Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖുറേഷിയെ ഉന്നംവെച്ചത് ഐഎസിന്റെ ഉയർത്തെഴുന്നേൽപ്പ് തടയാൻ; യുഎസ് സൈനീക നീക്കം വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിലിരുന്ന് തത്സമയം കണ്ട് ബൈഡൻ: ഖുറേഷിയും കൂട്ടരും പൊട്ടിത്തെറിച്ചത് ഗത്യന്തരമില്ലാതെ

ഖുറേഷിയെ ഉന്നംവെച്ചത് ഐഎസിന്റെ ഉയർത്തെഴുന്നേൽപ്പ് തടയാൻ; യുഎസ് സൈനീക നീക്കം വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിലിരുന്ന് തത്സമയം കണ്ട് ബൈഡൻ: ഖുറേഷിയും കൂട്ടരും പൊട്ടിത്തെറിച്ചത് ഗത്യന്തരമില്ലാതെ

സ്വന്തം ലേഖകൻ

വാഷിങ്ടൻ: ബാഗ്ദാദിക്ക് ശേഷം ഐഎസ് തലവനായി ചുമതലയേറ്റ അബു ഇബ്രാഹിം അൽ ഖുറേഷിയെ ചടുലമായ സൈനിക നീക്കത്തിലൂടെയാണ് യുഎസ് സൈന്യം ഇല്ലാതാക്കിയത്. അല്ലെങ്കിൽ അമേരിക്കൻ പട്ടാളത്തെ പേടിച്ച് ഖുറേഷിയും സംഘവും സ്വയം പൊട്ടിത്തെറിച്ചത്. യുഎസ് സൈന്യത്തിന്റെ പിടിയിലാകുമെന്ന് ഉറപ്പായതോടെ വേറെ മാർഗമില്ലാതെ ഖുറേഷിയും കുടുംബവും സ്വയം സ്‌ഫോടനം നടത്തി എരിഞ്ഞടങ്ങുക ആയിരുന്നു.

ബാഗ്ദാദിയുടെ മരണ ശേഷം നാമമാത്രമായ ഐഎസ് ഖുറേഷിയുടെ നേതൃത്വത്തിൽ വീണ്ടും ശക്തി പ്രാപിക്കുന്നു എന്ന് മനസ്സിലാക്കിയതോടെയാണ് ഖുറേഷിയേയും സംഘത്തേയും വധിക്കാൻ യുഎസ് സൈന്യം തീരുമാനിച്ചത്. വടക്കുപടിഞ്ഞാറൻ സിറിയയിലെ ഒരു ജയിൽ ഐഎസ് ഭീകരർ പിടിച്ചെടുത്തത് കഴിഞ്ഞ മാസമാണ്. ഭീകരർ ശക്തിപ്രാപിക്കുന്നുവെന്ന ഈ സൂചനയ്ക്കു പിന്നാലെ യുഎസ് പ്രത്യേക സേന നേതൃത്വം കമാൻഡോ നടപടിയുടെ അന്തിമ രൂപം കഴിഞ്ഞ മാസാവസാനം യുഎസ് പ്രസിഡന്റ് ജോ ബൈഡനു സമർപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ വൈറ്റ് ഹൗസിൽ ബൈഡൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി കൂടിക്കാഴ്ച നടത്തിയശേഷം നടപടിക്ക് അനുമതി നൽകിയതോടെയാണ് ഖുറേഷിയെ വധിക്കാൻ യുഎസ് സൈന്യം പറന്നിറങ്ങിയത്. ബുധനാഴ്ച അർധരാത്രി ആരംഭിച്ച കമാൻഡോ ഓപ്പറേഷൻ വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിലിരുന്ന് ബൈഡൻ തൽസമയം കാണുകയും ചെയ്തു.

മിടുക്കരായ 50 കമാൻഡോകളാണ് ഹെലികോപ്റ്ററുകളിലിറങ്ങിയത്. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ഐഎസ് മേധാവിയും കുടുംബവും രണ്ടാം നിലയിൽ മറ്റൊരു ഐഎസ് നേതാവും കുടുംബവുമാണു താമസിച്ചിരുന്നതെന്ന് യുഎസ് അധികൃതർ പറയുന്നു. ഏറ്റവും താഴെ നിലയിലാകട്ടെ ഐഎസുമായി ബന്ധമില്ലാത്ത ഒരു കുടുംബവും. മൂന്നാം നിലയിലെ താമസക്കാരൻ ഐഎസ് നേതാവാണെന്നതു വീട്ടുടമയ്‌ക്കോ പരിസരവാസികൾക്കോ അറിയില്ലായിരുന്നു.

എല്ലാവരും പുറത്തുവരണമെന്ന് ആക്രമണത്തിനു മുൻപേ കമാൻഡോകൾ ലൗഡ് സ്പീക്കറിലൂടെ മുന്നറിയിപ്പു നൽകി. ഇത് അനുസരിച്ചില്ലെങ്കിൽ മിസൈലാക്രമണം ഉണ്ടാവുമെന്നും അറിയിച്ചു. 8 കുട്ടികൾ അടക്കം 10 പേർ പുറത്തുവന്നു. താമസിയാതെ മൂന്നാം നിലയിൽ ശക്തമായ സ്‌ഫോടനമുണ്ടായെന്നാണ് യുഎസ് സൈന്യത്തിന്റെ റിപ്പോർട്ട്. പ്രതീക്ഷിച്ചതിലും ഉഗ്രമായിരുന്നു സ്‌ഫോടനമെന്ന് യുഎസ് സെൻട്രൽ കമാൻഡ് തലവൻ ജനറൽ ഫ്രാൻസ് മക്കെൻസി പറഞ്ഞു. സ്‌ഫോടനത്തിനു പിന്നാലെ ഐഎസ് ഭീകരരുടെ ഒരു സംഘം വെടിയുതിർത്തു. രണ്ടു മണിക്കൂർ നീണ്ട സൈനിക നടപടിക്കൊടുവിൽ കമാൻഡോ സംഘം മടങ്ങി.

കമാൻഡോകൾ വീടു വളയുമ്പോൾ ഐഎസ് മേധാവി സ്വയം ബോംബ് പൊട്ടിച്ചു ജീവനൊടുക്കാനുള്ള സാധ്യതയും യുഎസ് സേന കണക്കിലെടുത്തിരുന്നു. സ്‌ഫോടനമുണ്ടായാൽ 3 നില കെട്ടിടം പൂർണമായി തകരുമോ എന്നറിയാൻ യുഎസ് സേന എൻജിനീയറിങ് പഠനവും നടത്തി. വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ വീടിന്റെ മാതൃക തയാറാക്കി. സിറിയയിൽ ഐഎസ് മേധാവിത്വം ഇല്ലാതായെങ്കിലും ഭീകരസംഘടനയിൽ 14,000 മുതൽ 18,000 വരെ അംഗങ്ങൾ ഇപ്പോഴും സജീവമാണെന്നാണ് അനുമാനം. ഇതിൽ 3,000 പേർ വിദേശികളാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകളിൽ തകർന്ന കെട്ടിടത്തിനകത്തു ചോരപ്പാടുകളും തുണികളും കളിപ്പാട്ടങ്ങളും തൊട്ടിലും മറ്റും കാണാം. കുട്ടികളുടെ മൃതദേഹങ്ങളും രക്ഷാപ്രവർത്തകർ പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതും ദൃശ്യത്തിലുണ്ട്.

അബു ഇബ്രാഹിം അൽ ഖുറേഷിയെപ്പറ്റി പുറംലോകം കേൾക്കുന്നതു തന്നെ 2 വർഷം മുൻപാണ്. 2019 ൽ അബൂബക്കർ അൽ ബഗ്ദാദി കൊല്ലപ്പെട്ടതിനെത്തുടർന്നു തലവനായി സ്ഥാനമേറ്റപ്പോഴാണിത്. 2014 ൽ ഇറാഖിലെ ന്യൂനപക്ഷമായ യസീദികളെ വംശഹത്യ ചെയ്യാൻ നേതൃത്വം നൽകിയതു ഖുറേഷിയാണെന്നു യുഎസ് പറയുന്നു. ഇറാഖിലെ മൊസൂളിനടുത്താണു ജനനം. സദ്ദാം ഹുസൈന്റെ കാലത്ത് ഇറാഖിസൈന്യത്തിൽ കുറച്ചുകാലമുണ്ടായിരുന്നു. യുഎസ് അധിനിവേശത്തിനെതിരെ 2003-04 ൽ ഇറാഖിലുണ്ടായ സായുധ ചെറുത്തുനിൽപിന്റെ കാലത്താണ് ഖുറേഷി സർവകലാശാല പഠനം ഉപേക്ഷിച്ച് ഭീകരസംഘത്തിൽ ചേർന്നത്. 2008 ൽ യുഎസ് സേന ഖുറേഷിയെ പിടികൂടിയെങ്കിലും ഒരു വർഷത്തിനുശേഷം വിട്ടയച്ചു. 2014 ൽ മൊസൂൾ നഗരം പിടിക്കാൻ അൽ ബഗ്ദാദിയെ സഹായിച്ചത് ഖുറേഷിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP