Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇ ബുൾ ജെറ്റുകാരെ ഇങ്ങനെ വേട്ടയാടണോ? മോട്ടോർ വാഹന വകുപ്പും സർക്കാർ സംവിധാനങ്ങളും വിടാതെ വേട്ടയാടുന്നതായി ആക്ഷേപം; ഭാവി ഇരുളടയുന്ന സാഹചര്യത്തിൽ നെപ്പോളിയൻ വിട്ടുകിട്ടാൻ ഇ-ബുൾജെറ്റ് സഹോദരന്മാർ ഹൈക്കോടതിയെ സമീപിച്ചേക്കും

ഇ ബുൾ ജെറ്റുകാരെ ഇങ്ങനെ വേട്ടയാടണോ? മോട്ടോർ വാഹന വകുപ്പും സർക്കാർ സംവിധാനങ്ങളും വിടാതെ വേട്ടയാടുന്നതായി ആക്ഷേപം; ഭാവി ഇരുളടയുന്ന സാഹചര്യത്തിൽ നെപ്പോളിയൻ വിട്ടുകിട്ടാൻ ഇ-ബുൾജെറ്റ് സഹോദരന്മാർ ഹൈക്കോടതിയെ സമീപിച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സർക്കാർ സംവിധാനങ്ങൾ വിടാതെ വേട്ടയാടി വരിഞ്ഞുമുറുക്കുന്ന ഇ-ബുൾജെറ്റ് വ്‌ളോഗർമാരുടെ ഭാവി ഇരുട്ടിലാകുന്നു. ഇവരുടെ വ്‌ളോഗുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയ സർക്കാർ ഇപ്പോൾ വ്‌ളോഗർമാർ ഹൈലൈറ്റ്‌സ് ചെയ്യുന്ന നെപ്പോളിയനെന്ന മിനി ടെംപോ ട്രാവലറും മാസങ്ങളായി പിടിച്ചു വച്ചിരിക്കുകയാണ്. മോട്ടോർ വാഹന വകുപ്പിന്റെ കസ്റ്റഡിയിലുള്ള ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനം വിട്ടുനൽകാൻ കോടതിയിൽ നിരന്തര തടസവാദമാണ് ഉന്നയിക്കുന്നതെന്ന് ഇ-ബുൾജെറ്റ് സഹോദരന്മാരുടെ അഭിഭാഷകൻ പറയുന്നു.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ നൽകിയ ഹരജി പ്രകാരം വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിങ്ങുകളും നീക്കം ചെയ്യണമെന്ന് തലശ്ശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിട്ടുണ്ട്. വാഹനം നിയമാനുസൃതമായ രീതിയിൽ തിരികെ സ്റ്റേഷനിൽ സൂക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു. വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പിനെതിരെ എബിൻ വർഗീസ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. എന്നാൽ ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ അഭിഭാഷകൻ പറഞ്ഞു.

നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്‌ട്രേഷൻ മോർട്ടോർവാഹന വകുപ്പ് നേരത്തെ റദ്ദാക്കിയിരുന്നു. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്ളോഗർ സഹോദരന്മാരായ എബിനും ലിബിനും മോട്ടോർ വാഹന വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തിൽ ഇവർ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലായിരുന്നു രജിസ്‌ട്രേഷൻ റദ്ദാക്കിക്കൊണ്ടുള്ള എംവിഡിയുടെ നടപടി. കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിന് കണ്ണൂർ ആർടി ഓഫീസിൽ എത്തി ബഹളം വയ്ക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിൽക്കുകയും ചെയ്ത കേസിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിലായിരുന്നു.

റിമാൻഡിലായതിന്റെ പിറ്റേ ദിവസം മജിസ്‌ട്രേറ്റ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു. നിരത്തുകളിലെ മറ്റ് വാഹനങ്ങൾക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളതെന്നാണ് മോട്ടോർവാഹന വകുപ്പ് വ്യക്തമാക്കിയത്. നേരത്തെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഇവർ 7000 രൂപ കെട്ടിവച്ചിരുന്നു. പത്ത് വകുപ്പുകളാണ് ടൗൺ പൊലീസ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ ജാമ്യമില്ലാ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയത് അംഗീകരിക്കാതെ കോടതി ഇ-ബുൾജെറ്റ് സഹോദരന്മാർക്ക് ആൾ ജാമ്യം അനുവദിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP