് പാശ്ചാത്യ ശക്തികളുടെ തന്ത്രമായിട്ടാണ് റഷ്യ ഈ നീക്കത്തെ വിലയിരുത്തുന്നത്.അതിനിടയിൽ, നാറ്റോയിൽ ഉക്രെയിനെ എടുക്കരുത് എന്ന് ആവശ്യപ്പെട്ട റഷ്യ, ബെലാറസിനെയും ഉക്രെയിനെയും ചേർത്ത് മോസ്‌കോ കേന്ദ്രമാക്കിമൂന്ന് രാജ്യങ്ങളുടെ ഒരു യൂണിയൻ രൂപീകരിക്കാൻ പദ്ധതി തയ്യാറക്കുന്നതായി ഒരു ജർമ്മൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ ഉദ്ധരിച്ചുകൊണ്ട് എന്ന് അവകാശപ്പെട്ടുകൊണ്ട് ബിൽഡ് എന്ന പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മാത്രമല്ല, റഷ്യയോട് ആഭിമുഖ്യമുള്ള് സർക്കാർ ഉക്രെയിനിൽ നിലവിൽ വന്നാൽ, ഭരണകൂടത്തിന് എതിരു നിൽക്കുന്ന ഉക്രെയിൻ വംശജരെ തടവറകളിലാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. യുദ്ധം തികച്ചും അനിവാര്യമായ ഒന്നാണെന്നും അത് മിക്കവാറും ഈ മാസം തന്നെ സംഭവിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അടുത്തകാലത്ത് റഷ്യയും ബെലാറസും സഹകരിച്ചുകൊണ്ട് നിരവധി സൈനിക പരിശീലനങ്ങൾ നടത്തുകയുണ്ടായി. മാത്രമല്ല, ബെലാറസിന്റെ ആകാശങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി ആണവശേഷിയുള്ള ദീർഘദൂര ബോംബറുകളും നൽകുകയുണ്ടായി. മാത്രമല്ല, പാശ്ചാത്യ നാടുകളിൽ നിന്നും സാമ്പത്തിക ഉപരോധം നേരിടുന്ന ബെലാറസ് ഏകാധിപതി അലക്സാണ്ടർ ലുക്കാഷെൻകോവ് ഇപ്പോൾ രാഷ്ട്രീയമായും സാമ്പത്തികമായും പൂർണ്ണമായി ആശ്രയിക്കുന്നത് റഷ്യയേയാണ്. രാജ്യത്തിനകത്ത് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന കലാപങ്ങളെയും ഒരുപരിധിവരെ അദ്ദേഹം ഒതുക്കുന്നത് റഷ്യയുടെ പിന്തുണയോടെത്തന്നെയാണ്.

അതേസമയം നാറ്റോ സഖ്യകക്ഷികള്ക്കുള്ള മുന്നറിയിപ്പായി റഷ്യ ഉടനടി ഒരു വലിയ ആണവായുധ പരീക്ഷണം നടത്തിയേക്കും എന്നും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. സാധാരണയായി റഷ്യ ആണവായുധ പരിശീലനങ്ങളും പരീക്ഷണങ്ങളുമൊക്കെ നടത്തുന്നത് ശരത്ക്കാലത്തായിരിക്കും . എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത്തവണ അത് അവർ നേരത്തേയാക്കാൻ സാധ്യതയുണ്ടെന്നാണ്അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP