Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലോകായുക്തയെ സർക്കാരിനു തിരുത്താമെന്ന വ്യവസ്ഥ കാനത്തിനും കൂട്ടർക്കും പോലും ബോധ്യപ്പെട്ടിട്ടില്ല; സിൽവർലൈനിലെ വെല്ലുവിളിയേയും സിപിഐ അംഗീകരിക്കില്ല; ഇടതുപക്ഷത്ത് വേറിട്ട ശബ്ദത്തിന് സിപിഐയിൽ തീരുമാനം; ഓർഡിനൻസിൽ മുന്നണി ചർച്ച അനിവാര്യമാകുമ്പോൾ

ലോകായുക്തയെ സർക്കാരിനു തിരുത്താമെന്ന വ്യവസ്ഥ കാനത്തിനും കൂട്ടർക്കും പോലും ബോധ്യപ്പെട്ടിട്ടില്ല; സിൽവർലൈനിലെ വെല്ലുവിളിയേയും സിപിഐ അംഗീകരിക്കില്ല; ഇടതുപക്ഷത്ത് വേറിട്ട ശബ്ദത്തിന് സിപിഐയിൽ തീരുമാനം; ഓർഡിനൻസിൽ മുന്നണി ചർച്ച അനിവാര്യമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിൽവർലൈനിലും ലോകായുക്തയിലും സിപിഎമ്മിന്റെ മോഹങ്ങളെ വെട്ടാൻ സിപിഐ. സിപിഎമ്മിന്റെ ഏകപക്ഷീയ നടപടികളെ ഇനി സിപിഐ അംഗീകരിക്കില്ല. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെതിരെ സിപിഐ നിർവാഹകസമിതി യോഗത്തിലെ രൂക്ഷ വിമർശനം ഇടതു പക്ഷത്തെ ഭിന്നതയുടെ തെളിവാണ്.. സിൽവർലൈൻ പദ്ധതിയോടും സിപിഐയ്ക്ക് ത്ാൽപ്പര്യമില്ല. രണ്ടിനേയും എതിർക്കാനാണ് നീക്കം.

ലോകായുക്ത വിധി സർക്കാരിനു തള്ളാമെന്ന നിയമ ഭേദഗതിയോടു സിപിഐ യോജിക്കില്ല. ഓർഡിനൻസ് ബില്ലായി സഭയിൽ വരുന്നതിനു മുൻപ് ഇക്കാര്യം മുന്നണിക്കുള്ളിൽ ചർച്ച ചെയ്യണമെന്നു സിപിഎമ്മിനോട് ആവശ്യപ്പെടും. സഭ ചർച്ച ചെയ്യുംമുൻപ് ഓർഡിനൻസിന്റെ കാലാവധി കഴിഞ്ഞ് വീണ്ടും ഗവർണർക്ക് അയയ്‌ക്കേണ്ടി വന്നാൽ അതിനു മുൻപായി കൂടിയാലോചന നടത്തണമെന്ന നിലപാടും സ്വീകരിക്കും. ലോകായുക്ത ഓർഡിനൻസ് പിൻവലിക്കാൻ സർക്കാരിനോടു നിർദേശിക്കണമെന്ന ആവശ്യം നിർവാഹകസമിതി യോഗത്തിൽ ഉയർന്നെങ്കിലും മന്ത്രിസഭ അംഗീകരിച്ച് ഗവർണറുടെ അംഗീകാരത്തിനു പോയ സാഹചര്യത്തിൽ ആ നിലപാട് ഉചിതമല്ലെന്നു യോഗം വിലയിരുത്തി. ഇത് സിപിഎമ്മിന് ആശ്വാസമാണ്. എങ്കിലും നിയമസഭയിൽ അടക്കം ചർച്ച വരുമ്പോൾ സിപിഐ വിമർശിച്ചാൽ അത് പ്രതിപക്ഷത്തിന് കൂടുതൽ കരുത്ത് പകരും.

ഓർഡിനൻസിന്റെ ഉള്ളടക്കം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സിപിഐ. ലോകായുക്തയെ സർക്കാരിനു തിരുത്താമെന്ന വ്യവസ്ഥ പാർട്ടിക്കു ബോധ്യപ്പെട്ടിട്ടില്ല. അതിനാൽ തുടർചർച്ചകളിൽ നിലപാട് കടുപ്പിക്കുമെന്ന സൂചനയാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും നൽകുന്നത്. സിപിഐയുടെ ഇ.ചന്ദ്രശേഖരൻനായർ മന്ത്രിയായിരുന്നപ്പോൾ പാർട്ടികൾ തമ്മിലും നിയമസഭയിലും ചർച്ച ചെയ്ത് കരടുനിയമത്തിൽനിന്ന് ഉപേക്ഷിച്ച വ്യവസ്ഥ കൊണ്ടു വരുന്നതും സിപിഐയെ ചൊടിപ്പിക്കുന്നുണ്ട്. സിപിഐ മന്ത്രിമാരും ഇതു സംബന്ധിച്ച് നേതൃത്വത്തിനോട് വിശദീകരണം നൽകിയിട്ടുണ്ട്, ആശയക്കുഴപ്പമുണ്ടാകാനുള്ള കാരണവും വിശദീകരിച്ചു.

മന്ത്രിമാർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്നു ചർച്ചയ്ക്കുള്ള മറുപടിയായി കാനം ചൂണ്ടിക്കാട്ടി. ജനുവരി 11ന് ഓർഡിനൻസ് ആദ്യം അവതരിപ്പിച്ചപ്പോൾ പഠിക്കാൻ കൂടുതൽ സമയം വേണമെന്ന അഭിപ്രായം വന്നതിന്റെ അടിസ്ഥാനത്തിൽ മാറ്റിവച്ചതാണെന്നു മന്ത്രിമാർ വിശദീകരിച്ചു. പാർട്ടി സെന്ററിനെ ഇതറിയിച്ചിരുന്നു. ഓർഡിനൻസ് പാസാക്കണമെന്നു 19 ലെ യോഗത്തിൽ നിയമമന്ത്രി പി.രാജീവ് വീണ്ടും ആവശ്യപ്പെട്ടപ്പോൾ, ഇതിനിടെ രാഷ്ട്രീയ കൂടിയാലോചന നടന്നെന്നാണു വിചാരിച്ചതെന്നും മന്ത്രിമാർ പറഞ്ഞു. അങ്ങനെ ചർച്ച നടന്നിട്ടില്ലെന്നു കാനം വ്യക്തമാക്കി.

ലോകായുക്തയുടെ കാര്യത്തിലെന്നപോലെ തിരുത്തലിനുള്ള ശ്രമം സിൽവർലൈനിന്റെ കാര്യത്തിൽ എന്തുകൊണ്ടു സംഭവിക്കുന്നില്ലെന്നു യോഗത്തിൽ വിമർശനമുയർന്നു. ആശങ്കകൾ ദൂരീകരിച്ച ശേഷമേ പദ്ധതി നടപ്പാക്കാവൂവെന്ന് തീരുമാനിച്ചശേഷവും പദ്ധതിക്കു വേണ്ടി നിലകൊള്ളുന്നുവെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് പാർട്ടിയുടെ മന്ത്രിമാരിൽനിന്നുണ്ടായത്. സിപിഎമ്മിന്റെ അതേ നിലപാടാണ് സിപിഐക്കുമെന്ന അഭിപ്രായം ഇതുമൂലം ജനങ്ങൾക്കുണ്ടായി എന്ന് മന്ത്രിമാർ പറയുന്നു. ഈ വിഷയത്തിലും ഇനി സിപിഐ അതിശക്തമായ എതിർപ്പ് തുടരും.

മന്ത്രിമാർ ജാഗ്രത പാലിക്കണമെന്ന് സിപിഐ. എക്സിക്യുട്ടീവിൽ വിമർശനം ഉയർന്നു. ലോകായുക്ത ഓർഡിനൻസിൽ മന്ത്രിമാർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ല. ഓർഡിനൻസിനെതിരേ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ സ്വീകരിച്ച നിലപാടിന് എക്സിക്യുട്ടീവ് പൂർണ പിന്തുണ നൽകി. സിപിഐ. സംസ്ഥാന എക്സിക്യുട്ടീവിൽ പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ റിപ്പോർട്ട് ചെയ്തു. ഇത്തരം ഓർഡിനൻസ് കൊണ്ടുവന്നത് ശരിയായില്ല. രാഷ്ട്രീയ കൂടിയാലോചന ഉണ്ടായില്ല തുടങ്ങിയ കാര്യങ്ങൾ കാനം തന്നെ റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ പാർട്ടി മന്ത്രിമാർക്ക് ജാഗ്രതക്കുറവ് ഉണ്ടായി. എന്നാൽ പാർട്ടി മന്ത്രിമാരെ പൂർണമായും തള്ളിക്കൊണ്ടൊരു സമീപനം കാനം രാജേന്ദ്രൻ റിപ്പോർട്ടിൽ സ്വീകരിച്ചതുമില്ല.

ചർച്ചയിലാണ് പാർട്ടി മന്ത്രിമാർക്ക് ജാഗ്രതക്കുറവുണ്ടായെന്ന വിമർശനം ഉണ്ടായത്. നിയമഭേദഗതിയുടെ ഗൗരവം ഉൾക്കൊണ്ട് ഇടപെടുന്നതിൽ പാർട്ടി മന്ത്രിമാർക്ക് വീഴ്ച പറ്റി. ഇടതുപക്ഷ മന്ത്രിമാർ അഴിമതിക്ക് കൂട്ടുനിൽക്കുന്നവരല്ല-അഴിമതിക്കാരല്ല എന്നൊരു ബോധ്യമുണ്ട്. എന്നാൽ ഇപ്പോൾ ഇങ്ങനൊരു നിയമഭേദഗതി വരുമ്പോൾ അത് ജനങ്ങൾക്കിടയിൽ സംശയത്തിന് ഇടവരും എന്ന വിമർശനവും ഉയർന്നുവന്നു. അതുകൊണ്ടു തന്നെ നിയമഭേദഗതി പിൻവലിക്കണമെന്ന ആവശ്യവും ഉയർന്നുവന്നു. മാത്രമല്ല, സർക്കാരിന് അപ്പീൽ പോകാമെന്ന ഭാഗമാണ് ഓർഡിനൻസിൽ ഭേദഗതിയായി ഉൾപ്പെടുത്തേണ്ടതെന്ന വാദവും സംസ്ഥാന എക്സിക്യുട്ടീവിൽ ഉയർന്നു.

രവീന്ദ്രൻ പട്ടയം റദ്ദാക്കിയ നടപടിക്കെതിരേ രംഗത്തെത്തിയ സിപിഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനോട് വിശദീകരണം തേടാനും തീരുമാനിച്ചു. സമാനമായ നിലപാട് എടുത്ത പാർട്ടി ദേശീയ എക്സിക്യുട്ടീവ് അംഗം കെ.ഇ. ഇസ്മായിൽ തന്റെ നിലപാട് എക്സിക്യുട്ടീവിൽ വിശദീകരിച്ചു. ഇസ്മായിലിന്റെ നിലപാട് പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP