Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശിവശങ്കറിന് കൊടുക്കുന്നത് വമ്പൻ പ്രഹരം; ശ്രീരാമകൃഷ്ണനേയും വെറുതെ വിടുന്നില്ല; താൻ ഡിപ്ലോമാറ്റ് എന്ന് എങ്ങനെ സ്പീക്കർ പറയുമെന്ന് പരിഹാസം; ജലീലിന് ആശ്വസിക്കാം; മുഖ്യമന്ത്രിയുമായി ബന്ധമില്ലെന്ന് പറയുമ്പോഴും വെട്ടിലാകുന്നത് പിണറായി; ഇടതു വാദമെല്ലാം പൊളിച്ച് സ്വപ്നാ സുരേഷ്

ശിവശങ്കറിന് കൊടുക്കുന്നത് വമ്പൻ പ്രഹരം; ശ്രീരാമകൃഷ്ണനേയും വെറുതെ വിടുന്നില്ല; താൻ ഡിപ്ലോമാറ്റ് എന്ന് എങ്ങനെ സ്പീക്കർ പറയുമെന്ന് പരിഹാസം; ജലീലിന് ആശ്വസിക്കാം; മുഖ്യമന്ത്രിയുമായി ബന്ധമില്ലെന്ന് പറയുമ്പോഴും വെട്ടിലാകുന്നത് പിണറായി; ഇടതു വാദമെല്ലാം പൊളിച്ച് സ്വപ്നാ സുരേഷ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമ്മയില്ലായിരുന്നുവെങ്കിൽ താനിന്ന് ഉണ്ടാകുമായിരുന്നില്ല. എല്ലാം അമ്മയുടെ അനുഗ്രഹം. വിവാദങ്ങൾക്ക് ഒന്നും പോകരുതെന്ന് അമ്മയുടെ വാക്ക് കേട്ട് വെറുതെ ഇരിക്കുകയായിരുന്നു സ്വപ്നാ സുരേഷ്. ഇതിനിടെയാണ് ശിവശങ്കറിന്റെ അഭിമുഖം എത്തുന്നത്. ഇത് തന്റെ നിയന്ത്രണം നഷ്ടമാക്കി. അതുകൊണ്ട് എല്ലാം തുറന്നു പറയുകയായിരുന്നു സ്വപ്നാ സുരേഷ്. തീർത്തും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ന്യൂസ് 18 കേരളയ്ക്ക് അനുവദിച്ച അഭിമുഖം ഏഷ്യാനെറ്റ് ന്യൂസിൽ എത്തുമ്പോൾ എല്ലാ അർത്ഥത്തിലും വെട്ടിലാകുകയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കർ. ഒപ്പം മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനും പ്രതിസന്ധിയിലാകുന്നു. ലൈഫ് മിഷനിലെ അഴിമതിക്കും സ്വപ്ന സ്ഥിരീകരണം നൽകുന്നു. എന്നാൽ കെടി ജലീലിന്റെ ഭാഗത്ത് തെറ്റുണ്ടായതായി തനിക്ക് അറിയില്ലെന്നും സ്വപ്ന പറയുന്നു.

സ്പീക്കർ ആയിരുന്ന ശ്രീരാമകൃഷ്ണന്റെ വാദങ്ങളേയും സ്വപ്നാ സുരേഷ് തള്ളിക്കളയുന്നു. വ്യക്തിപരമായ അടുപ്പം ശ്രീരാമകൃഷ്ണനുമായി ഉണ്ടായിരുന്നു. യാത്രകൾ ചെയ്യാറില്ലായിരുന്നു. എന്നാൽ ഫ്ളാറ്റിലും മറ്റും പോയിട്ടുണ്ട്. കാർ യാത്രയും നടത്തി. സന്ദീപിന്റെ സ്ഥാപനത്തെ കുറിച്ച് ശ്രീരമാകൃഷ്ണനോട് പറഞ്ഞിരുന്നു. ഉദ്ഘാടനത്തിന് വിളിച്ചത് സരിത്തും സന്ദീപും ചേർന്നാണ്. താനൊരു നയതന്ത്ര പ്രതിനിധിയാണെന്ന് സ്പീക്കർ എങ്ങനെ തെറ്റിധരിക്കും. വെറുമൊരു സെക്രട്ടറിയായിരുന്നു ഞാൻ. കുടുംബ പരമായും അടുപ്പം ശ്രീരാമകൃഷ്ണനുമായി ഉണ്ടായിരുന്നു. ഫ്ളാറ്റിലെ ബാഗ് കൈമാറ്റവും സ്വപ്ന നിരസിക്കുന്നില്ല. ഇതെല്ലാം അന്വേഷണത്തിലാണെന്ന മറുപടിയാണ് ഏഷ്യാനെറ്റ് ന്യൂസിൽ വിനു വി ജോണിന് സ്വപ്നാ സുരേഷ് നൽകിയത്. ഇതോടെ ശിവശങ്കറിനെ പോലെ ശ്രീരാമകൃഷ്ണനും വെട്ടിലാകുന്നു.

ശിവശങ്കറിനെതിരെ ഫോട്ടോയും തെളിവും സഹിതം പുസ്തകം എഴുതുമെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. വടക്കാഞ്ചേരി ലൈഫ് മിഷനിലെ അഴിമതിക്കും സ്വപ്ന സ്ഥിരീകരണം നൽകുന്നു കമ്മീഷൻ ഇടപാടുകൾ നടന്നു എന്ന സൂചനകളാണ് സ്വപ്ന അഭിമുഖത്തിൽ നൽകുന്നത്. പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ കേരളം മുഴുവൻ നീളുന്ന കമ്മീഷൻ ഇടപാടായി അതു മാറുമായിരുന്നു. മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധമില്ല. എല്ലാം ശിവശങ്കറുമായിട്ടായിരുന്നു. സിഎം രവീന്ദ്രനേയും ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ ശിവശങ്കറുമായി ഉള്ളതു പോലുള്ള അടുപ്പം തനിക്ക് രവീന്ദ്രനുമായി ഉണ്ടായിരുന്നില്ല. ഇവിടെ സിഎം രവീന്ദ്രനേയും വെറുതെ വിടുന്നു. ഇതിനൊപ്പം മന്ത്രിയായിരുന്ന കെടി ജലീലിനെതിരെ ഉയർന്ന ആരോപണങ്ങളിലും വ്യക്തത വരുത്തുന്നു. ജലീലിന് ഏതാണ്ട് ക്ലീൻ ചിറ്റാണ് സ്വപ്നാ സുരേഷ് നൽകുന്നത്. ഫലത്തിൽ ശിവശങ്കറിനെ നേരിട്ടും ശ്രീരാമകൃഷ്ണനെ പരോക്ഷമായും കുറ്റപ്പെടുത്തുന്നതാണ് സ്വപ്നയുടെ ഇടപെടലുകൾ.

സ്വർണ്ണ കടത്ത് ആരോപണ സമയത്ത് സിപിഎമ്മും ഇടതു സൈബർ സഖാക്കളും ഉയർത്തിയ വാദങ്ങൾക്ക് വിരുദ്ധമാണ് സ്വപ്നയുടെ വിശദീകരണങ്ങൾ. സ്പീക്കർ ആയിരുന്ന ശ്രീരാമകൃഷ്ണനെ വെട്ടിലാക്കുന്ന ഏഷ്യാനെറ്റ് ന്യൂസിലെ പ്രതികരണങ്ങൾ അതിനിർണ്ണായകമാകും. അന്വേഷണ ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്ത് നിർത്താതെ സത്യം പുറത്തു വരുമെന്ന സൂചനയാണ് സ്വപ്ന നൽകുന്നത്. കേരളത്തിലെ പ്രതിപക്ഷത്തിന് കൂടുതൽ ആയുധങ്ങൾ നൽകുന്നതാണ് സ്വപ്നയുടെ വെളിപ്പെടുത്തലുകൾ. നിയമസഭാ സമ്മേളനത്തിലും മറ്റും ഇത് വലിയ ചർച്ചയായി മാറുമെന്ന് ഉറപ്പാണ്.

എല്ലാം ശിവശങ്കറിന് അറിയമായിരുന്നു. ആദ്യമൊന്നും ആരോടും ഒന്നും പറഞ്ഞില്ല. അന്വേഷണ ഏജൻസികൾ വാട്സാപ്പ് ചാറ്റുമായി എത്തിയപ്പോൾ എല്ലാം പറഞ്ഞു. ആ ലോക്കറിന് പിന്നിലും ശിവശങ്കറാണെന്ന് സ്വപ്നാ സുരേഷ് പറയുന്നു. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുള്ള പുസ്തകമെഴുതിയ എം.ശിവശങ്കറിനെതിരെ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തിൽ ആത്മകഥയിൽ ശിവശങ്കർ എഴുതിയെങ്കിൽ മോശമാണ്. ശിവശങ്കറിന് ഒരുപാട് ഉപഹാരങ്ങൾ നൽകിയിട്ടുണ്ട്. ഈ വിധം പുസ്തകമെഴുതി ജനങ്ങളെ വഞ്ചിക്കുന്നത് ശരിയല്ല.-ഇതാണ് സ്വപ്നയ്ക്ക് പറയാനുള്ളത്. ഫലത്തിൽ മുഖ്യമന്ത്രിയേയും ഇടതുപക്ഷത്തേയും വെട്ടിലാക്കുന്ന വെളിപ്പെടുത്തലാണ് സ്വപ്ന നടത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസിൽ വിനു വി ജോണിന് നൽകിയ അഭിമുഖത്തിൽ ഏറെ വെളിപ്പെടുത്തലുകളുണ്ട്. ഇതിൽ മുൻ സ്പീക്കർക്കെതിരായ പറച്ചിലുകൾ സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കും.

എൻഐഎ അന്വേഷണത്തിന് പിന്നിൽ ശിവശങ്കറാണെന്ന് മനസ്സിലാക്കുന്നുവെന്ന വെളിപ്പെടുത്തലും നിർണ്ണായകമാണ്. ശിവശങ്കർ തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ ആളാണ്. സുപ്രധാന തീരുമാനമെടുത്തതു ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമാണെന്നും ചാനലുകൾക്കു നൽകിയ അഭിമുഖത്തിൽ സ്വപ്ന വ്യക്തമാക്കി. ബെംഗളൂരുവിലേക്ക് ഉൾപ്പെടെ ശിവശങ്കറിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്. കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ചപ്പോൾ ശിവശങ്കറെ വിളിച്ചു. ഇക്കാര്യം നോക്കാമെന്ന് ശിവശങ്കർ പറഞ്ഞെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. വിആർഎസ് എടുത്ത് യുഎഇയിൽ താമസിക്കാമെന്ന് ശിവശങ്കർ പറഞ്ഞിരുന്നു. കേസ് ഉണ്ടാകുന്നതിന് മുൻപാണ് അദേഹം ഇക്കാര്യം പറഞ്ഞത്. വ്യക്തിപരമായ അടുപ്പംവച്ചാണ് തന്നോട് ഇതു പറഞ്ഞതെന്നും സ്വപ്ന പറഞ്ഞു. അനധികൃത ഇടപാടുകൾ ശിവശങ്കർ അറിഞ്ഞുകൊണ്ടായിരുന്നു. ശിവശങ്കറിന്റെ ആത്മകഥ വായിച്ച ശേഷം കൂടുതൽ പ്രതികരിക്കാം.

യുഎഇ കോൺസുലേറ്റിലെ അനധികൃത ഇടപാടുകൾ ശിവശങ്കറിന് അറിയാം. അതിനാൽ ജോലി മാറാൻ അദ്ദേഹം നിർദ്ദേശിച്ചിരുന്നു. സ്പെയ്സ് പാർക്കിൽ ജോലി നേടിയതും ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ്. ഐ ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിച്ചെന്ന വാദം തെറ്റാണ്. ഒരു ഐ ഫോൺ നൽകി ഉന്നതനായ ഒരാളെ ചതിക്കേണ്ട കാര്യം തനിക്കില്ല. തന്നെ ചൂഷണം ചെയ്തു. താൻ ഇരയാണെന്നും സ്വപ്ന പ്രതികരിച്ചു. ശിവശങ്കറിനൊപ്പം ഭർത്താവ് ജയകൃഷ്ണനേയും വെറുതെ വിടുന്നില്ല. എല്ലാം ജയകൃഷ്ണന് അറിയാമെന്നും സ്വപ്ന പറയുന്നു. ഇതെല്ലാം വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവയ്ക്കും. സ്വർണക്കടത്ത് കേസിൽ ഒളിവിൽ പോകാൻ നിർദ്ദേശിച്ചവരിൽ ശിവശങ്കറും ഉൾപ്പെടുന്നുവെന്ന് സ്വപ്ന സുരേഷ് പറയുന്നു ശിവശങ്കറിന് ഐ ഫോൺ നൽകിയത് കോൺസുൽ ജനറൽ പറഞ്ഞിട്ടാണ്. നിരവധി സമ്മാനങ്ങൾ അദ്ദേഹത്തിന് നൽകിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. വിനു വി ജോണുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.

താൻ കോൺസുലേറ്റിലെ സെക്രട്ടറിയായതും ശിവശങ്കറിന്റെ റെഫറൻസുണ്ടായതുമാണ് സ്പേസ് പാർക്കിലെ ജോലി ലഭിക്കാൻ കാരണം. ആദ്യം അവിടുത്തെ കരാർ കെപിഎംജിക്കായിരുന്നു. എന്നാൽ തന്നെ നിയമിക്കുന്നതിൽ അവർ തടസം പറഞ്ഞെന്നും അതിനാൽ അവരെ മാറ്റിയെന്നുമാണ് പിന്നീട് അറിഞ്ഞത്. മറ്റൊരു രാജ്യത്തിന്റെ നയതന്ത്ര ഉദ്യോഗസ്ഥയായിരുന്നതിനാൽ സംസ്ഥാന സർക്കാരിന്റെ പദ്ധതിയിൽ ഭാഗമാകുന്നതിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കെപിഎംജി പറഞ്ഞെന്നാണ് തന്നോട് ശിവശങ്കർ പറഞ്ഞത്. തുടർന്നാണ് കരാർ പിഡബ്ല്യുസിക്ക് നൽകിയത്. തനിക്ക് കേരള സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ചോ ചട്ടങ്ങളെ കുറിച്ചോ ഓഫീസുകൾ എവിടെയാണെന്നോ യാതൊരു അറിവുമുണ്ടായിരുന്നില്ല. താൻ ഊട്ടിയിലെ കുതിരയായിരുന്നു. എല്ലാ നിർദ്ദേശങ്ങളും തന്നത് ശിവശങ്കറും സന്തോഷ് കുറുപ്പും ജയശങ്കറുമായിരുന്നു. ശിവശങ്കറിന്റെ നിർദ്ദേശങ്ങൾ താൻ കണ്ണടച്ച് പാലിക്കുകയായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തി.

ശിവശങ്കർ തന്നെയാണ് ചൂഷണം ചെയ്തതെന്ന് പറഞ്ഞ സ്വപ്ന, ശിവശങ്കർ എന്താണ് പൊതു സമൂഹത്തിനോട് പറയാൻ ശ്രമിക്കുന്നതെന്നും ചോദിച്ചു. പരിചയപ്പെട്ട ശേഷം എല്ലാ പിറന്നാളിനും ശിവശങ്കർ തന്റെ ഫ്ലാറ്റിലായിരുന്നു. ശിവശങ്കറിന് ഫോൺ നൽകിയത് കോൺസുൽ ജനറൽ പറഞ്ഞിട്ടാണ്. നിരവധി സമ്മാനങ്ങൾ ശിവശങ്കറിന് നൽകിയിട്ടുണ്ട്. ലൈഫ് മിഷനിൽ സഹായിച്ചതിനാണ് സമ്മാനങ്ങൾ നൽകിയതെന്നും സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപൂർണമായ പുസ്തകം എഴുതി ജനങ്ങളെ വഞ്ചിക്കരുതെന്നും സ്വപ്ന കൂട്ടിച്ചേർത്തു.

എല്ലാ കാര്യങ്ങളും ഒരു വരി മാത്രം എഴുതി പൊതുജനത്തെ വിഡ്ഢികളാക്കുകയാണ് ശിവശങ്കർ. ബുക്കിലെഴുതിയിരിക്കുന്നത് ഐ ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിച്ചെന്നാണ്. ഞാനെന്തിനാണ് അങ്ങനെ ചെയ്യുന്നത്. എന്റെ വീട്ടിൽ ഒരു കുടുംബാഗത്തെ പോലെ വന്നിരുന്നയാളാണ് ശിവശങ്കർ. ഞാനെന്തിനാണ് അദ്ദേഹത്തെ ചതിക്കുന്നത്. അദ്ദേഹമാണ് എന്നെ ചതിച്ചത്. വഴിയിൽ കിടന്ന ഒരുപാട് തേങ്ങകൾ താൻ ശിവശങ്കർ എന്ന ഗണപതിക്ക് അടിച്ചിട്ടുണ്ട്. അതെന്തുകൊണ്ട് അദ്ദേഹം എഴുതിയിട്ടില്ല. സ്വപ്ന സുരേഷാണ് ചതി ചെയ്തത് എന്ന് വരുത്താനാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്. ഇതുകൊണ്ട് എന്ത് കിട്ടാനാണ്. ശിവശങ്കറും താനും തമ്മിലുള്ള ബന്ധം പറഞ്ഞ് മാത്രം വലിയ പുസ്തകം എഴുതാനാകുമെന്നും പുസ്തകം എഴുതുമ്പോൾ തുടക്കം മുതലുള്ള സത്യം എഴുതണമെന്നും സ്വപ്ന പറഞ്ഞു. വാട്സ്ആപ്പ് ചാറ്റുകളിലുണ്ടായിരുന്നതെല്ലാം സത്യമാണെന്നും സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

പരിചയപ്പെട്ടതിന് ശേഷം ജയിലിലാവുന്നത് വരെയുള്ള ശിവശങ്കറിന്റെ പിറന്നാളുകൾ എന്റെ വീട്ടിലാണ് ആഘോഷിച്ചിരുന്നത്. നിരവധി സമ്മാനങ്ങൾ കൊടുത്തിട്ടുണ്ട്. ഈയൊരു ഐഫോണിനെക്കുറിച്ച് മാത്രം എടുത്ത് പറയുന്നതിന്റെ സെൻസ് മനസിലാവുന്നില്ല. അതുകൊണ്ടാണ് പ്രതികരിച്ചത്. എനിക്ക് ആരേയും ചെളിവാരിയെറിയണ്ട. അദ്ദേഹത്തിന് ഞാൻ ഐ ഫോൺ മാത്രമല്ല, നിരവധി സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. എന്റെ ഫോൺ കിട്ടി കഴിഞ്ഞാൽ ചിത്രങ്ങൾ കാണിക്കാനാവും. എന്റെ കുടുംബം അതിന് സാക്ഷികളാണ്. പിറന്നാൾ പരിപാടിക്ക് സന്ദീപും സരിത്തും ഉണ്ടായിരുന്നുവെന്ന് സ്വപ്ന പറയുന്നു.

എല്ലാ ഉദ്യോഗസ്ഥരും കാണാൻ പറഞ്ഞതും കോൺസുലേറ്റിലെ ജോലി ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടതും ശിവശങ്കറാണ്. പിഡബ്യൂസിയെ സ്പെയ്സ് പാർക്കിൽ കൊണ്ടുവന്നത് തന്നെ നിയമിക്കാൻ വേണ്ടിയായിരുന്നു. കെപിഎംജി തന്റെ നിയമനത്തെ ആദ്യം എതിർത്തു. തന്നെ നിയമിക്കാനായി കെപിഎംജിയെ മാറ്റിയെന്നും സ്വപ്ന വെളിപ്പെടുത്തുന്നു. ശിവശങ്കറിന്റെ നിർദ്ദേശങ്ങൾ അതേപടി പിന്തുടരുകയായിരുന്നു. സർട്ടിഫിക്കറ്റോ വിദ്യാഭ്യാസ യോഗ്യതയോ ആരും ചോദിച്ചില്ലെന്നും സ്വപ്ന പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP