Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊലീസ് സ്റ്റേഷനിൽ വരുന്ന കേസുകൾ ലക്ഷങ്ങൾ വാങ്ങി ഒത്തുതീർക്കുന്ന സംഘത്തിൽ ദിലീപും; ശരത്തും ചില പൊലീസുകാരും ഇടനിലക്കാർ; എ വി ജോർജ്, സന്ധ്യ മാഡം എന്നിവർക്ക് വേണ്ടി രണ്ട് പ്ലോട്ടുകൾ മാറ്റിവെച്ചിട്ടുണെന്ന് ദിലീപ് പറഞ്ഞു; ജനപ്രിയനായകന് കുരുക്കൊരുക്കി നിർമ്മാതാവിന്റെ മൊഴി

പൊലീസ് സ്റ്റേഷനിൽ വരുന്ന കേസുകൾ ലക്ഷങ്ങൾ വാങ്ങി ഒത്തുതീർക്കുന്ന സംഘത്തിൽ ദിലീപും; ശരത്തും ചില പൊലീസുകാരും ഇടനിലക്കാർ; എ വി ജോർജ്, സന്ധ്യ മാഡം എന്നിവർക്ക് വേണ്ടി രണ്ട് പ്ലോട്ടുകൾ മാറ്റിവെച്ചിട്ടുണെന്ന് ദിലീപ് പറഞ്ഞു; ജനപ്രിയനായകന് കുരുക്കൊരുക്കി നിർമ്മാതാവിന്റെ മൊഴി

എം റിജു

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന് കുരുക്കൊരുക്കി, ചെയ്യാത്ത കുറ്റത്തിന് പീഡനക്കേസിൽ പെടുത്തപ്പെട്ട നിർമ്മാതാവിന്റെ മൊഴി. ദിലീപ് എന്തും ചെയ്യാൻ മടിക്കാത്തവനാണെന്നും അദ്ദേഹത്തിന്റെ പിന്തുണയോടെ ആലുവയിൽ ഒരു ഗുണ്ടാസംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ ആരോപണത്തിന് ബലം പകരുന്നത്, ചലച്ചിത്ര നിർമ്മാതാവും വ്യവസായിയുമായ സലിമിന്റെ മൊഴിയാണ്. നേരത്തെ സംവിധായാൻ ബാലചന്ദ്രകുമാർ ദിലീപിന് ആലുവയിൽ ഒരു ഗുണ്ടാ സംഘം ഉണ്ടെന്നും അദ്ദേഹം ആ പരിസരത്ത് എവിടെ എത്തിയാലും ഈ സംഘത്തിലുള്ളവർ എത്തി സ്വീകരിക്കാറുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.

ദിലീപ് തന്റെ വീട്ടിൽനിന്ന് തോക്ക് ലോഡ് ചെയ്തത്, താൻ നേരിട്ട് കണ്ടിട്ടുന്നെും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ അദ്ദേഹം ഇന്ന് 'ഒരാളെ തട്ടുമ്പോൾ ഗ്രൂപ്പിൽ ഇട്ട് തട്ടണമെന്ന' ദിലീപ് പറയുന്ന ശബ്ദരേഖയും പുറത്തുവിട്ടിരുന്നു. തുടർന്ന് ഒരുവർഷത്തേക്ക് ഫോൺ ഉപയോഗിക്കരുതെന്ന് സഹോദരൻ അനൂപും പറയുന്നു. 'ദി ട്രൂത്ത് എന്ന പറഞ്ഞ സിനിമയിൽ മുഖ്യമന്ത്രി കൊല്ലപ്പെടുന്ന ഒരു രംഗമുണ്ട്. അതേവേദിയിൽ മറ്റൊരാൾ കൂടി കൊല്ലപ്പെടുന്നു. അത് ആരും ശ്രദ്ധിക്കില്ല. അതുകൊണ്ടാണ് ഗ്രൂപ്പിലിട്ട് തട്ടണമെന്ന് ദിലീപ് അനുപിനോട് പറഞ്ഞതെന്ന് ബാലചന്ദ്രകുമാർ പറയുന്നു.

ഈ ഓഡിയോകൾക്ക് അനുബന്ധമായാണ് ദിലീപിന്റെ ക്രമിനിൽ പശ്ചാത്തലം വ്യക്തമാക്കാൻ നിർമ്മാതാവ് സലിമിന്റെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത്.

50 രൂപയെന്നാൽ അമ്പതിനായിരം അല്ല 50ലക്ഷം!

ദിലീപ് കേസിലെ വിഐപി എന്ന് ആരോപിക്കപ്പെടുന്ന ശരത്തും സംഘവും തന്നെ കള്ളക്കേസിൽ കുരുക്കി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവമാണ് നിർമ്മാതാവ് സലിമിന് പറയാനുള്ളത്. ടൊവീനോയൂടെ 'എന്റെ ഉമ്മാന്റെ വീട്', ദുൽഖറിന്റെ 'ഒരു യമണ്ടൻ പ്രേമകഥ' എന്നീ ചിത്രങ്ങളുടെ സഹ നിർമ്മതാവായ സലീം, ആന്റോ ജോസഫിനൊപ്പം നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഈ കാര്യങ്ങൾ എല്ലാം ആന്റോ ജോസഫിന് അറിയാമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ശരത്തിനെതിരെ പരാതി നൽകിയപ്പോൾ ഒതുക്കി തീർക്കാൻ ശ്രമിച്ചത് ദിലീപാണെന്നും സലീം പറയുന്നു. ആലുവ കേന്ദ്രീകരിച്ച് ദിലീപിന് വലിയ ഗുണ്ടാ സംഘമുണ്ടെന്നും ഇദ്ദേഹവും സ്ഥിരീകരിക്കുന്നു.

വിദേശ ജോലിയുമായി ബന്ധപ്പെട്ട് സലീം 2018 ൽ കേസിലകപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ ഖത്തറിലെ സ്ഥാപനത്തിലെ മാനേജരായ ആലുവ ചെമ്മനങ്ങാട് സ്വദേശി സജീവൻ ജോലി വാഗ്ദാനം ചെയ്ത് ആലുവയിൽ നിന്നുള്ള ഒരു യുവതിയെ ഖത്തറിലെത്തിച്ചു. എന്നാൽ പറഞ്ഞ ശമ്പളമില്ലെന്ന് പറഞ്ഞ് യുവതി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ഇതോടെ സലീമിനെ പ്രതിയാക്കി യുവതിയുടെ ബന്ധുക്കൾ മനുഷ്യക്കടത്തിന് പരാതി നൽകി. എന്നാൽ സലീം ഇതൊന്നുമറിഞ്ഞിരുന്നില്ല. സിനിമയുടെ പൂജയ്ക്ക് നാട്ടിലെത്തിയ സലീമിനെ ആലുവ പൊലീസ് ക്‌സറ്റഡിയിലെടുത്തു.

ഈ കേസിൽ സലീമിനെ ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടാനായിരുന്നു ശരത്തിന്റെ ശ്രമമെന്ന് സലീം പറയുന്നു. ആലുവ പൊലീസ് സ്റ്റേഷനിലേക്ക് വന്ന മുൻപരിചയമില്ലാത്ത ശരത് തന്നെ പുറത്തിറക്കാമെന്ന് ഉറപ്പു നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇടപെട്ട് പുറത്തിറക്കാമെന്നായിരുന്നു വാഗ്ദാനം. അഞ്ച് കോടി നൽകിയിരുന്നെങ്കിൽ ദിലീപ് അകത്ത് കിടക്കില്ലായിരുന്നെന്നും ശരത് ഉദാഹരണമായി സലീമിനോട് പറഞ്ഞു. 50 രൂപ നൽകണമെന്നാണ് ശരത്ത് സലീമിനോട് ആവശ്യപ്പെട്ടത്. 50000 രൂപയായിരിക്കും ഉദ്ദേശിച്ചത് എന്ന് കരുതി സുഹൃത്ത് വഴി 50000 രൂപ ശരത്തിനെത്തിച്ചു. എന്നാൽ 50 ലക്ഷം രൂപയാണ് തനിക്ക് വേണ്ടതെന്ന് ശരത്ത് പറഞ്ഞു. ഇത് നൽകാൻ പറ്റില്ലെന്ന് സലീം പറഞ്ഞു. പിറ്റേദിവസം സലീമിന് ഒരു ലക്ഷം രൂപ ബോണ്ടിൽ ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ വെച്ച് ജാമ്യം ലഭിച്ചു.

കേസ് ഒതുക്കാൻ ദിലീപ് രംഗത്ത്

തന്റെ കേസിൽ നടൻ ദിലീപിന്റെ പങ്ക് സലീം വിശദീകരിക്കുന്നത് ഇങ്ങനെ. 'കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ദിവസം രാത്രിയാണ് ദിലീപ് വീട്ടിലെത്തിയത്. ശരത്തിനെ പരാതിയിലേക്ക് വലിച്ചിഴക്കരുതെന്നായിരുന്നു ആവശ്യം. തന്റെ വീടിന്റെ അടുത്തുതന്നെയാണ് ശരത്തിന്റെയും വീട്. ഇങ്ങനെയെല്ലാം പറഞ്ഞിരുന്നു. ജീവിതത്തിൽ ആദ്യമായാണ് പൊലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നത്. അത് ഒരു പരാതിയുടെ പുറത്താണ്. ശരത്തിൽ നിന്നുണ്ടായ അനുഭവവും മനസിനെ വിഷമിപ്പിച്ചിരുന്നു. പിന്മാറില്ലെന്ന് അപ്പോഴേ ദിലീപിനോട് പറഞ്ഞു. ഇക്കാര്യത്തിൽ ദിലീപുമായി പിണങ്ങേണ്ടിവന്നു. ഇതിനിടെയാണ് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവകവരുത്തുമെന്ന കാര്യം ദിലീപ് സലീമിനോട് പറഞ്ഞത്. 'നീ വലിയ കളിയൊന്നും കളിക്കേണ്ട. വലിയ ആളാവാൻ നോക്കണ്ട. എന്നെ കേസിൽ കുടുക്കിയ എവി ജോർജ്, സന്ധ്യ മാഡം എന്നിവർക്ക് വേണ്ടി രണ്ട് പ്ലോട്ടുകൾ മാറ്റിവെച്ചിട്ടുണ്ട്,' എന്നായിരുന്നു ദിലീപ് അന്ന് പറഞ്ഞത്.

ജാമ്യം ലഭിച്ചതിനു പിന്നാലെ ഈ സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. ശരത,് അന്നത്തെ പൊലീസുദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെയായിരുന്നു പരാതി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ദിലീപിന്റെ കാര്യം പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ നേരിൽക്കണ്ട് നടന്ന കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് പരാതിയിൽ അന്വേഷണം നടത്താൻ ഡി.ജി.പി എസ്‌പിറാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയത്.'' -സലീം പറഞ്ഞു.

ശരത്തും ദിലീപും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന വലിയൊരു ഗ്യാങ്ങാണെന്നാണ് സലീം പറയുന്നത്. സ്റ്റേഷനിൽ വരുന്ന കേസുകൾ ഒത്തുതീർത്ത് വലിയ തുക വാങ്ങുന്നവരാണിവരെന്ന് അന്ന് തനിക്ക് മനസ്സിലായെന്നും സലീം പറയുന്നു.

പൊലീസ് ഉദ്യോഗസ്ഥർ ഈ മാഫിയക്ക് കൂട്ട്

ടൊവീനോ തോമസ് ചിത്രം 'എന്റെ ഉമ്മാന്റെ പേര്', ദുൽഖർ സൽമാൻ ചിത്രം 'ഒരു യമണ്ടൻ പ്രേമകഥ' തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമ്മാതാവായ സലിം, ഇതിൽ ടൊവീനോ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് നാട്ടിലെത്തിയത്.

മകളെ അമിതമായി ജോലിയെടുപ്പിക്കുന്നു, ശമ്പളം നൽകുന്നില്ല എന്നൊക്കെ ആരോപിച്ച് ഖത്തറിലെ സ്ഥാപനത്തിലെ ജീവനക്കാരിയുടെ അമ്മ പരാതി നൽകിയിട്ടുണ്ടെന്നു പറഞ്ഞാണു സലിമിനെ 2018ന് ഓഗസ്റ്റ് 8ന് രാത്രി ആലുവ തോട്ടുമുഖത്തെ വീട്ടിൽ നിന്ന് ആലുവ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. സംഭവത്തിൽ ഒരു ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ സലിം ഇങ്ങനെ പറയുന്നു.

'സ്റ്റേഷനിലെത്തിയതോടെ ക്രിമിനലിനോടു പെരുമാറുന്ന രീതിയിലായിരുന്നു അവരുടെ പ്രതികരണം. അവർ എന്തോ മുൻകൂട്ടി ഉറപ്പിച്ചതുപോലെയായിരുന്നു. പൊലീസുകാർ പറയുന്ന പരാതിയുടെ കാര്യം ഓർമ്മയിലൂടെ പോയില്ലെങ്കിലും ദോഹയിലേക്ക് വിളിച്ച് സഹപ്രവർത്തകരോട് വൈകിട്ട് തന്നെ അവരെ കയറ്റിവിടാൻ വേണ്ടത് ചെയ്യണമെന്ന് പറഞ്ഞു. അപ്പോഴേയ്ക്കും അവിടെയുള്ള പൊലീസുകാർ എൻന്റെ ഫോണൊക്കെ വാങ്ങിവെച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിളിച്ചതനുസരിച്ച് വക്കീൽ വന്നു. ആ സ്ത്രീക്ക് ബോർഡിങ് പാസ് കിട്ടിയാൽ പിന്നെ പ്രശ്നമൊന്നുമില്ലെന്നാണ് വക്കീലിനോട് സിഐ വിശാൽ ജോൺസൺ പറഞ്ഞത്'.

പിന്നീടാണ് ശരത്തിന്റെ പണം തട്ടൽ ശ്രമം നടന്നത്. ഒരുലക്ഷം രൂപ സുഹൃത്തു വഴി ശരത്തിനു കൈമാറിയപ്പോഴാണ് 50 ലക്ഷം രൂപയാണ് ഉദ്ദേശിച്ചതെന്നു ശരത് പറഞ്ഞത്. ശരത് വീണ്ടും പൊലീസ് സ്റ്റേഷനിലെത്തി 50 ലക്ഷം രൂപ ആവശ്യപ്പെട്ടു. പറ്റില്ലെന്നു പറഞ്ഞു. അത്രയും വലിയ തുക തരാൻ ബുദ്ധിമുട്ടുണ്ടെന്ന് ശരത്തിനോട് ഞാൻ പറഞ്ഞു. ഒരു കാരണവശാലും പണം കൊടുക്കരുതെന്ന് വക്കീലും എന്നോട് പറഞ്ഞു. ഫോൺ വീണ്ടും പൊലീസ് പിടിച്ചു വാങ്ങി. അർധരാത്രിയോടെ കേസെടുത്തു.

പുലർച്ചെ പരാതിയുണ്ടെന്ന് പൊലീസ് പറഞ്ഞ സ്ത്രീ വിമാനത്താവളത്തിൽ വന്നു. പൊലീസ് പോയി അവരെ കൂട്ടിക്കൊണ്ടുവന്നു. മൊഴിയെടുത്തപ്പോൾ ഇത് ഞങ്ങളുടെ എംഡിയാണെന്നും പക്ഷേ ആദ്യമായാണ് കാണുന്നതെന്നും ഒരു പരാതിയും ഇല്ലെന്നുമാണ് അവർ പറഞ്ഞത്. രാവിലെ സിഐയോടും പരാതിയില്ലെന്ന കാര്യം അവർ ആവർത്തിച്ചു.'പക്ഷേ അവരെയും അകത്തിടുമെന്നായിരുന്നു സിഐയുടെ ഭീഷണി. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ വരാൻ പറ്റില്ലെന്നും അവർ എന്റെ സുഹൃത്തുക്കളോട് പറഞ്ഞു.

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചെന്ന് വാർത്ത

പിറ്റേന്നു ആലുവ സിഐ വിശാൽ ജോൺസൺ 'ഞാൻ പറഞ്ഞയച്ചയാൾ പറഞ്ഞ പ്രകാരം നീ പ്രവർത്തിച്ചില്ലല്ലോ, നീ ഉണ്ട തിന്നു കിടക്കണം' എന്നു പറഞ്ഞു. എന്റെ ആൾക്കാർ വീണ്ടും ബന്ധപ്പെട്ടപ്പോൾ 60 ലക്ഷം രൂപയാണു ശരത് ആവശ്യപ്പെട്ടത്. പണം നൽകിയാലും രണ്ടു ദിവസം ജയിലിൽ കിടക്കേണ്ടി വരുമെന്നും പറഞ്ഞു. ശരത് പറഞ്ഞത് അനുസരിക്കാനായിരുന്നു വിശാൽ ജോൺസന്റെ നിർദ്ദേശം. ഉച്ചയോടെ എന്നെ കോടതിയിൽ ഹാജരാക്കി. സംഭവങ്ങൾ ബോധിപ്പിച്ചപ്പോൾ കോടതി അന്നു തന്നെ ജാമ്യം അനുവദിച്ചു.

'അതിനിടെ കോടതിയുടെ മുന്നിൽ നിർത്തി എസ്ഐ മറ്റു പൊലീസുകാരോട് പറഞ്ഞ് എന്റെ ഫോട്ടോ മൊബൈലിൽ എടുത്തു. പിറ്റേന്ന് ചില പത്രങ്ങളിലൊക്കെ 'വീട്ടുജോലിക്കാരിയെ നിർമ്മാതാവ് പീഡിപ്പിച്ചു' എന്ന മട്ടിൽ വാർത്തകൾ വന്നു. ഇതുപോലെ മാനസികമായ പീഡനങ്ങൾ സഹിച്ച ശേഷമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP