Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിൻഡീസിന് എതിരായ ഒന്നാം ഏകദിനം നാളെ അഹമ്മദാബാദിൽ; മയാങ്ക് അഗർവാൾ ക്വാറന്റീനിൽ; രോഹിത്തിനൊപ്പം ഇഷാൻ കിഷൻ ഓപ്പണറാകും; രോഹിതിന്റെ 'നായക അരങ്ങേറ്റത്തിൽ' കോലിയുടെ പ്രകടനം ഉറ്റുനോക്കി ആരാധകർ

വിൻഡീസിന് എതിരായ ഒന്നാം ഏകദിനം നാളെ അഹമ്മദാബാദിൽ; മയാങ്ക് അഗർവാൾ ക്വാറന്റീനിൽ; രോഹിത്തിനൊപ്പം ഇഷാൻ കിഷൻ ഓപ്പണറാകും; രോഹിതിന്റെ 'നായക അരങ്ങേറ്റത്തിൽ' കോലിയുടെ പ്രകടനം ഉറ്റുനോക്കി ആരാധകർ

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ യുവതാരം ഇഷാൻ കിഷൻ ഓപ്പണറാകും. ടീമിലെ സ്ഥിരം ഓപ്പണർ ശിഖർ ധവാൻ, പകരക്കാരനാകാൻ സാധ്യതയുണ്ടായിരുന്ന യുവതാരം ഋതുരാജ് ഗെയ്ക്വാദ് എന്നിവർക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് ഇഷാൻ കിഷൻ ഓപ്പണറായെത്തുന്നത്.

തനിക്കൊപ്പം ഇഷാൻ കിഷൻ ഓപ്പണറാകുന്ന വിവരം രോഹിത് തന്നെയാണ് അറിയിച്ചത്. ''മായങ്ക് അഗർവാൾ ക്വാറന്റീനിലാണ്. മുന്നിലുള്ള ഒരേയൊരു മാർഗം ഇഷാൻ കിഷനെ ഓപ്പണറാക്കുക എന്നുള്ളതാണ്. ഇഷാൻ എനിക്കൊപ്പം ഓപ്പൺ ചെയ്യും.'' രോഹിത് വ്യക്തമാക്കി.

ആദ്യ ഏകദിനത്തിന് മുൻപായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് രോഹിത്തിന്റെ വാക്കുകൾ. ഗെയ്ക്വാദ്, ധവാൻ എന്നിവർക്ക് പുറമെ ശ്രേയസ് അയ്യർ, നവ്ദീപ് സെയ്‌നി എന്നിവർക്കാണ് ഇന്ത്യൻ ക്യാംപിൽ കോവിഡ് റിപ്പോർട്ട് ചെയ്തത്.

എന്നാൽ ആദ്യ ഏകദിനവുമായി മുമ്പോട്ടും പോകാനായിരുന്നു ബിസിസിഐയുടെ തീരുമാനം. വീണ്ടും ഇന്ത്യൻ ക്യാംപിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്നതോടെ ആദ്യ ഏകദിനം ഫെബ്രുവരി ആറിന് തന്നെ നടക്കുമെന്ന് ഉറപ്പായി.

അഹമ്മദാബാദിലാണ് ഇന്ത്യ വെസ്റ്റിൻഡീസ് ഒന്നാം ഏകദിനം നടക്കുന്നത്. ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളും അഹമ്മദാബാദിൽത്തന്നെയാണ്. കോവിഡ് വ്യാപനം പരിഗണിച്ച് മൂന്നു മത്സരങ്ങളിലും കാണികളെ അനുവദിക്കില്ലെന്ന് ബിസിസിഐ നേരത്തെതന്നെ അറിയിച്ചിരുന്നു. ഏകദിന പരമ്പരയ്ക്കു ശേഷം മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പര കൊൽക്കത്ത ഈഡൻ ഗാർഡൻസിലും നടക്കും.

വെസ്റ്റിൻഡീസിനെതിരെ ആദ്യം പ്രഖ്യാപിച്ച ഏകദിന ടീമിൽ ഇടമില്ലാതിരുന്ന ഇഷാൻ കിഷനെ, നാല് താരങ്ങൾക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് പിന്നീട് വിളിച്ചുവരുത്തിയത്. ഇഷാൻ കിഷനു പുറമെ മയാങ്ക് അഗർവാളിനെയും സിലക്ടർമാർ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. മയാങ്ക് അഗർവാൾ നിലവിൽ അഹമ്മദാബാദിൽ ക്വാറന്റീനിലാണ്.

മയാങ്ക് അഗർവാളിനെയാണ് ഓപ്പണറായി ഉൾപ്പെടുത്തിയിരുന്നതെങ്കിലും അദ്ദേഹം നിർബന്ധിത ക്വാറന്റീനിലായ സാഹചര്യത്തിലാണ് ഇഷാൻ കിഷനെ ആ സ്ഥാനത്ത് കളിപ്പിക്കുന്നതെന്ന് രോഹിത് വ്യക്തമാക്കി. മത്സരത്തിനു മുന്നോടിയായി മാധ്യമപ്രവർത്തകരെ കാണുമ്പോഴാണ് രോഹിത് ഇക്കാര്യം പറഞ്ഞത്.

നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ മുഴുവൻ സമയ ക്യാപ്റ്റനാവാൻ ഒരുങ്ങുകയാണ് രോഹിത് ശർമ നാളെ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനത്തിൽ രോഹിത് ഇന്ത്യയുടെ ഔദ്യോഗിക ക്യാപ്റ്റനായി അരങ്ങേറും. രോഹിത്തിന് കീഴിൽ വിരാട് കോലി കളിക്കുന്ന ആദ്യ പരമ്പര കൂടിയായിരിക്കുമിത്. നായക സ്ഥാനം ഒഴിഞ്ഞ ശേഷം ആദ്യമായി നടക്കുന്ന ഹോം സീരിസിന് ഒരുങ്ങുന്ന കോലിയുടെ പ്രകടനമാണ് ആരാധകർ ഉറ്റുനോക്കുന്നത്. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.

ഇതിനിടെ ഒരു വ്യക്തിഗത നേട്ടത്തിനരികെയാണ് രോഹിത്. വിൻഡീസിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളിൽ സച്ചിൻ ടെൻഡുൽക്കറെ (ടമരവശി ഠലിറൗഹസമൃ) പിന്തള്ളാൻ രോഹിത്തിന് അവസരമുണ്ട്. വിൻഡീസിനെതിരെ 33 കളിയിൽ നിന്ന് 1523 റൺസ് ആണ് രോഹിത് സ്‌കോർ ചെയ്തത്. 39 മത്സരങ്ങളിൽ നിന്ന് 1573 റൺസ് ആണ് സച്ചിൻ നേടിയത്. സച്ചിനെ മറികടക്കാൻ രോഹിത്തിന് 51 റൺസ് കൂടെ മതി.

ഇക്കാര്യത്തിൽ കോലിയാണ് ഒന്നാമൻ. 39 മത്സരങ്ങളിൽ 2235 റൺസാണ് കോലി നേടിയത്. നാട്ടിൽ വിൻഡീസിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിലും കോലിയാണ് മുന്നിൽ. 20 മത്സരങ്ങളിൽ 1239 റൺസാണ് കോലി നേടിയത്. 16 മത്സരങ്ങളിൽ 1040 നേടിയ രോഹിത്താണ് രണ്ടാം സ്ഥാനത്ത്. സച്ചിൻ മൂന്നാം സ്ഥാനത്തുണ്ട്. 17 മത്സരങ്ങളിൽ നേടിയത് 677 റൺസ്.

ഇപ്പോഴത്തെ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡാണ് തൊട്ടടുത്ത്. 12 ഏകദിനങ്ങളിൽ 560 റൺസാണ് ദ്രാവിഡ് നേടിയത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ അഞ്ചാമതുണ്ട്. 19 മത്സരങ്ങളിൽ നേടിയത് 528 റൺസ്.

വിൻഡിസിനെതിരെ കോഹ്ലിയുടെ ബാറ്റിങ് ശരാശരി 72 ആണ്. രോഹിത്തിന്റേത് 80. 2019ൽ വിൻഡിസ് ഇന്ത്യയിലേക്ക് വന്നപ്പോൾ രോഹിത്തായിരുന്നു റൺവേട്ടയിൽ മുന്നിൽ. മൂന്ന് കളിയിൽ നിന്ന് രോഹിത് സ്‌കോർ ചെയ്തത് 258 റൺസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP